ADVERTISEMENT

ഒരു തവണ അഹിതമായൊരു വാക്കോ നോട്ടമോ സ്പർശമോ ഉണ്ടായാൽ അപ്പൊ പറയണം, ഇവിടെ നിർത്തണം എന്ന്. ആ ആർജവം സ്ത്രീകൾ കാണിക്കണം. -ഇവിടെ നിർത്തണം ഇത്, ഞാനൊരു വ്യക്തിയാണ്, പൂർണ സ്വാതന്ത്ര്യമുള്ള ഒരാൾ. -അത് തുറന്നു പറയാനും നേരിടാനുമുള്ള ആർജവമില്ലെങ്കിൽ നമ്മുടെയീ വിദ്യാഭ്യസം ഒക്കെ എന്തിനാണ്?:

 

ശൈലജ ടീച്ചറുടെ വാക്കുകൾക്ക് ഒരേ സമയം അട്ടഹസിക്കുകയും മറുവശത്ത് അവർ പറഞ്ഞ വാക്കുകളെ കൃത്യമായി ഉൾക്കൊള്ളാതെ പരിഹസിക്കുകയും ചെയ്യുന്നവരുണ്ട്. "വർഷങ്ങളോളം എന്നെയൊരാൾ ദ്രോഹിച്ചു, -എന്തിനാണ് നിങ്ങൾ വർഷങ്ങളോളം പരാതി പറയാനായി കാത്തു നിൽക്കുന്നത്? എന്തിനാണത് കാലങ്ങളോളം സഹിക്കുന്നത്?

വളരെ ഗൗരവമേറിയ ഒരു വിഷയമാണ് ശൈലജ ടീച്ചർ പറഞ്ഞ വാചകങ്ങൾ. ഒരു സ്ത്രീ ഉപദ്രവിക്കപ്പെടുക, പിന്നീട് അവൾക്ക് എന്ത് സംഭവിക്കുന്നു എന്ന് തിരിച്ചറിയുക എന്നതിലൊക്കെ ഊന്നിയുള്ളതാണത്, അതുകൊണ്ട് തന്നെ അതിനു വ്യക്തമായ ഉത്തരങ്ങളും ആവശ്യമാണ്.

 

വർഷങ്ങൾ ഒരാൾ പീഡിപ്പിച്ചു എന്ന വാചകം എത്രത്തോളം ശരിയാണ്? തീർത്തും സ്വാതന്ത്ര്യയായ ഒരു വ്യക്തി അത് പുരുഷനോ സ്ത്രീയോ ആയിക്കോട്ടെ, ഒരാളുടെ അടിമ അല്ലാത്ത കാലത്തോളം അയാളാൽ അടച്ചിടപ്പെട്ട ഒരാൾ അല്ലാത്ത കാലത്തോളം പീഡനം എന്നത് ഒരിക്കൽ മാത്രം സംഭവിക്കേണ്ട കാര്യമാണ്. അല്ലാത്ത പക്ഷം ഒരേ വീട്ടിലോ ബന്ധുക്കളോ ആയിരിക്കുകയും ഇരയാക്കപ്പെട്ട വ്യക്തി മൈനർ ആയിരിക്കുകയും കാര്യങ്ങളെ കൈകാര്യം ചെയ്യേണ്ടത് എങ്ങനെയെന്ന് അറിവില്ലാത്ത ആളായിരിക്കുകയും ചെയ്യേണ്ടതാണ്. അല്ലാത്ത പക്ഷം ഒരിക്കൽ ഉപദ്രവിക്കപ്പെട്ട ഇടത്തേക്ക് എന്ത് കാരണങ്ങൾ കൊണ്ടും പോകുന്നത് മണ്ടത്തരം തന്നെയാണ്. പക്ഷേ "ഇമോഷണൽ സ്ലെവെറി" എന്ന രീതിയിൽ കാര്യങ്ങളെ വളച്ചൊടിക്കുന്ന തരം മനുഷ്യർക്ക് മുന്നിൽ ഇത്തരം വൈകാരിക അടിമകൾ സ്വാഭാവികമായും വീണ്ടും ചെല്ലുകയും ട്രോമകളെ ഏറ്റു വാങ്ങുകയും ചെയ്യും. വൈകാരികമാവുക എന്നത് ഒരു തെറ്റല്ല, അതൊരു മാനസിക അവസ്ഥയാണ്. സത്യത്തിൽ സ്ത്രീകൾ ഇത്തരം വൈകാരിക വിക്ഷോഭ അവസ്ഥകളെയൊക്കെ അതിജീവിക്കേണ്ട കാലം കഴിഞ്ഞു എന്നത് തന്നെയാണ് ശൈലജ ടീച്ചർ പ്രസ്തുത വാക്കുകളിലൂടെ ഉദ്ദേശിക്കുന്നത്. 

 

ഉപദ്രവിക്കപ്പെട്ടാൽ അപ്പോൾ തന്നെ പ്രതികരിക്കുക അല്ലെങ്കിൽ പരാതിപ്പെടുക എന്നത് പലപ്പോഴും ആ മോശം അനുഭവങ്ങളെ സ്വീകരിച്ച ഒരാൾക്ക് അത്ര എളുപ്പമായിക്കൊള്ളണമെന്നില്ല. തീരെ പ്രതീക്ഷിക്കാത്ത ഒരാളിൽ നിന്ന് ശാരീരികമായ കയ്യേറ്റങ്ങളുണ്ടായി കഴിഞ്ഞാൽ, ശരീരം കൊണ്ടും മനസ്സ് കൊണ്ടും തകർന്നു പോയേക്കാം. അതിന്റെ "ട്രോമാ" വർഷങ്ങളോളം പിന്തുടരുകയും ഒരു സാധാരണ ജീവിതത്തിനു എളുപ്പമല്ലാതെ വരുകയും ചെയ്തേക്കാം. സമാനമായ രീതിയിൽ മറ്റു പലരുടെയും അനുഭവങ്ങളെ കേൾക്കുകയോ താൻ അനുഭവിച്ച വേദനകൾ മറ്റൊരാൾ പങ്കു വയ്ക്കുന്നതിലൂടെ കിട്ടുന്ന ധൈര്യമോ ഒക്കെയാവാം വർഷങ്ങൾക്ക് ശേഷമുള്ള മീ ടൂ കേസുകൾ. ഒരുപക്ഷെ ഇരയാക്കപ്പെട്ട വ്യക്തിയുടെ സുഹൃത്തുക്കളോ കുടുംബക്കാരോ ഒന്നും അറിഞ്ഞിട്ടു പോലുമുണ്ടാകില്ല അവർ അത്തരത്തിലൊരു അവസ്ഥയിലൂടെയാണ് കടന്നു പോകുന്നതെന്ന്. എല്ലാത്തിനെയും അതിജീവിക്കാൻ ധൈര്യം കിട്ടുക എന്നത് തന്നെയാണ് ജീവിതത്തെ മുന്നോട്ടു കൊണ്ട് പോകാനുള്ള ഒരേയൊരു വഴി. പക്ഷേ ഒരിക്കൽ കടന്നു പോയ മോശം അനുഭവങ്ങളിലൂടെ പിന്നെയും സഞ്ചരിക്കാനുള്ള തീരുമാനം ഏതു വൈകാരിക ചിന്തയുടെ പുറത്താണെങ്കിലും മാനസികവും ശാരീരികവുമായ അടിമത്തം തന്നെയാണ്.

 

ശൈലജ ടീച്ചർ പറഞ്ഞ വാക്കുകളുടെ ശരിയായ അർത്ഥത്തിലെടുക്കുമ്പോൾ അതിനെ ഇങ്ങനെ വായിക്കാം. സ്ത്രീകൾ വൈകാരികമായ ചിന്താ തലങ്ങളിൽ നിന്നുയർന്നു ജീവിതത്തെ ധൈര്യത്തോടെ മുന്നോട്ടു കൊണ്ട് പോകണം. വൈകാരിക അടിമത്തത്തിൽ നിന്ന് പുറത്ത് കടന്നെങ്കിൽ മാത്രമേ വീണ്ടും അത്തരത്തിലൊരു അനുഭവത്തിലേക്ക് പോകാതെയിരിക്കാൻ ഓരോരുത്തർക്കുമാകൂ.

 

ഈ പറയുന്ന കാര്യങ്ങൾ എത്രത്തോളം എളുപ്പമാണ്?

 

"ഒരിക്കൽ പീഡനത്തിന് ഇരയായാൽ ഏതെങ്കിലും അതിക്രമത്തിന് അപമാനത്തിന് പാത്രമാകേണ്ടി വന്നാൽ,, അതപ്പോ തന്നെ പരാതിപ്പെടണമായിരുന്നു, ഇത്രേം കാലം എവിടാരുന്നു? അതന്ന് സുഖിക്കാനും കാര്യസാധ്യത്തിന് വേണ്ടിയും പുറത്ത് പറയാത്തതല്ലേ" എന്ന തരത്തിൽ ശൈലജ ടീച്ചറുടെ പ്രസ്താവന വളച്ചൊടിക്കേണ്ടതില്ല. സമാനമായ ചിന്താഗതിക്കാർക്ക് വളക്കൂറുള്ള മണ്ണാണ് നമ്മുടെ നാട് എന്നത് വേദനിപ്പിക്കുന്ന സത്യമാണ്. "സുഖിക്കാനും, കാര്യസാധ്യത്തിനും" വേണ്ടി എന്ന പ്രയോഗം എത്രമാത്രമാകും അതിജീവിക്കാൻ ശ്രമിക്കുന്ന ഒരു പെൺകുട്ടിയെ മുറിവേൽപ്പിക്കാൻ പോകുന്നതെന്ന തിരിച്ചറിവ് പറയുന്നവർക്കില്ല. ബന്ധങ്ങളിൽ നിന്ന് ഇറങ്ങിപ്പോരാനുള്ള വിഷമമാണ് കൂടുതലും ഇത്തരം ആവർത്തിച്ചുള്ള "പീഡനങ്ങളിൽ" വിഷയമായി വരുന്നത്. ഒരാളെ അന്ധമായി വിശ്വസിക്കുക, അയാൾ പറയുന്നത് അനുസരിച്ചു പോവുക, അയാളുടെ ബുദ്ധിമുട്ടുകളെ സ്വന്തമാക്കി കണ്ടു സഹായിക്കാനുള്ള മനസ്സുണ്ടാവുക തുടങ്ങിയ "സ്ത്രൈണമായ" ചിന്തകൾ ബന്ധങ്ങളിൽ അതിവൈകാരികമായി ചിന്തിക്കുന്നവർക്ക് ഉള്ള കാലത്തോളം അവയെ ചൂഷണം ചെയ്യാൻ ചെന്നായ്ക്കൾ പതിയിരുപ്പുണ്ട് എന്നത് ക്രൂരമായ സത്യമാണ്. അതിൽ നിന്ന് എത്രയും വേഗത്തിൽ പുറത്തു കടക്കാനുള്ള ഊർജം സ്ത്രീകൾക്കുണ്ടാകണം എന്ന് തന്നെയാണ് ശൈലജ ടീച്ചർ പറഞ്ഞു വയ്ക്കുന്നത്. 

 

ബന്ധങ്ങളിൽ സ്ത്രീകൾ കുറച്ചുകൂടി ബുദ്ധിയുള്ളവരാകേണ്ടിയിരിക്കുന്നു എന്ന് ആരോ പറഞ്ഞതോർക്കുന്നു. പ്രണയം അന്ധമാണെന്നും വൈകാരികമാണെന്നതും ശരി തന്നെ എന്നാലും ഏതെങ്കിലും ഒരു നിമിഷത്തിൽ എതിർ വശത്ത് നിൽക്കുന്നവരിൽ നിന്നു മോശപ്പെട്ട അനുഭവമുണ്ടായാൽ ബന്ധത്തിൽ നിന്ന് ഇറങ്ങി നടക്കാനുള്ള ധൈര്യം പെൺകുട്ടികൾക്ക് ഉറപ്പായും ഉണ്ടായിരിക്കണം. ഇത്തരം അതിവൈകാരികത കൊണ്ടുണ്ടാകുന്ന ട്രോമകളിൽ കൂടെ നിൽക്കുക തന്നെയാണ് വേണ്ടത്, ഒപ്പം അവൾക്കുള്ള മാനസികവും നിയമപരവുമായ പിന്തുണയും നൽകണം. അതിനെ പ്രോത്സാഹിപ്പിക്കുകയോ അത് "നോർമൽ" ആണ് എന്ന് വരുത്താതെയിരിക്കുകയോ ആണ് പൊതുജനങ്ങൾക്ക് ഇത്തരം സാഹചര്യത്തിൽ പെടാൻ സാധ്യതയുള്ള സ്ത്രീകളോട് ചെയ്യാൻ കഴിയുന്ന ഒരേയൊരു നല്ല കാര്യം. അതുകൊണ്ട് തന്നെയാണ് ശൈലജ ടീച്ചറുടെ വാചകം അവിടെ ശരിയാകുന്നതും.

 

അത്തരം അടിമ മനസ്ഥിതിയിലേക്ക്, പെൺകുട്ടികൾ ചെന്ന് ചാടാതെയിരിക്കട്ടെ. ഒരിക്കലുണ്ടാകുന്ന അനുഭവങ്ങളിൽ നിന്ന്, അയാളിൽ നിന്ന് ഇറങ്ങി നടക്കാനാകട്ടെ. ഒപ്പം അത് പുറത്തു പറയാൻ പറ്റുന്ന ഒരു മാനസികാവസ്ഥയിൽ അയാളെ നിയമത്തിനു മുന്നിൽ കൊണ്ട് വരാനും കഴിയട്ടെ. പക്ഷേ ഇതൊക്കെ പറയുമ്പോഴും ഉച്ചത്തിൽ ചിരിക്കുന്നത് "പിന്നെയും പിന്നെയും നീ സുഖിക്കാൻ പോയതല്ലേ" എന്ന ചോദ്യത്തെ അനുകൂലിക്കുന്നതായേ തോന്നുന്നുള്ളൂ. ഒട്ടും അട്ടഹാസമില്ലാതെ, തീർത്തും ഗൗരവമായി ഈ വിഷയം ചർച്ച ചെയ്യപ്പെടണം. ഒരു കലിപ്പന്റെയും കാന്താരി ആകേണ്ടതില്ല ഒരു സ്ത്രീയും.

 

English Summary: Controversy on Shailaja Teacher Comment

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT