‘ ഇപ്പോൾ ഞങ്ങളും ഭയക്കുന്നു; ഉള്ളുപൊള്ളിക്കുന്നുണ്ട്, ആ കുഞ്ഞിലേക്കുള്ള പോറ്റമ്മയുടെ നോട്ടം!’

Anupama-5
(1) എന്നെത്തും, അമ്മയുടെ കൈകളിൽ... അമ്മയറിയാതെ ദത്തു നൽകിയെന്ന വിവാദത്തിൽ ഉൾപ്പെട്ട കുഞ്ഞിനെ ആന്ധ്രയിലെ വിജയവാഡയിൽ നിന്നു സ്വീകരിച്ചു ശിശുക്ഷേമ സമിതി ഉദ്യോഗസ്ഥ ഉൾപ്പെട്ട കേരള സംഘം വിമാനത്തിൽ തിരുവനന്തപുരത്തെത്തിച്ചപ്പോൾ. ചിത്രം: റിങ്കുരാജ് മട്ടാഞ്ചേരിയിൽ ∙ മനോരമ (2) അനുപമ
SHARE

അനുപമ വിഷയത്തിൽ മാനുഷികമായും വൈകാരികമായും വിഷയം സങ്കീർണമാണ്. ആ കുഞ്ഞ് ആർക്കൊപ്പമാണു വളരേണ്ടത് എന്ന വിഷയത്തിൽ സോഷ്യൽ മീഡിയ ‘തീരുമാനമെടുത്തു’ കഴിഞ്ഞതായി കാണാം. ഓരോരുത്തരും അവരുടെ ഭാഗത്തെ ന്യായീകരിക്കാൻ തെളിവുകൾ നിരത്തുന്നു, ന്യായങ്ങൾ പറയുന്നു. അപ്പോൾ സ്വാഭാവികമായും സംശയമുണ്ടാകാം കുഞ്ഞ് ആർക്കൊപ്പമാണ് നിൽക്കേണ്ടത്!

വിവാഹം കഴിക്കുന്നതിനു മുൻപ് ഒരു കുഞ്ഞുണ്ടായി എന്നത് കേരളത്തിൽ മാതാപിതാക്കളെ സംബന്ധിച്ച് ഒരു അധിക ഭാരവും സാമൂഹികമായ ബുദ്ധിമുട്ടും ആണ്. ഒന്നാമത് നമ്മുടെ പെൺകുട്ടികൾ വിവാഹമെത്തുന്നതുവരെ പഠിക്കുന്നവരും മാതാപിതാക്കളുടെ ചെലവിൽ കഴിയുന്നവരുമാണ്. കാമുകനുണ്ടാവുകയും അവർക്കൊരു കുഞ്ഞുണ്ടാവുകയും ചെയ്യുന്നത് ഒരിക്കലും കുറ്റകരമല്ല. പക്ഷേ സ്വന്തമായി കുഞ്ഞിനെ നോക്കാനുള്ള പാങ്ങില്ലാഞ്ഞതുകൊണ്ടാവാം പലർക്കും അതിനെ ഉപേക്ഷിക്കേണ്ടി വന്നിട്ടുണ്ടാവുക. മറ്റൊരു സ്ത്രീയോടും അവരുടെ കുഞ്ഞുങ്ങളോടുമൊപ്പം താമസിച്ചിരുന്ന കാമുകൻ അവരെയെല്ലാം ഉപേക്ഷിച്ച് അനുപമയ്‌ക്കൊപ്പം ഇറങ്ങിത്തിരിക്കുമ്പോൾ അവരുടെ കുഞ്ഞിനെ വീണ്ടെടുക്കാനായുള്ള യുദ്ധവും അവർ തുടങ്ങി വച്ചു. തീർത്തും സംഘർഷഭരിതമാണ് ആ കുഞ്ഞുമായി ബന്ധപ്പെട്ട കുടുംബങ്ങളിലെല്ലാം ഇപ്പോൾ അവസ്ഥ.

അനുപമയുടെ ആവശ്യപ്രകാരം ശിശുക്ഷേമ വകുപ്പ്, ദത്തെടുത്ത മാതാപിതാക്കളിൽനിന്നു കുഞ്ഞിനെ തിരികെ ആവശ്യപ്പെട്ടു. അതനുസരിച്ച് കുഞ്ഞിന്റെ സംരക്ഷണം ഉള്ള ശിശു ക്ഷേമ വകുപ്പിലെ ഉദ്യോഗസ്ഥ കുഞ്ഞിനെ എടുത്തുകൊണ്ട് പോകുമ്പോൾ, ഇത്രയും നാളുകൾ അതിനെ വളർത്തിയ സ്ത്രീയുടെ നോട്ടം ഒരു ചിത്രത്തിലൂടെ മനസ്സിലാക്കാവുന്നതേയുള്ളൂ. അത് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുമുണ്ട്. അവർ തല കറങ്ങി തളർന്നു വീണുവെന്ന് പറയപ്പെടുന്നു. ഇനിയൊരിക്കലും കുഞ്ഞുങ്ങൾ ഉണ്ടാകില്ല എന്ന ഉറപ്പിനു ശേഷമാകുമല്ലോ ഒരു കുഞ്ഞിനെ അവർ ദത്തെടുക്കുക.

"ശരിക്കും ഭയം തോന്നുന്നു, ഞങ്ങൾ ഒരു അഡോപ്‌ഷനു വേണ്ടി കാത്തിരിക്കുകയാണ്. ഈ വാർത്ത കാണുമ്പോൾ പേടിയാവുന്നു", ഒരു സ്ത്രീ സോഷ്യൽ മീഡിയയിൽ കുറിച്ച ഈ വാക്കുകൾ പലതും വിളിച്ചു പറയുന്നുണ്ട്. ഏതു നിമിഷത്തിലാണ് തങ്ങൾ സ്വന്തമെന്നു കരുതി വളർത്തുന്ന കുഞ്ഞുങ്ങളുടെ മേൽ ആധിപത്യം സ്ഥാപിച്ച്, ഒരിക്കൽ അവരെ ഉപേക്ഷിച്ച അവകാശികൾ എത്തുക എന്നത് ഒരു ഭയം തന്നെയാണ്.

ക്ലീഷേ വാചകത്തിൽ പറഞ്ഞാൽ, നൊന്തു പ്രസവിച്ച കുഞ്ഞാണ്. ഒറ്റയായിപ്പോയ ഒരു സാഹചര്യത്തിൽ കൈവിട്ടു പോയതാണ്. അതിനെ തിരിച്ചു കിട്ടാനാണ് ആഴ്ചകളായി അനുപമ എന്ന അമ്മ സമരം നടത്തുന്നത്. ജനിച്ച് മൂന്നു ദിവസമായ കുഞ്ഞിനെയാണ് അവർക്ക് നഷ്ടമായത്. അതിനു ശേഷം ആ സ്ത്രീ സന്തോഷത്തിലായിരുന്നുവെന്ന് ആരും വിശ്വസിക്കുമെന്നു തോന്നുന്നില്ല. പറഞ്ഞു പറ്റിച്ച കാമുകനും നഷ്ടപ്പെട്ട ശരീരത്തിന്റെ ഭാഗവും ആ സ്ത്രീയെ ഒരുപക്ഷേ ഭ്രാന്ത് പിടിപ്പിച്ചിരിക്കാം.

‘എന്റെ ജീവിതം അനുപമയാണ് നശിപ്പിച്ചത്’ എന്ന് അപ്പുറത്തിരുന്നു മറ്റൊരു സ്ത്രീ പറയുന്നുണ്ട്; അനുപമയുടെ കാമുകനായ അജിത്തിന്റെ മുൻ ഭാര്യ. തങ്ങൾ വിവാഹിതർ ആയിരുന്നപ്പോഴും അയാൾ അനുപമയ്‌ക്കൊപ്പമായിരുന്നു എന്ന് അവർ വിഷാദത്തോടെ പറയുന്നു.ഇവിടെ തകർന്നു തരിപ്പണമായി കിടക്കുന്ന മൂന്നു സ്ത്രീകളുണ്ട്. ഇവരിൽ ആർക്കൊപ്പം എന്നത് കൃത്യമായി ഉത്തരം കണ്ടെത്താനാവാത്ത സമസ്യയാണ്.  ഇവരിൽ ഒരാൾ ആദ്യം മുതലേ നഷ്ടങ്ങൾ അറിഞ്ഞു, അത് സ്വയം മനസ്സിലാക്കി, ഇപ്പോൾ ഭർത്താവിനാൽ ഉപേക്ഷിക്കപ്പെട്ടു മക്കൾക്കൊപ്പം ജീവിക്കുന്നു. മറ്റൊരാൾ കാമുകനും ഇപ്പോൾ ഭർത്താവുമായ ആൾക്കൊപ്പം കുഞ്ഞിനു വേണ്ടി പോരാടുന്നു, ഇനിയുമൊരുവൾ, സ്വന്തമല്ലാത്ത കുഞ്ഞിനു ജീവിതവും ജീവനാംശവും എഴുതി നൽകി ജീവിച്ചു തുടങ്ങിയവൾ ആ കുഞ്ഞിനെ തിരികെ നൽകാൻ തുടങ്ങുന്നു.

വളരെ സങ്കീർണമായ ഒരു വൈകാരിക അവസ്ഥയാണത്. എന്തുതന്നെയായാലും ആഴ്ചകൾ നീണ്ട സമരത്തിനൊടുവിൽ കുഞ്ഞ് അനുപമയുടെ തൊട്ടരികിൽ എത്തിയിരിക്കുന്നു. ഡിഎൻഎ ടെസ്റ്റ് ഫലം കൃത്യമായാൽ അനുപമയ്‌ക്ക് അവരുടെ കുഞ്ഞിനെ തിരികെ ലഭിച്ചേക്കാം. അതോടെ അവരുടെ പോരാട്ടത്തിന് ശുഭമായ അവസാനമാകും. കുഞ്ഞിന് അതിന്റെ യഥാർഥ അച്ഛനെയും അമ്മയെയും ലഭിക്കും. ഒരു 'അമ്മ നേരിട്ട അനീതിക്കുള്ള പരിസമാപ്തിയാകും. ആ കുഞ്ഞ് സുഖമായും സുരക്ഷിതമായും ഇരിക്കട്ടെ എന്നു മാത്രമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലടക്കം മനുഷ്യരെല്ലാം ആഗ്രഹിക്കുന്നത്. അതുമാത്രം.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FEATURES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

5 ജി: ആകാശത്തെ ആശങ്ക– എക്സ്പ്ലെയ്നർ വിഡിയോ

MORE VIDEOS
FROM ONMANORAMA