sections
MORE

ലൈംഗിക അടിമകളാക്കാൻ സ്ത്രീകളെ തേടി താലിബാൻ? ഭയന്ന് പതിനായിരങ്ങൾ

AFGHANISTAN-SOCIETY-RIGHTS
താലിബാൻ ഏർപ്പെടുത്തുന്ന വിലക്കിനെതിരെ പ്രതിഷേധവുമായി ആഗസ്റ്റ് 2 ന് കാബൂളില്‍ സംഘടിച്ച സ്ത്രീകൾ. ചിത്രം∙ എഎഫ്പി
SHARE

അമേരിക്കയും പാശ്ചാത്യ സൈനിക സഖ്യമായ നാറ്റോയും അഫ്ഗാനിസ്ഥാനിൽനിന്നു സൈനികരെ പിൻവലിച്ചതോടെ താലിബാൻ വീണ്ടും അധീനതയിലാക്കിയ പ്രദേശങ്ങളിൽ, വരാനിരിക്കുന്നതു ഭീകര ദിനങ്ങളാകുമോ എന്ന ഭീതിയിലാണ് പതിനായിരക്കണക്കിനു സ്ത്രീകൾ. 1990 കളുടെ രണ്ടാം പകുതിയിൽ അഫ്ഗാനിസ്ഥാനിൽ അധികാരം പിടിച്ചെടുത്ത താലിബാൻ നടപ്പിലാക്കിയ ക്രൂര നിയമങ്ങൾ പതിന്മടങ്ങ് ശക്തിയോടെ വീണ്ടും അടിച്ചേൽപ്പിക്കപ്പെടാമെന്ന ആശങ്കയിലാണ് ജനങ്ങൾ. ഓരോ പ്രദേശത്തെയും മതനേതാക്കളിൽ‌നിന്ന്, ആ മേഖലയിലെ യുവതികളുടെ കണക്കെടുക്കുന്നുവെന്ന തരത്തിൽ റിപ്പോർട്ടുകൾ വന്നതോടെ ഭീതി കൂടുകയും ചെയ്തു. അതേസമയം, മതനിയമങ്ങൾക്ക് അനുസൃതമായി സ്ത്രീകൾക്ക് സ്വാതന്ത്ര്യം അനുവദിക്കാമെന്ന നിലപാടാണ് ഇപ്പോൾ തങ്ങള്‍ക്കെന്നു താലിബാൻ പറഞ്ഞിട്ടുണ്ടെങ്കിലും അത് പൂർണ വിശ്വാസത്തിലെടുക്കാനാവില്ലെന്നാണ് അഫ്ഗാനിലെ മനുഷ്യാവകാശ പ്രവർത്തകർ പറയുന്നത്. നിലവിൽ താലിബാൻ നിയന്ത്രണം പിടിച്ചെടുത്ത പ്രദേശങ്ങളിൽ, മുൻപ് അവർ അധികാരത്തിലിരുന്ന കാലത്തെ നിയമങ്ങൾ വീണ്ടും കൊണ്ടുവന്നതായി വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്തിരുന്നു.

ഭീകരർക്കു വിവാഹം ചെയ്യാനാണ് 15 നും 45 നും ഇടയിൽ പ്രായമുള്ള സ്ത്രീകളെക്കുറിച്ചു വിവരങ്ങൾ ശേഖരിക്കുന്നതെന്നും പെൺകുട്ടികളുണ്ടോ എന്നറിയാൻ വീടുകളിൽ അതിക്രമിച്ചു കയറി അലമാരകൾ അടക്കം പരിശോധിക്കുന്നെന്നും എതിർക്കുന്ന പുരുഷന്മാരെ അതിക്രൂരമായി മർദിക്കുന്നെന്നും വാർത്തകൾ പരന്നിരുന്നു. അഫ്ഗാൻ സൈന്യവുമായി ചേർന്ന് താലിബാനെതിരെ പോരാടി മരിച്ചവരുടെ വിധവകളുടെ പേരും വിവരങ്ങളും താലിബാൻ പ്രത്യേകം ശേഖരിക്കുന്നെന്നും ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.

പെൺകുട്ടികൾ വിദ്യാഭ്യാസം ചെയ്യാനോ ജോലിക്കു പോകാനോ പാടില്ല, ആവശ്യമില്ലാതെ വീടിനു പുറത്തിറങ്ങരുത്, ശിരസ്സടക്കം ശരീരം മുഴുവൻ മറയുന്ന വസ്ത്രം ധരിച്ചേ പുറത്തിറങ്ങാവൂ, പുറത്തിറങ്ങുമ്പോൾ പിതാവോ ഭർത്താവോ അടക്കമുള്ള അടുത്ത ബന്ധുക്കളായ പുരുഷന്മാരാരെങ്കിലും ഒപ്പം വേണം തുടങ്ങിയ നിയന്ത്രണങ്ങൾ തങ്ങളുടെ അധീനതയിലുള്ള പ്രദേശങ്ങളിൽ താലിബാൻ വീണ്ടും കൊണ്ടുവന്നെന്നാണ് സൂചന. ഇവ ലംഘിച്ചാൽ പരസ്യമായ ചാട്ടവാറടി മുതൽ വധശിക്ഷ വരെ ലഭിക്കാം. ബന്ധുക്കളായ പുരുഷന്മാർക്കൊപ്പമല്ലാതെ എത്തുന്ന സ്ത്രീകൾക്ക് സാധനങ്ങൾ വിൽക്കരുതെന്നു കടയുടമകൾക്കും നിർദേശമുണ്ട്.

AFGHANISTAN-SOCIETY-RIGHTS

1996 -2001 കാലത്ത് താലിബാൻ അധികാരത്തിലിരുന്നപ്പോൾ സ്ത്രീകളുടെ ജീവിതം കടുത്ത നിയന്ത്രണങ്ങളിലായിരുന്നു. പുറത്തിറങ്ങാനോ വിദ്യാഭ്യാസം നടത്താനോ സ്വാതന്ത്ര്യം ഇല്ലാതെ ഭയത്തിന്റെ മുൾമുനയിൽ കഴിഞ്ഞ നാളുകൾ ഇന്നും ഇവിടുത്തെ സ്ത്രീകൾ മറന്നിട്ടില്ല. താലിബാൻ വീണ്ടും അധികാരം വ്യാപിപ്പിക്കുന്നതിനിടെ, കയ്യിൽ കിട്ടുന്നതു വാരിയെടുത്ത് സർക്കാർ നിയന്ത്രണത്തിലുള്ള പ്രദേശങ്ങളിലേക്കു പലായനം ചെയ്യുകയാണ് ഇവർ. പിടിയിലായാൽ ഭീകരർ ലൈംഗിക അടിമകളാക്കുമെന്നും ക്രൂരമായി പീഡിപ്പിക്കുമെന്നുമാണ് ഇവരുടെ ഭയം.

അതേസമയം, മുൻകാലങ്ങളിൽനിന്നു വ്യത്യസ്തമായി സ്ത്രീകൾക്ക് സ്വാതന്ത്ര്യം അനുവദിക്കുന്ന നിലപാടാണ് തങ്ങൾ സ്വീകരിച്ചിരിക്കുന്നത് എന്നാണ് താലിബാന്റെ വാദം. മത നിയമങ്ങൾക്കും രാജ്യത്തിന്റെ മൂല്യങ്ങൾക്കും എതിരില്ലാത്ത തരത്തിൽ സ്ത്രീകൾക്ക് ജോലിക്കു പോകാനും വിദ്യാഭ്യാസം നേടാനും അനുവാദം നൽകാനാണ് ഉദ്ദേശിക്കുന്നത് എന്ന് കഴിഞ്ഞ വർഷങ്ങളിൽ താലിബാൻ അറിയിച്ചിരുന്നു. എന്നാൽ നിലവിൽ അഫ്ഗാനിസ്ഥാനിലെ സ്ത്രീകൾ അനുഭവിക്കുന്ന സ്വാതന്ത്ര്യം അസാന്മാർഗിക പ്രവൃത്തികൾക്ക് പ്രചോദനം നൽകുന്നുവെന്നാണ് ഭീകര സംഘടനയുടെ കാഴ്ചപ്പാട്. ഇതുമൂലം ചില നിയന്ത്രണങ്ങൾ ഏർപ്പെടുത്തേണ്ടിവരുമെന്ന സൂചനയും ഇവർ നൽകിയിരുന്നു. പ്രദേശങ്ങൾ പിടിച്ചടക്കി ഏതാനും ആഴ്ചകൾക്കുള്ളിൽത്തന്നെ പുതിയ നിയമങ്ങൾ താലിബാൻ അടിച്ചേൽപിക്കാൻ തുടങ്ങിയതോടെ, പുറംലോകവുമായി ബന്ധപ്പെടാനോ സ്വാതന്ത്ര്യത്തോടെ ജീവിക്കാനോ കഴിയാത്ത ഇരുണ്ട ദിനങ്ങളാണു വരുന്നതന്ന ഭയത്തിലാണ് ഇവിടുത്തെ സ്ത്രീകൾ.

English Summary: As Taliban Expand Control, Concerns About Forced Marriage and Sex Slavery Rise

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FEATURES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ദുരിതപ്പെയ്ത്തോ?, മേഘവിസ്ഫോടനമോ?– മനോരമ ഓൺലൈൻ എക്സ്പ്ലെയ്നർ

MORE VIDEOS
FROM ONMANORAMA