ADVERTISEMENT

മൈലാഞ്ചിയുടെ രാജകുമാരി എന്നായിരുന്നത്രെ ആ പെൺകുട്ടി കൂട്ടുകാർക്കിടയിൽ വിളിക്കപ്പെട്ടിരുന്നത്! വിവാഹ സമയങ്ങളിൽ ഏതു ഡിസൈൻ പറഞ്ഞാലും അത് ഏറ്റവും മനോഹരമായി അണിഞ്ഞു കൊടുക്കാൻ പ്രത്യേക കഴിവുണ്ടായിരുന്നു അവൾക്ക്. അതുതന്നെ അവൾക്കു പഠനത്തിനുള്ള പണവും നൽകി. പക്ഷേ, എല്ലാ കഴിവുകളെയും വേണ്ടെന്നു വച്ച് മോഫിയ പർവീൻ ജീവനൊടുക്കി.

"വിവാഹം കഴിക്കുന്നത് തന്നെ ആ വീട്ടിൽ പണിയെടുക്കാൻ ആളില്ലാഞ്ഞിട്ടായിരുന്നു. ഇപ്പോഴും പണി തന്നെ. വെപ്പും വൃത്തിയാക്കലും അളക്കലും ഒടുക്കം രാത്രിയിൽ അയാളുടെ ഇഷ്ടത്തിനു കിടപ്പറയിലും. എനിക്ക് എന്റേത് എന്ന തോന്നൽ തന്നെ ഇല്ലാതായിപ്പോയി. ഞാനും ഇല്ലാതായിപ്പോയി."–മോഫിയയുടെ ആത്മഹത്യയുടെ വാർത്ത കണ്ടപ്പോൾ ഒരു കൂട്ടുകാരി പറഞ്ഞ വാചകങ്ങളാണ്. പണി കൂടുതലാണെന്നു പറഞ്ഞ് ആരെങ്കിലും ആത്മഹത്യ ചെയ്യാൻ പോകുമോ? എന്നൊരു ചോദ്യം ഈ അവസരത്തിൽ പ്രതീക്ഷിക്കുന്നുണ്ട്. പക്ഷേ, ജോലി എടുക്കുന്നതല്ല, ജോലിക്കാരി മാത്രമാക്കുന്നതാണ് പ്രശ്നം. അതായത് അവഗണനയാണ് പ്രശ്നം.

ഭർത്താവിന്റെ വീട്ടിലെ അസഹനീയമായ പീഡനം കാരണം ആത്മഹത്യ ചെയ്ത എത്ര പെൺകഥകളാണ് ഇക്കഴിഞ്ഞ ആറു മാസത്തിനുള്ളിൽ ചർച്ചയായത്. എന്നിട്ടും അത് ആവർത്തിച്ച് കൊണ്ടേയിരിക്കുന്നു. "വിവാഹം കഴിച്ചു വിടുമ്പോൾ പെണ്മക്കളോടു ഇനി പറഞ്ഞുകൊടുക്കേണ്ടത് ഏത് പ്രതിസന്ധിഘട്ടത്തിലും ഒരു കയറിൻ തുമ്പിലോ വിഷക്കുപ്പിയിലോ അവസാനിപ്പിക്കേണ്ടതല്ല ജീവിതം എന്നാണ്. താലികെട്ടി കൂടെക്കൂട്ടി കരയിപ്പിക്കുന്നവനു വേണ്ടിയോ അല്ലെങ്കിൽ അവനൊപ്പം നിൽക്കുന്ന അവന്റെ വീട്ടുകാർക്ക് വേണ്ടിയോ അവസാനിപ്പിക്കാനുള്ളതല്ല നിന്റെ ജീവിതം എന്നുകൂടിയാണ്. പെൺമക്കളെ പഠിപ്പിക്കുക സ്വന്തം കാലിൽ നിൽക്കാറായതിനു ശേഷം അവർക്കു വേണമെന്നുണ്ടെങ്കിൽ മാത്രം വിവാഹം കഴിച്ചു കൊടുക്കൂ. പൊരുത്തപ്പെടാനാകുന്നില്ല ഒരുവിധത്തിലും എങ്കിൽ തിരിച്ചിറങ്ങി നടക്കട്ടെ അവർ. മരണത്തിനു വിട്ടുകൊടുക്കല്ലേ ഇനിയെങ്കിലും നമ്മുടെ പെണ്മക്കളെ . ബിരുദവും ബിരുദാനന്തര ബിരുദവും കലാലായങ്ങളിൽ നിന്ന് സ്വായത്തമാക്കുന്നവർ എന്തുകൊണ്ടാണ് മരണത്തിൽ അഭയം പ്രാപിക്കുന്നത്? നിയമം കയ്യാളുന്നവർ കൂടി പീഡിപ്പിക്കുന്നവർക്കൊപ്പം നിൽക്കുമ്പോൾ മതിയായ ശിക്ഷ ലഭിക്കാൻ ഇതാണ് മാർഗം എന്നുകൂടി  കരുതിയാണോ ? സ്വന്തം ജീവിതമാണോ അതിനു വിലയായി കൊടുക്കേണ്ടത് ? വിവാഹബന്ധങ്ങൾ എന്നു മുതലാണ് ഇത്രയധികം സ്നേഹരാഹിത്യം നിറഞ്ഞതായി തുടങ്ങിയത് ? പണത്തിനുള്ള ആർത്തി മൂത്തു തുടങ്ങിയപ്പോഴാണോ? ആണ്മക്കളെപ്പോലെ പെൺമക്കളെയും വളർത്തുന്നു ആൺ പെൺ എന്ന എന്ത് വ്യത്യാസമാണ് നമുക്ക് നമ്മുടെ മക്കള്‍ തമ്മിൽ ? പിന്നെ എന്തിനാണ് പെണ്ണിന്റെ കൂടെ വേറെ ഒരു ധനം ? എങ്കിൽ പുരുഷന്റെ വീട്ടിൽ നിന്നുകൂടി കൊണ്ടുവരട്ടെ ആ ധനം. സ്ത്രീധനം എന്ന പേര് മാറ്റി വിവാഹധനം എന്നാകട്ടെ . 

സ്ത്രീധനം എങ്ങനെ സമൂഹത്തിൽ നിന്ന് തുടച്ചുനീക്കാൻ കഴിയും എന്നതിനെ കുറിച്ച് കൂടുതൽ ചിന്തിക്കേണ്ടിയിരിക്കുന്നു . ശിക്ഷ നടപ്പിലാക്കേണ്ടവർ ഫലപ്രദമായി അത് ചെയ്യുന്നില്ല. എത്രയെത്രപേർ. രാജൻ പി ദേവിന്റെ മരുമകൾ പിന്നെ ഉത്ര, വിസ്മയ, മോഫിയ .ഇനിയൊരാൾ ഈ പട്ടികയിലേക്ക് വരാത്തവണ്ണം ഫലപ്രദമായി എന്ത് ചെയ്യാനാകും? ഇപ്പോൾ നിലവിലുള്ള നിയമങ്ങൾ കൊണ്ട് ഈ മരണങ്ങളൊന്നും തടയാനാകുന്നില്ലല്ലോ? ഓരോ മരണത്തിനു ശേഷവും നമുക്കിതുപോലെ വേദനിക്കാനല്ലേ കഴിയുന്നുള്ളൂ . ഒരിത്തിരി സ്നേഹവും കരുതലും നല്ലൊരു സെക്സ് ഉം കൊടുക്കാനാകാത്ത പുരുഷന്മാർ ദയവു ചെയ്തു വിവാഹം കഴിക്കാതിരിക്കൂ. സ്ത്രീയുടെ വീട്ടിലെ ധനം ആത്മാഭിമാനമുള്ള പുരുഷൻ കൈ നീട്ടി വാങ്ങില്ലെന്ന് ആൺമക്കളെ ആദ്യം പറഞ്ഞു പഠിപ്പിക്കൂ . പീഡിപ്പിക്കാനുള്ള ഒരു വസ്തുവല്ല ഭാര്യയെന്നും അവളും മജ്ജയും മാംസവും വികാരങ്ങളും വിചാരങ്ങളുമൊക്കെയുള്ള ഒരു സ്ത്രീയാണെന്നും അവനെ പറഞ്ഞു മനസ്സിലാക്കൂ . അച്ഛനമ്മമാർ പെണ്മക്കളെ വളർത്തുമ്പോൾ മാത്രമല്ല ആൺമക്കളെ വളർത്തുമ്പോൾ കൂടി നല്ല ശീലം പഠിപ്പിച്ചെടുക്കേണ്ടതുണ്ട് . കൂടെ സ്വയം നന്നാകാനും കൂടി ഒന്ന് ശീലിക്കൂ . ‘മകന്റെ ഭാര്യ എങ്ങനെയാണ് മകളല്ലാതെ ആകുന്നത്’പെണ്മക്കളുടെ അമ്മ കൂടിയായ ഉഷ മേനോൻ പറയുന്നു.

പെൺകുട്ടികൾക്കുള്ള അമ്മമാർക്കൊക്കെ പറഞ്ഞറിയിക്കാൻ പറ്റാത്തൊരു ആധിയുണ്ട്. അത് എത്ര പുരോഗമനം പറഞ്ഞാലും കേൾക്കുന്ന വാർത്തകൾ അവരെ ആകുലരാക്കുന്നുണ്ട്. വിവാഹം കഴിഞ്ഞ മകൾ ഭർത്താവിന്റെ വീട്ടിൽ സന്തോഷവും സമാധാനവുമായാണോ ജീവിക്കുന്നത്? അവരവിടെ എന്തൊക്കെയാണ് അനുഭവിക്കേണ്ടി വരുന്നത് എന്നോർത്ത് അസ്വസ്ഥപ്പെടുന്ന മാതാപിതാക്കളെ നന്നായി അറിയാം. അവരിൽ ഒരാൾ പറയുന്നത് കേൾക്കൂ,"മോളുടെ വിവാഹം കഴിഞ്ഞിട്ട് മൂന്നു മാസമായി. വിവാഹം കഴിഞ്ഞു ആദ്യമായി കയറി വന്നപ്പോൾ തന്നെ അവളുടെ കണ്ണുകൾ കലങ്ങിയിരുന്നു. എന്താണെന്നു ചോദിച്ചപ്പോൾ കണ്ണിൽ ഉറുമ്പ് കയറി അതാണെന്ന് പറഞ്ഞു. ഞാനത് വിട്ടു. പക്ഷേ, അവളുടെ പഴയ പ്രസരിപ്പൊക്കെ പോയിരുന്നു. പെട്ടെന്ന് ഭർത്താവിന്റെ വീട്ടിലേയ്ക്ക് തിരികെ പോകാൻ നിർബന്ധവും ആയിരുന്നു. അങ്ങനെ അവൾ പോയി. ഞാൻ അവളുടെ വീട്ടിൽ പോയപ്പോൾ എല്ലാവരും ഭയങ്കര സ്നേഹം ഇവൾ മാത്രം മുഖവും വീർപ്പിച്ചിരിക്കുന്നു. നന്നായി ഉപദേശിച്ചിട്ടാണ് തിരികെ പോന്നത്. പക്ഷേ, എന്നോടെന്തിനാണ് അവൾ ഇങ്ങനെ കാണിക്കുന്നത് എന്നൊരു ചോദ്യം ഉള്ളിൽ ഉണ്ടായിരുന്നു. അതുകൊണ്ട് തൊട്ടടുത്ത വീട്ടിലെ സ്ത്രീയെ പരിചയപ്പെട്ടപ്പോൾ അവരുടെ നമ്പർ കൂടി വാങ്ങി. ഒരിക്കൽ അവരെ വിളിച്ചപ്പോൾ അവരാണ് പറഞ്ഞത്. എല്ലാവരുടെയും മുന്നിൽ  വളരെ മാന്യമായി ജീവിക്കുന്ന ഒരു കുടുംബമാണ്  അത്. പക്ഷേ, എന്റെ മകൾ ആ വീട്ടിൽ ചെന്ന് കയറിയ നാള് മുതൽ തെറി വിളി സഹിക്കുകയാണ്. ഞങ്ങളുടെ വീട്ടിൽ അതവൾക്ക് ശീലമില്ല. തല്ലുന്നുമുണ്ടെന്നാണ് ആ സ്ത്രീ പറഞ്ഞത്. ഭർത്താവിന്റെ സമ്മതമില്ലാതെ തന്നെ ഞാൻ മകളെ വിളിച്ചോണ്ട് പോരുന്നു. ഇപ്പോൾ ഡിവോഴ്സ് കേസ് നടക്കുന്നു. അവൾ ജോലിക്കും പോകുന്നു. ഭയങ്കര ഹാപ്പിയാണ് മോള്. ഞാൻ വൈകിയിരുന്നെങ്കിൽ ഉത്രയുടെയോ മോഫിയയുടെയോയൊക്കെ അവസ്ഥ വന്നേനെ. " സ്വന്തം കഥ പറയുമ്പോൾ പേര് ഉറക്കെ പറയാൻ പലർക്കും ഭയമാണ്. സമൂഹം ഏതു രീതിയിലാണ് ഇപ്പോഴും പെൺകുട്ടികളുടെ വിഷയത്തിൽ കാര്യങ്ങളെ വിശകലനം ചെയ്യുക എന്നവർക്ക് നല്ല ബോധ്യമുണ്ടാകുമല്ലോ. അതുകൊണ്ട് ഒരു "'അമ്മ" എന്ന് മാത്രം അവരെ പരിചയപ്പെടുത്തുന്നു.

അന്ന ബെന്നി എന്ന എഴുത്തുകാരിയ്ക്ക് ഇതിനെ കുറിച്ച് വ്യക്തമായ അഭിപ്രായമുണ്ട്,"ഗാർഹിക പീഡനം, യുവതി ആത്മഹത്യ ചെയ്തു.  നമ്മൾ ദിനവും കേൾക്കുന്ന വാർത്തകളിൽ ഒന്നായി മാറിയിരിക്കുന്നു. എന്തിനവൾ ആത്മഹത്യ ചെയ്തു,  അവൾക്ക് പ്രതികരിക്കാമായിരുന്നില്ലേ, നിയമ സഹായം സ്വീകരിക്കാമായിരുന്നില്ലേ അതായിരിക്കും നമ്മുടെ മനസ്സിൽ ആദ്യം പോകുന്ന ചിന്ത. എന്നാൽ ഇന്നലെ ആത്മഹത്യ ചെയ്ത യുവതി ഒരു നിയമ വിദ്യാർത്ഥിനിയായിരുന്നു. വീട്ടിൽ പ്രതികരിക്കാവുന്ന എല്ലാ രീതികളിലും ശ്രമിച്ച ശേഷമായിരുന്നു അവൾ നിയമത്തിന്റെ വഴിയിൽ ചെന്നെത്തിയത്. അവൾക്ക് നീതി ലഭിക്കേണ്ടിടത്തുനിന്നും അത് ലഭിച്ചില്ല, എന്ന് മാത്രമല്ല അപമാനം ഏൽക്കുക കൂടി ചെയ്തു. ഇനിയാരും രക്ഷിക്കില്ലെന്നു തോന്നിയപ്പോൾ അവൾ സ്വയം ജീവനൊടുക്കി. ഇവിടെ കൊലയാളി ഗാർഹികപീഡനം മാത്രമല്ല, നിയമം സംരക്ഷിക്കാൻ വിധിക്കപ്പെട്ട ഉദ്യോഗസ്ഥനും കൂടിയാണ്.

ഈ പീഡനം എന്നതിനെ ശാരീരികമായി മാത്രം ആളുകൾ നോക്കിക്കാണുന്നു, എന്നാൽ ശരീരത്തിലെ മുറിവുകളെക്കാൾ ആഴത്തിൽ വേദനിപ്പിക്കുന്നത് മനസിനേൽക്കുന്ന മുറിവുകളാണ്. ശരീരത്തിൽ ഏൽക്കുന്ന മുറിവുകൾ പങ്കാളിയിൽ നിന്നും വീട്ടുകാരിൽനിന്നും മാത്രമാവാം, പക്ഷേ, മനസ്സിനെ മുറിപ്പെടുത്താൻ സമൂഹം ഒന്നടങ്കം കൈകോർക്കും, മോശമായ അഭിപ്രായങ്ങൾ പറഞ്ഞ് അവർ നമ്മളെ തളർത്തും. നീ ചെയ്യുന്നത് വളരെ നല്ലതാണ് എന്ന് പറഞ്ഞ് ആരും ഉപദ്രവിക്കില്ല. നമ്മുടെ ചെറിയ കുറ്റങ്ങൾ പോലും കണ്ടെത്തുകയും അതൊക്കെ ഉച്ചത്തിൽ വിളിച്ചു പറയുകയുമാകും അവരുടെ രീതി. അപ്പോൾ നമ്മളെന്താണ് സാധാരണ ചെയ്യുക? മറ്റുള്ളവർ എന്ത് വിചാരിക്കും എന്ന് കരുതി മിണ്ടാതിരിക്കും, അതാണ് ഏറ്റവും പ്രശ്നം.എന്നാൽ തളരില്ല എന്ന് സ്വയം തീരുമാനം എടുക്കുന്നിടത്തു നിന്ന് നമുക്ക് ജയിക്കാനാകും.നമ്മുടെ വ്യക്തിത്വത്തെ സ്വയം മനസിലാക്കുക, സ്വന്തം കാലിൽ നിൽക്കുക, പ്രതികരിക്കുക, അങ്ങനെവന്നാൽ ഇത്തരം പീഡനങ്ങളെ മുളയിലേ നേരിടാനാകും. ഒപ്പം തുല്യ ദുഃഖം അനുഭവിക്കുന്നവരെ കൈ പിടിച്ചു ചേർക്കാനും നമ്മൾക്കാകണം, കാരണം അങ്ങനെയുള്ള ഒരുപാടുപേർ നമ്മുടെ ചുറ്റിലുമുണ്ട്."

സ്വന്തം ജീവിതത്തിൽ ഉണ്ടായ മുറിവുകളെക്കുറിച്ച് പറയാൻ ഭയമാണ് ഇപ്പോഴും സ്ത്രീകൾക്ക്. ഏതു വിധത്തിലാണ് പ്രശ്നങ്ങൾ ഉണ്ടാവുക എന്ന ഭീതി പല സ്ത്രീകളും പങ്കു വച്ചു. ഇത്രയുമൊക്കെ ഞാൻ അനുഭവിക്കുന്നു എന്ന് സ്വകാര്യമായിപ്പോലും പറയാൻ അവർ ഭയക്കുന്നുണ്ട്. ഇങ്ങനെ ആരോടും പറയാതെ സമൂഹത്തെ ഭയന്ന് തന്നെയാണ് വിസ്മയയും മോഫിയയുമൊക്കെ ഉണ്ടായത്. ഇനിയെങ്കിലും വീടുകളിൽ ഉണ്ടാകുന്ന പീഡന അനുഭവങ്ങളിൽ നിന്നു ധൈര്യപൂർവം ഇറങ്ങി നടക്കാൻ നമ്മുടെ പെൺകുട്ടികൾക്ക് ആയെങ്കിൽ. ഒപ്പം അവരെ സ്നേഹത്തോടെ ചേർത്ത് നിർത്തുന്ന മാതാപിതാക്കളും ഉണ്ടാകണം.

English Summary: Social Reaction About Mofiya Parveen Domestic Violence Death

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com