അമ്മ എന്ന വാക്കിന് ത്യാഗം എന്ന പര്യായം വേണ്ട; വില്ലനാകുന്നത് കുടുംബം തന്നെയാണ്!

kottayam-nithina
പാലായിൽ കൊല്ലപ്പെട്ട നിതിന
SHARE

ജോലി വാങ്ങിയിട്ട് അമ്മയെ സംരക്ഷിക്കണം എന്ന ആഗ്രഹവുമായി നടന്ന പെൺകുട്ടിയെക്കുറിച്ച് പറയുമ്പോൾ അവളുടെ അമ്മയ്ക്ക് ഇപ്പോഴും കണ്ണീരു തോർന്നിട്ടില്ല. എന്നെങ്കിലും അതിനി തോരുമെന്നും തോന്നുന്നില്ല. കാരണം അവർക്ക് ആ മകൾ മാത്രമേ സ്വന്തമായി ഉണ്ടായിരുന്നുള്ളൂ. പാലായിൽ ഫുഡ് ആൻഡ് സേഫ്റ്റി കോഴ്‌സിന് പഠിച്ചുകൊണ്ടിരുന്ന കുട്ടി കേക്ക് നിർമ്മാണം, ഒഴിവു സമയങ്ങളിൽ ജോലിക്ക് പോവുക, ഇങ്ങനെ സ്വന്തമായി പഠനത്തിന് പണം കണ്ടെത്തി പഠിച്ചു. അതായത് സ്വപ്‌നങ്ങൾ ഒരുപാട് ഉണ്ടായിരുന്നു എന്നർത്ഥം. ആ കുട്ടിയെ ആണ് നിസ്സാരമായി ഒരു കോഴിയെ കൊല്ലുന്ന അത്രയും ലാഘവത്തോടെ കോളേജിൽ ഒന്നിച്ച് പഠിച്ചിരുന്ന ആൺകുട്ടി കഴുത്തറത്തു കൊന്നത്. കാരണം പ്രണയം.

പ്രണയം ഇത്ര അപകടകാരിയാണോ? നിനക്ക് എന്നെ ഇഷ്ടമല്ലെങ്കിൽ നീയിങ്ങനെ ജീവിച്ചിരിക്കണ്ട. എന്നൊരു മനോഭാവത്തിലേയ്ക്ക് എത്രയെളുപ്പത്തിലാണ് പ്രണയത്തിൽ അവർ എത്തിപ്പെടുന്നത്! പ്രണയമെന്ന വാക്കിനെ വല്ലാതെ മനുഷ്യർ തെറ്റിദ്ധരിച്ചു തുടങ്ങിയിരിക്കുന്നു. മനുഷ്യനെ സ്വാതന്ത്ര്യത്തിലേക്കുയർത്തുന്നതും ഇടങ്ങൾ പരസ്പരം ബഹുമാനത്തോടെ ലഭ്യമാക്കുന്നതുമായ മനുഷ്യരിലാണ് പ്രണയമെന്നു വിചാരിച്ചിരുന്നു. അല്ലെങ്കിൽ അതാണ് പ്രണയമെന്നു കരുതുന്നു. എന്റെ ഇടങ്ങൾ മാത്രമാണ് പ്രധാനം എന്ന തോന്നലിൽ മറ്റൊരാളുടെ വ്യക്തിത്വത്തെ പോലും അംഗീകരിക്കാതെ അവരുടെ ജീവന് വിലയുണ്ടെന്നോർക്കാതെ സ്വപ്നങ്ങളൊക്കെ ഒറ്റ വെട്ടിനു അല്ലെങ്കിൽ ഒറ്റ നിമിഷത്തെ ചിന്തയിൽ റദ്ദു ചെയ്തു കളയും.

മാസങ്ങൾക്കു മുൻപാണ് സമാനമായ മറ്റൊരു കൊലപാതകത്തിന്റെ വാർത്ത വന്നത്. പെൺകുട്ടിയെ വെടിവച്ച് കൊലപ്പെടുത്തിയ കാമുകൻ. ഇവിടെ കത്തി കൊണ്ടാണ് ആക്രമണം എന്ന് മാത്രമേയുള്ളൂ. രണ്ടും വിദ്യാർഥികൾ. എന്തുകൊണ്ടാവും കുട്ടികൾ രണ്ടാമതൊന്ന് ആലോചിക്കാതെ ഇത്തരത്തിൽ തനിക്ക് ലഭിക്കാത്ത ഒന്നിനെ ഇല്ലാതാക്കാൻ ശ്രമിക്കുന്നത്?

ഇവിടെയൊക്കെ വില്ലന്മാരായ യഥാർത്ഥത്തിൽ മാറുന്നത് കുടുംബം തന്നെയാണ്. ഒരു വീട്ടിൽ, കുടുംബത്തിൽ സ്ത്രീയുടെ വില എന്താണ്? ഭർത്താവിന്റെ മർദനം സഹിക്കേണ്ടി വരുന്ന അയാളുടെ തെറി വിളി സഹിക്കേണ്ടി വരുന്ന അനുസരണയുള്ള ഭാര്യയായി കഴിയേണ്ടി വരുന്ന ഒരു സ്ത്രീയുള്ള വീട്ടിലെ ആൺകുട്ടി എന്താണ് മനസ്സിലാക്കേണ്ടത്? ഒട്ടുമേ വിലയില്ലാത്ത ഒരു "ജീവിവർഗ്ഗം" ആണ് സ്ത്രീ എന്ന് തന്നെയല്ലേ? പുരുഷന്റെ ആവശ്യങ്ങൾ എന്ത് വില കൊടുത്തും നടപ്പാക്കേണ്ടുന്ന ഒരു ആൾ. 'അമ്മ എന്ന പേരിനു ത്യാഗത്തിന്റെ പര്യായമൊക്കെ കൊടുത്ത് "ഗ്ലോറിഫിക്കേഷൻ " നടത്തുന്നത് കൂടുതലും പുരുഷന്മാർ ആണെന്നത് എടുത്ത് പറയണം. ജീവിതത്തിൽ ചതിക്കാത്ത ഒരേ ഒരു സ്ത്രീ അമ്മയാണ് എന്നൊക്കെ തട്ടിവിടുന്ന പുരുഷന്മാരുമുണ്ട്. അങ്ങനെ സർവംസഹയായി ജീവിക്കുന്ന 'അമ്മ എന്ന സ്ത്രീയെ എത്ര കുട്ടികൾ വില മതിക്കുന്നുണ്ട്? എത്ര പേർക്കുണ്ട് അവരോടു ബഹുമാനം? 'അമ്മ അങ്ങനെ ആയാലെ പറ്റൂ എന്ന ചിന്തയിൽ പോകുമ്പോൾ താൻ പ്രണയിക്കുന്ന പെൺകുട്ടിയും അമ്മയെ പോലെ ആയിരിക്കണമെന്നാണ് പുരുഷന്റെ വാദം.

ഇവിടെ ഉപദേശങ്ങളല്ല വേരിൽ നിന്ന് തന്നെ തുടങ്ങുന്ന ചികിത്സയാണു ആവശ്യം. മാറേണ്ടത് കുടുംബം ഒന്നാകെയാണ്. പലപ്പോഴും ഇത്തരക്കാരുടെ ആക്രമണത്തിന് വിധേയരാകുന്നത് സ്വപ്‌നങ്ങൾ ഒരുപാടുള്ള പെൺകുട്ടികളാവും. അവർക്ക് സ്വന്തമായി അഭിപ്രായങ്ങളുമുണ്ടാകും. പാലായിൽ ഇരയാക്കപ്പെട്ട പെൺകുട്ടിക്ക് പോലും ഭാവിയെക്കുറിച്ച് ഒരുപാട് ആഗ്രഹങ്ങളുണ്ടായിരുന്നു. അവളുടെ അമ്മയ്ക്ക് അവൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ. അതുകൊണ്ട് തന്നെയാവാം പ്രണയത്തിൽ അവൾക്ക് നിശ്ശബ്ദയാകേണ്ടി വന്നതും. പഠനം കഴിഞ്ഞു ജോലി കിട്ടിയ ശേഷം പ്രണയത്തെക്കുറിച്ച് ആലോചിക്കാം എന്നവൾ അവനോടു പറഞ്ഞിട്ടുണ്ടാവാം. പക്ഷേ എല്ലാം അപ്പപ്പോൾ കിട്ടുന്നതിന്റെ സുഖം മനസ്സിലാക്കിയ ചെറുപ്പക്കാർക്കു തീരുമാനങ്ങളും പെട്ടെന്ന് തന്നെ അറിയണം. അവർക്ക് കാത്തിരിക്കാൻ താൽപ്പര്യമില്ല.

എത്ര തന്നെ എന്തൊക്കെ പറഞ്ഞാലും എത്ര എളുപ്പത്തിലാണ് ഒരു കൊലപാതകം നടത്താൻ പറ്റുന്നത് എന്നത് ആശങ്കയുണ്ടാക്കുന്നു. എന്ത് തരം ക്രൂരതയും ചെയ്യാൻ കുട്ടികൾ പര്യാപ്തരായി കഴിഞ്ഞിരിക്കുന്നു. അവർക്ക് മുന്നിൽ ഇത്തരം അനുഭവങ്ങളും കേസുകളും നിരവധിയുണ്ട്. അതിനവർക്ക് തന്റെ പങ്കാളിയുടെ സമ്മതമോ സമയമോ ഒന്നും വേണ്ട. ഒരൊറ്റ തീരുമാനം, പ്രവർത്തി. അതിൽ കൂടുതൽ ആലോചനകളുമില്ല. നഷ്ടപ്പെടുന്നത് ഒരു മനുഷ്യന്റെ ജീവൻ മാത്രമല്ലെന്നും തന്റെ തന്നെ ഭാവിയും ജീവിതവുമാണെന്നും ഇവരൊക്കെ എന്നാണ് മനസിലാക്കുക. ഇത്തരം പ്രണയത്തെ ഒരിക്കലും ഗ്ലോറിഫൈ ചെയ്യാനാവില്ല. ഇതൊന്നും പ്രണയവുമല്ല. ഇത്തരക്കാരിൽ നിന്ന് അകന്നു നിൽക്കാൻ പെൺകുട്ടികൾക്ക് ആദ്യം തന്നെ കഴിയട്ടെ എന്നാഗ്രഹിക്കുന്നു.

English Summary: Nithina Death Analysis Story

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ചോക്ലേറ്റ് ചാക്കോച്ചനൊക്കെ പണ്ട്, ഇപ്പോ കൈയിൽ ചോക്ലേറ്റിന്റെ കവർ മാത്രമേയുള്ളു | Nna Thaan Case Kodu

MORE VIDEOS