ADVERTISEMENT

പ്രണയമുണ്ടാവുകയും എന്തെങ്കിലും കാരണത്താൽ അതു വേണ്ടെന്നു വയ്ക്കുകയും ചെയ്യുന്നത് വളരെ സ്വാഭാവികമായൊരു കാര്യമാണ്. എന്നാലും അത്തരം സംഭവങ്ങളിൽ എന്തുകൊണ്ടാവും പെൺകുട്ടികൾ മാത്രം കൊല്ലപ്പെടുകയോ ‘തേപ്പുകാരികൾ’ ആകുകയോ ചെയ്യുന്നത്? പ്രണയത്തിൽ നിന്നിറങ്ങിപ്പോകുന്ന പെൺകുട്ടികളെ കൊലപ്പെടുത്തുക എന്നത് ഇപ്പോൾ ഒരു ‘സാധാരണ’ കാര്യമായി മാറിക്കഴിഞ്ഞിരിക്കുന്നു. അതിനു പ്രായവ്യത്യാസം തന്നെയില്ല. ‘എനിക്കു കിട്ടാത്തത് ആർക്കും വേണ്ട’ എന്ന തോന്നലിൽ ആസിഡും തോക്കും കത്തിയുമൊക്കെ ഉപയോഗിച്ച് ഒരാളെ ഇല്ലാതാക്കുമ്പോൾ, പരസ്പരം അഭിപ്രായങ്ങളെ ബഹുമാനിക്കാനുള്ള സാഹചര്യമാണ് ചോദ്യം ചെയ്യപ്പെടുന്നത്. 

 

തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രന്റെ വിവാഹമാണ് ഇപ്പോൾ ആഘോഷിക്കപ്പെടുന്ന വാർത്തകളിൽ ഒന്ന്. മുൻപുണ്ടായിരുന്ന പ്രണയത്തിൽനിന്ന് ഇറങ്ങി മറ്റൊരാളെ വിവാഹം കഴിക്കുന്നു എന്നതാണ് ഒരു സംഘം ആളുകൾ അവർക്കെതിരെ കാണുന്ന തെറ്റ്. പലരും തേപ്പുപെട്ടിയുടെ ചിത്രങ്ങളിട്ടു പരിഹസിക്കുന്നു. ഒരു നഗരത്തിന്റെ മേയർ എന്നതും എതിർ പാർട്ടിയിലെ അംഗമെന്നതുമൊക്കെ ഈ പരിഹാസത്തിനു കാരണമാണെങ്കിലും ആര്യയുടെ ചുമലിലുള്ള ഏറ്റവും വലിയ കുറ്റം അവർ ഒരു സ്ത്രീയാണ് എന്നതാണ്. കാരണം ഒരു പ്രണയത്തിൽനിന്നു പിൻവാങ്ങി മറ്റൊരാളെ വിവാഹം കഴിച്ചാൽ അതിലെ തെറ്റുകാരി സ്ത്രീ മാത്രമാണെന്ന പൊതുബോധമാണ്. 

 

തേപ്പ് എന്ന വാക്ക് കൂടുതലായി ഉപയോഗിക്കുന്നതു പോലും സ്ത്രീകളെ ഉദ്ദേശിച്ചാണെന്നതാണ് സത്യം. എന്നാൽ എന്തുകൊണ്ടാണ് പ്രണയത്തിൽനിന്നു പെൺകുട്ടികൾ ഇറങ്ങിപ്പോകുന്നത്? എല്ലായ്പ്പോഴും ഒരാൾക്കൊപ്പംതന്നെ ജീവിക്കണോ എന്നത് ഓരോരുത്തരുടെയും തിരഞ്ഞെടുപ്പാണ്. ബന്ധം തുടരാൻ ബുദ്ധിമുട്ടുള്ളവർ പരസ്പരം ബഹുമാനം നിലനിർത്തിക്കൊണ്ട് ഇറങ്ങിപ്പോവുക തന്നെ വേണം. തന്നിൽനിന്നു വിട്ടു പോയൊരാളെക്കുറിച്ച് സാമൂഹ മാധ്യമങ്ങളിൽ മോശമായി ആരോപണങ്ങൾ ഉന്നയിക്കുന്നവരും അതിനെ ഏറ്റുപിടിക്കാനെത്തുന്ന ആളുകളും പ്രണയത്തിലെ കൊലപാതകങ്ങൾക്കുപോലും കൂട്ടു നിൽക്കുന്നവരായി മാറിയേക്കാം. വിദ്യാഭ്യാസപരമായും സാമൂഹികമായും ഏറെ ഉന്നതമായി ചിന്തിക്കുന്നവരും പ്രവർത്തിക്കുന്നവരുമാണ് മലയാളികൾ എന്നാണ് വയ്പ്. എന്നാൽ പലപ്പോഴും ഇത്തരം വാർത്തകൾക്കു താഴെ കാണാം ശരാശരി മലയാളിയുടെ ‘ഫ്രസ്ട്രേഷൻ’. ആര്യയുടെ തന്നെ പല സോഷ്യൽ മീഡിയ പോസ്റ്റുകളുടെയും താഴെ അത്തരക്കാർ പരിഹാസങ്ങൾ ചൊരിയുന്നു.

ബന്ധത്തിൽ ഉലച്ചിൽ തട്ടിക്കഴിഞ്ഞ് ഇറങ്ങിപ്പോരാൻ തോന്നിയാൽപോലും സമൂഹത്തിന്റെയും കടപ്പാടിന്റെയും കുഞ്ഞുങ്ങളുടെയുമൊക്കെപേരിൽ ആ ബന്ധത്തിൽത്തന്നെ നിന്നുപോകുന്നവരാണ് മിക്ക മനുഷ്യരും. പ്രത്യേകിച്ചു സ്ത്രീകൾ. തികച്ചുമൊരു തട്ടിക്കൂട്ടൽ ബന്ധമാണ് പിന്നെ. പക്ഷേ സമൂഹത്തിന് അപ്പോഴും അവർ അംഗീകരിക്കപ്പെട്ടവരാണ്. കാരണം അവൾ ആണിന്റെ ഒപ്പം അവന്റെ സാമൂഹിക പരിസ്ഥിതിയിൽ ജീവിക്കുന്നു. എന്നാൽ ഒരിക്കൽ അവൾ എല്ലാം ഇട്ടിറങ്ങിപ്പോന്നാൽ സമൂഹത്തിൽ അവളുടെ വില ഇടിയുകയായി, അവൾ തേപ്പുകാരിയായി. ഒരു സ്ത്രീക്ക് തന്റെ ബന്ധങ്ങളിൽനിന്ന് ഇറങ്ങിപ്പോരാൻ ഒരുപാടു കാരണങ്ങളുണ്ടാവാം, അതൊന്നും സമൂഹത്തെയോ കുടുംബത്തെയോ പോലും ബോധ്യപ്പെടുത്തേണ്ടതില്ല. ഏതൊരു ബന്ധവും സമാധാനവും സന്തോഷവുമാണ് ആഗ്രഹിക്കുന്നതും നേടേണ്ടതും. അസ്വസ്ഥവും പ്രയാസമനുഭവിക്കുന്നതുമായ ബന്ധങ്ങൾക്കിടയിലെ സ്നേഹവും തുടർച്ചയും അത്ര എളുപ്പമാവില്ല. അങ്ങനെയുള്ളപ്പോൾ ഇറങ്ങിപ്പോകുന്നവർ തന്നെയാണ് കയ്യടി നേടേണ്ടത്. 

ആര്യയുടെ ജീവിതത്തിൽ എന്താണ് നടക്കുന്നത് എന്നു നോക്കേണ്ട ബാധ്യത പൊതുജനങ്ങൾക്കില്ല. ഒരു മേയർ എന്ന നിലയിൽ അവരുടെ പ്രവർത്തനങ്ങളെ വിമർശിക്കാം, ചോദ്യം ചെയ്യാം, പക്ഷേ ഒരു സ്ത്രീ എന്ന നിലയിൽ അവർക്ക് സ്വന്തം ജീവിതത്തിൽ നിലപാടുകൾ എടുക്കാനുള്ള ആർജ്ജവവും അവകാശവുമുണ്ട്. അതിനെ ചോദ്യം ചെയ്യുകയും ട്രോളുകയും ചെയ്യുന്നത് ഏറ്റവും വലിയ സാമൂഹിക നീതികേടു തന്നെയാണ്.

English Summary: Cyber Attack Against Trivandrum Mayor Arya Rajendran

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT