ADVERTISEMENT

ഒരു ടെലിവിഷൻ പ്രോഗ്രാമിൽ കോമഡി പറയാനായി വന്ന രണ്ടു പേരിൽ ഒരാൾ മറ്റേ ആളോട് "നീയാ കൈ കൊടുത്തേ" അയാൾ അടുത്ത് നിൽക്കുന്ന വെളുത്ത് തുടുത്ത നായികയ്ക്ക് കൈ കൊടുക്കുന്നു. അടുത്ത് നിൽക്കുന്നയാളുടെ കൗണ്ടർ," പാലിൽ ഓറിയോ ബിസ്കറ്റ് മുക്കിയത് പോലുണ്ട്". തുടർന്ന് കയ്യടിയും ഉച്ചത്തിൽ ചിരിയും. ആദ്യമായിട്ടാണോ ഇത്തരം തമാശകൾ ടെലിവിഷൻ ചാനലുകളിൽ കാണുന്നത്? തീർച്ചയായും അല്ല. മറ്റൊരാളുടെ ശരീരത്തെയും അയാളുടെ മാനസിക ശാരീരിക അവസ്ഥകളെയും അപമാനിക്കുന്ന തരം പാറ്റേൺ ആണ് പ്രേക്ഷകർക്ക് ഇഷ്ടപ്പെടുക എന്നൊരു ബോധം പൊതുവെ കോമഡി പരിപാടികൾ അവതരിപ്പിക്കുന്നവർക്കുണ്ടെന്ന് തോന്നിയിട്ടുണ്ട്.

ടെലിവിഷൻ പരിപാടികളെന്നാൽ വീട്ടിൽ സ്വസ്ഥമായിരുന്നു ആസ്വദിച്ച് കാണാൻ കഴിയുന്ന പരിപാടികൾ. ആരൊക്കെയാണ് ടെലിവിഷൻ പരിപാടികളുടെ പ്രേക്ഷകർ? പ്രായമായവർ, കുട്ടികൾ എന്നീ വിഭാഗങ്ങളാണ് ഇപ്പോഴത്തെ പ്രധാന ടെലിവിഷൻ പ്രേക്ഷകർ. എന്തുകൊണ്ടാണ് ചെറുപ്പക്കാർ ടെലിവിഷൻ ഉപേക്ഷിച്ച് പോകാൻ കാരണം? മൊബൈൽ വിപ്ലവം മാത്രമാണോ?

"സഹിക്കാൻ പറ്റില്ല പല പരിപാടികളും, പ്രത്യേകിച്ച് കോമഡിയും സീരിയലുകളും. ഇന്നത്തെ തലമുറയെ കൃത്യമായി അടയാളപ്പെടുത്തുന്ന പരിപാടി വന്നാൽ ചിലപ്പോൾ കാണാൻ തോന്നിയേക്കാം. പക്ഷേ, അതൊന്നും അടുത്തെങ്ങും ഉണ്ടാവുമെന്ന് തോന്നുന്നില്ല", ടെലിവിഷൻ ഉപേക്ഷിച്ച ഒരു ഗൃഹനാഥയുടെ വാക്കുകളാണ്. പകരം അവർ നെറ്റ്ഫ്ലിക്സിലേക്കും ആമസോണിൽ വെബ് സീരീസുകളിലേക്കുമൊക്കെയാണ് തിരിഞ്ഞത്. അതും ടിവിയിൽ തന്നെ കാണാം. മൊബൈലിന്റെ ചെറിയ ഡിസപ്ലേ വേണ്ട.

കഴിഞ്ഞ പത്തു വർഷത്തിനുള്ളിൽ സമൂഹത്തിന്റെ ചിന്താപരമായും ആശയപരമായും വലിയ മാറ്റങ്ങളുണ്ടായിട്ടുണ്ട്. സ്ത്രീകളോടുള്ള പെരുമാറ്റം, ജെന്റർ സെന്‍സിറ്റിവിറ്റി, നിര-ലിംഗ വ്യത്യാസം, ട്രാൻസ് വ്യക്തികളോടുള്ള സമീപനം തുടങ്ങി എല്ലായിടങ്ങളിലും വിപ്ലവകരമായ മാറ്റങ്ങൾ. പക്ഷേ, ഇപ്പോഴും മലയാളം സീരിയലുകളിലും കോമഡി പരിപാടികളിലും എൺപതുകളിലും തൊണ്ണൂറുകളിലുമുള്ള അതെ തമാശകളും ആശയങ്ങളുമാണ് പലപ്പോഴും കച്ചവടമാക്കുന്നത്.

"ഞാനെന്റെ മകളെ എല്ലാം പഠിപ്പിച്ചിട്ടുണ്ട്. അടുക്കളപ്പണിയെല്ലാം പെൺകുട്ടികൾ പഠിച്ചിരിക്കണം. നാളെയൊരു വീട്ടിലേക്ക് ചെന്ന് കയറേണ്ടവളാണ്. വീട്ടിൽ ചെല്ലുമ്പോൾ അവൾ ആർട്ടിസ്റ്റ് അല്ല..."- അതേ വീട്ടിൽ ചെല്ലുമ്പോൾ അവൾ 'വെറുമൊരു പെണ്ണ്' മാത്രമായി മാറുന്നു. ചലച്ചിത്രതാരം മുക്തയുടെ വാക്കുകളാണിത്. അതിനു അവതാരകയുടെ മറുപടി ഇങ്ങനെയാണ്, "ആള് ന്യൂ ജെനെറേഷൻ ആണെങ്കിലും നല്ല മെച്യുരിറ്റി ഉണ്ട് സംസാരത്തിൽ". മുക്ത പറഞ്ഞതും അവതാരക പറഞ്ഞതും ശരിയാണെന്ന് ചിന്തിക്കുന്ന ഒരു വലിയ സമൂഹം ഇവിടെയുണ്ടെന്നത് സത്യമാണ്.

എന്നാൽ എന്താണീ ‘Maturity’ അഥവാ പക്വത? സ്ത്രീകൾ എല്ലായ്പ്പോഴും അടുക്കള ജോലി ചെയ്യേണ്ടവരാണെന്നും എന്ത് ജോലികൾ പുറത്ത് ചെയ്യുന്നവരാണെങ്കിലും പെൺകുട്ടികൾ അടുക്കളപ്പണി നന്നായി പഠിച്ചിരിക്കണം എന്നും ആണോ? ഈ ആശയങ്ങൾക്കൊക്കെ കയ്യടിക്കുന്ന ഒരുപാട് പേരെ ചാനലുകളിലും സോഷ്യൽ മീഡിയയിലും കാണാം. ഇക്കഴിഞ്ഞ ദിവസം ബെസ്റ്റ് സെല്ലിങ് എഴുത്തുകാരനായി ആമസോൺ അടയാളപ്പെടുത്തിയ പതിനൊന്ന് വയസ്സുള്ള ഒരു ആൺകുട്ടിയുടെ 'അമ്മ പറഞ്ഞ വാക്കുകൾ ഓർക്കുന്നു.

"ആൺകുട്ടി ആയതുകൊണ്ട് മാത്രം അവനെ ഞങ്ങൾ പ്രൊട്ടക്റ്റ് ചെയ്യാറില്ല. അവനെക്കൊണ്ട് പറ്റുന്നത് പോലെ വീട്ടിലെ പണികളെല്ലാം ചെയ്യിക്കുന്നു. അടുക്കളയിൽ കയറി കുക്ക് ചെയ്യുന്നു, പത്രങ്ങൾ കഴുകുന്നു, മുറി വൃത്തിയാക്കുന്നു."അതെ, പണിയെടുക്കേണ്ടത് പെൺകുട്ടി ആയതുകൊണ്ട് മാത്രമല്ല, എല്ലാ കുട്ടികളും അവനവനു ആവശ്യമുള്ള വീട്ടുജോലികൾ തീർച്ചയായും അറിഞ്ഞിരിക്കട്ടെ. വീട്ടിൽ ജോലികൾ അവർ ഒന്നിച്ചെടുക്കട്ടെ. പക്ഷേ, സെലിബ്രിറ്റികളുടെ ഇത്തരം വാക്കുകൾ അവരുടെ പക്വത ആയി പറയുമ്പോൾ ഇത് കണ്ടുകൊണ്ടിരിക്കുന്ന വീടുകളിൽ അത് വീണ്ടും റജിസ്റ്റർ ചെയ്യപ്പെടുകയാണ്.

ഏറ്റവുമധികം കോമഡി പരിപാടികളിൽ അപഹസിക്കപ്പെടുന്നത് ട്രാൻസ്,സ്ത്രീകൾ, നിറം കുറഞ്ഞവർ എന്നിവരാണെന്നു വ്യക്തമാണ്. അറിയപ്പെടുന്ന സീനിയർ താരങ്ങളെപ്പോലും സ്ത്രീയായതുകൊണ്ട് ഭീകരമായി അപമാനിക്കുന്നത് കാണാറുണ്ട്. സ്ത്രീ വേഷം കെട്ടി വരുന്ന പുരുഷന്മാരുടെ വേഷവിധാനം തന്നെ ട്രാൻസ് സമൂഹത്തിനു എത്രമാത്രം അപമാനകരമാണ്. പാട്രിയാർക്കിയുടെ ഏറ്റവും കൂടിയതും മോശവുമായ അവസ്ഥയാണ് ഇത്തരം പരിപാടികൾ. ഒരിക്കൽപ്പോലും സുന്ദരന്മാരായ, വെളുത്ത് തുടുത്ത പുരുഷന്മാർ അതിലൊന്നും ഒരിടത്തും അപമാനിക്കപ്പെടുന്നില്ല. കറുത്ത നിറമുള്ളവർ, ദുർബലരായ പുരുഷന്മാർ എല്ലാം നിസ്സഹായരാണ്. മനുഷ്യരെ അപമാനിക്കുന്നത് എങ്ങനെയാണ് തമാശയാകുന്നതെന്ന് ഇനിയും മനസ്സിലായിട്ടില്ല. പക്ഷേ അത് കണ്ട ആയിരങ്ങൾ കയ്യടിക്കുകയും അനുകൂലിക്കുകയും ചെയ്യുന്നു.

ഇത് ഒരു വിഷയം മാത്രമാണ്, ഇതേ നിലവാരത്തിൽ അല്ലെങ്കിൽ അതിനു താഴെ നിരവധി ഉള്ളടക്കങ്ങൾ പല പരിപാടികളിലും കാണാം. ടെലിവിഷന് മുന്നിലിരിക്കുന്നവരെ കാലത്തിനനുസരിച്ച് ഇനിയെങ്കിലും നടത്താൻ കോമഡി ആർട്ടിസ്റ്റുകളും അതിനു പിന്തുണയറിയിക്കുന്ന താരങ്ങളും ചാനലുകളും തയാറാകണം. ബോഡി ഷെയിമിങ്ങും ജെന്റർ ഷെയിമിങ്ങും നിർത്താൻ തയാറാകണം. അല്ലാത്ത പരിപാടികളിൽ ഉറക്കെ സംസാരിക്കാൻ അതിഥികൾ ഉൾപ്പെടെ തയാറാകണം. അല്ലാത്ത പക്ഷം അപമാനങ്ങൾ ഇനിയും ഒരുപാട് വിഭാഗങ്ങൾ അനുഭവിക്കേണ്ടി വരും.

(സമകാല മലയാള സാഹിത്യത്തിലെ ത്രില്ലർ തരംഗത്തിൽ സജീവമായി വായിക്കപ്പെടുന്ന യുവ എഴുത്തുകാരിയാണ് ലേഖിക ശ്രീ പാർവതി)

English Summary: Criticism against Mukthas statement

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT