വാടക ഗർഭധാരണത്തിന് ഇന്ത്യയിൽ ചിലവാക്കുന്നത് 2942 കോടി രൂപ; ഉപജീവനമാർഗമാക്കുന്ന സ്ത്രീകളുടെ എണ്ണം വർധിക്കുന്നു

pregnant-woman
SHARE

ഉയർന്ന ജനസംഖ്യയും ജനസാന്ദ്രതയും മൂലം കൃത്യമായ ഒരു തൊഴിലില്ലാതെ വലയുന്ന ഇന്ത്യയിലെ ലക്ഷക്കണക്കിന് ജനങ്ങളുടെ നാളേക്കുള്ള സകല പ്രതീക്ഷകളും  ഇരുട്ടിലാക്കിക്കൊണ്ടാണ് കോവിഡ് കാലം കടന്നുവന്നത്. ഓരോ ദിവസവും കഴിഞ്ഞു കൂടാൻ ദിവസക്കൂലിയെ ആശ്രയിച്ചിരുന്നവർ മുഴുപട്ടിണിയിലായി. ഈ സാഹചര്യത്തിൽ തങ്ങളാലാവുംവിധം മക്കളെ വളർത്താനും മരണത്തിൽ നിന്ന് കരകയറാനും  വാടക ഗർഭധാരണം ഒരു തൊഴിലായി സ്വീകരിക്കാൻ തയ്യാറായി ഇന്ത്യയിലെ കൂടുതൽ സ്ത്രീകൾ മുന്നോട്ടു വരുന്നതായാണ്  റിപ്പോർട്ടുകൾ.

ഒരു സ്ത്രീ തന്റെ ഗർഭപാത്രം ഭ്രൂണത്തിന്റെ വളർച്ചയ്ക്കും പ്രസവത്തിനുമായി നൽകുന്നതിലൂടെ കുട്ടികളില്ലാത്ത ദമ്പതികൾക്കോ വ്യക്തികൾക്കോ കുഞ്ഞുങ്ങൾ ജനിക്കാൻ സൗകര്യമൊരുക്കുന്ന രീതിയാണ് വാടക ഗർഭധാരണം അഥവാ സറോഗസി. ഗർഭാശയ തകരാറുമൂലം കുഞ്ഞുങ്ങളെ ഗർഭത്തിൽ വഹിക്കാനാവാത്ത സ്ത്രീകൾക്ക് സ്വന്തം രക്തത്തിലുള്ള കുഞ്ഞിനെ തന്നെ ലഭിക്കാനുള്ള സാഹചര്യം ഒരുങ്ങുന്നതിനാൽ  വാടക ഗർഭധാരണത്തിന് പ്രചാരം വർദ്ധിക്കുകയും ചെയ്തു.   ദാരിദ്ര്യരേഖയിൽ താഴെയുള്ളവർ ധാരാളമുള്ള ഇന്ത്യയിൽ ഇത് ഒരു പുതിയ അവസരമാണ് തുറന്നിട്ടത്.  2002ൽ വാണിജ്യാടിസ്ഥാനത്തിലുള്ള ഗർഭധാരണം ഇന്ത്യയിൽ നിയമ വിധേയമാവുകയും ചെയ്തു.

ഇന്ത്യയിലെ വാടക ഗർഭപാത്രങ്ങൾ തേടിവന്നവരിലേറെയും വിദേശ ദമ്പതികളാണ് എന്ന് എടുത്തു പറയേണ്ടതില്ലല്ലോ. ഇതോടെ വാടക അമ്മമാരെയും  ആവശ്യക്കാരെയും ബന്ധിപ്പിക്കുന്ന ഇടനിലക്കാരും ധാരാളമായി രംഗത്തെത്തി. മാർഗ നിർദേശങ്ങൾ എല്ലാം പാലിച്ചുകൊണ്ട് നിയമപ്രകാരമുള്ള വാടക ഗർഭധാരണം ധാരാളമായി നടക്കുന്നുണ്ട്. എന്നാൽ ഒരുപക്ഷേ മറ്റേതൊരു മേഖലയെക്കാളും സ്ത്രീകളെ ചൂഷണം ചെയ്യാനും  ചതിക്കുഴികളിൽപ്പെടുത്താനുമുള്ള സാധ്യത വാടകഗർഭധാരണത്തിൽ കൂടുതലാണ്. വാടക ഗർഭപാത്രത്തിൽ  കുഞ്ഞു വളർച്ചയെത്തിയ ശേഷം വിദേശ ദമ്പതികൾ  വേർപിരിഞ്ഞതിനെ തുടർന്ന് കുഞ്ഞിന്റെ ഉത്തരവാദിത്വം ദരിദ്രയായ ഇന്ത്യക്കാരി അമ്മയിലായത് അടക്കം ധാരാളം കേസുകൾ വാർത്താ പ്രാധാന്യം നേടിയിരുന്നു. ഗർഭപാത്രങ്ങൾ കച്ചവടച്ചരക്കായി കണ്ട് ഇടനിലക്കാരും വൻ ലാഭം കൊയ്യാൻ തുടങ്ങിയതോടെയാണ് കച്ചവട താൽപര്യത്തോടെയുള്ള ഗർഭധാരണം നിയന്ത്രിക്കാനായുള്ള ബില്ലിന് രൂപം നൽകിയത്. 

2019 ൽ ലോക്സഭയിൽ പാസാക്കിയ ബിൽ നിലവിൽ രാജ്യസഭയുടെ പരിഗണനയിലാണ്.  എന്നാൽ ഇതിനിടെയാണ് കൂടുതൽ സ്ത്രീകൾ  തങ്ങളുടെ ഗർഭപാത്രങ്ങൾ വാടകയ്ക്ക് കൊടുക്കാൻ തയ്യാറായി രംഗത്തേക്ക് എത്തിയിരിക്കുന്നത്. വന്ധ്യത ചികിത്സാ കേന്ദ്രങ്ങളിൽ വാടക ഗർഭധാരണത്തിന് സന്നദ്ധത അറിയിച്ചെത്തുന്ന സ്ത്രീകളുടെ എണ്ണം കോവിഡ് വ്യാപനത്തിനു ശേഷം പതിന്മടങ്ങ് വർധിച്ചതായാണ് വിലയിരുത്തൽ.  മുൻകാലങ്ങളിൽ ദിനവും ഒന്നോ രണ്ടോ പേർ മാത്രമാണ്  വാടക ഗർഭധാരണത്തിന് തയാറായി എത്തിയിരുന്നതങ്കിൽ ഇപ്പോൾ  അന്വേഷണങ്ങളുമായി എത്തുന്നവരുടെ സംഖ്യ പത്തിന് മുകളിലാണ് എന്ന് ഹൈദരാബാദ് ആസ്ഥാനമായി പ്രവർത്തിക്കുന്ന വന്ധ്യത ചികിത്സാ കേന്ദ്രത്തിലെ ഡോക്ടർ ഒരു ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറയുന്നു. 

ഗർഭധാരണത്തിന് തയ്യാറായിവരുന്ന സ്ത്രീകളിൽ ഭൂരിഭാഗവും  കുടുംബത്തിന്  ജീവിക്കാൻ മറ്റൊരു മാർഗവുമില്ലാതെ വന്നതോടെ അവസാന ആശ്രയം എന്നരീതിയിലാണ് ഈ മാർഗം തിരഞ്ഞെടുത്തത് എന്നാണ് ഇതേ ചികിത്സാകേന്ദ്രം കഴിഞ്ഞ വർഷം നടത്തിയ സർവ്വേയിൽ  കണ്ടെത്തിയത്. ഗർഭധാരണം  മുതൽ പ്രസവംവരെ ഏകദേശം 25 ലക്ഷത്തോളം രൂപയാണ്  ചിലവാകുന്നത്. ഇതിൽ 7 ലക്ഷം രൂപവരെ ഗർഭപാത്രം വാടകയ്ക്ക് നൽകുന്ന അമ്മമാർക്ക് പ്രതിഫലമായി നൽകപ്പെടുന്നു. ഇതിനു പുറമേ ചിലർ തങ്ങളുടെ കുഞ്ഞിനെ ഗർഭം ധരിക്കുന്ന  സ്ത്രീകൾക്ക് അധികതുകയും സഹായങ്ങളും നൽകാറുണ്ട്. കടക്കെണിയിൽ അകപ്പെട്ടു ജീവിതം അവസാനിപ്പിക്കേണ്ട സാഹചര്യത്തിൽ നിന്നും തങ്ങളുടേതായ ചെറുകിട കച്ചവടം ആരംഭിക്കാനുള്ള തുക കണ്ടെത്തി ജീവിതമാർഗം ഒരുക്കാം എന്ന പ്രതീക്ഷയിലാണ് പലരും  ഗർഭധാരണത്തിന് തയ്യാറായി മുന്നോട്ടുവന്നത്.

വാടക ഗർഭധാരണത്തിലുടെ ജനിച്ച ധാരാളം കുഞ്ഞുങ്ങൾ പിൽക്കാലത്ത് അനാഥരായ നിലയിൽ കഴിയേണ്ടിവരുന്നതും സമ്പത്തും സൗകര്യവുമുള്ളവർ ഒരു കൗതുകം എന്ന നിലയിൽ സറോഗസി പരീക്ഷിക്കുന്നതും സ്ത്രീകൾ ചൂഷണം ചെയ്യപ്പെടുന്നതുമായ സാഹചര്യങ്ങൾ ഒഴിവാക്കാൻ പുതിയ ബില്ല് സഹായകരമാണ്. എന്നാൽ ഗർഭധാരണവും പ്രസവവും കുഞ്ഞിനെ കൈമാറുന്നതും എല്ലാം തികച്ചും സേവനപരം മാത്രമായിരിക്കണം എന്നാണ് ബില്ല് നിഷ്കർഷിക്കുന്നത്. അതായത് വാണിജ്യാടിസ്ഥാനത്തിലുള്ള ഗർഭധാരണം പൂർണമായി നിരോധിക്കപ്പെടും.  ഇതിനുപുറമേ  അടുത്ത ബന്ധുക്കളല്ലാത്തവർ വാടക അമ്മമാരാകുന്നതിനെ തടയുന്നത് കൃത്യമായ വൈദ്യപരിശോധനകൾക്കും നിയമത്തിനും വിധേയമായി വാടക അമ്മമാരാകാൻ അർഹരായവർക്ക് തിരിച്ചടിയാകും. 

അമേരിക്കയടക്കമുള്ള മുൻനിര രാജ്യങ്ങളിൽ മറ്റേതൊരു മേഖലയും പോലെ മാന്യമായ ബിസിനസ് എന്ന നിലയിൽ സറോഗസി കണക്കാക്കപ്പെടുന്നുണ്ട്. ഏകദേശം 400 മില്യൺ ഡോളറിന്റെ (2942 കോടി രൂപ) ക്രയവിക്രയം ഇന്ത്യയിലെ വാടക ഗർഭധാരണ മേഖലയിൽ നടക്കുന്നതായാണ് കണക്കുകൾ. വാടക ഗർഭധാരണ നിയന്ത്രണ ബില്ല് പാസ്സാക്കപ്പെട്ടാൽ ഇത്തരം ഗർഭധാരണത്തിൽ 90 ശതമാനം കുറവുണ്ടാകാൻ സാധ്യതയുള്ളതായാണ് ഈ മേഖലയിലെ വിദഗ്ധരുടെ അഭിപ്രായം. കോവിഡ് കാലത്തെ അതിജീവിക്കാനായി സ്വന്തം ഗർഭപാത്രം  വിട്ടുകൊടുക്കാൻ തയ്യാറായി മുന്നോട്ടു വരുന്ന സ്ത്രീകൾക്ക് ശുഭപ്രതീക്ഷയ്ക്ക് വകയില്ല എന്ന് ചുരുക്കം.

English Summary: Surrogacy Increases In Pandemic Season

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ചോക്ലേറ്റ് ചാക്കോച്ചനൊക്കെ പണ്ട്, ഇപ്പോ കൈയിൽ ചോക്ലേറ്റിന്റെ കവർ മാത്രമേയുള്ളു | Nna Thaan Case Kodu

MORE VIDEOS