ADVERTISEMENT

"എന്റെ ജനനം തന്നെയാണ് എനിക്ക് സംഭവിച്ച ഏറ്റവും വലിയ അപകടം",  ദലിത് വിദ്യാർത്ഥി രോഹിത് വെമുല തന്റെ ആത്മഹത്യാ കുറിപ്പിൽ എഴുതി ചേർത്തിരുന്ന വരിയാണിത്. എന്തുകൊണ്ടാകാം അയാൾ അങ്ങനെ പറഞ്ഞത്?  സര്‍വകലാശാല അധികൃതരുടെ വിധേയത്വത്തെ എതിര്‍ത്തതിനായിരുന്നു രോഹിത് അടക്കം അഞ്ചുപേരെ ഹോസ്റ്റലില്‍ നിന്നും പുറത്താക്കിയത്. ഈ വിദ്യാർത്ഥികളെ തിരിച്ചെടുക്കണമെന്ന ആവശ്യം ഉയർന്നപ്പോൾ തന്നെയാണ് വെമുല ഒരു കഷ്ണം കയറിൽ ജീവൻ അവസാനിപ്പിച്ചത്. 

"ഞാന്‍ ഒരു എഴുത്തുകാരനാകാന്‍ ആഗ്രഹിച്ചു; കാള്‍ സാഗനെ പോലെ ഒരു ശാസ്ത്രലേഖകന്‍. എന്നാല്‍ അവസാനം ഈ കത്തെഴുതാന്‍ മാത്രമേ എനിക്ക് കഴിഞ്ഞുള്ളു.ഞാന്‍ ശാസ്ത്രത്തെയും നക്ഷത്രത്തെയും പ്രകൃതിയെയും സ്‌നേഹിച്ചു. എന്നിട്ടും പ്രകൃതിയില്‍ നിന്നും അകന്ന ശേഷം മനുഷ്യര്‍ ദീര്‍ഘദൂരം താണ്ടിയിരിക്കുന്നു എന്നറിയാതെ ജീവിക്കുന്ന മനുഷ്യരെ ഞാന്‍ സ്‌നേഹിച്ചു. ഞങ്ങളുടെ വികാരങ്ങള്‍ രണ്ടാംതരം മാത്രമാണ്. ഞങ്ങളുടെ സ്‌നേഹം നിര്‍മിതമാണ്. ഞങ്ങളുടെ വിശ്വാസങ്ങള്‍ നിറംപിടിച്ചവയാണ്. കൃത്രിമകലകളിലൂടെയാണ് ഞങ്ങളുടെ മൗലികത സാധുവായിത്തീരുന്നത്.  വ്രണപ്പെടാതെ സ്‌നേഹിക്കുകയെന്നത് തീര്‍ത്തും ബുദ്ധിമുട്ടുള്ള കാര്യമായി മാറിയിരിക്കുകയാണ്. പുറമെ കാണുന്ന സ്വത്വത്തിലും ഏറ്റവുമടുത്ത സാധ്യതകളിലുമൊതുക്കി ഒരു മനുഷ്യന്റെ മൂല്യം ചുരുക്കുകയാണ്; ഒരു വോട്ടിലേക്ക്, ഒരു അക്കത്തിലേയ്ക്ക്, അല്ലെങ്കില്‍, ഒരു വസ്തുവിലേക്ക്‌. എന്നാല്‍ ഒരു മനുഷ്യനെ ഒരു മനസ്സെന്ന നിലയില്‍ ഒരിക്കലും പരിഗണിക്കുന്നേയില്ല..." വെമുല എഴുതിയ അവസാനത്തെ കത്തിലെ ഈ വരികളിൽ എല്ലാമുണ്ട്. അന്ന് വെമുലയ്ക്ക് വേണ്ടി മലയാളികൾ ഉൾപ്പെടെയുള്ളവർ പ്രതിഷേധവുമായി രംഗത്തു വരികയും ബഹളം വയ്ക്കുകയുമുണ്ടായി. എന്നാൽ ഇവിടെ കോട്ടയത്ത് എം ജി യൂനിവഴ്‌സിറ്റിയിൽ സമാനമായ വിഷയത്തിൽ ഒരു പെൺകുട്ടി പ്രതിഷേധിക്കുന്നത് എത്ര പേര്‍ അറിഞ്ഞിട്ടുണ്ട്?

"വിദ്യാഭ്യാസ നിഷേധം, ജാതി വിവേചനം തുടർന്നുകൊണ്ടിരുന്നാൽ പൊരുതും ഏതറ്റം വരെയും പൊരുതും.പോരാട്ടം ഒരാൾക്കുവേണ്ടിയല്ല എന്ന ഉത്തമ ബോധ്യമുള്ളതുകൊണ്ടാണത്. ധൈര്യം കയ്യും പിടിച്ചു മുൻപേ നടന്നവൻ. ദലിതന് സവർണൻ വിദ്യാഭ്യാസം നിഷേധിച്ചപ്പോൾ കാന്തള ലഹള നടത്തി വിദ്യാഭ്യാസ അവകാശം നേടിത്തന്നവൻ.മഹാത്മാ അയ്യങ്കാളി", എന്ന് അയ്യൻകാളിയുടെ ചിത്രത്തെ ഉദ്ധരിച്ചു ഫെയ്‌സ്ബുക്കിൽ പോസ്റ്റിട്ടിട്ടുണ്ട് ദീപ പി മോഹനൻ. എംജി സർവകലാശാലയിൽ നാനോ സയൻസിൽ ഗവേഷണം നടത്തുകയാണ് ദീപ. ഗവേഷണം ആരംഭിച്ചു പത്തു വർഷം പിന്നിടുന്നു. എന്നാൽ ഗവേഷണം തുടരാൻ ദീപയ്ക്ക് സാധിക്കുന്നില്ല. 

"ജാതി വിവേചനം നിമിത്തം വിദ്യാഭ്യാസ അവകാശം കഴിഞ്ഞ 10 വർഷമായി നിഷേധിക്കപ്പെട്ട് അതി കഠിനമായ സാഹചര്യത്തിലൂടെയാണ് ഞാൻ ഇന്ന് കടന്നു പോകുന്നത്. മഹാത്മാ ഗാന്ധി സർവകലാശാല കവാടത്തിനു മുൻപിൽ നടത്തി വരുന്ന നിരാഹാര സമരം എന്റെ ആരോഗ്യസ്ഥിതിയെ വളരെയധികം അപകടത്തിലാക്കിക്കൊണ്ടിരിക്കുന്നു. ഏത് നിമിഷവും എനിക്ക് മരണം സംഭവിക്കാം. അനീമിയയ്ക്ക് ദിവസവും മെഡിസിൻ കഴിക്കുന്ന ആളാണ് ഞാൻ. കൂടാതെ small congenital VSD യും ഉണ്ട്. ആയതിനാൽ ഈ നിരാഹാര സമരം നിമിത്തം എനിക്ക് ജീവഹാനി സംഭവിച്ചാൽ അതിന് പരിപൂർണ്ണ ഉത്തരവാദികൾ വൈസ് ചാൻസിലർ സാബു തോമസ്, ഐ.ഐ.യു.സി.എൻ ഡയറക്ടർ ഡോ. നന്ദകുമാർ കളരിക്കൽ, റിസർച്ച് ഗൈഡ് ഡോ. രാധാകൃഷ്ണൻ ഇ കെ യും ഈ ഭരണകൂടവും മാത്രമായിരിക്കും.ഈ സാഹചര്യത്തിൽ കൂടി കടന്നുപോകുമ്പോൾ എനിക്ക് മനസിലാവുന്നുണ്ട് എന്തിനാണ് എന്റെ പ്രിയ സഹോദരനായ രോഹിത് വെമുല ജീവൻ വെടിഞ്ഞതെന്ന്.പക്ഷേ നീതി ലഭിയ്ക്കാതെ സമരത്തിൽ നിന്നും പിന്മാറാൻ എനിയ്ക്കാവില്ല. എന്റെ ജനതയ്ക്ക് വേണ്ടി എനിക്ക് പൊരുതിയേ മതിയാകൂ. തോറ്റ് പോയ ഒരുപാട് പേർക്ക് വേണ്ടി എനിക്കിവിടെ ജയിക്കണം. നഷ്ടപ്പെടാൻ ഒന്നുമില്ലാത്തവർക്ക് ജീവിതം സമരം തന്നെയാണ്."– ദീപ സോഷ്യൽ മീഡിയയിൽ കുറിച്ചു

അതെ, ദീപ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി നിരാഹാരത്തിലാണ്. സർവകലാശാലയുടെ മുന്നിൽ താൻ അനുഭവിച്ച നീതി നിഷേധത്തിനെതിരെയുള്ള നിരാഹാര സമരം. കഴിഞ്ഞ ദിവസം ചർച്ച ഉണ്ടായെങ്കിലും ദീപയുടെ ഏറ്റവും പ്രധാന ആവശ്യമായ ഐ.ഐ.യു.സി.എൻ.എൻ ഡയറക്ടർ ഡോ. നന്ദകുമാർ കളരിക്കൽ ഇപ്പോഴും അവിടെ തുടരുകയാണ്. അദ്ദേഹത്തെ പുറത്താകാൻ സാധ്യമല്ലെന്നു സർവകലാശാല അധികൃതർ ദീപയെ അറിയിച്ചിരിക്കുന്നു. "എന്തൊക്കെ സൗകര്യങ്ങൾ ലഭിച്ചാലും നന്ദകുമാർ ഐ.ഐ.യു.സി.എൻ.എന്നിൽ തുടർന്നാൽ എനിക്ക് ഗവേഷണം ചെയ്യാൻ സാധിക്കില്ല എന്നതാണ് മുൻ അനുഭവങ്ങൾ. അദ്ദേഹത്തിന് നേരെ SC/ST atrocity കേസ് വന്നതിന് ശേഷം കൂടുതൽ പ്രതികാരമാണ് എന്നോട് കാണിച്ചിട്ടുള്ളത്. എന്നെ ഐ.ഐ.യു.സി.എൻ.എന്നിൽ നിന്ന് പുറത്താക്കാൻ നിരവധി തവണ സർവകലാശാലയ്ക്ക് കത്ത് കൊടുത്തിട്ടുണ്ട്. കൂടാതെ ഹൈക്കോടതി, പട്ടികജാതി പട്ടിക ഗോത്ര വർഗ്ഗ കമ്മീഷൻ ഉത്തരവുകൾ നടപ്പിലാകാത്തതിന് പ്രധാന കാരണവും സെന്ററിലുള്ള നന്ദകുമാറിന്റെ സാനിധ്യമാണ്. അവിടുത്തെ എല്ലാ കാര്യങ്ങളും തീരുമാനിക്കുന്നത് നന്ദകുമാറാണ്. നന്ദകുമാറിനെതിരെ കോട്ടയം സെഷൻസ് കോടതിയിൽ കേസ് നടക്കുന്നുണ്ട്. വൈസ്‌ ചാൻസിലർ സാബു തോമസ് വീണ്ടും നന്ദകുമാറിനെ ഇല്ലീഗലായി സംരക്ഷിക്കുന്നു. ഞാൻ നിരാഹാര സമരം തുടരുകയാണ്.", എന്ന് ദീപ പറയുന്നു.

എംജി സർവകലാശാലയ്ക്ക് മുന്നിലെ സമരപ്പന്തലിൽ ദീപാ മോഹൻ.
എംജി സർവകലാശാലയ്ക്ക് മുന്നിലെ സമരപ്പന്തലിൽ ദീപാ മോഹൻ.

ജാതി മറ്റൊന്നായതുകൊണ്ട് മാത്രം അർഹിക്കുന്ന അവകാശങ്ങളും നീതിയും ലഭ്യമല്ലാതെ ഒരു പെൺകുട്ടി കേരളത്തിന്റെ അക്ഷര തലസ്ഥാനത്ത് ഉപവാസ സമരമിരിക്കുക എന്നാൽ അതിൽപരം അപമാനം കേരളത്തിനു വേറെ വരാനുണ്ടോ? സാംസ്കാരികമായും ബൗദ്ധികമായും ചിന്തിക്കുന്ന, ഉയർന്ന ജനതയുള്ള നാടാണ് കേരളം എന്നാണ് ഭാഷ്യം. അത്തരമൊരു ഇടത്തിൽ ദീപ എന്ന പെണ്‍കുട്ടിയുണ്ടാക്കുന്ന ഈ പോരാട്ടം വേദനിപ്പിക്കുന്ന ഒന്നായി കാലം അടയാളപ്പെടുത്തുക തന്നെ ചെയ്യും. എന്നാൽ ഇത്തരത്തിൽ ജാതിയുടെ പേരിൽ അപമാനിക്കപ്പെടുന്ന ആദ്യത്തെ ആളാണോ ദീപ? തീർച്ചയായും അല്ല. 

പൊതുവെ  സംവരണത്തെ കുറിച്ചൊക്കെ പറയുമ്പോൾ പ്രിവിലേജ് സ്പേസിന്റെ മുകളിൽ ഇരുന്നു കൊണ്ട് ചിലർ പറയുന്ന ഒരു പ്രത്യേക ഡയലോഗ് ഉണ്ട് "നിനക്കൊക്കെ ജാതി സംവരണം ഉണ്ടല്ലോ, ഏതു കോളേജിൽ/ സ്‌കൂളിൽ വേണമെങ്കിലും അഡ്മിഷൻ കിട്ടും. എന്നിട്ടും നീയൊക്കെ പഠിക്കുന്നുണ്ടോ, അതുമില്ല. ആ സീറ്റ് വേറെ ഒരു കുട്ടിക്ക് കൊടുത്തിരുന്നേൽ അതെങ്കിലും പഠിച്ച് കയറി പോയേനെ. സീറ്റും കിട്ടും പഠിക്കാൻ വരികയും ഇല്ല. " ഞാൻ മാത്രമല്ല കേരളത്തിൽ ഒട്ടുമിക്ക ആളുകളും ഈ വാക്കുകൾ പല രീതിയിൽ കേട്ടിട്ടുണ്ടാകും.  പക്ഷേ, ജാതി എന്ന കാരണത്താൽ, എസ്‌സി എസ്ടി ആയി എന്ന ഒറ്റ കാരണത്താൽ ഗവേഷണം പോലും പൂർത്തിയാക്കാൻ കഴിയാത്ത, പഠിക്കാൻ തുടങ്ങുന്ന കാലം മുതൽ അവഗണന നേരിടുന്ന, അതെല്ലാം തരണം ചെയ്ത് പഠിക്കാൻ തന്നെ തീരുമാനിച്ചാൽ അതിനു പോലും സമ്മതിക്കാത്ത, കോളജിലെ ഹോസ്റ്റൽ ഫീസ് കൊടുക്കാൻ കഴിയാത്തതു കൊണ്ട് പഠിക്കാൻ വരാൻ കഴിയാതെ പോകുന്ന ഒരു കൂട്ടം മനുഷ്യരെ ആണ് അവർ ഇങ്ങനെ ചാപ്പ കുത്തുന്നത്. എവിടെയോ കേട്ടിട്ടുണ്ട് ഇന്ത്യയിൽ 3% എന്തോ ആണ് ബ്രാഹ്മണർ. പക്ഷേ, ഇന്ത്യയിൽ പല സ്ഥലത്തും തലപ്പത്ത് ഇരിക്കുന്നത് അവരാണ്, അവർക്ക് അത്രയും ബുദ്ധി ഉള്ളത് കൊണ്ട് ആണെന്ന്, ശരിക്കും ബുദ്ധി മാത്രം ആണോ, അവരെ പഠിക്കുന്നതിൽ നിന്ന്, പഠിച്ച് മുന്നോട്ട് പോകുന്നതിൽ നിന്ന് തടയാൻ ആരും ഉണ്ടാകാറില്ല അതുകൊണ്ട് മാത്രം ആണ്, ആ പ്രിവിലേജ് ഉള്ളത് കൊണ്ട് മാത്രം ആണ്.അങ്ങനെ ഒരു അവസ്ഥയിലൂടെയാണ് ദീപ എന്ന വിദ്യാർത്ഥിനിയും കടന്ന് പോകുന്നത്. കഴിഞ്ഞ 3, 4 ദിവസങ്ങളായി അവർ നിരാഹാര സമരത്തിൽ ആണ്. സർക്കാർ അടക്കം ഈ വിഷയത്തിൽ ഇടപെട്ട് അവർക്ക് നീതി ഉറപ്പാക്കണം. മറ്റൊരു രോഹിത് വെമുല കൂടി തന്റെ സ്വപ്നങ്ങൾ നിറവേറ്റാൻ കഴിയാതെ ഈ ഭൂമി വിട്ട് പോകാൻ ഇടവരുത്തരുത്.- പത്രപ്രവർത്തകനായ ഗോകുൽ ഗോപാലകൃഷ്ണൻ പറയുന്നു. 

ഒരുപാട് പേര്‍ ദീപയ്ക്ക് അനുകൂലമായി നിൽക്കുന്നുണ്ട് എന്നാൽ ഒപ്പം നിൽക്കേണ്ട പലരും വിട്ടു നിൽക്കുകയും ചെയ്യുന്നുണ്ട്. പരസ്യമായി ദീപയെ പലതവണ അപമാനിച്ചിട്ടുള്ള ആൾക്കെതിരെയാണ് ദീപ സംസാരിക്കുന്നത്. അപമാനം മാത്രമല്ല തന്റെ ഗവേഷണം മുന്നോട്ട് കൊണ്ട് പോകാൻ ഒരു രീതിയിലും അയാൾ സഹകരിക്കില്ലെന്നും ദീപ പറയുന്നു. ഒരാൾ തന്റെ ജാതി അല്ലാത്തതുകൊണ്ട് മാത്രം അയാളെ താഴ്ത്തിക്കെട്ടാനും അപമാനിക്കാനും തോന്നുന്നുണ്ടെങ്കിൽ അയാളെങ്ങനെ വിവേചന ബുദ്ധിയുള്ള മനുഷ്യനായി മാറി എന്ന് അമ്പരക്കണം. വിദ്യാഭ്യാസമോ ഉയർന്ന സ്ഥാനമോ ഒന്നും ഈ വിവേചന ബുദ്ധിയുണ്ടാകാൻ സഹായിക്കില്ല. 

"കുറച്ച് വർഷങ്ങൾക്ക് മുൻപ് ഒരു സുഹൃത്ത് ആളുടെ (ബ്രാഹ്മണൻ) ഫാമിലി ഗ്രൂപ്പിൽ വന്ന ഒരു മെസേജ് എനിക്ക് ഫോർവേഡ് ചെയ്തു. കൃത്യമായി വരികൾ ഓർമയില്ല എങ്കിലും അതിന്റെ സംഗ്രഹം ഏതാണ്ട് ഇതാണ്. നമ്മൾ ബ്രാഹ്മണർ ഏറ്റവും ബുദ്ധിശക്തിയുള്ള മനുഷ്യരാണ്. ഇന്ത്യയിൽ മൂന്ന് ശതമാനമേ ഉള്ളൂ നമ്മൾ എങ്കിലും ഇന്ത്യയിലെ ജഡ്ജിമാരിൽ അമ്പത് ശതമാനവും ബ്രാഹ്മണരാണ്." (മെസേജ് വളരെ നീളമുള്ള ഒന്നായിരുന്നു. ഇതു കൂടാതെ മറ്റ് പല മേഖലകളിലെയും കണക്കുകൾ പറയുന്നുണ്ട്.)ആ മെസേജിൽ പറഞ്ഞ കണക്കുകളിൽ എനിക്ക് സംശയമൊന്നും തോന്നിയില്ല. 3 ശതമാനമുള്ള ബ്രാഹ്മണർ തന്നെയായിരിക്കാം എല്ലാ മേഖലയിലും മുന്നിൽ നിൽക്കുക.

പക്ഷേ, അതിന്റെ കാരണം അവർക്കൊക്കെ ബുദ്ധി കൂടിയതാണോ? ഇന്ത്യയിൽ വിദ്യാഭ്യാസപരമായി ഏറ്റവും മുന്നിൽ നിൽക്കുന്ന ആളുകളിൽ കൂടുതലും മർദക(സവർണ്ണ) ജാതി വിഭാഗങ്ങൾ ആയിരിക്കും. ചരിത്രപരമായി അവർക്കായിരുന്നു വിദ്യാഭ്യാസത്തിലേക്കുള്ള ആക്സസ് ആദ്യം ലഭിച്ചത് എന്നുള്ളതാണ് അതിലെ ഒരു കാരണം. പത്ത് അടി മുൻപേ ഓടി തുടങ്ങിയവർ സ്വാഭാവികമായി അതിന് ശേഷം ഓടി തുടങ്ങിയവരേക്കാൾ മുൻപ് ഫിനിഷ് ചെയ്യുമല്ലോ!

പത്ത് അടി മുൻപേ ഓടി എന്നതുകൊണ്ട് മാത്രമല്ല അവർ മാത്രം ഓടി ജയിക്കുന്നത് എന്നുള്ളതാണ് മറ്റൊരു പ്രധാനപ്പെട്ട കാര്യം. പത്ത് അടി കഴിഞ്ഞ് ഓട്ടം തുടങ്ങുന്നവരെ വിവിധങ്ങളായ കാരണങ്ങൾ പറഞ്ഞ്‌ ഓട്ട മത്സരത്തിൽ നിന്നും വെളിയിൽ കളയുന്ന ഒരു സിസ്റ്റം ഇവിടെ നിലനിൽക്കുന്നുണ്ട്. ആ സിസ്റ്റമാണ് ഹൈദരാബാദ് സർവകലാശാലയിൽ രോഹിത് വെമുലയെക്കൊണ്ട് ആത്മഹത്യ ചെയ്യിപ്പിച്ചത്. അതേ സിസ്റ്റമാണ് വിപിൻ പി വീട്ടിൽ എന്ന ഐഐടി മദ്രാസ് അധ്യാപകന് രാജി വയ്‌ക്കേണ്ട സാഹചര്യം ഉണ്ടാക്കുന്നത്. അതേ സിസ്റ്റമാണ് ദീപയെ നാനോ ടെക്‌നോളജിയിൽ റിസർച്ച് ചെയ്യാൻ അനുവദിക്കാതെ പത്ത് വർഷത്തോളം തടഞ്ഞു വയ്ക്കുന്നത്.

deepa-post

ഇതിൽ മർദ്ദിതരായ മനുഷ്യരെ തടഞ്ഞു നിർത്തുന്നതിൽ ബിജെപിക്കാർ ഉണ്ടാകും സിപിഎംകാർ ഉണ്ടാകും, പക്ഷെ ആത്യന്തികമായി എല്ലാവരും സംരക്ഷിക്കുന്നത് "മർദ്ദിതവിഭാഗങ്ങൾക്ക് വിദ്യാഭ്യാസം ലഭിക്കരുത്" എന്ന ബ്രാഹ്മണിക്ക് മൂല്യബോധത്തെയാണ്. ഇങ്ങനെ ഓടുന്ന വഴിയിലൊക്കെ ലാൻഡ് മൈനുകൾ നിരത്തി വച്ച് മർദ്ദിത വിഭാഗങ്ങളെ മത്സരത്തിൽ നിന്ന് തന്നെ അകറ്റിയ ശേഷമാണ് "ഞങ്ങളൊക്കെ ഭയങ്കര മെറിറ്റ് ഉള്ളവരാണ്" എന്ന വായ്‌ത്താരി മർദ്ദക ജാതികൾ പാടി നടക്കുന്നത്. ഇന്ത്യൻ ബ്രാഹ്മണിക്ക് നീതിബോധത്തെ ഡൈനാമിറ്റ് വച്ച് പൊട്ടിച്ചു കളയണം. എന്നിട്ട് വരുന്ന തലമുറയുടെ കണക്കുകൾ നോക്കണം. തീർച്ചയായും ചിലർക്കു മാത്രമേ ബുദ്ധിയുള്ളൂ എന്ന് തോന്നിക്കുന്ന രീതിയിൽ ഉള്ള കണക്കുകൾ ആയിരിക്കില്ല അപ്പോൾ."-ദലിത്ആക്ടിവിസ്റ്റായ അനുരാജിന്റെ വാക്കുകളാണ് ഇത്

ദീപ എന്ന പേര് ആദ്യത്തേതോ അവസാനത്തേതോ അല്ല. പലരും പറയാതെയും അനങ്ങാതെയും ഇരിക്കുന്നുമുണ്ട്. ഉള്ളിലുള്ള ഭയങ്ങളെ കൂടുതൽ അടിച്ചമർത്തി അടിമകളാക്കി ഇപ്പോഴും അവർക്ക് മീതെ ബ്രാഹ്മണിക്കൽ ഹെജിമണിയുടെ പൂണൂൽ പേറുന്ന മനുഷ്യരുണ്ട്. മിണ്ടാൻ ഭയം, ഇറങ്ങി പുറപ്പെടാൻ ഭയം, അപ്പോൾ ഭേദം കിട്ടിയതും വാങ്ങി ഇരിക്കുന്നതും പൂർത്തിയാക്കാനാകാതെ തീസീസുകളും ആത്മഹത്യകളുമൊക്കെ തന്നെയാണല്ലോ. വെമുലയുടെ പിന്നാലെ ദീപ ആത്മഹത്യ ചെയ്തിരുന്നെങ്കിൽ അവരുടെ പേര് കുറച്ചു നാൾ ആഘോഷിക്കപ്പെട്ടേനെ. അവരെ ബലിയാടുമാക്കാൻ പാർട്ടികൾ മത്സരിച്ചേനെ. പക്ഷേ, ഉപവാസ സമരത്തിന് എന്ത് വിലയാണുള്ളത്! ജീവൻ വെടിഞ്ഞാലേ വിലയുള്ളൂ. ആ പെൺകുട്ടിയുടെ ജീവൻ ബോംബിനേക്കാൾ ശക്തിയുള്ളതാണെന്ന് ഇനിയെങ്കിലും തിരിച്ചറിഞ്ഞില്ലെങ്കിൽ അത് ബാധിക്കുക സംസ്ഥാനത്തിന്റെ ധാർമികതയെ തന്നെയാണ്. ഒരാൾ ആത്‍മഹത്യ ചെയ്യുന്നതിലും ശക്തിയുണ്ട് തന്റെ ആശയത്തിന് വേണ്ടി പട്ടിണി കിടക്കുന്നതിന്. അർഹതപ്പെട്ട അവകാശങ്ങള്‍ ദീപയ്ക്ക് തിരികെ ലഭിക്കണം. ഒരാൾ തന്നെ ഉപദ്രവിക്കുന്നു എന്ന് പറഞ്ഞാൽ അത് മനസിലാക്കി അവർക്കു നീതി നേടിക്കൊടുക്കാൻ സർക്കാർ ബാധ്യസ്ഥരാണ്. ദീപ നീതി അർഹിക്കുന്നു. അതിനിയും വൈകിക്കരുത്.

English Summary: Dalit Activist Deepa P Mohanan's Strike For Education

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com