ആർക്ക് വേണം നിങ്ങളുടെ ഈ ‘കെയറിങ്’? സ്ത്രീകൾക്കു വേണ്ടത് ബഹുമാനം!

sobhita
ശോഭിത ധൂലിപാല
SHARE

"നിങ്ങൾ സ്വയം എന്തോ ആണ്, തന്നെ എല്ലാവരും ബഹുമാനിച്ചു കൊള്ളണം എന്നൊക്കെ ഉള്ള ആഗ്രഹം - എന്ത് പറയാനാണ് -" കസ്റ്റമർ കെയറിനെ കുറിച്ച് സോഷ്യൽ മീഡിയയിൽ സംസാരിച്ചപ്പോൾ ഒരാളുടെ മറുപടിയിലാണ് ഈ വാക്കുകൾ ഉണ്ടായിരുന്നത്. അതെ ബഹുമാനം എന്നത് തന്നെയാണ് ഓരോ മനുഷ്യനും പരസ്പരം നൽകേണ്ടത് എന്ന് ഒരു ഭയവുമില്ലാതെ ഉറക്കെ വിളിച്ച് പറയും. പുരുഷനാണെങ്കിലും സ്ത്രീയ്ക്കാണെങ്കിലും സഹപ്രവർത്തകരിൽ നിന്നാണെങ്കിലും മറ്റേതു മനുഷ്യരിൽ നിന്നാണെങ്കിലും സംരക്ഷണം എന്നതിനേക്കാൾ ബഹുമാനം ലഭിക്കുമ്പോഴാണ് തിരിച്ചും അത് നൽകാനുള്ള തോന്നലുണ്ടാവുക.

"ആർക്കാണ് കൂടുതൽ കെയറിങ് ഉള്ളതായി തോന്നിയിട്ടുള്ളത്?" "എനിക്ക് സഹപ്രവർത്തകരുടെ കെയറിങ് ആവശ്യമില്ല." എന്നൊക്കെ ഒരു ചോദ്യത്തിന് എത്ര ഈസിയായിട്ടാണ് ഒരാളത് പറയുന്നത്! ഒരു അഭിമുഖത്തിൽ ദുൽഖർ സൽമാനെ അടുത്തിരുത്തി നടി ശോഭിത ധൂലിപാലയുടെ മറുപടിയെക്കുറിച്ചാണ് പറയുന്നത്. നിവിൻപോളി ആണോ ദുൽഖറിനാണോ ആണോ കൂടുതൽ കെയറിങ് ഉള്ളത് എന്നായിരുന്നു അഭിമുഖ കർത്താവിന്റെ നടിയോടുള്ള ചോദ്യം. എത്രയോ വർഷങ്ങളായി സെലിബ്രിറ്റികൾ പ്രത്യേകിച്ച് സ്ത്രീകൾ നേരിടുന്ന ഒരു ചോദ്യമാണിത്! ഇന്ന നടനാണോ അതോ മറ്റേ നടനാണോ കൂടുതൽ കേറിങ്? പക്ഷേ, ശോഭിതയുടെ ഉത്തരം സോഷ്യൽ മീഡിയ ഒരുപാട് ചർച്ച ചെയ്തു. ഒരു അഭിനേതാവ് എന്ന നിലയിൽ തനിക്ക് ആരുടെയും സംരക്ഷണം ആവശ്യമില്ല എന്നാണു അവർ പറഞ്ഞത്. എത്ര ധീരമായ ഒരു മറുപടിയാണത്.

ആർക്കും ആരെയും കെയർ ചെയ്യേണ്ട ബാധ്യതയുമില്ല, അതിന്റെ ആവശ്യവുമില്ല. അല്ലെങ്കിലും കെയറിങ് എന്ന ആംഗേലേയ വാക്കിനു പല അർത്ഥങ്ങളുമുണ്ട്. അത് വൈകാരികമായും ആകാം, പ്രൊഫെഷണലിയും ആകാം. വൈകാരികമായ ഒരു താങ്ങ് ആവശ്യമായ സാഹചര്യങ്ങൾ പുരുഷനും സ്ത്രീയ്ക്കും ഉണ്ടാകാം. ആ സമയത്ത് അവർ ആഗ്രഹിക്കുന്ന ആളുടെ താങ്ങാണ് വേണ്ടതും. അതിനപ്പുറം ജോലി സ്ഥലങ്ങളിൽ അവളുടെ കഴിവിനെ ബഹുമാനിക്കുക എന്നല്ലാതെ അനാവശ്യമായ സംരക്ഷണം ഏറ്റെടുക്കേണ്ട ബാധ്യത ഒരാൾക്കും ആരും നൽകേണ്ടതില്ല. അതുകൊണ്ട് ഒന്നിച്ച് താമസിക്കുന്നവർക്ക് തമ്മിൽ അവരുടെ ജീവിത രീതി അനുസരിച്ച് അത് ആവുകയോ ഇല്ലാതിരിക്കുകയോ ആവാം. അതിനപ്പുറം സുഹൃത്തോ കാമുകനോ/കാമുകിയോ സഹപ്രവർത്തകരോ ഒന്നും സംരക്ഷിക്കാൻ ബാധ്യതപ്പെട്ടവരല്ല. 

ഒരു വ്യക്തി എന്ന നിലയിൽ അവനവനെ സംരക്ഷിക്കാൻ സ്വയം പഠിക്കുന്നതിലും വലിയൊരു തിരിച്ചറിവില്ല. നടി ശോഭിത ധൂലിപാലയുടെ ഈ ആറ്റിറ്റ്യൂഡ് അവർ ഉറക്കെ പറയുമ്പോൾ അത് നമ്മുടെ പെൺകുട്ടികൾക്ക് ഒന്നാകെ ഒരു തിരിച്ചറിവാണ്. അത്ര ദുർബലരായ ജീവികളല്ല സ്ത്രീകൾ എന്നൊരു ബോധ്യത്തിൽ നിന്നും എന്നെ കെയർ ചെയ്യാൻ എനിക്കറിയാം എന്നൊരു ധീരമായ തീരുമാനം.

എന്താണ് സംരക്ഷണം എന്നതൊരു ചോദ്യമാണ്. കാലങ്ങൾക്കു മുൻപു വരെ മനുസ്മൃതി ഉദാഹരിക്കുന്ന ഒരു പതിവുണ്ടായിരുന്നു. കൗമാരത്തിൽ പിതാവും യൗവനത്തിൽ ഭർത്താവും വാർധക്യത്തിൽ മക്കളാലും സംരക്ഷിക്കപ്പെടേണ്ട സ്ത്രീകളെ കുറിച്ച്. ഇന്നും സ്ത്രീകളെ സംരക്ഷിക്കേണ്ടതിന്റെ ആവശ്യത്തെക്കുറിച്ച് വാ തോരാതെ സംസാരിക്കുന്നവരുണ്ട്. സംരക്ഷണം എന്നാൽ അടിമത്തം എന്നല്ല അർഥം എന്നാണു പുതിയ കാല സ്ത്രീകൾ പറയാൻ ആഗ്രഹിക്കുന്നത്. ഭർത്താവിൽ നിന്നും കാമുകനിൽ നിന്നും മക്കളിൽ നിന്നുമൊക്കെ ശ്രദ്ധ അവൾ ആഗ്രഹിക്കുന്നുണ്ട്. അതിനു "ഞാനാണ് നിന്നെ സംരക്ഷിക്കുന്നത്. എന്റെ ചെലവിലാണ് നീ ഉണ്ടുറങ്ങി കഴിയുന്നത്" തുടങ്ങിയ വാചകമേളകൾ നടത്താനുള്ള അവകാശമില്ല എന്നതാണ് സത്യം. 

ചില ടെലിവിഷൻ അഭിമുഖങ്ങൾ കാണുമ്പോൾ വല്ലാത്ത രോഷം വരും. കാരണം ഒരു സ്ത്രീ ആയതുകൊണ്ട് മാത്രം അവരോട് ചോദ്യ കർത്താവ് ചോദിക്കുന്ന ചില ചോദ്യങ്ങളുണ്ട്. നിങ്ങളും മറ്റേ നടനും തമ്മിൽ എന്തായിരുന്നു ബന്ധം. നിങ്ങളുടെ ജീവിതത്തിൽ ആ നടന്റെ പങ്കെന്ത്? എത്ര മ്ലേച്ഛമായ വിധത്തിലാണ് ഒരു സ്ത്രീയെ അവർ നേടിയ അംഗീകാരങ്ങളുടെയും കലാകാരി എന്ന നിലയിലും അല്ലാതെ ഒരു പുരുഷനുമായുള്ള ഇടപെടലിൽ കൂടി അടയാളപ്പെടുത്തുന്നത്? എന്നാൽ കാലങ്ങളായി ഇത്തരം ചോദ്യങ്ങളോട് മുഖം തിരിച്ചും ചിലർ ചോദ്യകർത്താവിനു അനുകൂലമായി മൊഴി കൊടുത്തും ഇരിക്കുമ്പോഴാണ് ശോഭിതയെയും തപ്‌സി പന്നുവിനെയും പോലെയുള്ള സ്ത്രീകൾ തങ്ങൾ സ്വയം സംരക്ഷിക്കാൻ തക്ക ധൈര്യമുള്ളവരാണെന്നു പറയുന്നത്. കാലം മാറിയത് ഇനിയെങ്കിലും നമ്മുടെ ചോദ്യ കർത്താക്കൾക്ക് മനസ്സിലായിട്ടുണ്ടാവും എന്നു കരുതുന്നു. ഇനിയെങ്കിലും അൽപം നിലവാരമുള്ള ചോദ്യം ചോദിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. സംരക്ഷിക്കാൻ അല്ല ബഹുമാനിക്കാൻ തന്നെയാണ് പരസ്പരം പഠിക്കേണ്ടത്. അത് സഹപ്രവർത്തകർ ആയാലും ഉദ്യോഗസ്ഥർ ആയാലും. അതിൽ വിട്ടുവീഴ്ചകളില്ല.

English Summary: Sobhita Dhulipala's Viral Reply About Caring

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FEATURES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

"ആരെങ്കിലും പറഞ്ഞോട്ടെ അച്ഛൻ എന്തിനാ പറയുന്നെ?" ഹൃദയം തുറന്നു വിനീത് | Vineeth Sreenivasan Interview

MORE VIDEOS
FROM ONMANORAMA