ADVERTISEMENT

എന്താണ് ലിംഗ സമത്വം? എവിടെയൊക്കെയാണ് അത് നടപ്പിലായിട്ടുള്ളത്? എന്ന ചോദ്യം എല്ലാകാലവും പ്രസക്തിയുള്ളതാണ്. ആരും മറ്റൊരാളേക്കാൾ മികച്ചതോ മോശമോ അല്ല.  എല്ലാവരും തുല്യരാണെന്നുമുള്ള വാദമാണ് ലിംഗസമത്വം പറഞ്ഞു വയ്ക്കുന്നത്. പാട്രിയാർക്കിയുടെ അധീശത്വം ഏതു കാലത്തും എല്ലാ നാടുകളിലുമുണ്ടായിരുന്നു എന്നതിന് നിരവധി ഉദാഹരണമുണ്ട്. ഇപ്പോൾ, ഈ കാലത്താണ് തുല്യത ചർച്ചാ വിഷയമായതും അതിന്റെ സാദ്ധ്യതകൾ അന്വേഷിച്ചു തുടങ്ങിയതും. അതിനു കാരണം നാളുകളായി സ്ത്രീ സമൂഹം നടത്തി വരുന്ന തുല്യതയ്ക്ക് വേണ്ടിയുള്ള സമരമാണ്. പലപ്പോഴും അടിസ്ഥാന വിഷയങ്ങളിലാണ് അവൾക്ക് അഭിമാനം നഷ്ടപ്പെടുന്ന സാഹചര്യമുണ്ടാവുന്നത്. ഒരുപാടു ചോദ്യം ചെയ്യലുകളുടെയും സമരങ്ങളുടെയും ഭാഗമായി ഇത്തവണ ഐക്യരാഷ്ട്ര സഭ വനിതാ ദിനത്തിൽ ലിംഗ സമത്വം ആപ്തവാക്യമാക്കി ഏറ്റെടുത്തിരിക്കുന്നു. "-സുസ്ഥിരമായ നാളേയ്ക്ക് വേണ്ടി ലിംഗ സമത്വത്തിലൂന്നിയ ഇന്ന്- " എന്നതാണ് അത്. ഈ വിഷയത്തിൽ വ്യത്യസ്ത ഇടങ്ങളിൽ പ്രവർത്തിക്കുന്ന സ്ത്രീകൾ അഭിപ്രായം പറയുന്നു. 

തുല്യത ഉറപ്പു വരുത്തണം: അഡ്വ. പി സതീദേവി (വനിതാകമ്മിഷൻ അധ്യക്ഷ)

യുദ്ധത്തിന്റെ പശ്ചാത്തലത്തിലും സങ്കീർണമായ ലോക സാഹചര്യത്തിലുമാണ് ഇത്തവണ വനിതാ ദിനം ആചരിക്കുന്നത്. യുദ്ധ സാഹചര്യങ്ങൾ ലോകത്ത് എവിടയുമുള്ള സ്ത്രീകളെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. -സുസ്ഥിരമായ നാളേയ്ക്ക് വേണ്ടി ലിംഗ സമത്വത്തിലൂന്നിയ ഇന്ന്- എന്നതാണ് ഐക്യ രാഷ്ട്ര സഭ ഉയർത്തുന്ന വനിതാദിന സന്ദേശം. ലിംഗ സമത്വം കൈവരിക്കാൻ ഉതകുന്ന സാമൂഹിക അന്തരീക്ഷം എല്ലാ രാജ്യങ്ങളിലും ഉണ്ടാവാൻ ഉള്ള സന്ദേശമാണത്. ശുഭാപ്‌തിവിശ്വാസത്തോടെ ആത്മവിശ്വാസത്തോടെ സ്ത്രീകൾക്ക് ലഭ്യമായിട്ടുള്ള അവകാശങ്ങൾ ഉറപ്പ് വരുത്താനുള്ള, ഇടപെടലുകൾ എല്ലാ രാഷ്ട്രങ്ങളിലും ഉറപ്പു വരുത്തേണ്ടതുണ്ട്. നമ്മുടെ കാര്യം പറയുകയാണെങ്കിൽ സ്വാതന്ത്ര്യം കിട്ടി ഏഴു പതിറ്റാണ്ടു കഴിഞ്ഞിട്ടും ഇന്നും ഭരണ ഘടന അനുശാസിക്കുന്ന ലിംഗ സമത്വം അതിന്റെതായ രീതിയിൽ അനുകൂലിക്കുന്ന രാഷ്ട്രീയ സാഹചര്യം വന്നെത്തിയിട്ടില്ല.

പ്രപഞ്ചത്തിലുള്ള എല്ലാത്തിന്റെയും പകുതിയുടെ അവകാശം സ്ത്രീകൾക്കുണ്ടെന്ന ഭരണഘടനാ പ്രഖ്യാപനം നിലനിൽക്കുമ്പോഴും അത് വിഭാവനം ചെയ്യുന്ന തുല്യത ഉറപ്പ് വരുത്തുന്ന നയസമീപനം ഇപ്പോഴും നടപ്പിൽ വന്നിട്ടില്ല. നിയമ നിർമാണ വേദികളിൽ, നയ രൂപീകരണ സമിതികളിൽ , തീരുമാനമെടുക്കേണ്ട ഇടങ്ങളിൽ ഇപ്പോഴും സംവരണം നടപ്പിലായിട്ടില്ല. മൂന്നിൽ ഒന്ന് സംവരണം എന്നത് പോലും നടന്നിട്ടില്ല. രാജ്യസഭാ പാസാക്കിയ വനിതാ സംവരണബിൽ ഇപ്പോഴും ഏട്ടിലെ പശു ആയി നിൽക്കുന്നു. തുല്യത എന്നത് നടപ്പിലാക്കാൻ ഇനിയും ബഹുകാലം നമ്മൾ മുന്നോട്ടു പോകേണ്ടതുണ്ട് . സ്ത്രീയെ സഹജീവികളായി കാണുന്ന മാനസിക അവസ്ഥ രൂപപ്പെടുത്തിയെടുക്കാനുള്ള ഇടപെടലുകൾ ശക്തിപ്പെടേണ്ടതുണ്ട്. വീടിന്റെ അകത്തളങ്ങളിൽ, തൊഴിലിടങ്ങളിൽ, എല്ലാ ഇടങ്ങളിലും ഈ ഇടപെടലുകൾ ഉണ്ടാവണം. 

കൊറോണ വൈറസിന്റെ വ്യാപനം മൂലം ഉണ്ടായ സാഹചര്യങ്ങളിൽ, ഗാർഹിക പീഡനങ്ങൾ ഒക്കെ വർധിക്കുന്നു എന്ന റിപ്പോർട്ടുകൾ ഉണ്ടാവുന്നു. ആൺകുട്ടികൾക്കും പെൺകുട്ടികളും തുല്യമായ പരിഗണ വീടിനുള്ളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും തൊഴിലിടങ്ങളിലും എല്ലാം ഉണ്ടാവേണ്ടതുണ്ട്. രാജ്യത്ത് നിലവിലുള്ള നിയമങ്ങൾ പോലും പാലിക്കപ്പെടുന്നില്ല എന്ന യാഥാർഥ്യവും ചർച്ച ചെയ്യണം. 2013 ൽ പാസാക്കിയതാണ് തൊഴിലിടങ്ങളിലെ ലൈംഗിക പീഡനം നിരോധിച്ച നിയമം. പരാതി പരിഹാര സംവിധാനം പോലും പലയിടത്തും ഇന്നും നിലവിൽ വന്നിട്ടില്ല. ആത്മാഭിമാനത്തോടെ പണിയെടുക്കാനുള്ള അവസരങ്ങൾ അവർക്ക് നൽകണം. പൊതു ഇടങ്ങളിൽ സ്ത്രീകളുടെ ആത്മാഭിമാനവും സ്വാതന്ത്ര്യവും മാന്യതയും അംഗീകരിക്കാനുള്ള നിലപാടുകൾ ഉയർന്നു വരേണ്ടതുണ്ട്. കേരള വനിതാ കമ്മീഷൻ അത്തരത്തിലുള്ള ഇടപെടലുകൾ നടത്തുന്നുണ്ട്. മാർച്ച് ആറാം തീയതി വനിതാ പാർലമെന്റ് അവതരിപ്പിച്ചിരുന്നു. പലയിടങ്ങളിലും സ്ത്രീകൾ അനുഭവിക്കുന്ന പ്രശ്നങ്ങൾ ചർച്ച ചെയ്തിരുന്നു, ഒപ്പം ആത്മവിശ്വാസത്തോടെ മുന്നോട്ടു വന്നിട്ടുള്ള സ്ത്രീകളെ ആദരിക്കുകയും ചെയ്തു.

സ്ത്രീകളിൽ ഇല്ലാതെ മനുഷ്യരാശിക്ക് നിലനിൽപ്പില്ല: ലെന (ചലച്ചിത്ര താരം)

നമുക്കിപ്പോൾ ഒരു നാണയം കിട്ടുന്നു, അതിനു ഹെഡും ടെയിൽസും ഉണ്ടാവും. അതുപോലെ തന്നെയാണ് മനുഷ്യരും. സ്ത്രീയും പുരുഷനും അവിടെ ഉണ്ടാവണം, രണ്ടു വശവും വേണം. ഒരു വശം മാത്രമായി നിലനിൽപ്പില്ല. സത്യത്തിൽ സമാനമായ വിലയാണ് പ്രധാനം. സ്ത്രീ ആയാലും പുരുഷനായാലും മൂല്യം തുല്യമായിരിക്കണം. കാലാകാലങ്ങളായി അവസ്ഥകൾ മാറുന്നുണ്ട്. ചരിത്രത്തിലേക്ക് ഇതിന്റെ ചർച്ചകൾക്ക് വേണ്ടി നമുക്ക് പോകേണ്ട കാര്യമില്ല. മനുഷ്യർ ഉണ്ടായിട്ടു തന്നെ അത്രയും വർഷങ്ങളെ ആയിട്ടുള്ളൂ, നമ്മളിപ്പോഴും വളർന്നു കൊണ്ടേയിരിക്കുന്ന ഒരു ജീവി വിഭാഗമാണ്. നമ്മുടെ കാഴ്ചപ്പാടുകളും പക്വതയുമെല്ലാം കാലത്തിനനുസരിച്ച് മാറി വരും. ഒരു നാണയത്തിനു രണ്ടു വശങ്ങളുണ്ട് എന്നൊരു തിരിച്ചറിവുണ്ടാവുക എന്നത് പോലും ആ പക്വതയുടെ ഭാഗമാണ്. ഇപ്പോഴുള്ള തലമുറ ഇതിനു മുൻപുള്ള തലമുറയുടെ തെറ്റുകളും അനുഭവങ്ങളും കണ്ടാണ് പഠിക്കുന്നത്. അതിൽ നിന്ന് കൂടുതൽ ബെറ്റർ അവനാണ്‌ നമ്മൾ ശ്രമിക്കുന്നത്. ഓരോ മനുഷ്യരും അവരവരുടെ കാര്യങ്ങൾ ഉത്തരവാദിത്തത്തോടു കൂടി ചെയ്താൽ അത് ശരിയായി വരും. കുറച്ചു ക്ഷമയോടെ കാത്തിരിക്കുക, അത്രയേ വേണ്ടൂ.

കേരളത്തിൽ ഇപ്പോഴും ലിംഗസമത്വം ഇല്ല: ഷാനി പ്രഭാകരൻ (മാധ്യമപ്രവർത്തക)

കേരളത്തിൽ സ്ത്രീ സമൂഹം തന്നെ ഈ വിഷയം ഏറ്റവും ഗൗരവത്തിൽ കാണേണ്ട സമയം എപ്പോഴോ കഴിഞ്ഞു പോയി. ഇപ്പോൾ ലിംഗ സമത്വത്തിന്റെ കാര്യത്തിൽ നമ്മളനുഭവിക്കുന്ന പ്രാഥമികമായ പ്രശ്നം നാൽപ്പതു കൊല്ലം മുൻപുള്ള പ്രശ്നം പോലും ഇതുവരെ പരിഹരിക്കപ്പെട്ടിട്ടില്ല എന്നതാണ്. ഞാൻ വളരെ അപൂർവമായിട്ടാണെങ്കിലും മറ്റു സംസ്ഥാനങ്ങളിലും മറ്റു രാജ്യങ്ങളിലും യാത്ര ചെയ്തിട്ടുണ്ട്. പക്ഷേ, കേരളത്തിലെ പോലെ പബ്ലിക് ടോയ്‌ലറ്റ് എന്ന ആവശ്യം ഇതുവരെയും സാധിച്ചെടുക്കാനായിട്ടില്ലാത്ത ഇത്ര പുരോഗമിച്ച ഒരിടം ഞാൻ കണ്ടിട്ടില്ല. കേരളത്തിലേക്കാൾ എത്രയോ കൂടുതൽ സ്ത്രീകൾ രാഷ്ട്രീയത്തിൽ ഇടപെടുന്ന സംസ്ഥാനങ്ങൾ പലതുണ്ട്. അത് പ്രധാനപ്പെട്ട കാര്യമാണ്. നമ്മുടെ ചലനങ്ങളെ , പബ്ലിക്ക് ജീവിതത്തെ ബാധിക്കുന്നതാണ്. എന്നിട്ടും അത് പ്രധാനമായ ഒരു വിഷയമായി നമുക്ക് ഉയർത്തിക്കൊണ്ട് വരാൻ സാധിച്ചിട്ടില്ല. പുരോഗമനം പറയുന്ന നമ്മുടെ സംസ്ഥാനത്ത് സ്ത്രീകൾ ഇപ്പോഴും തീരുമാനം എടുക്കാൻ തക്ക പദവികളിൽ എത്തുന്നില്ല, അഥവാ എത്തുന്നത് പോലും പുരുഷന്മാരുടെ ഔദാര്യം പോലെയാണ്. സ്ത്രീകൾ തന്നെ ഇതിനെ ഗൗരവമായി അഡ്രസ്സ് ചെയ്യണം.

ഒരു സംഘടനയിൽ, ഉന്നത സമിതിയിൽ ഇത്രയധികം ഒരേ പ്രവർത്തന പാരമ്പര്യമുള്ള ഇടങ്ങളിൽ സ്ത്രീകളുടെ പ്രാതിനിധ്യം എത്രയോ കുറവാണ്. കാരണം എന്താണെന്നു ചോദിച്ചാൽ പ്രായോഗിക പ്രശ്നമാണ് പറയുന്നത്. എന്താണ് ഞങ്ങളുടെ പ്രശ്നം എന്നത് തുറന്നു പറയേണ്ടതല്ലേ, ആ പ്രശ്നം പരിഹരിക്കാൻ ഞങ്ങൾ ശ്രമിക്കാം. ഞങ്ങളുടെ ഭരണ സാരഥ്യം ശരിയാവുന്നില്ലെങ്കിൽ, അതിന്റെ കാരണമെന്താണ്, അത് ഞങ്ങളോട് നേരിട്ട് സംസാരിക്കൂ, ഞങ്ങളത് തിരുത്താൻ തയ്യാറാണ്. ഒരു സ്ത്രീ അവിടേയ്ക്ക് എത്താൻ എന്തൊക്കെ സ്‌കിൽസ് വേണം. അത് ഞങ്ങൾ ആർജ്ജിക്കാൻ തയ്യാറാണ്. പക്ഷേ, അത് കൃത്യമായി പറയണം. ഇതൊക്കെ കളക്റ്റീവ് ആയി തന്നെ സ്ത്രീകൾ സമൂഹത്തിൽ ചെയ്യണം.

ഭയക്കാതെയിരിക്കുക. സൈബർ ഇടത്തിലേക്ക് വന്നാൽ നിശ്ശബ്ദയാക്കാൻ സംഘടിതമായി നടത്തുന്ന അക്രമണങ്ങളുണ്ട്. രാഷ്ട്രീയപരമായി ഒക്കെ സംസാരിക്കുന്ന സ്ത്രീകളെ അവർ സ്ത്രീ ആയതുകൊണ്ട് എതിർക്കുമ്പോൾ അതിനെ ഒരുമിച്ച് നിന്ന് സ്ത്രീകൾ തന്നെ എതിർക്കണം. നിങ്ങൾ ഞങ്ങളെ മനുഷ്യർ എന്ന നിലയിൽ എതിർക്കൂ, അല്ലാതെ സ്ത്രീ എന്ന നിലയിൽ അത് വരുമ്പോൾ അവിടെ വേർതിരിവുകളുണ്ട്. ലൈംഗിക അധിക്ഷേപങ്ങളും സംഘടിതമായ സൈബർ ബുള്ളിയിങ്ങും വച്ച് ഞങ്ങളെ നേരിടരുത്. ചെറിയ കൂട്ടങ്ങളായിട്ടൊക്കെ സ്ത്രീകളെ ഒതുക്കാൻ സമൂഹം കാണിക്കുന്ന തന്ത്രം നമ്മൾ തിരിച്ചറിയണമെന്നാണ് പറയാനുള്ളത്.

 

ഇത് ഞങ്ങൾ പൊരുതി നേടിയ സ്ത്രീത്വമാണ്: രഞ്ചു രെഞ്ജിമാർ (ട്രാൻസ് ജെൻഡർ ആക്ടിവിസ്റ്റ്)

 

പല വർഷങ്ങളിലും പേപ്പറിൽ എഴുതി വയ്ക്കാൻ മാത്രം പറ്റുന്ന ഒരു വാക്കായാണ് വനിതാദിനം തോന്നാറുള്ളത്. പക്ഷേ, ഇത്തവണ വനിതാദിനത്തിൽ ഇക്വാളിറ്റിയുടെ അർത്ഥമെന്താണെന്ന രീതിയിൽ വരുന്നുണ്ട്. കാരണം കഴിഞ്ഞ വർഷങ്ങളിലൊക്കെ മാറ്റി നിർത്തിയിരുന്ന ഞങ്ങളെപ്പോലെയുള്ളവരെ ഈ വർഷം പലരും ഉൾപ്പെടുത്തി വനിതാദിനങ്ങൾ ആഘോഷിക്കുന്നു. വരുന്ന വർഷങ്ങളിലൊക്കെ എന്താകുമെന്നറിയില്ല. ആ വാക്കിന്റെ പൂർണരൂപത്തിൽ വരുമെന്ന് തന്നെ കരുതുന്നു, അതിനായാണ് ഞങ്ങളൊക്കെ പോരാടുന്നതും. ഈ വർഷം ഒരുപാടു സന്തോഷമുണ്ട് ആഘോഷിക്കാൻ.  നിങ്ങളെന്തിനാണ് വനിതാ ദിനം ആഘോഷിക്കുന്നത്, നിങ്ങൾക്ക് യൂട്രസ് ഉണ്ടോ, നിങ്ങളെന്തിനാണ് സ്ത്രീകളായി മാറുന്നത്, സ്ത്രീകളുടെ ഗുണങ്ങളൊന്നുമില്ലല്ലോ, നിങ്ങൾക്ക് പ്രസവിക്കാനാവില്ലല്ലോ, എന്നൊക്കെ പറയുന്നവരുണ്ട്. അവരോടു മധുരമായി ഞങ്ങൾ പറയുകയാണ്. ഇത് ഞങ്ങൾ പൊരുതി നേടിയ സ്ത്രീത്വമാണ്. ഓരോ വനിതാ ദിനങ്ങളും ഞങ്ങൾക്കും ആഘോഷിക്കാനുള്ളതാണ്.

 

ലിംഗസമത്വം ഇപ്പോഴും കിട്ടാക്കനിയാണ്: എച്ചുമുക്കുട്ടി (എഴുത്തുകാരി)

 

ഒരുപാട് സമരം ചെയ്ത് ആർജിച്ചെടുക്കേണ്ട ഒന്നാണ് തുല്യത. നമ്മളിങ്ങനെ പറയുന്നു എന്നേയുള്ളൂ. പൂർണമായ അർത്ഥത്തിൽ നോക്കിയാൽ ലിംഗസമത്വം എന്നൊരു സംഭവമേ ഇല്ല. വിദ്യാഭ്യാസ കാര്യങ്ങളിൽ ഉണ്ടെന്നു തോന്നിയിട്ടുണ്ട്. ആദിവാസികളെയും പട്ടിക ജാതി -പട്ടിക വർഗ്ഗക്കാരെയും മാറ്റി നിർത്തിക്കൊണ്ടേ അതും പറയാനാകൂ. അവർക്ക് ഇപ്പോഴും തുല്യത ഉണ്ടായിട്ടുണ്ടെന്ന് ഞാൻ വിശ്വസിക്കുന്നില്ല. അല്ലാതെയുള്ളവർക്ക് വിദ്യാഭ്യാസത്തിൽ കുറെയൊക്കെ തുല്യതയുണ്ട്. പക്ഷേ, അതൊഴികെ ജോലിയിലോ മറ്റെന്തിലോ ആവട്ടെ അങ്ങനെയൊരു അനുഭവമേ ഇല്ല. അങ്ങനെയൊരു അവസ്ഥയിലെത്തിക്കഴിഞ്ഞാൽ സമൂഹത്തിൽ കുറെ കാര്യങ്ങൾക്ക് മാറ്റം വന്നേനെ. നമുക്കിപ്പോൾ ബുദ്ധിമുട്ടായി തോന്നുന്ന കുറെ കാര്യങ്ങളുണ്ട്. ഉദാരണത്തിന് ഒൻപത് മണിയാവുമ്പോൾ ട്രെയിൻ കയറാൻ ഒറ്റയ്ക്ക് ഒരു സ്ത്രീയ്ക്ക് പോകണം. അല്ലെങ്കിൽ ഒരു ഹോട്ടലിൽ ഒറ്റയ്ക്ക് മുറിയെടുക്കണം. പക്ഷേ, ഇപ്പോൾ എത്ര ഇടങ്ങളിൽ എത്ര പേര് അച്ഛനുണ്ടോ, ഭർത്താവുണ്ടോ മക്കളുണ്ടോ എന്നൊക്കെ ചോദ്യങ്ങളില്ലാതെ ആ സൗകര്യം നമുക്ക് നൽകും? 

പലർക്കും വാടക വീട് പോലും കിട്ടാനില്ല. അതായത് അടിസ്ഥാന കാര്യങ്ങളിലാണ് നമ്മൾക്കു തുല്യത വേണമെന്നാവശ്യപ്പെടുന്നത്. ഒരു സർക്കാർ ഓഫീസിൽ ചെന്നാൽപ്പോലും ഒരു പുരുഷൻ പോയി ചെയ്യുന്നതും സ്ത്രീ പോയി ചെയ്യുന്നതും നല്ല വ്യത്യസ്തവുമുണ്ട്. പലപ്പോഴും സ്ത്രീകളുടെ കാര്യത്തിൽ ആവശ്യമില്ലാത്ത ചോദ്യങ്ങളും താമസവുമുണ്ടാവും. പലയിടത്തും മാറ്റങ്ങൾ വന്നിട്ടുണ്ട്, പക്ഷേ, വ്യാപകമായിട്ടില്ല. ഇപ്പോഴും ലിംഗസമത്വം ഒരു കിട്ടാക്കനിയാണ്. നമുക്ക് അത് വേണമെന്ന് വലിയ ആഗ്രഹമുണ്ട്. അടിസ്ഥാന കാര്യങ്ങളിൽപ്പോലും അത് ലഭിക്കാത്ത അവസ്ഥയാണ്.

ഒരുപാടു പഴയ ചരിത്രമെടുത്തു നോക്കൂ. മഹർഷി എന്ന വാക്കിനു എന്നെങ്കിലും സ്ത്രീലിംഗം കേട്ടിട്ടുണ്ടോ? ആ കാലത്ത് എത്ര സ്ത്രീകളുടെ പേരുകൾ എടുത്ത് പറയുന്നുണ്ട്? മഹർഷിയുടെ പത്‌നി എന്ന നിലയിലാണ് സ്ത്രീ അടയാളപ്പെട്ടിട്ടിരുന്നത്. ആദ്യ കാലം മുതൽ തന്നെ നമ്മുടെ സ്ത്രീ സങ്കല്‍പം അങ്ങനെയാണ്. അതുകൊണ്ട് ഈ തുല്യത എന്നാർജ്ജിക്കും എന്നൊരു തീരുമാനവും ഇല്ല. അത് കിട്ടുന്നത് വരെ സമരങ്ങൾ തുടരും. എല്ലാം സമരങ്ങൾ ചെയ്താണ് നമ്മൾ നേടിയിട്ടുള്ളത്, കാലങ്ങളുടെ കണക്കുകളൊന്നുമില്ല പക്ഷേ, സമരം തുടരും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com