‘കുട്ടി അവളുടെ മാത്രമല്ലല്ലോ, ആർത്തവം വൈകുമ്പോൾ പേടിയാണ്, പ്രസവിക്കാൻ വയ്യ!’, സാറ നൽകുന്ന ധൈര്യം

saras-movie-review-2
SHARE

ഉമയ്ക്ക് ഇരുപത്തിമൂന്ന് വയസ്സുള്ളപ്പോഴാണ് അവളും അരവിന്ദും കേരളത്തിലെ പ്രശസ്തമായ ഒരു ഇൻഫെർട്ടിലിറ്റി ക്ലിനിക്കിൽ ചികിത്സയ്ക്കായി പോയത്. രണ്ടു പേരുടെയും കുട്ടികളോടുള്ള താല്‍പര്യമില്ലായ്മയ്ക്ക് മുകളിൽ നിന്നത് അരവിന്ദിന്റെ അച്ഛനാണ്. ഒരേയൊരു മകൻ, അവന്റെ കുഞ്ഞിനെ എത്രയും വേഗം കാണണം, അതിനെ അടുത്ത അവകാശിയായി വളർത്തുന്നതിൽ കുറച്ചു നാളെങ്കിലും ഭാഗമാക്കണം. ആ ഇമോഷണൽ പിടിയിൽ അരവിന്ദൻ വീണു പോയി. 

"എനിക്ക് വയ്യ അരവിന്ദേ, നമ്മൾ രണ്ടു പേരും പക്വതയില്ലാത്ത പ്രകൃതക്കാരാണ്. കുട്ടികളൊന്നും നമുക്ക് ശരിയാവില്ല" ഉമയുടെ പരിഭവങ്ങൾ അരവിന്ദ് അച്ഛനോടുള്ള സ്നേഹത്താൽ മെല്ലെയൊന്ന് തലോടിവിട്ടു. ഒടുവിൽ ഇരുവരും ഹോസ്പിറ്റലിൽ ചെന്നു. കളയണം. കല്യാണം കഴിഞ്ഞിട്ട് രണ്ടു വർഷം കഴിഞ്ഞതേയുണ്ടായിരുന്നുള്ളൂ ഉമയ്ക്കും അരവിന്ദിനും പക്ഷേ ഡോക്ടർ ഏറ്റവുമധികം സംസാരിച്ചതും ടെസ്റ്റുകൾ എടുത്തതും ഉമയ്ക്ക് മാത്രം. അരവിന്ദിന് സെമൻ ടെസ്റ്റും. ആർക്കാണ് കുഴപ്പമെന്നു കണ്ടെത്തുന്നതിനും മുൻപ് തന്നെ ഒരു സ്ത്രീയ്ക്ക് ചെയ്യാവുന്ന എല്ലാ തരത്തിലുമുള്ള പരീക്ഷണങ്ങൾ ഉമ ഏറ്റുവാങ്ങി. മരുന്നുകൾ കൊടുക്കുന്നതിനെക്കുറിച്ച് പോലും ചിന്തിക്കാൻ നിൽക്കാതെ നേരെ ഐ വി എഫിന്റെ സാധ്യതകളെക്കുറിച്ച് സംസാരിക്കാൻ പിന്നാലെ പിആർഒയുമെത്തി. 

വൈകിട്ട് ഹോസ്പിറ്റലിൽ നിന്ന് മടങ്ങുമ്പോഴേക്കും ഉമ തളർന്നും തകർന്നും പോയിരുന്നു. "അരവിന്ദ്, ഞാൻ തീരുമാനിച്ചു, ഞാൻ പ്രസവിക്കുന്നില്ല, അതിനി ആരെന്ത് പറഞ്ഞാലും" "വേണ്ട. ഞാൻ അച്ഛനോട് പറഞ്ഞോളാം" അരവിന്ദ് അങ്ങനെയൊരു മറുപടി പറയുമെന്ന് ഉമാ പ്രതീക്ഷിച്ചിരുന്നോ ആവോ, അറിയില്ല, എന്ത് തന്നെയായാലും ഉമ സന്തോഷവതിയായി. വിവാഹം കഴിഞ്ഞു പതിനെട്ടു വർഷമായി കുഞ്ഞുങ്ങളില്ലാതെ തന്നെ അവർ ഇരുവരും ഏറ്റവും സന്തോഷത്തോടെ ജീവിക്കുന്നു. 

ജൂഡ് ആന്റണിയുടെ "സാറാസ്" കണ്ടപ്പോഴാണ് ഉമ-അരവിന്ദ് കഥയോർത്തത്. സാറയെപ്പോലെ എത്രയെത്ര സ്ത്രീകളാണ് ഇത്തരമൊരു തീരുമാനമെടുത്തിരിക്കുക എന്നോർത്ത് പോയി. അത്രയെളുപ്പമാണോ സത്യത്തിൽ ഒരു വിവാഹിതയായ സ്ത്രീയ്ക്ക് അവളുടെ ശരീരത്തെക്കുറിച്ച് ഒറ്റയ്ക്കൊരു തീരുമാനമെടുക്കാൻ?  "കുട്ടി അവളുടെ മാത്രമല്ലല്ലോ, എന്റെ മോന്റെയുമല്ലേ, അപ്പൊ അവൾക്ക് മാത്രമെങ്ങനെ തീരുമാനമെടുക്കാനാകും?"

കുട്ടികൾ വേണ്ടെന്ന തീരുമാനത്തിലിരുന്ന ഒരു പെൺകുട്ടിയോട് അവളുടെ ഭർത്താവിന്റെ അമ്മയുടെ ചോദ്യമാണ്. ഈ ഘട്ടത്തിലാണ് ചില നിയമങ്ങൾ നമ്മുടെ ശ്രദ്ധയിൽ പെടുത്തേണ്ട ആവശ്യകത വരുന്നത്. Sexual & Reproductive Rights എന്ന വിഷയത്തിൽ നമ്മുടെ സുപ്രീംകോടതിയാണ് ഇത്തരമൊരു നിയമം ഉത്തരവിട്ടത്. എം.ടി.പി ആക്റ്റ് 1971ലാണ് പാര്‍ലമെന്‍റ് ഈ നിയമം പാസ്സാക്കിയത്. 1972ല്‍ ഇത് ഇന്ത്യയിൽ നടപ്പാക്കി. ഈ ആക്ട് ഗര്‍ഭം അലസിപ്പിക്കലിന് ചില നിബന്ധനകള്‍ വച്ചിട്ടുണ്ട്. വീണ്ടും 1975 ൽ ഇതിനെ ഭേദഗതി ചെയ്യുകയും ചെയ്തിട്ടുണ്ട്. വളരെ വിശദമായി ഈ വിവരങ്ങൾ ഏതൊരാൾക്കും വായിക്കാൻ ലഭ്യമാണ്. ഇതിന്റെ ഏറ്റവും ശക്തമായ ഒരു പോയിന്റ് അവരുടെ ലൈംഗികപരമായും പ്രത്യുത്പാദനപരമായും ഉള്ള കാര്യങ്ങളിൽ ഉള്ള അവകാശം അവർക്ക് തന്നെ നൽകുന്നതാണ്. എന്നിട്ടും നമ്മുടെ പല ആശുപത്രികളിലും കുട്ടികളെ വേണ്ട എന്ന അഭിപ്രായവുമായി പോയാൽ അതിനെ സദാചാരപ്രയോഗങ്ങളോടെ നേരിടുന്നവരാണ് ഡോക്ടർമാരിൽ പലരും. അവിടെയാണ് "സാറാസ്" സിനിമയിലെ ഡോക്ടർ കഥാപാത്രം മറ്റുള്ളവരിൽ നിന്ന് വ്യത്യസ്തനാകുന്നത്. 

കുട്ടികളെ വളർത്താൻ ആഗ്രഹമില്ലാത്ത, അതിനു കഴിവില്ലെന്ന് സ്വയം തീരുമാനിച്ചു വേണ്ടെന്നു വച്ച നിരവധി കുടുംബങ്ങളുണ്ട്. അവരൊക്കെ സമൂഹത്തിൽ നിന്ന് ഒരുപാട് ചോദ്യങ്ങളെ നേരിടുന്നവരാണ്. എഴുത്തുകാരി അഖില അഖിൽ പറയുന്നു,"സിനിമയിൽ ആ പെൺകുട്ടി പ്രസവിക്കണ്ട എന്ന് പറയുമ്പോൾ തന്നെ, ഉയരുന്ന ചോദ്യം ഉണ്ട്. " അയ്യോ നിനക്കെന്താ കുഴപ്പം ന്ന് ". അത് തന്നെയാണ് സൊസൈറ്റിയുടെ മനോഭാവം. കുഴപ്പം എന്നും സ്ത്രീയ്ക്ക് ആണ്. ഇപ്പോഴും കല്യാണം കഴിഞ്ഞു രണ്ടിൽ കൂടുതൽ വർഷം ആയിട്ടും, കുഞ്ഞുങ്ങൾ ഇല്ലാത്ത സ്ത്രീകളെ, ഉപദേശിക്കാൻ ഒത്തിരി പേര് വരാറുണ്ട്. അവള്‍, അവൾക്കിഷ്ടം ഉണ്ടെങ്കിൽ പ്രസവിക്കട്ടെ എന്നു പറയുന്ന ഒരു സമൂഹത്തെ പ്രതീക്ഷിക്കുന്നുണ്ട്. സിനിമയിലെ അവളുടെ പാർട്നർ അത്ഭുതപ്പെടുത്തി. ഞങ്ങളുടെ കല്യാണം കഴിഞ്ഞിട്ട് 3 വർഷം കഴിഞ്ഞു. കുട്ടികൾ ആയിട്ടില്ല. സത്യത്തിൽ രണ്ടുവർഷം വേണ്ടെന്ന് വെച്ചതാണ്. എന്റെ പഠനം കാരണം. പക്ഷേ, ഇപ്പോഴും ഞാൻ അമ്മ ആകുക എന്നൊരു ചിന്തയിൽ എത്തിയിട്ടില്ല. ആർത്തവം മാറുമ്പോൾ പേടി ആണ്. അങ്ങനെ പേടിച്ചു കൊണ്ട് ഗർഭിണി ആകാനും പ്രസവിക്കാനും എനിക്കിപ്പോൾ പറ്റില്ലെന്ന് ഞാൻ ഭർത്താവിനോടും പറഞ്ഞിട്ടുണ്ട്. നിനക്ക് അമ്മയാകാൻ തോന്നിയാൽ, നീ അമ്മയായാൽ മതി എന്നൊരു ഉറപ്പും ഉണ്ട്. പക്ഷേ, ഇപ്പോഴും ഞങ്ങൾക്ക് എന്തോ കുഴപ്പം ഉണ്ടെന്നാണ് ബന്ധുക്കൾ ഉൾപ്പെടെ കരുതുന്നത്" അഖിലയുടെ ഭീതികൾ ഇല്ലാതായിപ്പോകുന്ന ഒരു കാലത്ത് മാത്രമാണ് അവർ അമ്മയാകാൻ പ്രാപ്തിയിലെത്തുക എന്ന സത്യം മനസ്സിലാകാതെ എത്ര ബന്ധുക്കളും അയൽക്കാരുമാകും അവരെ കുറ്റപ്പെടുത്താൻ തയ്യാറായി നിൽക്കുന്നുണ്ടാവുക!

സ്വപ്നങ്ങളിലേക്ക് നടക്കാനാഗ്രഹിക്കുന്ന ഒരു പെൺകുട്ടിയും അവളുടെ ജീവിതവും എന്ന ഒറ്റ ടാഗ് ലൈൻ ആണ് സാറാസ് എന്ന സിനിമ പേറുന്നതെങ്കിലും അതിനുള്ളിൽ ഒരുപാട് അടരുകളുണ്ട്. മലയാള സിനിമയിലെ സ്ത്രീ പ്രാതിനിധ്യം, പങ്കാളികളുടെ പരസ്പരമുള്ള സഹകരണ ജീവിതം, സ്വന്തം ശരീരത്തിന് മേൽ പെൺകുട്ടിയ്ക്കുള്ള അവകാശബോധം, എന്നിവയെല്ലാം സിനിമ പറയുന്നുണ്ട്. സാറയ്‌ക്കും ജീവനും കുട്ടികളെ വളർത്താൻ തീരെ താല്‍പര്യമില്ലാതിരുന്നെങ്കിലും ജീവിതം സെറ്റിൽ ആയിക്കഴിയുമ്പോൾ ജീവൻ മറിച്ചൊരു തീരുമാനമെടുക്കാൻ പ്രാപ്തനാകുന്നുണ്ട്. "നീയെന്തിനാ നോക്കുന്നത് അവള് നോക്കിക്കോളുമല്ലോ പിള്ളേരെ" എന്ന് ജീവന്റെ 'അമ്മ പറയുന്നത് ഇന്നത്തെ സമൂഹത്തിലെ കൃത്യമായ നിരീക്ഷണമാണ്. സ്ത്രീകൾക്കു മാത്രമാണ് കുഞ്ഞുങ്ങളെ നോക്കാനുള്ള ഉത്തരവാദിത്തം സമൂഹം നൽകിയിരിക്കുന്നത്. ചികിത്സകൾ വഴിയാണ് കുഞ്ഞുങ്ങൾ ഉണ്ടാകേണ്ടതെങ്കിൽ അത്തരം ഇൻഫെർട്ടിലിറ്റി ക്ലിനിക്കുകളിൽ കേസ് ഫയൽ പോലും സ്ത്രീകളുടേത് മാത്രമാണ്. സ്ത്രീകളുടെ പേരിൽ മാത്രമെടുക്കുന്ന ഫയലുകളിൽ അവളുടെ ശരീരം മാറിമറിയുകയാണ്. ഹോർമോണുകൾ, പലതരം ടെസ്റ്റുകൾ, പരീക്ഷണങ്ങൾ എല്ലാ അവളുടെ ശരീരത്തെയും മനസ്സിനെയും മുറിവേൽപ്പിക്കാൻ പര്യാപ്തമാണെങ്കിൽപ്പോലും "കുഞ്ഞ്" എന്ന വാക്കിൽ അവൾ നിശ്ശബ്ദയാകുന്നു. "എനിക്ക് വയ്യ, മടുത്തു. നടു വേദനയാണ്. ഓരോ തവണ ആശുപത്രിയിൽ ചെല്ലുമ്പോഴും ക്ളീനിങ് ഉൾപ്പെടെയുള്ള പ്രോസസ്."കരഞ്ഞുകൊണ്ടാണ് നിത പറഞ്ഞത്. പക്ഷേ ഒരുപാട് ആഗ്രഹിച്ച പ്രെഗ്നൻസിയാണ്. അതുകൊണ്ട് ഒന്നും പറയാനില്ല. കൂട്ടുകാരോട് പറഞ്ഞു കരയാമെന്നല്ലാതെ. പക്ഷേ, കുഞ്ഞു ജനിച്ചു കഴിഞ്ഞു അവനു അച്ഛനെ മാത്രം മതി. ആരോട് പറയാനാണന് അവളുടെ സങ്കടങ്ങൾ!

സമൂഹ മാധ്യമങ്ങളിൽ ഏറ്റവും കൂടുതൽ സാറാസ് വാർത്തയാകുന്നത് സ്ത്രീ ശരീരത്തിന്റെ അവകാശബോധങ്ങളിൽ കൂടിയാണ്. പക്ഷേ എന്നിട്ടും സാറായ്‌ക്കൊപ്പം അവളെ ചേർത്ത് പിടിക്കാൻ മാനസികമായി പര്യാപ്തമായ ഒരു പങ്കാളിയുണ്ടായിരുന്നു എന്നത് അനുകൂലമായ ഒരു ഘടകമായി മാറി. അതേസമയം സിനിമയിൽ തന്നെയുള്ള ലിസ്സി എന്ന മറ്റൊരു സ്ത്രീയെ നോക്കുക. നാല് കുഞ്ഞുങ്ങളുടെ അമ്മയാണ് അവർ. ഗർഭം ശരീരത്തിനെ മോശമായി ബാധിക്കുമെന്ന് ഡോക്ടർ പറഞ്ഞിട്ട് കൂടി താൻ ഗർഭിണിയാകുന്നതിനെ നിയന്ത്രിക്കാൻ അവൾക്ക് തീരുമാനിക്കാനാകുന്നില്ല. കോൺട്രാസെപ്റ്റീവ് മാർഗ്ഗങ്ങളെക്കുറിച്ചോ ഒന്നും അവൾക്കു ബോധമില്ല, ഇനിയും വേണ്ടെങ്കിലും ഭർത്താവിനോട് ലൈംഗികത വേണ്ടെന്നു പറയാൻ അവൾക്കു ധൈര്യമില്ല. പക്ഷേ, നിവൃത്തികെട്ടു ഒടുവിൽ അവൾ പ്രതികരിക്കുന്നുണ്ട്, അത് ഇത്തിരി കൂടിപ്പോകുന്നുണ്ടെങ്കിലും! സാറാസ് ഒരു ധൈര്യപ്പെടുത്തലാണ്. അവനവന്റെ അവകാശങ്ങളിൽ ഉറച്ചു നിൽക്കാനുള്ള പെൺധൈര്യമാണ്‌. ഗർഭിണി ആകാനുള്ള അത് അലസിപ്പിക്കാനുള്ള ധൈര്യം മാത്രമല്ല സ്വന്തം സ്വപ്നത്തിൽ ഉറച്ചു നിൽക്കാനുള്ള ധൈര്യവുമാണ്. ജീവനെപ്പോലെയുള്ള പങ്കാളികൾ ഇനിയും കൂടുതലുണ്ടായേക്കും. കാരണം ജീവിത പങ്കാളി എന്ന വാക്കിനു അടിമത്തം എന്നല്ലല്ലോ അർഥം.എല്ലാ അർത്ഥത്തിലുമുള്ള പങ്കാളിത്തം തുല്യമാക്കപ്പെടുക എന്നാണല്ലോ!

English Summary: Women's Reaction On Saras

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FEATURES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

"ആരെങ്കിലും പറഞ്ഞോട്ടെ അച്ഛൻ എന്തിനാ പറയുന്നെ?" ഹൃദയം തുറന്നു വിനീത് | Vineeth Sreenivasan Interview

MORE VIDEOS
FROM ONMANORAMA