കട്ടിലിൽ കൈകാലുകൾ കെട്ടിയിട്ടു വരെ അയാൾ ലൈംഗികമായി ഉപയോഗിക്കും; മെരിറ്റൽ റേപ്പിനെ കുറിച്ച് സ്ത്രീകളുടെ തുറന്നു പറച്ചിൽ

merital-rape
പ്രതീകാത്മക ചിത്രം
SHARE

‘സെക്സ് ഈസ് നോട്ട് എ പ്രോമിസ്’ എന്ന് അപർണയ്ക്ക് മാത്തനോട് സിനിമയിൽ പറയാൻ എളുപ്പമാണെന്നാണ്, പക്ഷേ, നമ്മുടെ നാട്ടിൽ ലൈംഗികതയ്ക്ക് വേണ്ടി വിവാഹം കഴിക്കുന്ന ഒരുപാട് പേരുണ്ട്. എന്നാൽ അവിടെയും പുരുഷാധിപത്യം നിലനിൽക്കുന്നു. അതുകൊണ്ടാണല്ലോ കേരള ഹൈക്കോടതി കഴിഞ്ഞ ദിവസം വിവാദ പരമായ ഒരു പരാമർശം നടത്തിയത്. പൊതുവിവാഹ നിയമങ്ങളെക്കുറിച്ചായിരുന്നു അത്. മാരിറ്റൽ റേപ്പ്, വിവാഹമോചനത്തിന് കാരണമായി കൊണ്ട് പോകാവുന്ന ഒരു കാര്യമാണ് എന്നും കോടതി എടുത്തു പറഞ്ഞു. 

ഒരു കൂട്ടുകാരിയുണ്ടായിരുന്നു. അച്ഛൻ മരണപ്പെട്ടു പോയവൾ. 'അമ്മ വളർത്തിയ മകൾ. അത്യാവശ്യം ക്വട്ടേഷനൊക്കെ ഏറ്റെടുത്തു നടത്തുന്ന ഒരു ഗുണ്ടയോട് അവൾക്ക് പ്രണയമായി. അമ്മയുടെ സമ്മതമില്ലാതെ അവർ വിവാഹവും കഴിച്ചു, ഒടുവിൽ മറ്റാരുമില്ലാത്ത 'അമ്മ അവളെ അനുഗ്രഹിച്ചു. വിവാഹം അവൾക്കൊരു കെണി തന്നെയായിരുന്നു. ലൈംഗികമായി അവളെ അയാൾ എപ്പോഴും ഉപയോഗിക്കുമായിരുന്നു. അവൾക്കു താൽപര്യമില്ലെങ്കിൽ കട്ടിലിന്റെ കാലിൽ കൈകൾ കെട്ടിയിട്ട് അവളെ ഉപദ്രവിക്കും. ഒടുവിൽ അയാളുടെ കയ്യിൽ നിന്ന് രക്ഷപ്പെട്ടു പുറത്ത് വന്നപ്പോഴേക്കും അവൾ മാനസികമായി അസുഖക്കാരിയായി. മനസ്സിന്റെ രണ്ടറ്റങ്ങളിലൂടെയും സഞ്ചരിച്ച് എല്ലാവരോടും പകയും പ്രതികാരവും വെറുപ്പും കൊണ്ട് നടന്ന അവൾ പലരെയും വെറുത്തു, അവളുടെ അമ്മയ്ക്ക് ഇതൊന്നും താങ്ങാനാകാതെ അവരും മാനസിക പ്രശ്നത്തിൽ അകപ്പെട്ടു പോയി. ഇപ്പോൾ അസുഖത്തിന്റെ ചികിത്സയൊക്കെ കഴിഞ്ഞ് അവൾ ഒരു വിധം സുഖമായിരിക്കുന്നു. എങ്കിലും പഴയത് പോലെ ആരെയും ഉറച്ച് വിശ്വസിക്കാനാകുന്നില്ല. ഭീതി വിട്ടൊഴിയുന്നില്ല. - എത്ര പെൺകുട്ടികൾക്കാണ് മാരിറ്റൽ റേപ്പിന്റെ കഥ പറയാനുള്ളത്!

മാളു (സങ്കല്പികമാണ് പേര്), പെൺകുട്ടികൾക്കുള്ള ലേഡീസ് ഹോസ്റ്റലിലായിരുന്നു പഠനം. കന്യാസ്ത്രീകളുടെ അടച്ചു പൂട്ടിയുള്ള പഠനം(അവളുടെ തന്നെ ഭാഷയിൽ) അവളെ മാനസികമായി മറ്റൊരാളാക്കി മാറ്റിയിരുന്നു. ലൈംഗികത എന്നാൽ പാപമാണെന്ന ചിന്ത അന്ന് മുതലേ അവൾക്കുണ്ടായിരുന്നിരിക്കണം. ഒടുവിൽ പഠനം കഴിഞ്ഞു ഇരുപത് വയസ്സ് എത്തിയപ്പോൾ തന്നെ അവൾക്ക് വിവാഹിതയാകേണ്ടി വന്നു. ലൈംഗികതയോടുള്ള ഭയം അവരുടെ ജീവിതത്തെ പതിയെ ബാധിച്ചു തുടങ്ങി. അവളുടെ മാനസിക അവസ്ഥ മനസിലാക്കാൻ അയാളും ശ്രമിച്ചില്ല എന്നതാണ് ശരി. അതിനിടയ്ക്ക് രണ്ട് കുട്ടികളുമുണ്ടായി. ഗർഭിണിയായിരുന്ന സമയമാണ് താൻ ഏറ്റവും സമാധാനത്തിൽ കഴിഞ്ഞിരുന്നതെന്നാണ് അവളുടെ അഭിപ്രായം. ഒടുവിൽ അവർ വേർപിരിഞ്ഞു. ഒരു വികാരവുമില്ലാതെ കിടക്കുന്ന അവളെ ആവശ്യമില്ലെന്നായിരുന്നു അയാളുടെ തീരുമാനം. വിവാഹ ജീവിതം ലൈംഗികതയിൽ കൂടിയുമാണ് മുന്നോട്ട് പോകുന്നതെങ്കിലും കൂടെ ജീവിക്കുന്ന സ്ത്രീയ്ക്ക് ബുദ്ധിമുട്ടുകളുണ്ടെങ്കിൽ അത് കൃത്യമായി സംസാരിക്കുകയും അവളെ മതിയായ ചികിത്സയ്ക്ക് വിധേയയുമാക്കാതെ സ്വന്തം ഇഷ്ടത്തിനു അവളുടെ ശരീരം ഉപയോഗിക്കുകയും ചെയ്തതിൽ വലിയ തെറ്റുണ്ട്. 

എത്രയോ കഥകളാണ് ഇനിയും പറയാനുള്ളത്. വായിച്ചും മറ്റുള്ളവർ പറഞ്ഞും അറിഞ്ഞ കഥകളല്ല, നേരിട്ട് കണ്ട സ്ത്രീകളാണ്, അവരുടെ ജീവിതവും. വിവാഹങ്ങളിൽ പുറത്തിറങ്ങി സ്വന്തമായി ജീവിച്ചു തുടങ്ങിയതോടെ പതിവിലേറെ ഊർജവും സന്തോഷവും മുഖത്തു കൊണ്ടു നടക്കുന്ന നല്ല അടിപൊളി പെണ്ണുങ്ങൾ. "പങ്കാളിയുടെ സമ്മതമില്ലാതെ ബലമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നത് വിവാഹമോചനത്തിനു കാരണമായി കണക്കാക്കാം എന്നു നിരീക്ഷിച്ച കോടതി, ഭാര്യയുടെ ശരീരം തന്റേതാണ് എന്ന ചിന്തയിൽ അതിക്രമം നടത്തുന്നതിനോടു കടുത്ത എതിർപ്പും വ്യക്തമാക്കി. വൈവാഹിക പീഡനങ്ങൾ, പീഡനങ്ങൾ വ്യക്തി സ്വാതന്ത്ര്യത്തിന്മേലും സ്വകാര്യതയുടെ മേലുമുള്ള കടന്നു കയറ്റമാണ്. ഇങ്ങനെ അനുഭവിക്കേണ്ടി വരുന്നവർക്കു വിവാഹമോചനം നിഷേധിക്കാനാവില്ലെന്നും കോടതി വ്യക്തമാക്കി."

എത്ര ശക്തമായൊരു വാചകമാണത്. "എന്റെ ഭാര്യയുടെ ശരീരം എന്റേതാണ്", എന്ന് പറയുന്ന പുരുഷന്മാരാണ് സമൂഹത്തിൽ അധികവും. സ്വന്തമായി ഒരു വ്യക്തിത്വം  ഭാര്യയ്ക്ക് പലരും "അനുവദിച്ചു" കൊടുക്കാറുമില്ല. അടുക്കളയിൽ ഇഷ്ടമുള്ളത് ഉണ്ടാക്കി കൊടുക്കാനും മറ്റുള്ളവരുടെ മുന്നിൽ അധികാരം പ്രദർശിപ്പിക്കാനും പലപ്പോഴും പരസ്യമായി പരിഹസിക്കാനും പലർക്കും ഭാര്യയെ ആവശ്യമുണ്ട്, പിന്നെ ശരീരം ഉണരുമ്പോഴൊക്കെ അതിന്റെ വികാരങ്ങളെ ശമിപ്പിക്കാനും. പലപ്പോഴും സ്ത്രീകൾ നേരിടുന്ന ബലാത്സംഗങ്ങൾ ചർച്ചാ വിഷയമാകുന്നുണ്ട്, എന്തിനു സ്ത്രീധന പീഡനവും മാനസിക അപഹാസവുമൊക്കെ ചർച്ചയാകുന്നു, പക്ഷേ പലപ്പോഴും ഭാര്യമാർ നേരിടുന്ന "ബലാത്സംഗങ്ങൾ" ചർച്ചയാകാറില്ല. ഇവിടെ മടി സ്ത്രീകൾക്ക് തന്നെയാണ്. തനിക്കിഷ്ടമില്ലെങ്കിലും ഭർത്താവിന് വേണ്ടി അതൊക്കെ അനുസരിച്ച് നിന്ന് കൊടുക്കേണ്ടത് ഭാര്യമാരുടെ കടമയാണെന്ന് അവരെ ആരൊക്കെയോ ചേർന്ന് ഭയപ്പെടുത്തിയിരിക്കുന്നു. 

ഒന്നും സാമൂഹികവത്കരിച്ചല്ല പറയുന്നത്. കൃത്യമായി ഭാര്യയുടെ താൽപ്പര്യവും സെക്സ് പൊസിഷനുകളിൽ അവളുടെ ഇഷ്ടം വരെ ചോദിക്കുകയും ചെയ്യുന്ന ഒരുപാട് ഭർത്താക്കന്മാരുണ്ട്.  താരതമ്യം ചെയ്യുമ്പോൾ ആധിപത്യ പ്രവണതയുള്ള പുരുഷന്മാരുടെ എണ്ണം തന്നെയാണ് സമൂഹത്തിൽ കൂടുതൽ എന്നതാണ് സത്യം. മാരിറ്റൽ റേപ്പുകളും റേപ്പുകൾ തന്നെയാണ്. അവളുടെ ഇഷ്ടത്തിനല്ല അത് ഉപയോഗിക്കുന്നതെങ്കിൽ അത് ആ പരിധിയിൽ തന്നെ വരും. അതും വിവാഹ മോചനത്തിനുള്ള ഒരു കാരണമായി ചൂണ്ടി കണിക്കാമെന്ന് ഇവിടെ പറയുന്നത് ഹൈക്കോടതിയാണ്. പല സ്ത്രീകളും അപമാനവും ലജ്ജയും കാരണം ഇത്തരം അപമാനങ്ങളെ മറച്ചു പിടിക്കുന്നു, അത് ഭർത്താവിന്റെ അവകാശമാണെന്ന് തെറ്റിദ്ധരിച്ച് നിശബ്ദമായി സഹിക്കുന്നു. തുറന്നു പറയുകയാണ് വേണ്ടത്. നിങ്ങൾക്കിഷ്ടമില്ലാത്ത ദിവസങ്ങളിൽ യാതൊരു വിധ ബലാത്സംഗങ്ങളെയും നിങ്ങൾ സഹിക്കേണ്ടതില്ല. പരസ്പര ബഹുമാനത്തോടെയുള്ള ലൈംഗികത നൽകുന്ന ആനന്ദത്തോളം വലുതല്ല താൽക്കാലിക വികാര ശമനമെന്നു പല പുരുഷന്മാർക്കും അറിവില്ല. ഓരോരുത്തർക്കും തന്നെയാണ് സ്വന്തം ശരീരത്തിന്റെ അധികാരം ഒരു താലിയുടെയോ മന്ത്രകോടിയുടെയോ അധികാരത്തിൽ അതാർക്കും തീറെഴുതി നൽകേണ്ടതില്ല. ഹൈക്കോടതിയുടെ വാചകങ്ങൾ പലയാവർത്തി വായിക്കുക, പിന്നെ ആത്മാഭിമാനം വിട്ടു കളയാതെ ഒരു വ്യക്തിയായി ജീവിക്കുക!

English Summary: Women Reaction On Merital Rape

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ചോക്ലേറ്റ് ചാക്കോച്ചനൊക്കെ പണ്ട്, ഇപ്പോ കൈയിൽ ചോക്ലേറ്റിന്റെ കവർ മാത്രമേയുള്ളു | Nna Thaan Case Kodu

MORE VIDEOS