ADVERTISEMENT

സ്‌കൂളുകളിലെ ലൈംഗിക വിദ്യാഭ്യാസത്തിന്റെ ആവശ്യകതയെക്കുറിച്ചാണ് പുതിയ വനിതാ കമ്മിഷൻ അധ്യക്ഷ ആദ്യം പറഞ്ഞത്. അത്തരമൊരു വിദ്യാഭാസത്തിന്റെ ആവശ്യകത സ്‌കൂളുകളിൽ ഉണ്ടോ? അതിനുള്ള മറുപടി പറയുന്നതിനു മുൻപ് അധ്യക്ഷയുടെ പ്രസ്താവനയുടെ വാർത്തയ്ക്കു താഴെ വന്ന അഭിപ്രായങ്ങൾ വായിക്കണം. സ്‌കൂളിൽ ലൈംഗിക വിദ്യാഭാസം തുടങ്ങിയാൽ ലേബർ റൂമും തുടങ്ങേണ്ടി വരുമെന്നും പ്രാക്ടിക്കൽ ക്ലാസ് ഉണ്ടെങ്കിൽ വരാൻ താൽപര്യമുണ്ടെന്നും പലരും പറയുന്നു. അപ്പോൾ എന്താണീ ലൈംഗിക വിദ്യാഭ്യാസം എന്നതുകൊണ്ട് സാമാന്യ ജനങ്ങൾ കരുതുന്നത്?

എന്താണ് സെക്സ് എന്നു പറഞ്ഞു കൊടുക്കുന്നതിൽ തെറ്റുണ്ടോ?എന്തൊക്കെയാണ് നിങ്ങളുടെ ലൈംഗിക അവയവങ്ങളെന്നും അവയെ സംബന്ധിച്ച തെറ്റിദ്ധാരണകൾ മാറ്റുന്നതും സംസാരിക്കുന്നത് കുറ്റകരമാണോ? നല്ലതും മോശവുമായ സ്പർശങ്ങളെക്കുറിച്ച് പറഞ്ഞു കൊടുക്കുന്നത് ആഭാസമാണോ?

ടോട്ടോച്ചാൻ എന്ന വിഖ്യാതമായ നോവലിലെ ടോട്ടോയുടെ അധ്യാപകനായ കൊബായാഷി മാസ്റ്ററെയാണ് ഓർമ്മ വരുന്നത്. ആൺകുട്ടികളെയും പെൺകുട്ടികളെയും പത്തു വയസ്സെത്തും മുൻപ് തന്നെ പരസ്പരം വിചിത്ര വസ്തുക്കളായി കാണാനുള്ള അവസരം കൊടുക്കാതെ അവരുടെ ശരീരങ്ങൾ കണ്ടു മനസ്സിലാക്കി സാമാന്യവത്കരിക്കാനായാണ് കുട്ടികളെ ലിംഗ വ്യത്യസമില്ലാതെ അദ്ദേഹം ഒന്നിച്ച് നീന്താൻ വിടുന്നത്. സ്ത്രീ, പുരുഷൻ എന്നിങ്ങനെ ഉള്ള വിഭാഗങ്ങൾക്ക് പരസ്പരം ശരീരത്തിലുള്ള വ്യത്യാസങ്ങൾ ആ പ്രായത്തിൽ തന്നെ പരസ്പരം കാണാനും അറിയാനുമുള്ള അവസരങ്ങൾ, വിപരീത ലിംഗം ഒരു വിചിത്ര ജീവിയല്ലെന്നും അറിയാനുള്ള അവസരമൊരുക്കുന്നു.

എന്താണ് കാലങ്ങളായി ഇവിടെ നടന്നു കൊണ്ടിരിക്കുന്നത്? ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം സ്‌കൂളുകൾ, കോളജുകൾ, ബസുകൾ, പ്രത്യേകം ക്യൂകൾ. പെൺകുട്ടികളെന്നാൽ തീർത്തും കണ്ടെത്താനാകാത്ത എന്തോ നിഗൂഢതയും രഹസ്യവും ആണെന്നുള്ള തോന്നലിൽ ഒളിഞ്ഞിരിക്കുന്നതിനെ കണ്ടെത്താനുള്ള മാനുഷികമായ തോന്നലിൽ മനുഷ്യൻ പലവഴികൾ കണ്ടെത്തിയേക്കാം. അതിൽ ഒരുപക്ഷേ സ്ത്രീയുടെ സമ്മതം എന്ന പ്രശ്നമേ ഉണ്ടായില്ലെന്നും വരാം. പ്രത്യേകിച്ച് പുരുഷ കേന്ദ്രീകൃതമായ ഒരു സമൂഹത്തിൽ അവളുടെ ശരീരത്തിന്റെ മുകളിലുള്ള അവകാശം പോലും അവൾക്കു നഷ്ടപ്പെടുന്ന അനുഭവങ്ങളുണ്ട്. വളരുമ്പോൾ തന്നെ സമൂഹത്തെ കാണിക്കാൻ വേണ്ടിയുള്ള വസ്ത്രധാരണ രീതി, വിവാഹ ശേഷം "അവനു ഇഷ്ടമെങ്കിൽ നീ ആ വേഷം ഇട്ടോ" എന്ന രീതിയിലുള്ള പ്രയോഗങ്ങൾ അവളെ എത്രമാത്രം ആത്മവിശ്വാസം നഷ്ടപ്പെടുന്ന ഒരു സ്ത്രീയാക്കി മാറ്റിയേക്കാം! ഇങ്ങനെയൊക്കെയുള്ള ഒരു സമൂഹത്തിലാണ് അധ്യക്ഷ ലൈംഗിക വിദ്യാഭ്യാസത്തിന്റെ പ്രസക്തിയെക്കുറിച്ച് പറയുന്നതും അതിനു താഴെ പ്രാക്ടിക്കൽ ആവശ്യപ്പെട്ടുകൊണ്ടുള്ള കമന്റുകൾ ഉണ്ടാവുന്നതും.

പെൺകുട്ടികളുടെ മാത്രം സ്‌കൂളിലായിരുന്നു ഹൈസ്‌കൂൾ പഠനം. ഏഴു വരെ മിക്സ്ഡ് സ്‌കൂളിലും. പക്ഷേ, തൊട്ടടുത്ത് തന്നെ ആൺകുട്ടികൾക്ക് വേണ്ടി മാത്രമുള്ള സ്‌കൂളുണ്ട്. ഇപ്പോഴും ഓർമയുണ്ട് ഉച്ചയ്ക്കുള്ള നീണ്ട ഇടവേളകളിൽ യുപി സ്‌കൂളിന്റെ വരാന്തകളിൽ ചുറ്റിക്കളിച്ചിരുന്ന മുതിർന്ന ആൺകുട്ടികളിൽ പലരും വന്നിരുന്നത് പല ക്ലാസിലെയും പെൺകുട്ടികളെ കാണാനും അവരെ പ്രണയിക്കാനുമായിരുന്നു. പലതും നിർബന്ധപൂർവ്വം പ്രണയിക്കാൻ  നടത്തുന്ന ഭീകരവും രസകരവുമായ നാടകങ്ങളും.വരാന്തയിൽ തടഞ്ഞു നിർത്തി -ഐ ലവ് യു -പറയുക.സമ്മാനങ്ങൾ വാങ്ങി ജനലിലൂടെ എറിഞ്ഞു കൊടുക്കുക. കത്തുകൾ എഴുതി നിർബന്ധിച്ച് നൽകുക.അങ്ങനെ ഒരുപാട് വഴികൾ.

സത്യത്തിൽ ആ ദിവസങ്ങളെ ഭയപ്പെട്ടിരുന്നു. മുതിർന്ന ആൺകുട്ടികളെ കാണുമ്പൊൾ നെഞ്ചിടിക്കുമായിരുന്നു. ഇപ്പോൾ അതിൽ പരിഭവം തോന്നുന്നതേയില്ല, അവർക്ക് അജ്ഞാതമായ ലോകത്തെയും മനുഷ്യരെയും അവർ കണ്ടെത്താൻ ശ്രമിച്ചതാവുമല്ലോ. ഒപ്പം പഠിച്ചിരുന്ന ആൺകുട്ടികൾ എപ്പോഴും മനസ് നിറെ സ്നേഹവും സൗഹൃദവും കരുതലും പരസ്പരം കൊണ്ട് നടന്നിരുന്നതും ഓർക്കേണ്ടതുണ്ട്.

ഇതുമായി ചേർത്തു വായിക്കാവുന്ന ഒന്നാണ് കഴിഞ്ഞ ദിവസം പാലാ സെന്റ് തോമസ് കോളജിലുണ്ടായത്. അടുത്തടുത്തായി ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും രണ്ട് കോളജുകൾ. മുതിർന്ന ആൺകുട്ടികൾ, അവരുടെ പ്രായം ശാരീരികവും മാനസികവുമായ അനുഭവങ്ങൾ എന്നിവയിലൂടെയൊക്കെ കടന്നു പോകുമ്പോൾ ഒട്ടും അവർക്ക് മനസ്സിക്കാൻ കഴിയാത്ത ഒന്നാണ് പെൺകുട്ടികൾ എന്ന വിഭാഗം. അതുകൊണ്ടു തന്നെ കൂട്ടത്തിൽ ഒരു കാമുകി ഉള്ള ഒരാൾ എന്നത് അവരെ സംബന്ധിച്ച് മോശം പരിവേഷം പേറുന്ന ഒരാളാവാം. ആ പരിവേഷം പെട്ടന്ന് നഷ്ടപ്പെടുന്ന അവസ്ഥ യൗവനത്തിന്റെ തീച്ചൂടിൽ ചവിട്ടി നിൽക്കുന്ന ഒരുവന് സഹിക്കാൻ എളുപ്പമല്ല. ആ കൊലപാതകം സത്യത്തിൽ ഒരു ആൺകുട്ടിയുടെ മാത്രം സ്വഭാവത്തിന്റെയോ രീതിയുടെയോ പ്രശ്നമല്ല. സാമൂഹിക വ്യവസ്ഥയുടെ കൂടി പ്രശ്നമാണ്. മാറുന്ന കേരളത്തിൽ നിന്ന് കൊണ്ട് സമത്വത്തെക്കുറിച്ച് സംസാരിക്കണമെങ്കിൽ ബോയ്സ്/ഗേൾസ് എന്നിങ്ങനെയുള്ള വിവേചനങ്ങൾ വഹിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾ പൂർണമായും റദ്ദു ചെയ്യപ്പെടണം. അത്തരത്തിലുള്ളവയ്ക്ക് ഇനി അനുമതി നൽകില്ലെന്നും ഇപ്പോൾ ഉള്ളതിനെ പരിഷ്കരിക്കാനും സർക്കാർ തയ്യാറാകണം. ഒന്നിച്ചിരുത്തിയാണ് ലൈംഗികതയെക്കുറിച്ച് അവർക്ക് ക്ലാസുകൾ എടുത്ത് കൊടുക്കേണ്ടത്. ഇതൊന്നും രഹസ്യമായ /നിഗൂഢമായ ഒന്നുമല്ലെന്നും എല്ലാ മനുഷ്യരും ഒരേ തരം സാമൂഹിക ജീവികളാണെന്നുമുള്ള ബോധം ഉണ്ടാവുന്നത് കൂടിയാണല്ലോ വിദ്യാഭ്യാസം.

‘സെക്സ് എജുക്കേഷൻ’ എന്നൊരു സീരീസ് കണ്ടതിനെക്കുറിച്ച് പറയാതെ വയ്യ. സ്വന്തമായി സെക്സ് കൗൺസിലർ വരെയുള്ള ഒരു സ്‌കൂളിലാണ് കഥ നടക്കുന്നത്. കൗമാര പ്രായത്തിലുള്ള കുട്ടികളുടെ മാനസിക-ശാരീരിക വികാര, വിചാരങ്ങളെ അത്രയും അടുത്ത് നിന്ന് കണ്ടറിഞ്ഞ ഒരു അനുഭവം വേറെയുണ്ടാവില്ല. ഓരോ കുട്ടികളും അനുഭവിക്കുന്ന പ്രശ്നങ്ങളെ അത്രയും ആഴത്തിൽ നിന്നാണ് വിശകലനം നടത്തുന്നത്. ഒന്നും കടമെടുക്കണമെന്നില്ല, പക്ഷേ, തുടക്കമെങ്കിലും ഇടുന്നത് നല്ലതാണ്. പെട്ടന്ന് വലിയ ആശയങ്ങള്‍ പ്രാവർത്തികമാക്കുക എളുപ്പമുള്ള കാര്യമല്ല. പക്ഷേ, ചെറിയ ചെറിയ വഴികളിലൂടെ ഈ ലിംഗ അസമത്വം കുട്ടികളിൽ നിന്ന് മുളയിലേ നുള്ളിക്കളയാൻ ഇത്തരം ലൈംഗിക വിദ്യാഭ്യാസത്തിനു കഴിഞ്ഞേക്കും. ആണ്/പെണ്ണ് എന്നീ  വ്യത്യാസങ്ങൾ , എല്ലാത്തിലുമുപരി അവരുടെ വ്യക്തിത്വങ്ങൾ, ഇവയൊക്കെ ജെന്റർ സ്റ്റഡീസിന്റെ ഭാഗമാക്കിയാൽ അസമത്വങ്ങളും അസഹിഷ്ണുതകളും എത്രയധികം കുറഞ്ഞിരിക്കും! മാത്രമല്ല വനിതാ കമ്മീഷൻ അധ്യക്ഷയുടെ അഭിപ്രായത്തിനു താഴെ വന്നതു പോലെ തൊണ്ണൂറുകളിലെ മധ്യവയസ്കരുടെ മനോനിലയിലുള്ള മനുഷ്യർ വരുന്ന തലമുറയിലെങ്കിലും കുറഞ്ഞിരിക്കും എന്നൊരു കാര്യവുമുണ്ട്. വിപ്ലവമാകാൻ പോകുന്ന ഈ ആശയത്തിന് അഭിവാദ്യങ്ങൾ.എന്ന് തലമുറകൾക്ക് വേണ്ടി അത് നടപ്പായിരുനെങ്കിൽ എന്നാഗ്രഹിക്കുന്ന ലക്ഷങ്ങളിൽ ഒരാൾ.

English Summary: Sexual Education In Schools

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com