sections
MORE

അസ്ഥികൾ നുറുങ്ങുന്ന വേദനയിൽ 20 വർഷം; എന്നിട്ടും തോറ്റില്ല; കിടപ്പു രോഗിയിൽ നിന്നും സംരംഭകയായ ഉഷയുടെ വിജയകഥ

usha-radhakrishnan
ഉഷ രാധാകൃഷ്ണൻ
SHARE

വലിയ സ്വപ്നങ്ങളുടെ പിറകേ പോകേണ്ട പ്രായത്തിലാണ് വിധി ഉഷയോട് ക്രൂരതകാണിക്കുന്നത്. ആമവാതത്തിന്റെ രൂപത്തിൽ . പിന്നീടങ്ങോട്ട് കിടക്കയിൽ ഒതുങ്ങിയ വർഷങ്ങൾ .വിധിയെ പഴിച്ചും സങ്കടപ്പെട്ടും ജീവിതത്തിന്റെ വലിയ ഒരുഭാഗം നഷ്ടപ്പെട്ടു. പക്ഷേ, ആ തോറ്റുകൊടുക്കലാണ്  തന്നെ കൂടുതൽ തളർത്തുന്നതെന്ന തിരിച്ചറിവുണ്ടയപ്പോൾ ഉഷ പൊരുതാൻ തുടങ്ങി. സ്വന്തം ജീവിതത്തോട്..രോഗത്തോട് ..അതിനൊപ്പം ഭർത്താവ് രാധാകൃഷ്ണന്റേയും കുടുംബത്തിന്റേയും സ്നേഹവും കരുതലുമുണ്ടായപ്പോൾ കിടപ്പുരോഗിയിൽ നിന്നുയിർത്തെഴുന്നേറ്റ് ഉഷ രാധാകൃഷ്ണൻ സ്വന്തമായി ഭംഗിയുള്ള ഒരു മേൽവിലാസമുണ്ടാക്കിയെടുത്തു. ബെറിബീൻ കോഫിയുടെ ഉടമ ഉഷ രാധാകൃഷ്ണന്റെ വിജയകഥയാണിത്.

തോൽപ്പിക്കാൻ ശ്രമിച്ച് ആമവാതം 

അറിയപ്പെടുന്ന ഒരു നർത്തകിയാകുക എന്നതായിരുന്നു നടവരമ്പ് സ്വദേശി ഉഷയുടെ സ്വപ്നം. കലാമണ്ഡലം ക്ഷേമാവതിയുടെ ശിഷ്യ ജ്യോതി ലക്ഷ്മിയുടെ കീഴിൽ നൃത്തമഭ്യസിക്കുന്നുമുണ്ടായിരുന്നു. വിവാഹത്തിനു മുൻപ്  വിവിധ വേദികളിൽ നൃത്തം അവതരിപ്പിച്ചിട്ടുണ്ട്. സ്കൂൾ കാലത്തും ഉഷ ഒരു താരമായിരുന്നു. ഒട്ടേറെ സമ്മാനങ്ങൾ വാരിക്കൂട്ടിയിട്ടുമുണ്ട്.ഭരതനാട്യവും കുച്ചിപ്പുടിയുമെല്ലാം പഠിച്ചിരുന്നെങ്കിലും മോഹിനിയാട്ടത്തോടായിരുന്നു കൂടുതൽ പ്രിയം. പ്രമുഖരെ പോലെ തന്റെ ചിലങ്കയുമായി താൻ ഉയരങ്ങൾ കീഴടക്കുന്നത് പല തവണ സ്വപ്നം കണ്ടിട്ടുണ്ട്. 18 വയസ്സിലായിരുന്നു ഇരിങ്ങാലക്കുട സ്വദേശി രാധാകൃഷ്ണൻ ഉഷയെ  വിവാഹം കഴിക്കുന്നത്. ഇവർക്ക് ഒരു മകനുമുണ്ടായി. നൃത്തത്തോടുള്ള അഭിനിവേശം, കുടുംബം അങ്ങനെ പൂർണ സന്തോഷത്തോടെ ജീവിക്കുന്ന സമയത്താണ് 22ാം  വയസ്സിൽ (റുമെറ്റഡ് ആർത്രോയ്ഡ്സ്) ആമവാതം വില്ലനായി എത്തുന്നത്. ശരീരമാസകലം വേദന കീഴടക്കാൻ തുടങ്ങി. എല്ലുകളുടെ ഓരോ സന്ധികളിൽ  നിന്നും അസഹനീയമായി വേദന. ദിവസങ്ങൾ നീങ്ങും തോറും വേദന കലശലാകാൻ തുടങ്ങി. ഒരു കിടപ്പുരോഗിയിലേക്ക്  ഉഷ ചുരുങ്ങുകയായിരുന്നു. ശുചിമുറിയിലേക്ക്  പോകാൻ  പോലും പരസഹായം വേണമെന്ന സ്ഥിതിയായി. മുഴുവൻ നേരം ഉഷ കട്ടിലിലായി. മനസ്സും ശരീരവും തളർന്നു. പത്ത് വർഷത്തിലേറെ അങ്ങനെ  കിടന്നു. ജീവിതത്തിൽ നിന്നും വിലപിടിച്ച ദിവസങ്ങൾ നഷ്ടപ്പെട്ടു പോകുന്നത്, ജീവിതത്തിന്റെ നല്ലഭാഗം ഇല്ലാതാകുന്നത് ഉഷയെ കൂടുതൽ വേദനിപ്പിച്ചു. പക്ഷേ, ഉഷയെ അങ്ങനെ തളരാനനുവദിക്കില്ലായിരുന്നു രാധാകൃഷ്ണൻ. ആരും ഒറ്റപ്പെടുത്തിയില്ല.ശാപമായി കണ്ടില്ല. ചേർത്തുപിടിച്ചു. ഒപ്പമുണ്ടെന്നു രാധാകൃഷ്ണൻ ഉഷയെ വീണ്ടും വീണ്ടും ഓർമിപ്പിച്ചു. അങ്ങനെ തളർന്നു കിടക്കാൻ അനുവദിക്കില്ലെന്നു പറഞ്ഞു കൊണ്ടേയിരുന്നു. കുറേനാളുകൾ അങ്ങനെ അനങ്ങാതെ കിടന്നതു കൊണ്ടാകാം കാലുകൾ വളഞ്ഞു തുടങ്ങിയിരുന്നു. ഇനി നടക്കാൻ സാധിക്കുമോ എന്ന ഭയം. കൂടുതൽ അപകടാവസ്ഥയിലേക്ക് നീങ്ങുകയാണ് താനെന്ന ഭയം ഉഷയെ അസ്വസ്ഥയാക്കി.  നടന്നേ തീരൂ എന്ന തോന്നലുണ്ടായത് അങ്ങനെ. ആ തോന്നലിനെ ഭർത്താവും കുഞ്ഞും ചേർന്നു പ്രോത്സാഹിപ്പിച്ചു. ഏറെ കാര്യങ്ങൾ ഉഷയുടെ  ജീവിതത്തിന് ഇനിയും ബാക്കിയുണ്ടെന്നു അവർ ഓർമിപ്പിച്ചു കൊണ്ടിരുന്നു. നിരാശയിൽ നിന്നു ജീവിതം തിരിച്ചു പിടിക്കണമെന്ന ചിന്തയിലേക്ക് ഉഷ അങ്ങനെയാണ് നടന്നു കയറുന്നത്.അതിനായുള്ള ശ്രമവും തുടങ്ങി. വേദന അപ്പോഴും തോൽപ്പിക്കാന‍് ശ്രമിക്കുന്നെന്നു തോന്നിയപ്പോൾ അങ്ങനെ തോൽക്കില്ലെന്നുറപ്പിച്ച വേദനസംഹാരികളിൽ അഭയം തേടി. ആവശ്യമായ ചികിത്സകൾക്കു വിധേയനായി കാലു ശരിയാക്കാൻ അടിയന്തരമായി ശസ്ത്രക്രിയയ്ക്ക് വിധേയയായി. കലശലായ വേദന കൊണ്ട് ശരീരം തോൽപ്പിക്കാൻ ശ്രമിക്കുമ്പോഴെല്ലാം അങ്ങനെ തോൽക്കില്ലെന്ന് ഉഷ തന്നോട് തന്നെ പലതവണ ആവർത്തിച്ചുകൊണ്ടിരുന്നു. തനിയെ നടക്കാനുള്ള ശ്രമം തുടങ്ങി.ആദ്യം വാക്കറിൽ ,പിന്നെ വടി കുത്തി,ഒടുവിൽ ഉഷ തനിച്ച് ധൈര്യത്തോടെ നടക്കാൻ തുടങ്ങി 20 വർഷത്തിലേറെയായി കൂടെകൂടിയ രോഗത്തെ  അഞ്ചുവർഷം മുൻപ് ഉഷ തോൽപ്പിച്ചു.   എന്തെങ്കിലും ഇഷ്ടമുള്ള കാര്യങ്ങളിൽ വ്യാപൃതയാകേണ്ടതിനെ കുറിച്ച് അപ്പോൾ മുതൽ ചിന്തിക്കാൻ തുടങ്ങി. വെറുതേയിരുന്നു പോയാൽ താൻ 27 വർഷമായി തന്നെ പിന്തുടരുന്ന രോഗം വീണ്ടും കിടപ്പിലാക്കുമെന്നു ഉഷ ഭയപ്പെട്ടു. നൃത്തം എന്ന ആഗ്രഹത്തിനു പുറകേ പോകാൻ ശരീരം അപ്പോഴും വിലക്കുന്നുണ്ടായിരുന്നു.പിന്നെന്തു ചെയ്യാം. ഉഷ ചിന്തിച്ചു തുടങ്ങി. സ്വന്തം കഴിവ് തെളിയിച്ചു മുന്നേറണമെന്ന് ഉഷ ചിന്തിച്ചു തുടങ്ങി.സ്വപ്നങ്ങളെല്ലാം കൈവിട്ടുപോയ ഒരുവളുടെ നിരാശയിൽ നിന്നു കരകയറാൻ അത് അത്യാവശ്യമാണെന്നും ഉഷയ്ക്കു തോന്നി.  മകൻ ഡോ.അർജുനും മരുമകൾ ലളിതയും   ഭർത്താവും  ആ ചിന്തയ്ക്ക് കൂട്ടായതോടെ ഉഷ സംരംഭകയുടെ വേഷമണിയുകയായിരുന്നു.

ബെറിബീനിന്റെ പിറവി

1960 കാലഘട്ടങ്ങളിൽ പ്രശസ്തമായിരുന്ന രാജേന്ദ്രകോഫി ഉഷയുടെ ഭർത്താവ് രാധാകൃഷ്ണന്റെ പിതാവായിരുന്നു നടത്തിയിരുന്നത്. ചെറുപ്പത്തിൽ അച്ഛനെ സഹായിച്ചിരുന്നതു കൊണ്ട് തന്റെ ഭർത്താവിന് അതേ കുറിച്ച് നല്ല ജ്ഞാനമുണ്ടെന്നും ഉഷയ്ക്കറിയാമായിരുന്നു.ആ കരുത്തിൽ ബിസിനസ് തുടങ്ങാമെന്നു കുടുംബം പറഞ്ഞെങ്കിലും അറിയാത്ത മേഖലയായതിനാൽ ഉഷ  അതേ കുറിച്ച് പഠിക്കാൻ തീരുമാനിച്ചു. ഭർത്താവിൽ നിന്നും മനസ്സിലാക്കിയതിന് പുറമേ  യാത്രകൾ ചെയ്തു. കേരളത്തിനകത്തും പുറത്തും സഞ്ചരിച്ചു കാപ്പിയേയും തേയിലയേയും കുറിച്ച് സമഗ്രമായി പഠനം നടത്തി.പിന്നെ ബെറിബീൻ കോഫി ആരംഭിച്ചു. രാജേന്ദ്രകോഫിയുടെ പേരും രുചിയും ഇപ്പോഴും ഓർമകളിൽ നിറഞ്ഞു നിന്നിരുന്നതിനാൽ ആ കമ്പനിയുടെ പുതിയ പേരിലിറങ്ങിയ ഉൽപന്നത്തെ ആളുകൾ സ്വീകരിച്ചു.അതേ ഗുണമേന്മ ഉഷ ഉറപ്പാക്കുകയും ചെയ്തു. അത്് ഉഷയ്ക്കും ഊർജമായി.ഉഷയുടെ സ്ഥാപനം അങ്ങനെ വളരാൻ തുടങ്ങി. കമ്പനിയിലെ തിരക്കുകളിലേക്ക് നീങ്ങിയപ്പോൾ തനിക്ക് രോഗമുള്ള വിവരം പോലും ഉഷ മറന്നെന്നാണ് വാസ്തവം.ഏതു വേദനയേയും തോൽപ്പിക്കാൻ കഴിയുന്ന സന്തോഷമായിരുന്നു  ഉഷയെ സംബന്ധിച്ചു കമ്പനി.അന്ന് അത്രത്തോളം സുലഭമല്ലായിരുന്ന ഫിൽട്ടർ കാപ്പി, പൊടികാപ്പി തുടങ്ങിയ ബ ിസിനസ്സിന്റെ വളർച്ചയ്ക്കായി പുതിയ പരീക്ഷണങ്ങൾക്ക് കമ്പനിയെ ഒരുക്കുന്നതിലായിരുന്നു  ഉഷയുടെ മുഴുവൻ സന്തോഷവും.കമ്പനിയുെട മുഴുവൻ കാര്യങ്ങൾക്കും ഉഷതന്നെ മുന്നിട്ടിറങ്ങി.തനിച്ചെല്ലാം ചെയ്യാനാകുന്നതോടെ ആത്മവിശ്വാസവും ഇരട്ടിച്ചു. 

കോവിഡിന്റെ വരവ്

ചായയും കാപ്പിയും അവശ്യവസ്തുക്കളായതിനാൽ ഒരു പരിധിയിൽ കൂടുതൽ അതു സ്ഥാപനത്തെ ബാധിച്ചില്ല. പക്ഷേ, ഉഷയ്ക്ക് കോവിഡ് വന്നിരുന്നു. നിലവിലുള്ള അസുഖങ്ങൾ മൂർച്ചിക്കാൻ കോവിഡ് കാരണമാകുന്നതാണല്ലോ കണ്ടുവരുന്നത്. ഉഷയുടെ അസുഖവും വല്ലാതെ കൂടി. വീണ്ടും വടിയുടെ സഹായം വേണ്ടി വന്നു. അതിനർഥം ഉഷ തോറ്റെന്നല്ല. കൂടുതൽ ഊർജത്തോടെ പ്രവർത്തിക്കുകയാണ് തോൽക്കാതിരിക്കാൻ ഉഷ കണ്ടെത്തിയ മാർഗം. കമ്പനി ഉഷയ്ക്കും ഉഷ കമ്പനിക്കുംവേണ്ടി പ്രവർത്തിക്കുന്നതു പോലെ.ഉഷയുടെ ആത്മവിശ്വാസവും പ്രതീക്ഷയു ം രാധാകൃഷണന്റേയും മക്കളുടേയും സ്നേഹവും കരുതലുമുള്ളപ്പോൾ ഞാൻ തോൽക്കില്ലെന്നുറപ്പിക്കാൻ  ഉഷയ്ക്ക് ഇപ്പോൾ ഇരട്ടി ധൈര്യമാണ്. ജയിച്ചു മുന്നേറിയവളുടെ ധൈര്യം.

English Summary: Inspiring Story Of Usha Radhakrishnan

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FEATURES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

നിങ്ങൾ എപ്പോഴും ഒരുമിച്ചാണോ? ചിരിപ്പിച്ച് സജിയേട്ടനും അസിസ്റ്റന്റും | Jan E Man | Manorama Online

MORE VIDEOS
FROM ONMANORAMA