ADVERTISEMENT

ഒരു സ്ത്രീയുടെ സമ്മതമില്ലാതെ അവരുമായി ശാരീരികബന്ധത്തിലേർപ്പെടുന്നതിനെയാണ് ‘ബലാത്സംഗം’ എന്നു പറയുന്നത്. പക്ഷേ, ഭർത്താവ് എന്ന പട്ടം കിട്ടുമ്പോൾ മുതൽ പലർക്കും ഈ ‘സമ്മതം’ എന്ന വാക്ക് ഒരു തമാശയാവുകയാണ്. ഭർത്താവിന് തന്റെ പങ്കാളിയോട് എന്തുമാകാം, അവൾക്കു താൽപര്യമില്ലാത്ത സമയങ്ങളിൽ ശാരീരിക ബന്ധം നടത്താം എന്നു തുടങ്ങി മറ്റൊരാൾക്ക് ലൈംഗികതയ്ക്കായി അവളെ കൈമാറുക പോലുമാവാം എന്നു വരെയെത്തുന്നു അത്തരക്കാരുടെ ചിന്ത.

കോട്ടയത്തുനിന്നുള്ള, ഭാര്യമാരെ പങ്കിടുന്ന ഒരു കൂട്ടമാളുകൾ പൊലീസ് പിടിയിൽ എന്ന വാർത്ത എന്തുകൊണ്ടോ ഞെട്ടിക്കുന്നില്ല. കാരണം നാളുകൾക്കു മുൻപേ തന്നെ ‘വൈഫ് സ്വാപ്പിങ്’ എന്നു വിളിക്കപ്പെടുന്ന ഈ രീതി നാട്ടിൽ അറിയപ്പെട്ടു തുടങ്ങിയിരുന്നു. സമൂഹത്തിൽ ഉന്നതരെന്നു കരുതുന്നവർക്കിടയിൽ ഇതു പതിവാണ് എന്നുപറഞ്ഞ ഒരാളെ ഓർക്കുന്നു. ‘ഉന്നതർക്കിടയിൽ’ ഇത് പതിവാണെന്നു കരുതുന്നില്ല, പക്ഷേ, പതിവാക്കിയ ചില ഉന്നതരുണ്ട് എന്നതാണ് ഇപ്പോൾ പുറത്തുവന്ന ഈ വാർത്ത വെളിപ്പെടുത്തുന്നത്.

കോട്ടയത്തു പരാതി നൽകിയ സ്ത്രീയെ വർഷങ്ങൾക്കു മുൻപു തന്നെ ഭർത്താവ് കൈമാറ്റം ചെയ്തിരുന്നു. പക്ഷേ, കഴിഞ്ഞ രണ്ടു വർഷമായി ഭർത്താവ് നൽകുന്ന ഇത്തരം അപമാനങ്ങളും ടെൻഷനും സഹിക്കാനാകാതെയാണ് അവർ പോലീസിൽ പരാതി നൽകിയതും എല്ലാം തുറന്നു പറഞ്ഞതും. പലപ്പോഴും പരസ്പരമുള്ള സമ്മതത്തോടെ തന്നെയാണ് ഇത്തരം ‘സ്വാപ്പിങ്’ എന്നു പറഞ്ഞു കേട്ടിട്ടുണ്ട്. എന്നാൽ ഇതൊന്നുമറിയാതെ ആയിരിക്കില്ലേ ഒരു പെൺകുട്ടി വിവാഹം കഴിച്ച് ഭർത്താവിന്റെ വീട്ടിൽ വന്നു താമസിക്കുന്നത്. കൂടെ കരുതലോടെ നിൽക്കുമെന്നു കരുതിയ ഭർത്താവ്, മറ്റൊരാളുടെ കൂടെ കിടക്കണമെന്നും അയാളുടെ ഭാര്യയുമായി താൻ ശരീരം പങ്കിടുമെന്നും അവളോടു പറയുമ്പോൾ എന്താവും ആ പെൺകുട്ടി ചിന്തിച്ചിട്ടുണ്ടാവുക? ഇങ്ങനെ കൈമാറ്റം ചെയ്യപ്പെടുന്നവരിൽ എത്ര സ്ത്രീകൾക്കുണ്ടാവും അതിനു സമ്മതം? 

സമൂഹത്തിൽ പേരും പെരുമയുമുള്ള അറിയപ്പെടുന്ന കുടുംബം, അപ്പൻ, അമ്മ, സഹോദരങ്ങൾ..– പരാതിപ്പെട്ടാൽ ഇതൊക്കെ നഷ്ടപ്പെടുമെന്ന ഭീതിയിൽ, എതിർത്തൊന്നു മിണ്ടാൻപോലുമാവാതെ മറ്റു പുരുഷന്മാരെ സ്വീകരിക്കേണ്ടി വരുന്ന അവസ്ഥ എത്ര ഭീതിദമാണ്. സെക്സ് റാക്കറ്റ് സമൂഹത്തിന്റെ ഏറ്റവും വലിയ വിപത്താണെന്ന് എത്ര പേര്‍ കരുതുന്നുണ്ടാവും? പണത്തിനും സാമൂഹിക അംഗീകാരത്തിനും പിടിപാടിനും കാര്യസാധ്യത്തിനും വേണ്ടിയൊക്കെ പുരുഷന്മാരോടു തങ്ങളുടെ വില മുൻകൂട്ടി നിശ്ചയിച്ചിട്ട് അവരുടെ മുറികളിൽ പോയി അവരുടെ സ്വകാര്യ വിഡിയോ എടുത്ത് ബ്ളാക്ക്മെയിൽ ചെയ്യുന്ന സ്ത്രീകൾ ഉണ്ടെന്നറിയാതെയല്ല ഇതു പറയുന്നത്. പക്ഷേ, ഭീഷണപ്പെടുത്തിയും വൈകാരികമായി ബ്ലാക്ക്മെയിൽ ചെയ്തും നടത്തുന്ന ലൈംഗികത പീഡനം തന്നെയാണ്.

ഭാര്യമാരെ കൈമാറ്റം ചെയ്യുന്നത് നിയമപരമായി കുറ്റമാകുന്നുണ്ടോ? കോടതി തന്നെ ഈ വിഷയത്തിൽ അഭിപ്രായം പറയുകയും ഉത്തരവിടുകയും ചെയ്തിട്ടുണ്ട്. പരസ്പര സമ്മതത്തോടെ നടക്കുന്ന ലൈംഗികത ഇപ്പോൾ കുറ്റകരമല്ല. പക്ഷേ, അതൊരു ഗ്രൂപ്പ് ആകുമ്പോൾ, അതിനു ചില പ്രത്യേക ലക്ഷ്യങ്ങൾ ഉണ്ടെന്നു വരുമ്പോൾ, അതിൽ പലർക്കും താൽപര്യവും സമ്മതവുമില്ല എന്നു വരുമ്പോൾ അതിലെ നിയമവശം മാത്രമല്ല ധാർമികതയും ചോദ്യം ചെയ്യപ്പെടും. ശാരീരിക സുഖത്തിനു വേണ്ടിയല്ലാതെ പണത്തിനു വേണ്ടിയാകുമ്പോൾ അതിൽ പരസ്പര സമ്മതം എന്നതിന് പ്രസക്തി നഷ്ടപ്പെടുന്നു. അവിടെ സ്ത്രീകൾ ഉപയോഗിക്കപ്പെടുകയാണ്. അതായത് വാങ്ങപ്പെടുകയും വിൽക്കപ്പെടുകയും വീണ്ടും തിരികെയെടുക്കപ്പെടുകയും ചെയ്യുന്ന ഒരു ‘വസ്തു’ ആയി സ്ത്രീ ഉപയോഗിക്കപ്പെടുന്നു. ഇങ്ങനെ ‘വസ്തു’ ആകേണ്ടി വരുന്ന സ്ത്രീകളുടെ മാനസികനില പഠന വിധേയമാക്കേണ്ടതുണ്ട്. അവർ എത്രമാത്രം "ട്രോമാ"യിൽ ആയിട്ടുണ്ടാവും എന്നു ചിന്തിച്ചാൽ മനസ്സിലാക്കാം.

വിവാഹപൂർവ ലൈംഗിക ബന്ധം ഇന്ന് ഒരു പുതിയ വാർത്തയല്ല. പ്രണയത്തിലൂന്നിയാണ് അതിൽ പലതും മുന്നോട്ട് പോകുന്നത്. എന്നാൽ ഭാര്യമാരെ കൈമാറ്റം ചെയ്യപ്പെടുന്നിടത്ത് പ്രണയമോ അതുമായി ബന്ധപ്പെട്ട എന്തെങ്കിലും വൈകാരിക പരിസരങ്ങളോ നിലനിൽക്കുന്നില്ല; കൃത്യമായ ചില അജൻഡകളല്ലാതെ. പുരുഷന്മാരെ അപേക്ഷിച്ച് കൂടുതൽ വൈകാരികമായി ചിന്തിക്കുന്ന സ്ത്രീകൾക്ക് ഇത്തരം നിരന്തരമായ ‘സ്വാപ്പിങ്ങുകൾ’ നൽകുന്ന അനുഭവം ട്രോമയിലേക്കു നയിക്കുന്നതാകും. പലപ്പോഴും സമൂഹവും കുടുംബവും ഏൽപിക്കാൻ സാധ്യതയുള്ള അപമാനം ഭയന്നാവും അവരിൽ പലരും നിശ്ശബ്ദത പാലിക്കുന്നത്. ഒടുവിൽ ഒരു പെൺകുട്ടി ഉറക്കെ പറഞ്ഞിരിക്കുന്നു, അവൾ ഏറ്റുവാങ്ങിയ അപമാനങ്ങളെക്കുറിച്ച്, പീഡനങ്ങളെക്കുറിച്ച്, കൂടെയുണ്ടാകുമെന്നു കരുതിയ ഒരാൾ കാരണം ഉണ്ടായ അഭിമാന ക്ഷതങ്ങളെക്കുറിച്ച്. നിയമം അവൾക്കൊപ്പം തന്നെയുണ്ടാകണം; നീതി ബോധമുള്ള മനുഷ്യരും.

English Summary: Couple Swapping In Kottayam

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT