ADVERTISEMENT

കുട്ടികൾക്കു നേരെ നടന്ന രണ്ട് അതിക്രമങ്ങളാണ് ചർച്ചകളിലൊക്കെയും. ഒരു പെൺകുട്ടിയെ മോഷണം ആരോപിച്ചും മറ്റൊരു പതിനെട്ടുകാരനെ പീഡനം ആരോപിച്ചും മാനസീകമായും ശാരീരികമായും പീഡിപ്പിച്ച വാർത്തകളാണ് കഴി‍ഞ്ഞ ദിവസങ്ങളിൽ കേരളം ചർച്ചയായത്. രണ്ടു കേസിലും ഇവരെ പോലീസ് അറസ്റ്റ് ചെയ്‌തെങ്കിലും കൃത്യമായി അവരല്ല എന്നതിന്റെ തെളിവുകൾ പുറത്തെത്തി. പക്ഷേ, ആ തെളിവുകൾ പുറത്തു എത്തുന്നതു വരെ അവർ അനുഭവിച്ച മാനസിക അവസ്ഥയെക്കുറിച്ച് എത്ര പേർക്ക് ബോധ്യമുണ്ടാവും?

പൊതുജന മധ്യത്തിൽ കുറ്റവാളിയാവുക എന്നത് ഒരു ട്രോമയാണ്. തെറ്റൊന്നും ചെയ്തിട്ടില്ലെന്ന് സ്വയം ബോധ്യമുണ്ടായിരിക്കുകയും അത് തെളിയിക്കാനാകാതെ നിൽക്കുകയും ചെയ്യേണ്ടി വരുന്നിടത്തോളം വലിയ വിഷാദം വേറെയില്ല. ഒരു സ്ത്രീയ്ക്ക് മാത്രമായി വേശ്യയാകാൻ കഴിയില്ല  എന്നത് ഒരു യാഥാർഥ്യമാണ്. എന്നാൽ ഇതിൽ പങ്കാളിയാകുന്ന പുരുഷനു മുകളിൽ യാതൊരു തെറ്റും ചുമത്തപ്പെടുന്നില്ല. അതെപ്പോഴും സ്ത്രീയാണ്. അവളെയാണ് ജനങ്ങൾ കൂട്ടം കൂടി നിന്ന് കല്ലെറിയുക. ദുർബലരായ മനുഷ്യർ എല്ലായ്പ്പോഴും ഇത്തരം കല്ലെറിയൽ അനുഭവിക്കേണ്ടി വരുന്നു. അത് ജനങ്ങളിൽ നിന്നും ഭരണവർഗ്ഗത്തിൽ നിന്നുമൊക്കെ. ആരും രക്ഷിക്കാനില്ലാതെ ഇതേ പേരിൽ കല്ലെറിയപ്പെട്ട എത്ര സ്ത്രീകളാണ് ഓരോ നാടുകളിലുമുള്ളത്!

"നിന്നെപ്പോലെ ഒരാളാണ് കഴിഞ്ഞ ദിവസം മോഷണത്തിനു പിടിച്ചത്.", അതാണ് ആ പെൺകുട്ടിയുടെ അച്ഛന്റെ നേർക്ക് മോഷണം പിങ്ക് പോലീസ് ആരോപിക്കാനുണ്ടായ പ്രധാന കാരണം. മെലിഞ്ഞു, പോഷ് ലുക്ക് ഇല്ലാത്ത, ദാരിദ്ര്യം ബാധിച്ച ഒരാൾക്ക് മോഷ്ടിക്കാനുള്ള "അവകാശം" ആരൊക്കെയോ കൽപ്പിച്ചു കൊടുത്തിരിക്കുന്നു.എന്ത് നീതിബോധമാണ് ഇവരെ ഭരിക്കുന്നത് എന്നോർത്ത് അമ്പരക്കാനേ പറ്റൂ! ബാഗിനുള്ളിൽ ഇരുന്ന മൊബൈൽ ഫോൺ ആണ് വെറും സംശയത്തിന്റെ പേരിൽ പിങ്ക് പൊലീസിന് കുറെ സമയത്തേക്ക് നിഷ്കളങ്കരായ ഒരു അച്ഛന്റെയും മകളുടെയും നേർക്ക് അസഭ്യം പറയാനുള്ള അവസരം നൽകിയത്. ആ ഫോൺ അവർ കണ്ടെടുക്കുന്നത് നാട്ടുകാർ കണ്ടില്ലായിരുന്നില്ലെങ്കിൽ എല്ലാവരുടെയും മുന്നിൽ മോഷ്ടാക്കളായി ആ അച്ഛനും മകളും മാറുമായിരുന്നു. 

സ്ത്രീകൾക്കു വേണ്ടിയാണ് നിയമങ്ങൾ കൂടുതലും പ്രവർത്തിക്കുന്നത് എന്നത് സന്തോഷകരമായ വാർത്തയാണ്. ദുർബലർ എന്ന അവസ്ഥയിൽ നിൽക്കുന്നതുകൊണ്ട് തന്നെ കുറച്ച് കൂടുതൽ പരിഗണന അവർ അർഹിക്കുകയും ചെയ്യുന്നുണ്ട്. പക്ഷേ, നിയമങ്ങളെ ഉപയോഗിക്കുന്ന സ്ത്രീകൾ ആവശ്യത്തിലധികമുണ്ട് എന്നത് സത്യമാണ്. പതിനെട്ടു വയസ്സുള്ള ആൺകുട്ടിയുടെ കേസിൽ അത് വീണ്ടും ഉറപ്പിക്കാം. മുപ്പതിലധികം ദിവസമാണ് പല ജയിലുകളിൽ അവൻ കിടന്നത്. കയ്യിൽ വിലങ്ങിട്ടാണ് അവനെ ചോദ്യം ചെയ്യാൻ പരസ്യമായി പോലീസുകാർ നടത്തിയത്, അവന്റെ ചെവി അടിച്ചു പൊട്ടിച്ചതും. അവന്റെ ഓർമയിൽ നിറയെ ഇത്രയും നാൾ കേട്ടിട്ടു പോലുമില്ലാത്ത അസഭ്യങ്ങളായിരിക്കും അവൻ കേട്ടിട്ടുണ്ടാകുക. അത് പോലീസുകാർ അവനെ വിളിച്ചതാണ്. പതിമൂന്ന് വയസ്സുള്ള ഒരു പെൺകുട്ടി ഗർഭിണിയാകുന്നത് ആദ്യത്തെ സംഭവമല്ല. എന്നാൽ എന്തുകൊണ്ട് അവൾ സ്‌കൂളിൽ അവൾക്കൊപ്പം പഠിക്കുന്ന ഒരുവന്റെ പേര് പറഞ്ഞു എന്നത് നിഗൂഢമാണ്. ആർക്കുമറിയാത്ത പീഡനങ്ങളിലൂടെ ഒരുപക്ഷേ ആ പെൺകുട്ടിയും കടന്നു പോയിട്ടില്ല എന്ന് ആര് കണ്ടു? മറ്റൊരു ട്രോമയിൽ നിന്നാണ് അവൾ അവർക്കിഷ്ടമുള്ള ഒരു പേര് ഓർത്തെടുത്ത് പറഞ്ഞതെങ്കിലോ? സ്ത്രീ എന്ന് പോലും അടയാളപ്പെടുത്താനാകാത്ത ഒരു ബാലിക മാത്രമാണ് ഗർഭിണിയാക്കപ്പെട്ട ആ പെൺകുട്ടി. ആരാവും അവളോട് അത്രമേൽ ക്രൂരത കാട്ടിയിട്ടുണ്ടാവുക? സ്വന്തം വീടുകളിൽപ്പോലും കുഞ്ഞുങ്ങൾ സുരക്ഷിതരല്ലാത്ത കാലമാണ്. 

"കഹാനി" എന്ന സിനിമയുടെ രണ്ടാം പതിപ്പിൽ കുട്ടിയായിരിക്കെ ഉപദ്രവിക്കപ്പെട്ട പെൺകുട്ടിയെ രക്ഷപ്പെടുത്തിക്കൊണ്ടു പോയ ഒരു സ്ത്രീയുണ്ട്. അവളെ ഉപദ്രവിച്ചത് സ്വന്തം അമ്മാവനും. പക്ഷേ പുറത്ത് പറയാനാകാതെ അതൊരു പീഡനമാണെന്നു പോലും മനസ്സിലാക്കാതെ ആ പെൺകുട്ടിയും. പതിമൂന്ന് വയസും ഒട്ടും കൂടുതലല്ല.

ഇവിടെ കൂടുതൽ സംസാരിക്കേണ്ടത് ഒരു മാസത്തിലധികം അപവാദങ്ങളും പേറി അപമാനങ്ങളും ചുമന്നു മർദനം സഹിച്ച് ജയിലിൽ കഴിഞ്ഞ ഒരു പതിനെട്ടുകാരന് വേണ്ടിയാണ്. ആരുടെയൊക്കെയോ അതിക്രൂര പീഡനത്തിന്റെ ഇരയാണ് അവനും. ഒടുവിൽ സിസ്റ്റം പോലും ദുർബലർക്കൊപ്പമില്ലെന്നു പറഞ്ഞുകൊണ്ട് ഉത്തരം വ്യക്തമാവും മുൻപ് അവനെ ഉപദ്രവിക്കുന്ന കുറെ പോലീസുകാരും.

പിങ്ക് പോലീസുകാരിയെ നാട് കടത്തിയതുകൊണ്ടോ കുറ്റം ചെയ്യാത്തവൻ മർദ്ദിച്ചവനെ നോക്കി മുഖം കുനിച്ചതുകൊണ്ടോ കാര്യമില്ല. യഥാർത്ഥത്തിൽ തെറ്റ് ചെയ്തവരെ ശിക്ഷിക്കുക എന്നതാണ് മര്യാദ. അത് അപമാനിക്കപ്പെട്ട ദുർബലതയോടുള്ള ബഹുമാനമാണ്. സ്ത്രീകൾ ആയതുകൊണ്ടും കുഞ്ഞുങ്ങൾ ആയതുകൊണ്ടും അവരോടു എന്തും ആകാം എന്ന തോന്നലിനുള്ള മറുപടിയാണ് ഇനിയെങ്കിലും സിസ്റ്റത്തിൽ നിന്ന് സാധാരണ മനുഷ്യർ പ്രതീക്ഷിക്കുന്നത്. തെറ്റിദ്ധാരണയുടെ പേരിൽ ഇനിയും കുഞ്ഞുങ്ങൾക്ക് തല കുനിച്ച് നിൽക്കേണ്ടി വരാതിരിക്കട്ടെ. അപമാനവും പരിഹാസവും ശരീരത്തിലും മനസ്സിലും പേറാനുള്ള ഇട വരാതെയിരിക്കട്ടെ!

English Summary: Violence Against Children

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com