നോക്കാനാവില്ലെന്ന് മക്കൾ; പുഴുവരിച്ച് അശരണരായി അമ്മമാർ; വാർധക്യത്തിലെ നീതി നിഷേധങ്ങൾ

old-woman
Image Credit: Shutterstock
SHARE

എത്ര മനോഹരമായ കാഴ്ചയായിരുന്നു അത്. അമ്മയുടെ കയ്യിൽ മുറുകെ പിടിച്ച് ജോമോൻ വാടകവീട്ടിലേക്ക് കയറുന്നു. 6 വർഷം മുൻപ് വിധി രണ്ട് ഇടത്താവളങ്ങളിലേക്ക് വേർപെടുത്തിക്കളഞ്ഞ ആ അമ്മയും മകനും കഴിഞ്ഞ ദിവസം വീണ്ടും ഒരേ മേൽക്കൂരയ്ക്കു കീഴിൽ ഒന്നിച്ചൊരു ജീവിതം തുടങ്ങിയതാണ്. കൊല്ലത്തു നിന്നായിരുന്നു ആ സന്തോഷവാർത്ത. അമ്മ ബിന്ദുവിന് അസുഖമായതോടെയാണ് അന്ന് എട്ടാം ക്ലാസുകാരനായിരുന്ന മകൻ ജോമോനും അമ്മയും രണ്ടു വഴിക്കു പിരിയേണ്ടിവന്നത്. ബിന്ദു മഹിളാന്ദിരത്തിലും ജോമോൻ ഗവ. ചിൽഡ്രൻസ് ഹോമിലും എത്തിപ്പെട്ടു. 18 വയസ്സായതോടെ പ്ലസ് ടു പഠനം പൂർത്തിയാക്കി അവിടെ നിന്ന് ഇറങ്ങിയ ജോമോൻ പഠിച്ചും ഒപ്പം ജോലി ചെയ്തും പണം കണ്ടെത്തി ഒരു വാടകവീട് ഒരുക്കി. കഴിഞ്ഞ ദിവസം അമ്മയോടൊപ്പം ആ മകൻ അവിടേക്ക് നടന്നുകയറി. ഇരുപതു വയസ്സ് തികയാത്ത കുട്ടിയാണവൻ. അമ്മയെ സംരക്ഷിക്കാനും തന്റെ പഠനം മുടങ്ങാതെ നോക്കാനും അത്യധ്വാനം ചെയ്യേണ്ടി വരുമെന്ന് അറിഞ്ഞുകൊണ്ടു തന്നെയാണ് ജോമോൻ ആ ചുമതല ഏറ്റെടുക്കുന്നത്. 

ജോമോന്റെ കഥ പത്രത്തിൽ വായിച്ചതിന് ഏതാനും ദിവസം മുൻപാണ് ആറ്റിങ്ങലിലും ഇടുക്കിയിലും നിന്ന് ഓരോ അമ്മമാരുടെ ദുരിതജീവിതം വായനക്കാരുടെ ഉള്ളുപൊള്ളിച്ച് വാർത്തകളിൽ നിറഞ്ഞത്. ആറ്റിങ്ങലിൽ എൺപത്തഞ്ചുകാരിയായ അമ്മയെ സംരക്ഷിക്കുന്നതിനെ ചൊല്ലി മക്കൾ തമ്മിലുണ്ടായ തർക്കം നിമിത്തം അവശനിലയിൽ ശരീരത്തിൽ ട്യൂബും ഘടിച്ചിപ്പ് വയോധികയ്ക്ക് മകളുടെ വീടിന് മുന്നിൽ ആംബുലൻസിൽ കിടക്കേണ്ടി വന്നത് 4 മണിക്കൂർ! പത്തു മക്കളുടെ അമ്മയ്ക്കാണ് ഈ ദുർഗതിയുണ്ടായത്. ഇടുക്കി നെടുങ്കണ്ടത്താകട്ടെ, വീഴ്ചയിൽ നട്ടെല്ലിനു ക്ഷതമേറ്റ് കിടപ്പിലായ അറുപത്തെട്ടുകാരിക്കാണ് മക്കൾ സംരക്ഷിക്കാതെ ദേഹം മുഴുവൻ വ്രണങ്ങളുമായി നരകയാതന അനുഭവിക്കേണ്ടിവന്നത്. അധികൃതർ ഇടപെട്ട് ആശുപത്രിയിലേക്ക് മാറ്റാൻ തയാറായിട്ടു പോലും മകൻ പറഞ്ഞത് ‘നോക്കാനാവില്ല, ഏതെങ്കിലും അനാഥാലയത്തിൽ ആക്കിയേക്കൂ’ എന്നാണ്. ഇടുക്കിയിൽ നിന്ന് തന്നെ വന്ന മറ്റൊരു വാർത്തയിൽ സ്വന്തം ചികിത്സയ്ക്കായി പറമ്പിൽ നിന്ന് പാഴ്മരങ്ങൾ മുറിച്ച അമ്മയെ ആക്രമിച്ച് പരുക്കേൽപ്പിച്ചത് മകളാണ്.

എവിടെനിന്നാണ് നമ്മളീ ക്രൂരതകൾ പഠിച്ചെടുത്തത്? ‘അമ്മയെ ആണെനിക്കിഷ്ട’മെന്നും ‘അച്ഛനേറ്റ വെയിലാണ് ഞാൻ കൊള്ളുന്ന തണലെ’ന്നുമൊക്കെ മാതൃദിനത്തിലും പിതൃദിനത്തിലും തട്ടിമൂളിക്കുന്നിടത്ത് തീരുകയാണോ പലരുടെയും അച്ഛനമ്മസ്നേഹം. നന്നായൊന്ന് ഉണ്ണാതെ, ഉറങ്ങാതെയാണ് 99% അച്ഛനമ്മമാരും മക്കളെ വളർത്തിയെടുക്കുന്നത്. നാൽപ്പതോ അൻപതോ വർഷങ്ങൾക്കു മുൻപുള്ള ജീവിതങ്ങളാകുമ്പോൾ ഇന്നത്തെ സൗകര്യങ്ങളോ സർക്കാർ ആനുകൂല്യങ്ങളോ പോലുമില്ലാതെ ഏറെ വറുതിയിലൂടെയാകും നമ്മുടെ നാട്ടിലെ മിക്കവാറും വീടുകൾ കടന്നുപോയിട്ടുണ്ടാവുക. അന്ന് മക്കളെയൂട്ടി ഒഴിഞ്ഞ വയറോടെ കിടന്നുറങ്ങിയവരാണ് ഇന്ന് മക്കൾ മൃഷ്ടാന്നമുണ്ണുമ്പോൾ ഇറ്റ് വറ്റ് കൊടുക്കാൻ ആരുമില്ലാതെ അശരണരായി മാറുന്നത്. മകൻ / മകൾ കൈക്കുഞ്ഞായിരുന്ന കാലങ്ങളിൽ അവർ ഉറങ്ങാൻ കൂട്ടാക്കാത്ത രാത്രികളിൽ ആ അമ്മയച്ഛന്മാർ മണിക്കൂറുകളോളം എടുത്തു നടന്നിട്ടുണ്ടാകും. കുഞ്ഞ് മൂത്രമൊഴിച്ചോ, അപ്പിയിട്ടോ എന്നു നോക്കി മണിക്കൂർ ഇടവിട്ട് ഉണർന്നിട്ടുണ്ടാകും. പകലത്തെ അലച്ചിലിന്റെ ക്ഷീണത്തിനൊടുവിൽ കിട്ടുന്ന ഇത്തിരി ഉറക്കത്തിന്റെ സ്വാസ്ഥ്യത്തിലും അവർ കുഞ്ഞ് ഞരങ്ങിയാൽ ഞെട്ടിയുണരും. ആ അമ്മയെ, അച്ഛനെ നോക്കാനായി ഒന്നോ രണ്ടോ രാത്രി ഉണർന്നിരിക്കുന്നതിന്റെ പേരിലാണ് മക്കൾ പരസ്പരം കണക്ക് പറയുന്നത്. എല്ലുമുറിയെ പണിയെടുത്തു സമ്പാദിച്ച ഇത്തിരി മണ്ണ് വീതം വച്ചപ്പോൾ ഉണ്ടായ ഏറ്റക്കുറച്ചിലിന്റെ പേരിലാണ് അവർ എക്കാലത്തേക്കും മക്കൾക്ക് ശത്രുക്കളായി മാറുന്നത്. സഹജീവിയോട് പോലും ചെയ്യരുതാത്ത ക്രൂരതകൾ അവരോട് ചെയ്തുകൂട്ടുന്നത്.

മക്കളെ കുറ്റപ്പെടുത്തുന്നതോടൊപ്പം നമ്മുടെ സർക്കാർ സംവിധാനങ്ങളും പ്രതിക്കൂട്ടിലാകുന്നുണ്ട്. വയോജനക്ഷേമത്തിനു വേണ്ടി വിശദമായ പദ്ധതികൾ തന്നെ വിഭാവനം ചെയ്തിരുന്നതാണ് ഇടതു മുന്നണിയുടെ കഴിഞ്ഞ തിരഞ്ഞെടുപ്പിലെ പ്രകടനപത്രിക. അതിൽ പറഞ്ഞിരിക്കുന്ന വയോജന സർവേ നിശ്ചയമായും നടപ്പാക്കുക തന്നെ വേണം. അതിലൊക്കെ ഉപരിയായി എല്ലാ വാർഡുകളിലും വയോ ക്ലബ്ബുകൾ ആരംഭിക്കുമെന്ന വാഗ്ദാനമുണ്ടായിരുന്നു. കുടുംബശ്രീക്കാവും ചുമതലയെന്നും പറഞ്ഞിരുന്നു. നടപ്പാക്കാൻ ഏറ്റവും എളുപ്പമുള്ളതും ഫലസാധ്യത ഉറപ്പുള്ളതുമായ പദ്ധതിയാണിത്. കുടുംബശ്രീയിലെ സ്ത്രീകൾ ഏറ്റെടുത്ത എല്ലാ പദ്ധതികളും തന്നെ വിജയിപ്പിച്ചവരാണ്. ഏത് വീട്ടകങ്ങളിലും കയറിച്ചെല്ലാനും ഏറ്റം പ്രിയത്തോടെ വയോജനങ്ങളുമായി ഇടപഴകാനും അവർക്കാകും. കിടപ്പുരോഗികൾക്ക് പ്രത്യേക പരിചരണം നൽകാൻ സാന്ത്വന പ്രവർത്തകർക്കു പ്രത്യേക പരിശീലനം നൽകുമെന്നു പ്രകടനപത്രികയിലുണ്ടായിരുന്നു. പലപ്പോഴും വേണമെന്ന് വച്ചാൽ പോലും കുടുംബാംഗങ്ങൾക്ക് കിടപ്പുരോഗികൾക്ക് ആവശ്യമായ പരിചരണം നൽകാൻ കഴിയാറില്ല. ആ അവസ്ഥയ്ക്ക് സാന്ത്വന പരിപാലന ശൃംഖലയുടെ സേവനം പരിഹാരമാകും.

മുതിർന്ന പൗരന്മാരുടെ ക്ഷേമകാര്യങ്ങളിൽ ബോധവത്കരണം നൽകുന്നതിനായി വിദ്യാലയങ്ങളിൽ സാമൂഹികനീതി വകുപ്പ് ക്ലാസുകളും ശിൽപശാലകളും സംഘടിപ്പിച്ചു തുടങ്ങിയിട്ടുണ്ട്. സ്വന്തം കുടുംബത്തിലോ അയൽവീടുകളിലോ ഉള്ള പ്രായമേറിയവരുടെ ക്ഷേമം തങ്ങളുടെ കൂടി ഉത്തരവാദിത്തമാണെന്ന ബോധത്തോടെ പുതുതലമുറ വളർന്നു വന്നാൽ അത് സമൂഹത്തിനാകെ പ്രസാദാത്മകമായ മാറ്റത്തിനു വഴി തെളിക്കും. കുഞ്ഞുങ്ങൾ നാടിന്റെ സമ്പത്താണെന്നതു പോലെ വയോജനങ്ങൾ സമൂഹത്തിന്റെ മുഴുവൻ പൈതൃകമാണ്. ഒരു ജന്മം മുഴുവൻ വീടിനും നാടിനും വേണ്ടി എരിഞ്ഞുതീർന്ന അവരെ പാഴ്‌വസ്തുക്കളെന്ന പോലെ വീടിന്റെ ഇരുണ്ട മൂലകളിലോ, തെരുവിലോ തള്ളുന്നത് ശാപകാലത്തിന്റെ തുടക്കമാണെന്ന് ഓരോരുത്തരും സ്വയം ഓർമിപ്പിക്കുക. അവരുടെ സ്ഥാനം ഓരോ വീടിന്റെയും സുപ്രധാന ഇടങ്ങളിലാകട്ടെ, പിന്നെ നമ്മുടെ ഹൃദയത്തിലും.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഇത് പാവപ്പെട്ടവന്റെ സ്വർഗം! | 10 Lakh House | Hometour

MORE VIDEOS
FROM ONMANORAMA