ADVERTISEMENT

എഴുപത് വയസ്സിൽ എന്തൊക്കെ ചെയ്യാം? കുട്ടികളെ നോക്കാം, വീടിനു കാവലായി ഇരിക്കാം, അമ്പലത്തിലോ പള്ളിയിലോ ഹജ്ജിനോ പോകാം, കൂട്ടുകാരെ കാണാം, മിണ്ടാം, പച്ചക്കറി നടാം. പിന്നെയെന്താ? "പിന്നെയെന്താ, പിന്നെയൊന്നുമില്ല. സ്വന്തമായി വരുമാനവും നിലനിൽപ്പും ഇല്ലാത്ത പ്രായത്തിൽ മക്കളുടെ താങ്ങിൽ അങ്ങനെ കഴിഞ്ഞു പോയാൽ മതി", ഒരു എഴുപതുകാരി അമ്മൂമ്മ പറഞ്ഞു നിർത്തുന്നു. അങ്ങനെ എല്ലാ സ്ത്രീകൾക്കും ഇങ്ങനെ വലിയ പ്രശ്നങ്ങളൊന്നുമില്ലാതെ "കഴിഞ്ഞു പോകാൻ" പറ്റുന്നുണ്ടോ എന്ന് ചിന്തിക്കേണ്ട കാലമാണ്. കഴിഞ്ഞ വർഷം അവസാനമാണ് തൊണ്ണൂറു വയസ്സിൽ കൂടുതൽ ഉള്ള ഒരമ്മയ്ക്ക് സ്വത്തു മക്കൾക്ക് എഴുതി കൊടുക്കാത്തതിന്റെ പേരിൽ ക്രൂരമർദനം അനുഭവിക്കേണ്ടി വന്നത്. ഇനി സ്വത്ത് എഴുതി കൊടുക്കുന്നവരുടെ അവസ്ഥയെന്താണ്? പടിയിറക്കി വിടലും ക്രൂരമായ പീഡനങ്ങളും തന്നെ. എല്ലായിടത്തെയും അവസ്ഥ അതാണെന്നല്ല, ചിലയിടത്തെങ്കിലും അതുണ്ട് എന്നതാണ് സത്യം.

 

സർക്കാരിന്റെ പെൻഷൻ വരാൻ നോക്കിയിരിക്കുന്ന ഒരമ്മയെ പരിചയമുണ്ട്. എല്ലാ മാസവും അവർ വന്നു ചോദിക്കും, "മക്കളെ പെൻഷൻ ബാങ്കിൽ വന്നോ?" അന്വേഷിച്ചു വന്നെന്നു പറഞ്ഞാൽ എൺപത് വയസ്സോളം ഉള്ള ആ സ്ത്രീ സാരിയും എടുത്തണിഞ്ഞു തനിയെ നടന്നു പോയി മൂന്ന് കിലോമീറ്റർ അപ്പുറത്തുള്ള സഹകരണ ബാങ്കിൽ നിന്ന് അതെടുക്കും. "അതവിടെ കിടന്നോട്ടെ, എന്തെങ്കിലും അത്യാവശ്യത്തിനു എടുക്കാല്ലോ", എന്ന് അവരോടു പറഞ്ഞു നോക്കി. "മോൻ ചോദിച്ചാ എന്ത് പറയും? അവനു ആവശ്യങ്ങളില്ലേ?" അമ്മയുടെ മറുപടി. "അപ്പൊ അമ്മൂമ്മയ്ക്ക് ആവശ്യമില്ല? മരുന്ന് വാങ്ങേണ്ടേ?" എന്ന ചോദ്യത്തിന്, "അതല്ലല്ലോ അത്യാവശ്യം, അവന്റെ കാര്യങ്ങളും വീട്ടുചിലവും അല്ലെ കാര്യം", എന്നാണ് അവരുടെ മറുപടി. ആ സ്ത്രീയ്ക്ക് കിട്ടുന്ന 1700  രൂപയിൽ എങ്ങനെ വീട്ടുകാര്യങ്ങൾ നടക്കുന്നു എന്നൊന്നും ചോദിക്കരുത്. അന്ധമായ വിശ്വാസവും സ്നേഹവും വിധേയത്വവുമാണ് ചില അമ്മമാരുടെ ജീവിതം. പറയുന്നതിനും അറിയുന്നതിനും മറ്റുള്ളവർക്കു പരിധികളുണ്ട്.

 

എന്തുകൊണ്ടാവും അറുപതു കഴിഞ്ഞ ഒരു സ്ത്രീയ്ക്ക് കുടുംബത്തിൽ സ്വന്തമായി തീരുമാനങ്ങൾ എടുക്കാൻ ആകാത്തത്? മക്കളുടെ അഭിപ്രായങ്ങളിലേയ്ക്ക് അവർ ചുരുങ്ങി കൂടേണ്ടി വരുന്നത് എന്തുകൊണ്ടാണ്? അറുപത്തിയഞ്ച് വയസ്സുള്ള സുഭദ്ര ചേച്ചി ആദ്യമായി സ്വന്തം സ്ത്രീ സുഹൃത്തുക്കൾക്കൊപ്പം വാഗമൺ യാത്ര പോയത് കഴിഞ്ഞ ആഴ്ചയാണ്. സാരി ഉടുത്തിരുന്ന ചേച്ചി പെട്ടെന്ന് വസ്ത്രം കുർത്തയും ചുരിദാറും ആക്കി, കെട്ടി വച്ചിരുന്ന മുടി മുഴുവനായി വെട്ടി തോളൊപ്പം ആക്കി, എന്താവും ആ മാറ്റത്തിന് കാരണം? "ഇനിയെത്ര നാളുണ്ടാവും? ഒരു മോൾ ഉണ്ടായിരുന്നത് വിവാഹം കഴിഞ്ഞു സെറ്റിൽ ആയി, ഇനി ഞങ്ങൾ രണ്ടും മാത്രമല്ലെ ഉള്ളൂ. ഇനിയെങ്കിലും നമ്മൾ സ്വന്തം ഇഷ്ടത്തിന് ജീവിക്കണ്ടേ? കുറെ യാത്രകൾ പോണം. മാഷ് (ഭർത്താവ്) എല്ലാത്തിനും കട്ട സപ്പോർട്ട് ആണ്. ഒരു ലേഡീസ് ഗ്രൂപ്പ് ഉണ്ട്, അവർ സ്ത്രീകളെ മാത്രം കൂട്ടി യാത്രകൾ പോകുന്നുണ്ട്. അതിലാണ് വാഗമൺ പോയത്. ഫാമിലിയുടെ കൂടെ പോകുമ്പോൾ എന്തൊക്കെ അരുതുകളാണ്. സ്വാതന്ത്ര്യം ഉണ്ടാവില്ല. പക്ഷേ, ഇത് നമുക്കിഷ്ടം ഉള്ളപ്പോൾ ഭക്ഷണം കഴിക്കാം, ഇഷ്ടം ഉള്ളപ്പോൾ ഉറങ്ങാം, നടക്കാം, ഇതുപോലെ രണ്ടു ദിവസങ്ങൾ ഇതിനു മുൻപ് ജീവിതത്തിൽ ഉണ്ടായിട്ടില്ല" സ്വാതന്ത്ര്യമാണ് ഏതു പ്രായത്തിലും പ്രധാനമെന്ന് സുഭദ്ര ചേച്ചി പറഞ്ഞു വയ്ക്കുന്നു. എന്നാൽ ഈ സ്വാതന്ത്ര്യം എടുക്കാനുള്ള ധൈര്യം എവിടെ നിന്നാണ് ലഭിക്കുക?

 

സാമ്പത്തിക സ്വാതന്ത്ര്യമാണ് ഏതു പ്രായത്തിലും സ്ത്രീകൾക്ക് ഉണ്ടായിരിക്കേണ്ടത്. നല്ല പ്രായത്തിൽ അധ്വാനിക്കാനുള്ള കഴിവും സാഹചര്യവും ഉള്ള പ്രായത്തിൽ അധ്വാനിക്കുകയും പണം സൂക്ഷിച്ചു വയ്ക്കുകയും വേണം. മക്കൾക്ക് കൊടുക്കുന്നതിനുള്ള അളവ് ക്രമപ്പെടുത്തി ഇതൊക്കെ ഒരുകാലത്ത് തനിക്കോ അല്ലെങ്കിൽ മക്കൾക്കോ ഉപകാരപ്പെടുത്താം എന്ന ചിന്ത പ്രധാനമാണ്. പലപ്പോഴും സ്ത്രീകൾ ഭർത്താവിനെ മാത്രം വിശ്വസിച്ച് ജീവിത ചിലവുകൾ നടത്തിയേക്കും, മക്കളുടെ കാര്യവും വീട്ടു കാര്യങ്ങളും നന്നായി നടത്തും, അതിനപ്പുറം ആ അവകാശം മക്കളും മരുമക്കളും ഏറ്റെടുത്തു കഴിഞ്ഞാൽ അമ്മമാരുടെ കയ്യിലെ പണത്തിന്റെ സ്രോതസ്സ് വെട്ടാൻ തുടങ്ങും. ഇതാണ് സാധാരണ വീട്ടമ്മമാരുടെ ജീവിതം എന്ന ചിന്തയിൽ അടിമ ജീവിതം അവർ ആരംഭിക്കുകയായി.

"മകളെ വിവാഹം കഴിപ്പിച്ചതോടെ ഞാൻ ഫ്രീ ആയി. പാർട്ടിയിലും സ്ത്രീ വേദികളിലും കൂടുതൽ പങ്കെടുക്കാൻ തുടങ്ങി. മാഷിന്റെ കവിതൾ എല്ലാം ഒന്നിച്ചു കൂട്ടി പബ്ലിഷ് ചെയ്യാൻ പ്ലാനുണ്ട്. ഇനി ഞങ്ങൾ രണ്ട് പേരും കൂടി ഒരു യാത്ര പോകുന്നുണ്ട്. മാഷിന്റെ അസുഖം കുറഞ്ഞാൽ ഞങ്ങൾ പോകും. "സുഭദ്ര ചേച്ചിയുടെ വിശേഷങ്ങൾ തീരുന്നില്ല. സാമ്പത്തിക സ്വാതന്ത്ര്യം ഉള്ളതുകൊണ്ട് മാത്രമാണ് സുഭദ്ര ചേച്ചിയെ പോലെയുള്ള സ്ത്രീകൾക്ക് സ്വന്തമായി കാര്യങ്ങൾ തീരുമാനിക്കാനും സ്വന്തം ജീവിതം സ്വയം നെയ്തെടുക്കാനും ഈ പ്രായത്തിലും ആവുന്നത്.

 

വയസ്സായ സ്ത്രീകൾക്ക് എന്തിനാണ് കയ്യിൽ പണം , എന്ന ചോദ്യം പൊതുവെ മക്കൾക്കുണ്ട്. അതൊക്കെ ഞങ്ങൾക്കുള്ളതല്ലേ?നിങ്ങള്‍ക്ക് വേണ്ടതെല്ലാം ഞങ്ങൾ തരില്ലേ?മരുന്നും ഭക്ഷണവും തരുന്നില്ലേ? അത്യാവശ്യം സാധനങ്ങൾ വാങ്ങുന്നില്ലേ?അങ്ങനെ എത്ര ചോദ്യങ്ങൾ. ഇതിലെല്ലാം സ്നേഹത്തിന്റെ വൈകാരികത കൂട്ടിക്കലർത്തി മാതൃത്വത്തിന്റെ മനോഹരമായ ഇഴകൾ കൂട്ടി ചേർത്ത് അവർ വൃദ്ധരായ സ്ത്രീകളെ കൂടെ നിർത്തിക്കളയും. ആലോചിക്കുമ്പോൾ അവർക്കും തോന്നിയേക്കാം, ശരിയാണ്. മക്കൾക്കു വേണ്ടിയല്ലാതെ മറ്റാർക്ക് വേണ്ടിയാണ് ജീവിക്കേണ്ടത്? വർഷങ്ങളോളം മക്കൾക്ക് വേണ്ടി മാത്രമാകും അവർ ജീവിച്ചിരുന്നത്. മരണം വരെയും അങ്ങനെ തന്നെ , അതിനിടയിൽ കൊഴിഞ്ഞു പോയ യൗവ്വനവും വസന്തത്തിന് സാധ്യതയുള്ള വർധക്യവുമെല്ലാം ആവശ്യമിലാത്ത കാര്യങ്ങളായി സമൂഹം അവരെ ബോധ്യപ്പെടുത്തി വച്ചിട്ടുണ്ട്. അങ്ങനെയുള്ള സ്ത്രീകളുടെ ഇടയിലാണ് സുഭദ്ര ചേച്ചിയെ പോലെയുള്ളവർ താരങ്ങളാവുന്നത്.

 

വാർദ്ധക്യം ശരിക്കുമൊരു വസന്തമാണ് എന്ന് എന്നാകും നമ്മുടെ അമ്മമാർ കണ്ടെത്തുക? വാര്‍ധക്യത്തിലല്ല, യൗവനത്തിൽ തന്നെ അതിലേക്കുള്ള യാത്രകൾ തുടങ്ങി വയ്ക്കണം. മക്കൾ മാത്രമല്ല ഏതു പ്രായത്തിലും തങ്ങൾക്കും സ്വാതന്ത്ര്യത്തോടെ ജീവിക്കണമെന്ന ബോധത്തിൽ സാമ്പത്തിക സുരക്ഷാ കണ്ടെത്താൻ ശ്രമിക്കണം. യാത്രകൾ പോകാനോ രീതികൾ മാറ്റാനോ മാത്രമല്ല, ആരുടേയും സഹായം ആവശ്യമില്ലാതെ സ്വന്തം കാര്യങ്ങൾ സ്വയം ചെയ്യാൻ പ്രാപ്തരാക്കാൻ കൂടിയാണ്. സ്വന്തം ജീവിതത്തെ സ്നേഹിച്ച് സ്നേഹിച്ച് വാർദ്ധക്യവും ഏറ്റവും മനോഹരമാക്കണം. അത്യാവശ്യത്തിനു മക്കൾക്കും ഭർത്താവിനും സൂക്ഷിച്ചു വച്ച പണം നൽകാം, അതും തനിക്ക് വേണ്ടിയുള്ള പങ്ക് മാറ്റി വച്ച ശേഷം മാത്രം. "സ്ത്രീകൾക്ക് ഏറ്റവും പ്രധാനം സാമ്പത്തിക സമത്വമാണ്", എന്ന സുഭദ്ര ചേച്ചിയുടെ വാചകം പറഞ്ഞുകൊണ്ട് ഈ ചിന്തയ്ക്ക് അടിവരയിടുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com