sections
MORE

‘ആണുങ്ങളായാൽ ഇങ്ങനെയൊക്കെ ചെയ്യും എന്നുപദേശിച്ച് അവളെ കൊലയ്ക്കു കൊടുക്കരുത്...’

bride
പ്രതീകാത്മക ചിത്രം
SHARE

‘കല്യാണത്തിനു ചെക്കന് എന്തു നൽകും?

വീട്ടിൽ നിന്ന് ഇറങ്ങിപ്പോകാൻ ഒരു 5 മിനിറ്റ്’

കുറച്ചധികം നാളുകളായി സമൂഹ മാധ്യമങ്ങളിൽ വളരെയധികം ആഘോഷിക്കപ്പെട്ട ട്രോളാണിത്. പക്ഷേ, നമുക്കിടയിൽ എത്ര പെൺകുട്ടികൾക്ക് ഇങ്ങനെ ഒരു മറുപടി പറയാനാകും? കാലാകാലങ്ങളായി അനുവർത്തിച്ചു പോരുന്ന കൊടുക്കൽ വാങ്ങൽ സമ്പ്രദായമാണ് സ്ത്രീധനം. നേരിട്ട് ചോദിക്കുന്നതിനു പകരം ‘ഞങ്ങൾക്ക് ഡിമാൻഡുകളൊന്നുമില്ല. കുട്ടിക്ക് നിങ്ങൾ എന്താ കൊടുക്കാൻ ഉദ്ദേശിക്കുന്നതെന്നുവച്ചാൽ കൊടുത്തോളൂ’ എന്നു പറയുന്ന ‘മോഡേൺ ഫാമിലികൾ’ കുറച്ചു കൂടിയിട്ടുണ്ട് എന്നല്ലാതെ വലിയ കുറവൊന്നും വന്നിട്ടില്ലെന്നാണ് പൊലീസ് ഉദ്യോഗസ്ഥരും അഭിഭാഷകരും പറയുന്നത്.

സ്ത്രീധന ആത്മഹത്യകൾ വീണ്ടും വീണ്ടും സംസ്ഥാനത്തു കൂടിക്കൊണ്ടിരിക്കുകയാണ്‌. അതിൽ ഏറ്റവും അവസാനത്തേതാണ് വെള്ളികൊലുസ് എത്ര പവൻ ഉണ്ടെന്ന ഭർതൃ വീട്ടുകാരുടെ ചോദ്യം ചെയ്യലിൽ മനംനൊന്ത് ആത്മഹത്യ ചെയ്ത പെൺകുട്ടി. സംസ്ഥാനത്തു കഴിഞ്ഞ 5 വർഷത്തിനിടെ നടന്ന സ്ത്രീധന മരണങ്ങൾ 66 എണ്ണമാണ്. ഭർത്താവിന്റെയും ഭർതൃവീട്ടുകാരുടെയും ഉപദ്രവത്തെ തുടർന്നുള്ള കേസുകളുടെ എണ്ണം 2016 മുതൽ ഈ ഏപ്രിൽ വരെ 15,143. സ്ത്രീകൾക്ക് നേരെയുള്ള മറ്റ് അതിക്രമങ്ങളുടെ കണക്കുകൾക്ക് പുറമെയാണിത്. 60 വർഷം മുൻപ് 1961ലാണ് സ്ത്രീധനനിരോധന നിയമം പ്രാബല്യത്തിൽ വരുന്നത്. സ്ത്രീസംരക്ഷണത്തിനു വേണ്ടി പിന്നെയും പല നിയമങ്ങളും നടപ്പാക്കപ്പെട്ടു. എന്നിട്ടും അതിക്രമങ്ങൾക്ക് കുറവു വന്നിട്ടില്ല.

സ്ത്രീധനം കൊടുക്കാത്തതിനാൽ ഭക്ഷണം മോശം!

‘90% വീടുകളിലും ഗാർഹിക പീഡനങ്ങൾ നടക്കുന്നുണ്ട്. ശരീരിക ഉപദ്രവങ്ങൾ മാത്രമല്ലല്ലോ ഒരാളെ ഉപദ്രവിക്കാനുള്ള വഴി. മാനസികമായും വാചികമായും ലൈംഗികമായും പല സ്ത്രീകളും വീടുകളിൽ അതിക്രമത്തിനിരയാകുന്നു. എല്ലാറ്റിന്റെയും മൂലകാരണം പലപ്പോഴും സ്ത്രീധനം തന്നെയാകാറാണു പതിവ്.’, ഹരിപ്പാട് സർവീസ് പ്രൊവൈഡിങ് സെന്ററിലെ അഡ്വ. ലില്ലി പറയുന്നു. ഇതേ അഭിപ്രായം തന്നെയാണ് ഫാമിലി കൗൺസലർ എ. വിജയലക്ഷ്മിയും പങ്കുവെച്ചത്. ‘30 വയസ്സിൽ താഴെയുള്ള പെൺകുട്ടികളാണ് എന്റെ മുന്നിലേക്ക്‌ കൂടുതലും വരുന്നത്. സ്ത്രീധനം കുറഞ്ഞതാണു പ്രശ്നമെന്ന് ആദ്യമൊന്നും ഈ പെൺകുട്ടികൾക്ക് അറിയില്ലായിരുന്നു. 

സ്ത്രീധനം കുറഞ്ഞു എന്ന പേരിലാവില്ല പലപ്പോഴും ഉപദ്രവിക്കുന്നത്. വസ്തുക്കൾ വച്ചിടത്തു കാണുന്നില്ല, ഇസ്തിരിയിട്ടത് പോരാ, അലക്കിയത് വൃത്തിയായില്ല, ഭക്ഷണം നന്നായില്ല... പരാതികൾ ഒട്ടേറെയാണ്‌. വഴക്ക് ദേഹോപദ്രവത്തിലേക്കു മാറുമ്പോഴാണ് പലപ്പോഴും സ്ത്രീകൾ പ്രതികരിച്ചു തുടങ്ങുക. അപ്പോഴാണ് സ്ത്രീധനം വിഷയമാകുന്നത്. ‘എതിർക്കാൻ നിന്റെ വീട്ടിൽനിന്ന് അത്ര മുതലൊന്നും കൊണ്ടുവന്നിട്ടില്ല, എന്റെ വിദ്യാഭ്യാസം വച്ചു നോക്കിയാൽ ഇതിലും കൂടുതൽ പണം കിട്ടുമായിരുന്നു’ എന്നു തുടങ്ങുന്ന ഡയലോഗുകൾ വന്നു തുടങ്ങും.’ വിജയലക്ഷ്മി പറഞ്ഞു.

പല പ്രശ്നങ്ങളും നേരിടുന്ന സ്ത്രീകളോട്, വർഷങ്ങൾക്കു ശേഷം മാത്രം അതിനെക്കുറിച്ചു സംസാരിക്കാൻ ധൈര്യപ്പെടുന്നവരോട് പലപ്പോഴും ചോദിക്കുന്ന ചോദ്യമാണ് എന്തുകൊണ്ട് ആദ്യംതന്നെ ഇതു മനസ്സിലായില്ല എന്ന്? അല്ലെങ്കിൽ ഇത്ര നാൾ എവിടെയായിരുന്നു ഈ ധൈര്യം എന്നൊക്കെ. അവരോടു പറയാനുണ്ട് ചിലത്.

‘ചെറുതല്ല സമൂഹം തരുന്ന സമ്മർദം’

‘വീടുപണി നടക്കുന്ന സമയത്ത് എനിക്കൊരു മുറി വേണമെന്ന് പറഞ്ഞ പെൺകുട്ടിയെ കാത്തിരുന്നത് പക്ഷേ, ചോദ്യങ്ങളുടെ ആവനാഴി ആയിരുന്നു. മുറിയുടെ കാര്യം കേൾക്കുന്നവരൊക്കെ തമാശ മട്ടിൽ ചോദിക്കുന്നത് ‘നിനക്കെങ്ങനെ ഇവിടെ മുറി കിട്ടും, ഇവിടെ നീ കുറച്ചു നാളല്ലേയുള്ളൂ’? എന്നാണ്. അതെങ്ങനെ ശരിയാകും? എവിടെയാണ് അപ്പോൾ ഒരു പെണ്ണിന്റെ ഇടം? ജനിച്ച വീടും ചെല്ലുന്ന വീടും അവളുടേതാകുന്നില്ലല്ലോ! ഇതു തന്നെയാണ് പ്രശ്നം. പെൺകുട്ടികൾക്ക് സ്വന്തമായ ഒരിടമില്ല. കുട്ടികളെ ഓർത്തു ക്ഷമിക്കുന്നെന്നും വീട്ടുകാരെ ഓർത്തു സഹിക്കുന്നെന്നും പറയുന്ന പല സ്ത്രീകളും ഇതെല്ലാം ക്ഷമിച്ചും സഹിച്ചും ജീവിക്കുന്നത് ഇങ്ങനെയൊരു ഇടം കിട്ടാത്തതുകൊണ്ടുതന്നെയാണ്.

ചിലരാകട്ടെ, ഭീഷണിയുടെ പേരിലാകും എല്ലാം സഹിക്കുന്നത്. പേടിച്ചിട്ടാകും അവർ പങ്കാളിക്കൊപ്പം കഴിയുന്നത്. ഒരുപക്ഷേ, പങ്കാളിയുടെ ഭീഷണിയെ അവർ അതിലും ഭയക്കുന്നുണ്ടാകും. ചിലരുണ്ട്, എന്തെല്ലാം സഹിച്ചാലും അതിൽനിന്നൊന്നും രക്ഷപെടാൻ നോക്കാതെ ജീവിക്കുന്നവർ. തങ്ങളുടെ നിയന്ത്രണതിൽ ഇല്ലാത്ത, വിചാരിച്ചാലും മാറ്റാൻ പറ്റാത്ത, നിർബന്ധമായും അനുഭവിക്കേണ്ടി വരുന്ന ചൂഷണം ചിലരിൽ ഒരു നിരാശ സൃഷ്ടിക്കും (Learned helplessness). ഇതുമൂലം രക്ഷപെടാനുള്ള പഴുതുകൾ ഉണ്ടെങ്കിലും ഇവർ രക്ഷപ്പെടാൻ ശ്രമിക്കില്ല.

ട്രോമ ബോണ്ടിങ്, ഗ്യാസ് ലൈറ്റിങ്..

ട്രോമ ബോണ്ടിങാണ് അടുത്ത ഒരു കാരണം. ഇരയും പങ്കാളിയും തമ്മിലുള്ള അതിവൈകാരികമായ ബോണ്ടാണ് ട്രോമ ബോണ്ടിങ്. പങ്കാളി എത്ര ഉപദ്രവിച്ചാലും കുറച്ചു കഴിഞ്ഞു വളരെ സ്നേഹപ്രകടനം കാഴ്ചവയ്ക്കുക. കൃത്യമായ പാറ്റേൺ ഉണ്ടായിരിക്കില്ല ഈ സ്നേഹ പ്രകടങ്ങൾക്ക്. എന്നാലും ഇത് വൈകാരികമായ ഒരു അടുപ്പം ഇരയിൽ സൃഷ്ടിക്കും. ഇതിനോട് ഇര അറ്റാച്ച്ഡ് ആകുന്ന പോലെ അഡിക്ടുമാകും. എന്തൊക്കെ ചെയ്താലും അയാൾക്കു തന്നെ ഇഷ്ടമാണെന്ന് ഇവർ കരുതും.

ഗ്യാസ് ലൈറ്റിങ്: കുറച്ചു നാളായി ഏറെ ചർച്ച ചെയ്യപ്പെടുന്ന വാക്കാണിത്. ഒരാൾ തന്റെ പ്രശ്നങ്ങളെക്കുറിച്ചു പറയുമ്പോൾ ഇതെല്ലാം നിന്റെ തോന്നലാണെന്നും ഞാൻ  നിന്നെ ഉപദ്രവിച്ചിട്ടില്ലെന്നുമൊക്കെ പറയുക. ഒടുക്കം ഇര തന്നെ തന്റെ ഭാഗത്താണ് തെറ്റെന്നു കരുതിത്തുടങ്ങും. വൈകാരികമായി പക്വതയെത്താത്ത പെൺകുട്ടികൾ പെട്ടെന്നാണ് ഒരാളെ വളരെ ആഴത്തിൽ സ്നേഹിക്കാനും വിശ്വസിക്കാനും തുടങ്ങുക. അയാൾ എത്ര ഉപദ്രവിച്ചാലും ഇവർ സഹിക്കും. പ്രതികരിച്ചാലാകട്ടെ ഉപദ്രവിക്കുന്നയാൾ നല്ലപോലെ പ്രണയിക്കുന്നവനാകും. 

നീയില്ലാതെ പറ്റില്ലെന്നും എനിക്ക് നീ മാത്രമേയുള്ളുവെന്നും എന്നെ വേറെയാരും ഇത്രയധികം മനസ്സിലാക്കിയിട്ടില്ലെന്നും നീ പോയാൽ ഞാൻ തകർന്നു പോകും എന്നൊക്കെയായിരിക്കും ഡയലോഗുകൾ. പക്ഷേ, പെൺകുട്ടി പിന്മാറിയാലും അയാൾക്കൊന്നും സംഭവിക്കില്ലെന്നു ഇവർക്ക് മനസിലാവില്ല. പങ്കാളിയുടെ ജീവിതം രക്ഷിക്കാൻ ഞാൻ മാത്രമേയുള്ളൂ എന്ന തോന്നലൊക്കെയായിരിക്കും ഇവരെ നയിക്കുക. അബ്യുസീവായ ബന്ധങ്ങളിൽനിന്ന് പലർക്കും എളുപ്പം രക്ഷപെടാൻ പറ്റാത്തത് ഇതുകൊണ്ടൊക്കെയാണ്.

ആർക്കു വേണ്ടിയാണ് ഒത്തുതീർപ്പ്? 

ഒത്തുതീർപ്പ് /Compromise - എന്ന വാക്കിന്റെ അർഥം പരസ്പരം വിട്ടുവീഴ്ചകളോടുകൂടി ചെയ്യുന്ന തീരുമാനം എന്നാണ്. നിർഭാഗ്യവശാൽ, നമ്മുടെ സമൂഹത്തിൽ അത്  പ്രധാനമായും സ്ത്രീക്കുള്ള ‘ഉപദേശത്തിൽ’ ഒതുങ്ങുന്നു. അത്തരം ചില ഉപദേശങ്ങളിങ്ങനെ: നീ കുറേക്കൂടി അഡ്ജസ്റ്റ് ചെയ്യണം, നിന്റെ മാതാപിതാക്കളായ ഞങ്ങളെക്കുറിച്ചും ചിന്തിക്കണം, ഞങ്ങൾക്ക് ഇനിയും പുറത്തിറങ്ങി നടക്കാൻ പറ്റുമോ,  ആൾക്കാരുടെ മുഖത്തെങ്ങനെ നോക്കും, എല്ലാവരും ഞങ്ങളെ കുറ്റപ്പെടുത്തും. അവനു വേറെ ദുശ്ശീലങ്ങൾ ഒന്നുംതന്നെ ഇല്ലല്ലോ, കുഞ്ഞുങ്ങളുടെ ഭാവിയെ ഓർത്തെങ്കിലും, നിന്റെയും മക്കളുടെയും കാര്യങ്ങൾ നോക്കുന്നില്ലേ, ആണുങ്ങളായാൽ ഇടയ്ക്ക് ഇങ്ങനെയൊക്കെ ഉണ്ടാവും, നീ കൂടുതൽ അഭിപ്രായങ്ങൾ /പരിഭവങ്ങൾ /ഇഷ്ടക്കേട് ഒന്നും പറയരുത്, അവനെ വെറുത provoke ചെയ്യരുത്/ അവന് പ്രകോപനം ഉണ്ടാവാതെ സൂക്ഷിക്കണം. നിന്റെ സ്നേഹംകൊണ്ട് അവനെ നീ മാറ്റി എടുക്കണം: അതു  നിന്റെ മിടുക്ക്... ഇങ്ങനെ പോകുന്നു ഉപദേശങ്ങൾ. 

ഇതുകൂടാത്ത ചിലപ്പോൾ ‘നീ അവിടെ ഇട്ടെറിഞ്ഞ് ഇങ്ങു വന്നാൽ, ഞാൻ പിന്നെ ജീവിച്ചിരിക്കില്ല...’ എന്ന രക്ഷകർത്താക്കളുടെ വക ആത്മഹത്യാ ഭീഷണിയും. ഇതൊക്കെയും  പരോക്ഷമായെങ്കിലും ചൂഷണം ചെയ്യുന്നയാളിന്റെ പ്രവൃത്തികൾ ന്യായീകരിക്കുന്ന വിധത്തിലുള്ള  ‘ഉപദേശങ്ങൾ’ അല്ലേ? ചൂഷണം ചെയ്യുന്നവരോട് മയത്തിൽ രണ്ടു വാചകം -  ‘ഇനിയും പ്രശ്നം ഒന്നും ഉണ്ടാവില്ലല്ലോ, അല്ലേ...’ മാനസികമായും വൈകാരികമായും ചിലപ്പോൾ ശാരീരികമായും തകർന്നിരിക്കുന്ന ഒരു സ്ത്രീയെ  അവളുടെ ‘cry for help’നോട്  കണ്ണടച്ച് ഇരുട്ടാക്കി, ഒത്തുതീർപ്പെന്ന പേരിൽ രക്ഷിതാക്കൾ,  ബന്ധുക്കൾ, സാമൂഹ്യ/മതപരമായ നേതാക്കൾ തിരികെ അയയ്ക്കുന്നത് അതേ ഭീകരാന്തരീക്ഷത്തിലേക്കാണ്. ‘ഒത്തുതീർപ്പ്’ കഴിഞ്ഞുള്ള ആദ്യ ദിവസങ്ങളിൽ ചിലപ്പോൾ കുറച്ചു ശാന്തത കാണും. പിന്നെയോ- ‘നീ എന്നെയും എന്റെ കുടുംബത്തെയും നാണം കെടുത്തി, നിന്നെ  ഞാൻ...’ സാഹചര്യങ്ങൾ വീണ്ടും മോശമാകുകയാണ്‌ പതിവ്. 

ശ്രദ്ധിക്കാം നമുക്ക് ഇക്കാര്യങ്ങൾ

മാതാപിതാക്കൾ  സ്നേഹവും പിന്തുണയും എപ്പോഴും കൊടുക്കണം. ചൂഷണം ചെയ്യപ്പെടുന്നു എന്നു തോന്നിയാൽ തുടക്കത്തിൽതന്നെ മാതാപിതാക്കളോട് പറയാനുള്ള ധൈര്യവും പറഞ്ഞാൽ അവർ കേൾക്കും /മനസ്സിലാക്കും /ഒപ്പം നിന്ന് രക്ഷിക്കും എന്നുള്ള ഉറച്ച വിശ്വാസവും പെൺമക്കളെ വളർത്തുമ്പോൾതന്നെ മാതാപിതാക്കൾ അവരുടെ മനസ്സിൽ ഊട്ടിയുറപ്പിക്കണം. വിവാഹ ജീവിതത്തിൽ സ്നേഹം മാത്രം പോരാ, ബഹുമാനവും സ്വാതന്ത്ര്യവും പ്രധാനപ്പെട്ടതാണ് എന്ന ബോധ്യം ഉണ്ടാക്കികൊടുക്കണം. സമൂഹത്തിനേക്കാൾ, പൊള്ളയായ ആത്മാഭിമാനത്തേക്കാൾ അവരുടെ മക്കളുടെ വേദന, നിസ്സഹായാവസ്ഥ എന്നിവയ്ക്കു വേണം  മാതാപിതാക്കൾ പ്രാധാന്യം നൽകാൻ. 

ഇരയ്ക്കു സാമൂഹികമായും നിയമപരമായും വൈകാരികമായും പിന്തുണ നൽകണം. വിഷാദ രോഗം, ആൻക്സൈറ്റി ഡിസോഡർ തുടങ്ങിയവയുണ്ടെങ്കിൽ കൗൺസലിങ്, മെഡിക്കേഷൻ എന്നിവ ഉറപ്പു വരുത്തണം. ആത്മഹത്യാ പ്രവണത കാണിക്കുന്നുണ്ടോ എന്ന് നിരീക്ഷിക്കണം. സൈക്യാട്രിസ്റ്റിന്റെ സഹായം തേടണം മടിക്കരുത്. ഇര മാനസികവും ശാരീരികവുമായ എല്ലാവിധ ബുദ്ധിമുട്ടിൽനിന്നും ഒഴിഞ്ഞുവെന്നുറപ്പു വരുത്തുക. അവളെ വിമർശിക്കുന്നതിനോ കുറ്റപ്പെടുത്തുന്നതിനോ പകരം ഇത് അവളുടെ തെറ്റല്ലെന്നു പറഞ്ഞു ബോധ്യപ്പെടുത്തുക. അവൾക്കാവശ്യമായ സമയവും ഇടവും നൽകുക. ചില കേസുകളിൽ നീണ്ട കാലത്തേക്കു സൈക്കോതെറപ്പിയും മെഡിക്കേഷനും ആവശ്യമായി വന്നേക്കാം. മാനസികാരോഗ്യം അവളുടെ അവകാശമാണ്. അത് അവൾക്കു ലഭിക്കുന്നെന്ന് ഉറപ്പു വരുത്തണം. നിയമങ്ങൾ കൃത്യമായും വേഗത്തിലും പാലിക്കപ്പെടണം. നിയമ സഹായവും നിയമ നടപടികളും കാലതാമസമില്ലാതെ ലഭ്യമാക്കണം.

English Summary: Kerala's Haunting Problem of Dowry and How we can Overcome that?

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FEATURES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ദുരിതപ്പെയ്ത്തോ?, മേഘവിസ്ഫോടനമോ?– മനോരമ ഓൺലൈൻ എക്സ്പ്ലെയ്നർ

MORE VIDEOS
FROM ONMANORAMA