‘സ്ത്രീകൾ അരക്കെട്ടിലോ മാറിടത്തിലോ ടാറ്റൂ ചെയ്യും; അതിനർഥം ലൈംഗികാതിക്രമം നടത്താം എന്നല്ല’

tattoo-kochi
SHARE

സുന്ദരിയാവുക എന്നത് ചിലരുടെ മോഹമാണ് എന്നത് പോലെയാണ് സുന്ദരിയാക്കുക എന്നതും. കല ആവശ്യപ്പെടുന്ന ഒരു ജോലി കൂടിയാകുമ്പോൾ ഒരു പ്രൊഫെഷണൽ ആയ വ്യക്തി ചെയ്തു കൊടുക്കുന്ന കലയ്ക്ക് അനുസരിച്ചാണ് അയാളുടെ ഡിമാൻഡ് കൂടുക. ചിലർ സെലിബ്രിറ്റി ആർട്ടിസ്റ്റുകൾക്ക് മികച്ച രീതിയിൽ മേക്കപ്പ് കൊടുത്തു പ്രശസ്തരാകും, ചിലർ മികച്ച രീതിയിൽ ചെയ്യുകയും അതിനെ നന്നായി വിപണിയിൽ എത്തിക്കുകയും ചെയ്യും. കൊച്ചിയിൽ മേക്കപ്പ് സ്റ്റുഡിയോ നടത്തിയിരുന്ന അനീസ് അൻസാരി മികച്ച ഒരു മേക്കപ്പ് ആർട്ടിസ്റ്റ് ആണെന്ന് അറിയുന്നവർ പറയുന്നു, അതുകൊണ്ട് തന്നെയാണ് അയാൾ തിരക്കുള്ള ഒരു ആർട്ടിസ്റ്റ് ആയതും. പക്ഷേ, അനീസിനെതിരെ ഇപ്പോൾ പോലീസ് കേസെടുത്തിരിക്കുകയാണ്. അയാളുടെ സ്റ്റുഡിയോയിൽ മേക്കപ്പ് ചെയ്യാനും ബ്രൈഡൽ വസ്ത്രം ഉടുക്കാനുമെത്തിയ സ്ത്രീകളെ ഉപദ്രവിച്ചു എന്നാണ് കേസ്. 

ഇതേ വിഷയം വാർത്തയായി വന്നതിന്റെ താഴെ വന്ന ചില അഭിപ്രായങ്ങളാണിവ, "ഒരു ലേഡി ബ്യൂട്ടീഷ്യനെ വച്ചു സാരി ഉടുപ്പിച്ചാൽ എന്താ ഊരി വീഴുമോ.. ഓരോന്നിനൊക്കെ സാഹചര്യം ഉണ്ടാക്കി കൊടുത്തിട്ടു", മേക്കപ്പ് പഠിച്ച ഒരു പെണ്ണുങ്ങളും ഇല്ലേ എന്ത് ധൈര്യം കൊണ്ടാണ് നിങ്ങൾ പുരുഷന്റെ അടുത്ത് പോയത് കേൾക്കുമ്പോൾ തന്നെ അറപ്പ് തോന്നുന്നു. സാരി ഉടുക്കാനും മേക്കപ്പ് ഇടാനും ഒക്കെ ആണുങ്ങളുടെ അടുത്ത് പോകുക അവർ അവിടെ ഇവിടെയൊക്കെ അറിഞ്ഞോ അറിയാതെയോ സ്പർശിച്ചാൽ കേസ് കൊടുക്കുക അതാണിപ്പോ ട്രെൻഡ്....

മികച്ച ഒരു മേക്കപ്പ് ആർട്ടിസ്റ്റായ ആയ ഒരാൾ പുരുഷൻ ആയതുകൊണ്ട് അയാളുടെ അടുത്ത് സ്ത്രീകൾ പോയാൽ അയാൾക്ക് അവരെ പീഡിപ്പിക്കാനുള്ള ലൈസൻസ് ഉണ്ടെന്ന രീതിയിലാണ് പലരുടെയും അഭിപ്രായങ്ങൾ. അതായത് സാഹചര്യം അനുകൂലമായി തോന്നിയാൽ സ്ത്രീകളെ പുരുഷന് ഉപദ്രവിക്കാം, അത് അവന്റെ അവകാശങ്ങളിൽ പെടുന്നു എന്നർത്ഥം. എത്രയെളുപ്പത്തിലാണ് കുറ്റവാളിയായ ഒരാൾ "ജെനെറലൈസ്" ചെയ്യപ്പെടുന്നത്, സമൂഹത്തിന്റെ കണ്ണിൽ കുറ്റവാളികൾ സ്ത്രീകളാക്കപ്പെടുന്നത്. അയാൾ ചെയ്ത കുറ്റം അയാളുടെ അവകാശമായി മാറുന്നത്.

ടാറ്റു ആർട്ടിസ്റ്റുകൾ, മേക്കപ്പ് ആർട്ടിസ്റ്റുകൾ, എന്നിവരിൽ പുരുഷന്മാർ ഒരുപാടു ശോഭിക്കുന്ന സമയമാണ്. സ്ത്രീകൾ മാത്രം പേരിട്ട് വിളിച്ചിരുന്ന "ബ്യൂട്ടി പാർലറുകൾ" പുരുഷന്മാരുടേതുമായിട്ട് വർഷങ്ങൾ കഴിഞ്ഞു. ഇപ്പോൾ പാർലറുകൾ എന്ന രീതിയിൽ നിന്നും സ്റ്റുഡിയോ എന്ന ആർട്ടിസ്റ്റിക് രീതിയിലേക്ക് കാര്യങ്ങൾ മാറിയിരിക്കുന്നു. ഓരോന്നിലും കൃത്യമായ പ്രൊഫഷണലുകൾ ഇടം പിടിച്ചിരിക്കുന്നു. അതിൽ പുരുഷൻ-സ്ത്രീ എന്നിങ്ങനെ വേർതിരിവുകളുമില്ല. ഏറ്റവും മികച്ച ആർട്ടിസ്റ്റ് ആരാണോ അയാൾ തിരക്കുള്ള ആൾ ആയിരിക്കും, ഒപ്പം തന്റെ കഴിവിനെ വിപണിയിൽ എത്തിക്കാൻ കഴിവുള്ള ആൾ കൂടിയാണെങ്കിൽ അയാളെ തിരക്കി ആൺ-പെൺ ഭേദമന്യേ നിരവധി പേര് എത്തുകയും ചെയ്യുന്നു. പക്ഷേ, അയാൾ ഒരു തിരക്കുള്ള ആൾ ആണ് എന്നതിന്റെ അർഥം തന്നെ തിരക്കി വരുന്ന ഉപഭോക്താക്കളെ സ്വന്തം ആവശ്യങ്ങൾക്കായി ഉപദ്രവിക്കാം എന്നല്ല. ടാറ്റു ആർട്ടിസ്റ്റ് ആണെങ്കിലും മേക്കപ്പ് ആർട്ടിസ്റ്റ് ആണെങ്കിലും ഒരു ഉപഭോക്താവ് അയാളെ സമീപിക്കുന്നത് അയാളുടെ "പ്രൊഫെഷണൽ " സഹായം സ്വീകരിക്കാനാണ്. 

ടാറ്റു എവിടെ പതിപ്പിക്കണം എന്നത് ഉപഭോക്താവിന്റെ താൽപര്യമാണ്, അതുപോലെ തന്റെ വസ്ത്രം ആരെക്കൊണ്ട് ഉടുപ്പിക്കണം എന്ന തീരുമാനവും അങ്ങനെ തന്നെ. ഗൈനിക്ക് സംബന്ധിച്ച വിഷയവുമായി എത്രയോ സ്ത്രീകൾ ഡോക്ടറെ അവർ പുരുഷനോ -സ്ത്രീയോ എന്ന് നോക്കാതെ പോകുന്നു. അയാൾ ഒരു പുരുഷനായാലും അതിന്റെ അർഥം തന്റെ മുന്നിൽ "പ്രൊഫെഷണൽ" ആവശ്യവുമായി വരുന്ന ആളെ അയാൾക്ക് അറിയുന്ന ജോലി കൊണ്ട് സഹായിക്കുക, അവർ നൽകുന്ന പണത്തിനനുസരിച്ച വൃത്തിയിൽ അവർ അർഹിക്കുന്ന ആവശ്യങ്ങൾ ചെയ്യുക എന്നതാണ്. സ്ത്രീകൾ മാറിടത്തിലും അരയിലും അവർക്കിഷ്ടമുള്ള ഇടങ്ങളിൽ ടാറ്റു അടിക്കുന്നത് ഇഷ്ടപ്പെടുന്നവരാണ്, അവിടെ ടാറ്റു ആർട്ടിസ്റ്റിന്റെ ജോലി അവർ സ്ത്രീയാണോ പുരുഷനോ എന്നത് വകവയ്ക്കാതെ പറഞ്ഞുറപ്പിച്ച ജോലി ചെയ്യുക എന്നത് മാത്രമാണ്. ബ്രൈഡൽ വസ്ത്രവും മേക്കപ്പുമാണ് അണിയിച്ചു കൊടുക്കേണ്ടതെങ്കിൽ മികച്ച രീതിയിൽ അത് ചെയ്യുക. അതല്ലാത്തപക്ഷം സ്വന്തം ജോലിയോട് വരെ കാണിക്കുന്ന നീതികേടു തന്നെയാണത്. പക്ഷെ നമ്മുടെ മലയാളികളുടെ രീതിയനുസരിച്ച് ഇത്തരം കാര്യങ്ങൾ സ്ത്രീകൾ "സ്ത്രീകളെ" കൊണ്ട് തന്നെ ചെയ്യപ്പിക്കണമത്രേ! എന്താണ് അതിന്റെ അർഥം?

പുരുഷന്മാരെല്ലാം സ്ത്രീകളുടെ ശരീരം കണ്ടാൽ "റേപ്പ്" ചെയ്യാൻ ആഗ്രഹിച്ചു നടക്കുന്നവരാണെന്നോ?മികച്ച ഗൈനക്കോളജിസ്റ്റുമാരായ പുരുഷന്മാരുടെ അടുത്ത് സ്ത്രീകൾ പ്രസവിക്കാൻ പോകുന്നത് തെറ്റാണെന്നോ?എത്ര വലിയ സ്ത്രീ-പുരുഷ വിരുദ്ധതയാണിവരൊക്കെ പറഞ്ഞു വയ്ക്കുന്നത്? പ്രൊഫെഷണൽ ആയ സമീപനം കൃത്യമായി സ്വീകരിക്കുന്ന , ഉപഭോക്താക്കളെ അവരായി തന്നെ പരിഗണിക്കുന്ന ഒരുപാടു പുരുഷന്മാർക്കിടയിൽ സ്വന്തം ജോലിയെ അവരവരുടെ കൊള്ളരുതായ്മയ്ക്ക് ഒരു കാരണമാകുന്ന അനീസിനെ പോലെയുള്ള പകൽ മാന്യന്മാരുണ്ട് എന്നത് ശരി തന്നെ. അവർക്കെതിരെ കൃത്യമായ നിരൂപണങ്ങളും പരാതികളും ഉണ്ടായി വരുകയും ചെയ്യും. നിലനിൽക്കേണ്ടവർ നിലനിൽക്കും. കാരണം അവനവന്റെ ജോലിയോടുള്ള ആത്മാർത്ഥത കൂടിയാണ് അയാൾക്ക് അവിടെ തെളിയിക്കേണ്ടത്. അതിനു അർഹതയില്ലാത്തവരെ പുറന്തള്ളുക തന്നെ വേണം.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FEATURES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

2022 ജൂലൈ മാസഫലം | July Monthly Prediction 2022 | Monthly Horoscope Malayalam | Malayalam Astrology

MORE VIDEOS
FROM ONMANORAMA