sections
MORE

അയാൾ പിൻതുടർന്നു, മൊബൈൽ ഫോൺ തട്ടിയെടുത്ത് ഓടി; ധൈര്യപൂർവം ആ പെൺകുട്ടി

pocso-arrest-1248
രതീഷ് ചന്ദ്രൻ
SHARE

ഹോട്ടൽ മുറിയിൽ ഒളിപ്പിച്ചു വച്ച കാമറ കണ്ടെത്തി." "തുണിക്കടയിലെ വേഷം മാറുന്ന മുറിയിൽ നിന്നും സെയിൽസ്മാൻ ഒളിക്യാമറ ഉപയോഗിച്ച് സ്ത്രീകളുടെ നഗ്‌നത പിടിച്ചെടുക്കാൻ ശ്രമിച്ചു"ഇപ്പോഴിതാ പഞ്ചറൊട്ടിക്കുന്നതിനിടയിൽ പെൺകുട്ടികളുടെ വീഡിയോ പിടിക്കാൻ ശ്രമിച്ച കടക്കാരനും വാർത്തയായിരുന്നു. ഇതൊക്കെ കേൾക്കുന്ന പെൺകുട്ടികളുടെ മാനസികാവസ്ഥയെക്കുറിച്ച് എത്ര പേര് ചിന്തിച്ചിട്ടുണ്ടാവണം! സ്വന്തം ശരീരത്തെപ്പോലും അരുതാത്ത, സ്വാതന്ത്ര്യത്തോടെ ഉപയോഗിക്കാൻ കഴിയാത്ത എന്തോ ആയിക്കണ്ടു കൊണ്ട് ആത്മവിശ്വാസം നഷ്ടപ്പെട്ടു ഉള്ളിലേയ്ക്ക് ചുരുങ്ങിപ്പോകുന്ന എത്ര പെൺകുട്ടികളുണ്ടെന്നറിയാമോ?

"കൃത്യമായ അളവിലുള്ള ഒരു ടോപ്പ് വാങ്ങാറേയില്ല ഇപ്പോൾ. ജീൻസ് വാങ്ങുമ്പോൾ ഇട്ടു നോക്കിയാണ് വാങ്ങേണ്ടത്, പക്ഷേ, തുണിക്കടയിലെ ഡ്രസ്സിങ് റൂമിൽപ്പോയി അത് മാറ്റിയിട്ട് നോക്കാനുള്ള ധൈര്യമില്ല. ഹോട്ടലിൽപ്പോയി വാഷ്‌റൂമിൽപ്പോവാൻ പേടിയാ. യാത്ര പോവുമ്പോ മൂത്രമൊഴിക്കാതെ പിടിച്ച് വച്ച് സ്ഥിരമുണ്ട് ഇൻഫെക്ഷൻ. പക്ഷേ എനിക്ക് പേടിയാ ചേച്ചി"

ഒളിക്യാമറകളിൽ കുടുങ്ങി അനുഭവമുള്ള പെൺകുട്ടിയല്ല പക്ഷെ വാർത്തകൾ കണ്ടു പരിഭ്രമിച്ചു പോയ ഒരു പെൺകുട്ടിയുടെ ഭീതിയാണീ വാക്കുകൾ. പറയാൻ പോലും പറ്റാത്ത എത്രയോ പേരുണ്ടാകാം?

പഞ്ചറൊട്ടിക്കുന്നതിന്റെ ഇടയിൽ താഴെ മൊബൈൽ ക്യാമറ ഓൺ ആക്കി വച്ച് പെണ്‍കുട്ടികളെക്കൊണ്ട് സൈക്കിൾ കാറ്റടിപ്പിച്ച് സ്വകാര്യ ഭാഗങ്ങൾ റെക്കോർഡ് ചെയ്യുന്നയാളാണ് കഴിഞ്ഞ ദിവസം അറസ്റ്റു ചെയ്യപ്പെട്ടത്.  കൂട്ടത്തിലൊരു പെൺകുട്ടിയുടെ സമയോചിതമായ ഇടപെടൽ അയാളെ പിടികൂടാൻ സഹായിച്ചു. മൊബൈൽ തട്ടിയെടുത്ത് ഓടിയെങ്കിലും അയാൾ പെൺകുട്ടിയുടെ തടഞ്ഞു നിർത്താനും ഉപദ്രവിക്കാനും ശ്രമിച്ചിരുന്നു. എല്ലാത്തിനെയും മറികടന്നാണ് ഫോൺ, കുട്ടി തന്റെ പിതാവിന്റെ കൈകളിൽ എത്തിച്ചത്. എത്ര പെൺകുട്ടികൾ ഇത്തരമൊരു സാഹസത്തിനു മുതിർന്നേക്കും?

നഗ്നത എന്നത് ഭീതിപ്പെടേണ്ട ഒന്നായി ഇരിക്കുന്ന കാലത്തോളം അത് വെളിപ്പെടുക എന്നത് സ്ത്രീൾക്ക് മരണത്തിനു തുല്യമായി കണക്കാക്കപ്പെടുന്നു. നഗ്നത എന്നതിനെ അപഹസിക്കാനുള്ള ആയുധങ്ങളിൽ ഒന്നാക്കി കാണുമ്പോൾ അതിൽ നിന്നും പുറത്തു കടക്കാനുള്ള ഏറ്റവും നല്ല മാർഗ്ഗം അത് ഭയപ്പെടേണ്ട ഒന്നല്ലെന്നുള്ള ബോധ്യം തന്നെയാണ്. പക്ഷെ ഇതിലെ ക്രിമിനൽ വശം ഒരാളുടെയും സമ്മതമില്ലാതെ അവരുടെ നഗ്നത ചിത്രീകരിക്കാനോ ഉപയോഗിക്കാനോ മറ്റൊരാൾക്ക് അവകാശമില്ല എന്നുള്ളതാണ്. അതുകൊണ്ട് അതിനെ നിയമ പരമായി എടുത്താലും കണ്ടെത്താനും പ്രതികരിക്കാനും കഴിയുന്നത് അഭിനന്ദനീയമാണ്.

"വീഡിയോ എടുക്കുന്നവരുടെ അമ്മയ്ക്കും പെങ്ങൾക്കുമൊക്കെ ഉള്ളത് തന്നെ ഞങ്ങൾക്കുമുള്ളൂ. അതിങ്ങനെ എടുത്താഘോഷിക്കാൻ എന്താണുള്ളത്"

ഇത്തരത്തിൽ പറയുന്ന പെൺകുട്ടികളുടെ എണ്ണം കൂടുന്നുണ്ട്. എന്തിനാണ് ഒരു പെൺകുട്ടി ഇത്തരത്തിലുള്ള അപമാനങ്ങൾ സഹിക്കുന്നത്? അവളുടെ സ്വന്തം ശരീരം കൊണ്ട് സ്വാതന്ത്ര്യത്തോടും ഭയമില്ലാതെയും ജീവിക്കാനുള്ള സാഹചര്യം ഇല്ലാത്ത അവസ്ഥ ശരിക്കും പൗരന്റെ അവകാശത്തിനു നേരെ പോലും കൈ ചൂണ്ടുന്നതല്ലേ?

കുറച്ചു വർഷമായതേയുള്ളൂ ഒരു കഥ കേട്ടിട്ട്. വീട്ടിലെ കുളിമുറിയിലെ ചില പ്രശ്നങ്ങൾ മാറ്റാൻ വിളിച്ചതാണ് പ്ലംബറെ. പണി കഴിഞ്ഞു അയാൾ പോയി. അന്ന് വൈകുന്നേരമാണ് വീട്ടുടമസ്ഥ അത് കണ്ടെത്തിയത്. ആരോ തന്നെ നോക്കുന്നത് പോലെയൊരു തോന്നൽ. സൂക്ഷ്മ പരിശോധനയിലാണ് ഒളിപ്പിച്ചു വച്ച മൊബൈൽ അവർ കണ്ടെത്തിയത്. കുളിമുറിയിലെ ദൃശ്യങ്ങൾ പിടിക്കാൻ വേണ്ടി കാമറ പ്രവർത്തിപ്പിച്ചു ശേഷം പോയതായിരുന്നു പ്ലംബർ. അയാളത് തിരിച്ചെടുക്കും മുൻപ് വീട്ടുടമസ്ഥ കണ്ടെത്തിയത് കൊണ്ട് ഒരു സ്ത്രീയുടെ നഗ്ന വീഡിയോ കൂടി പുറത്തായില്ല. ഇതുപോലെ സ്വന്തം മുഖമാണെന്ന ആരോപണം കൊണ്ട് ഏറെ വർഷങ്ങൾ ഇരുളിൽ കഴിയേണ്ടി വന്ന ഒരു സ്ത്രീയുണ്ട്. തരുൺ മൂർത്തിയുടെ "ഓപ്പറേഷൻ ജാവ"യിലും അവരുടെ കഥ നമ്മൾ കണ്ടു. ആ ദൃശ്യങ്ങൾ അവരുടേതല്ലെങ്കിലും ലൈംഗിക ദൃശ്യങ്ങൾ ഉള്ള വീഡിയോയിൽ ആ സ്ത്രീ ആണെന്ന് പറഞ്ഞാണ് അത് പ്രചരിക്കപ്പെട്ടത്. മുഖത്തിന്റെ സാദൃശ്യം അതിനു സാധുത കൂട്ടുകയും ചെയ്തു. കൂടെ നിൽക്കേണ്ടവരെല്ലാം ഒറ്റപ്പെടുത്തി പോയപ്പോഴും അവർ ധൈര്യത്തോടെ പൊരുതി. ഒടുവിൽ ആ ദൃശ്യങ്ങൾ അവരുടേതല്ല എന്ന് തെളിയിക്കപ്പെടുകയും ചെയ്തു. അവർക്ക് പിന്നിൽ നഷ്ടപ്പെട്ടു പോയ, അപമാന ഭീതിയോടെ അവർ തളർന്നു പോയ വർഷങ്ങളോ? ടെലിവിഷൻ ചാനലുകളിൽ മുഖം മറയ്ക്കാതെ വരാൻ അവർ ഒട്ടും മടിച്ചില്ല. അത് താനല്ല എന്ന് ഉറപ്പുള്ളപ്പോൾ എന്തിനു മാറി നിൽക്കണം എന്ന ധീരതയായിരുന്നു അതിന്റെ കാരണം.

നഗ്നമായ , ലൈംഗിക ദൃശ്യങ്ങൾ നിറഞ്ഞ (ഒളിക്യാമറയിൽ പകർത്തിയതാണെങ്കിൽപ്പോലും) അത് പരിചയക്കാരായ സ്ത്രീകളാണെന്ന് സങ്കൽപ്പിക്കാൻ ഇഷ്ടമുള്ള ഒരുപാട് പേരുണ്ട്. ഇത്തരക്കാർ തന്നെയാണ് ഒളി ക്യാമറകളുടെ പ്രസക്തി വർധിപ്പിക്കുന്നതും. പോൺ സിനിമകളും വീഡിയോകളും നിരവധി പ്രചരിക്കുന്ന കാലത്ത് സ്വകാര്യമായ രതിയും പരിചയക്കാരായ സ്ത്രീകളുടെ നഗ്നതയും അവരറിയാതെ റെക്കോർഡ് ചെയ്തു മറ്റുള്ളവർക്കായി നൽകുന്നവരുടെ മാനസിക നില പരിശോധിക്കേണ്ടതാണ്. പക്ഷെ അത് അവരെ ക്രിമിനൽ അല്ലാതാക്കുന്നില്ല. ശിക്ഷ കിട്ടാൻ അർഹതയുള്ള കുറ്റകൃത്യം ചെയ്യുന്നവരെ കൃത്യമായി ശിക്ഷിക്കുകയും വേണം.

പലയിടങ്ങളിലും പോകുമ്പോൾ കാമറ ഒളിപ്പിച്ചു വച്ചിട്ടുണ്ടെന്ന തോന്നലുണ്ടായാൽ അത് പരിശോധിക്കുകയും പ്രതികരിക്കുകയും അവരെ നിയമത്തിന്റെ പിടിയിൽ ഏൽപ്പിക്കുകയും ചെയ്യേണ്ട വിധത്തിൽ പെൺകുട്ടികളെ പ്രതികരിക്കാൻ പഠിപ്പിക്കേണ്ടതുണ്ട്. നഗ്‌നത പ്രചരിപ്പിക്കുന്നതിലുള്ള പ്രശ്‌നത്തെക്കാൾ അത് അഡ്രസ്സ് ചെയ്യപ്പെടേണ്ടത് അനുവാദമില്ലാതെ സ്വകാര്യത ചിത്രീകരിക്കാൻ ശ്രമിച്ചു എന്ന നിയമത്തിന്റെ പുറത്താകണം. അത്തരമൊരു മനോഭാവത്തിലൂടെ ഭീതിയെ മറികടന്നാലേ പെൺകുട്ടികൾക്ക് അതിനു കഴിയൂ എന്നതാണ് സത്യം. കൊച്ചിയിൽ സമയത്ത് പ്രതികരിച്ച പെൺക്കുട്ടി തന്നെയാണ് മുന്നിലുള്ള നല്ല ഉദാഹരണം. പെൺകുട്ടികൾക്കും തെല്ലും ഭീതിയില്ലാതെ ഇൻഫെക്ഷനോന്നുമില്ലാതെ തുണിക്കടകളിലും അവരുടെ പാകത്തിനുള്ള ജീൻസ് ഇട്ടു നോക്കി വാങ്ങാനും ഹോട്ടലിലെ ബാത്റൂമുകളിൽ പോകാനും സ്വന്തം വീട്ടിലെ കുളിമുറിയിൽ കുളിക്കാനുമാകണം. അവനവന്റെ സുരക്ഷാ അവനവന്റെ കൈകളിലാണെന്ന വാചകമാണ് സത്യം. പ്രതികരിക്കാൻ തുടങ്ങട്ടെ പെൺകുട്ടികൾ, അത് മാത്രമാണ് രക്ഷ.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FEATURES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ദുരിതപ്പെയ്ത്തോ?, മേഘവിസ്ഫോടനമോ?– മനോരമ ഓൺലൈൻ എക്സ്പ്ലെയ്നർ

MORE VIDEOS
FROM ONMANORAMA