ADVERTISEMENT

"വൈകാരികമായോ മറ്റേതെങ്കിലും തരത്തിലോ എന്നെ തൊടാൻ പോലും അവർക്ക് കഴിയില്ല. അവരാണ് കാലഹരണപ്പെടാൻ പോകുന്നത്. We have a ticket to the future,വേണമെങ്കിൽ ടിക്കറ്റെടുത്ത് പോന്നോ", റിമ കല്ലിങ്കൽ പറഞ്ഞ വാക്കുകൾ പലർക്കും ചങ്കിൽ കൊള്ളാൻ സാധ്യതയുണ്ട്. കാലഹരണപ്പെട്ട ഒരുപാട് മനുഷ്യരും അവരുടെ അഭിപ്രായങ്ങളുമാണ് കഴിഞ്ഞ മൂന്നു നാല് ദിവസങ്ങളായി സോഷ്യൽ മീഡിയ നിറയെ. വിഷയം സ്ത്രീയുടെ വസ്ത്രധാരണം. അഭിപ്രായ പ്രകടനം നടത്തുന്നവരിൽ കൂടുതലും പുരുഷന്മാരാണ്. ഒരു ചോദ്യം സ്വാഭാവികമായും ചോദിച്ചു പോവും,"അല്ല നിങ്ങളാരാണ് ഞങ്ങൾ സ്ത്രീകൾ ഏതു വസ്ത്രം ഇടണം അല്ലെങ്കിൽ ഇടേണ്ട എന്ന് പറയാൻ?" ഈ ചോദ്യത്തിനപ്പുറം എന്താണ് പറയേണ്ടത്? സ്ത്രീ എന്നാൽ ശരീരം മാത്രമാണെന്നും ഭോഗത്തിനു തയ്യാറായിരിക്കുന്ന അല്ലെങ്കിൽ ഏതു നിമിഷവും തയ്യാറായി ഇരിക്കേണ്ട ഒരു ഉപകരണം മാത്രമാണ് അവർ എന്നുമുള്ള ബോധ്യമുള്ള നിരവധി പുരുഷന്മാരുണ്ട്. 

ഐഎഫ്എഫ്കെ വേദിയിൽ "മാന്യതയ്ക്ക്" ചേരാത്ത, വേഷം ധരിച്ചെത്തി എന്ന ആരോപണമാണ് റിമ കല്ലിങ്കൽ ഇക്കഴിഞ്ഞ ദിവസങ്ങളിൽ കേട്ടുകൊണ്ടിരിക്കുന്നത്. അതിനുള്ള മറുപടിയും അവർ നൽകിക്കഴിഞ്ഞു. കാലഹരണപ്പെട്ട മനുഷ്യരെ അവർ ഈ കാലത്തേക്കുള്ള വാഹനത്തിൽ കയറാൻ ക്ഷണിക്കുന്നുമുണ്ട്. സ്ത്രീയെന്നാൽ എന്താണെന്ന് ഉറച്ച ബോധ്യമുള്ള കുറെയധികം മനുഷ്യരുണ്ട്. അവരിൽ ചിലർ വസ്ത്രത്തെക്കുറിച്ചും സ്ത്രീ ശരീരത്തെക്കുറിച്ചും പറയുന്നത് നോക്കൂ,

ഹിന്ദി സിനിമ താലിലെ കഹി ആഗ് ലഗേ ലഗ് ജായെ, എന്ന പാട്ടിനു ഗായിക സയനോരയും നടി ഭാവനയും അവരുടെ സുഹൃത്തുക്കളും ചേർന്ന് സോഷ്യൽ മീഡിയയിൽ പങ്കു വച്ച ചിത്രം വൈറലായിരുന്നു. പക്ഷേ, റിമ പറഞ്ഞതുപോലെ, കാലഹരണപ്പെട്ടു പോയ ചില മനുഷ്യർ ആ ചിത്രത്തിലെ നൃത്തമല്ല അവരുടെ വസ്ത്രമാണ് ശ്രദ്ധിച്ചത്. ഇറക്കം കുറഞ്ഞ വസ്ത്രം ധരിച്ചതിനു ഗായിക സയനോരയെ സോഷ്യൽ മീഡിയ സദാചാരം പഠിപ്പിക്കാനിറങ്ങി. 

ധരിക്കാൻ ഇഷ്ടമുള്ള അതുപോലെയുള്ള മറ്റൊരു വസ്ത്രം ധരിച്ചു "കഹി ആഗ് ലഗേ ലഗ് ജായെ", എന്ന വരികളുമെഴുതി ഒരു ചിത്രം പോസ്റ്റ് ചെയ്താണ് സയനോര അതിനു പകരം വീട്ടിയത്. സയനോര പറയുന്നു. "എന്തിനാണ് വസ്ത്രത്തിന്റെ പേരിലുള്ള ഇത്തരം കാര്യങ്ങൾ സംസാരിച്ച് ആവശ്യമില്ലാതെ സമയം കളയുന്നത്" എന്നാണു റിമ പറഞ്ഞത്, ഇതേ അഭിപ്രായം തന്നെയാണ് എനിക്കുമുള്ളത്. വ്യത്യസ്തമായ കാഴ്ചപ്പാടുള്ള മനുഷ്യരുണ്ട്.  സോഷ്യൽ മീഡിയയിലും അല്ലാതെയുമൊക്കെ ഒരുപാടു പേര്‍ എതിർത്ത് സംസാരിക്കാനുണ്ടാവും, അതൊന്നും പരിഗണിക്കേണ്ടതില്ല. നമുക്ക്  ഇഷ്ടമുള്ള വസ്ത്രങ്ങൾ ധരിക്കാം, അത് നമ്മുടെ തിരഞ്ഞെടുപ്പല്ലേ, മാത്രമല്ല അതൊരു അടിസ്ഥാന കാര്യവുമാണ്. ചുരിദാറിന്റെ മുകളിൽ ഒരു ഷോൾ ഇട്ടില്ലെങ്കിൽ കുറ്റം പറയുന്ന സമൂഹമാണ് ഇപ്പോഴുമുള്ളത്, അതുകൊണ്ട് കുറ്റം പറയുന്നവർ പറയട്ടെ, അതിനെയൊക്കെ മറികടന്നു നമ്മുടെ ലോകത്ത് നമ്മൾ ജീവിക്കുന്നു. നാളുകൾക്കു മുൻപ് ഒരു ഡാൻസ് വീഡിയോയിൽ ഇതുപോലെ ഒരുവസ്ത്രം ധരിച്ചതിന് എത്രയാണ് അഭിപ്രായങ്ങൾ വന്നത്. എനിക്ക് പറയാനുള്ളത്,എന്റെ കാലുകളും എന്റെ തുടകളുമാണ് അത് കാണിക്കുന്നതും എന്റെ ഇഷ്ടമാണ്, അതാണ് എന്റെ മറുപടി. പുറം ലോകം കണ്ടിട്ടില്ലാത്ത തവളകളാണ് മിക്കവരും, അത് നമ്മൾ മനസിലാക്കുന്നു. അവർക്ക് നന്നാകണമെങ്കിൽ അവർ നന്നാവട്ടെ,അതിനു നമുക്ക് ബാധ്യതകളൊന്നുമില്ല. ലോകം മുന്നോട്ടാണ് പോകുന്നത്, പിന്നിലേയ്ക്ക് നടക്കണമെന്നുള്ളവർ അങ്ങനെ നടക്കട്ടെ. അത് അവരുടെ തിരഞ്ഞെടുപ്പാണ്. ഞാൻ എനിക്കിഷ്ടമുള്ളത് പോലെ നടക്കും. പിന്നെ പൊതുവേദിയിൽ എന്തു തരം വസ്ത്രം ധരിക്കണമെന്നുള്ളത് വസ്ത്രം ധരിക്കുന്നവരുടെ വിഷയമാണ്, സ്ത്രീ ഒരു ഭോഗവസ്തു ആണെന്ന തോന്നൽ ഉള്ളതുകൊണ്ടാണ് ചില മനുഷ്യർ അവരുടെ ശരീരം മാത്രം കാണുന്നത്. എന്തുകൊണ്ടാണ് അവർ പറയുന്ന വിഷയം ആരും ശ്രദ്ധിക്കാത്തതും ചർച്ച ചെയ്യാത്തതും? നമ്മുടെ സ്വകാര്യ ജീവിതത്തിന്റെ അളവ് കോലുകൾ മറ്റുള്ളവർ നിശ്ചയിക്കേണ്ട കാര്യമില്ലല്ലോ. ഇപ്പോൾ ഞാൻ സോഷ്യൽ മീഡിയയിലോ മറ്റോ വരുന്ന അഭിപ്രായങ്ങൾ ശ്രദ്ധിക്കാറേയില്ല, നേരത്തെ അതൊക്കെ വായിച്ച് മൂഡ് നഷ്ടപ്പെടുത്തുകയും കരയുകയും ചെയ്തിട്ടുണ്ട്, ഇനി അത് വേണ്ട. ഇതൊന്നും കണ്ടു ആരും തളരാൻ പോകുന്നില്ല.’– സയനോര വ്യക്തമാക്കി. 

നിറത്തിന്റെയും സ്ത്രീ ശരീരത്തിന്റെയുമൊക്കെ വിഷയത്തിൽ നിരന്തരം ഇടപെടുന്ന സ്ത്രീയാണ് അഡ്വക്കേറ്റ് കുക്കു ദേവകി. നിരവധി വിഷയങ്ങൾ അവർ പ്രതികരിച്ചുകൊണ്ടേയിരിക്കുന്നു. റിമയുടെ വസ്ത്രധാരണത്തെക്കുറിച്ച് വിവാദങ്ങളും ചർച്ചകളുമുണ്ടായപ്പോൾ ഒരു ചിത്രമിട്ട് എല്ലാ ചർച്ചകളെയും റദ്ദ് ചെയ്ത ആളാണ് കുക്കു. മനുഷ്യർ ഇത്തരം വിഷയങ്ങളിൽ നിരന്തരമായി സമരങ്ങൾ ചെയ്തുകൊണ്ടിരിക്കണമെന്നു അവരുടെ നിലപാടുകൾ ഓർമിപ്പിക്കുന്നുണ്ട്.

women-hot2

"റിമ ഇരുന്ന വേദിയിൽ വച്ച് അവർ പറഞ്ഞ വിഷയം ശ്രദ്ധിക്കണം. തൊഴിലിടങ്ങളിലെ സ്ത്രീകൾക്കു വേണ്ടി ഇന്റേണൽ കമ്പ്ലൈന്റ് കമ്മിറ്റി ഉണ്ടാവേണ്ടതിന്റെ ആവശ്യങ്ങളെക്കുറിച്ചാണ് അവർ സംസാരിച്ചത്. വളരെ ഗൗരവമായി ചർച്ച ചെയ്യേണ്ട ഒരു വിഷയമാണത്. നിയമം നിർദേശിക്കുന്ന ഒരു കാര്യമാണത്. മറ്റെല്ലാ തൊഴിലിടങ്ങളിലും അത്തരം കമ്മിറ്റികൾ ഉണ്ട്, പക്ഷേ, നിരവധി സ്ത്രീകൾ ജോലി ചെയ്യുന്ന സിനിമ മേഖലയിൽ അത്തരമൊരു കമ്മിറ്റിയുടെ അഭാവം ഗൗരവമാണല്ലോ. ഈ വിഷയത്തെക്കുറിച്ചാണ് നടിയും നിർമ്മാതാവുമായ ഒരു സ്ത്രീ പൊതുവേദിയിൽ സംസാരിച്ചത്. അവിടെ ആളുകൾ എന്താണ് കണ്ടതും എന്തിനെ കുറിച്ചാണ് സംസാരിച്ചതും? റിമയുടെ കാലുകൾ. ഇതുപോലെയൊരു വിഷയത്തെ നമ്മൾ ഇങ്ങനെയാണ് സമീപിക്കുന്നത്.? കാതലായ ഒരു വിഷയം പരാമർശിക്കുമ്പോൾ അവർ ഇട്ടിരിക്കുന്ന വസ്ത്രത്തിലാണു പ്രശ്നം കാണുന്നത്. നമ്മൾ പറയേണ്ട കാര്യം ആർജ്ജവത്തോടെ പറയുക, ഇത്തരം രീതിയിൽ ചർച്ചകളെ കൊണ്ട് പോകുന്നവരെ പാടെ നിരാകരിക്കുക എന്നതാണ് ചെയ്യാനുള്ളത്. സത്യം പറഞ്ഞാൽ അങ്ങനെ ഒഴിവാക്കുമ്പോൾ ഭൂരിപക്ഷവും ഒഴിവായി പോകും. മറ്റൊരു വഴി ഒരു സമരമായി അത് ഏറ്റെടുക്കുക എന്നതാണ്. ഞാൻ അത്തരത്തിൽ സമരങ്ങളെ ഏറ്റെടുക്കാൻ ഇഷ്ടപ്പെടുന്ന ഒരാളാണ്. അതുകൊണ്ടാണ് വസ്ത്രധാരണം എന്ന വിഷയം വന്നപ്പോൾ അതുപോലെ ഒരു വസ്ത്രമുടുത്ത് സോഷ്യൽ മീഡിയയിൽ ചിത്രങ്ങൾ പങ്കു വച്ചതും, അതാണ് ഞങ്ങളുടെ പോരാട്ടം. 

സ്ത്രീകളെ എപ്പോഴും ശരീരമായാണ് കാണുന്നത്. ശരീരം അശ്ലീലമായാണ് കാണുന്നത് എന്നതാണ് പ്രശ്നം. ഇപ്പോൾ ഒരു പുരുഷനാണ് മുണ്ടു മടക്കിക്കുത്തി ഇരിക്കുന്നതെങ്കിൽ എങ്ങനെയാണ് സമൂഹം അതിനെ കാണുക? സത്യത്തിൽ സമത്വത്തിനു വേണ്ടി ഉപയോഗിക്കാൻ പറ്റുന്ന ഒരു ഉദാഹരണമേ അല്ല അത്. ഇത്തരം വിഷയത്തിൽ എന്ത് പറഞ്ഞും അതിനെ സമീകരിക്കാൻ ആവില്ല. സ്ത്രീകളുടെ പ്രശ്നങ്ങളെക്കുറിച്ച് പറയുമ്പോൾ പുരുഷന്മാർ അത് മിക്കപ്പോഴും അവരും നേരിട്ടുള്ള പ്രശ്നങ്ങൾ പറഞ്ഞു ആ വിഷയം സമീകരിക്കാൻ നോക്കും. പാട്രിയാർക്കിയാണ് നമ്മളെ ഭരിച്ചുകൊണ്ടിരിക്കുന്നത്. അങ്ങനെയൊരു സമൂഹത്തിൽ സ്ത്രീ ശരീരം ഇങ്ങനെ തന്നെയാണ് പ്രതിഷ്ഠിക്കപ്പെടുക. സ്ത്രീകൾ എന്തു വസ്ത്രം ധരിച്ചാലും അതിനുള്ളിലെ അവരുടെ ശരീരം തന്നെയാണ് ആഘോഷിക്കപ്പെടുക. പാട്രിയാർക്കി സ്ത്രീ ശരീരത്തെ പ്രശ്നവത്കരിച്ച് നിർത്തിയിരിക്കുകയാണ്. ഈ കാലത്തും അത് തന്നെയാണ് നടക്കുന്നത്. ഇനിയും അതിനെ പുറന്തള്ളാൻ പലരും തയ്യാറല്ല. സ്ത്രീകൾ പോലുമുണ്ട് ഇത്തരം ചിന്തകളുമായി നടക്കുന്നവർ. എത്ര ഊർജം വേണ്ടി വരും ഇത്തരം ചിന്തകളുമായി ജീവിക്കുന്ന സ്ത്രീകൾക്ക് ഈ ചിന്തകളെ കുടഞ്ഞെറിഞ്ഞു പോരാടി അതിൽ നിന്ന് പുറത്തേയ്ക്കിറങ്ങി വരാൻ. നമുക്കൊന്നും ഇടങ്ങളുണ്ടായിരുന്നില്ല.ഇപ്പോൾ കിട്ടുന്ന അവസരങ്ങൾ സമരം ചെയ്തു നേടിയെടുത്തത് തന്നെയാണ്. പാട്രിയാർക്കിയാണ് എന്നെ കാർന്നു തിന്നുന്നത്, ഞാൻ അതിൽ നിന്ന് മാറി നിൽക്കണം എന്ന് പുരുഷൻ എപ്പോൾ തീരുമാനം എടുക്കുന്നു അന്നേ അവന് അതിൽ നിന്ന് പുറത്തിറങ്ങാനാകൂ. ഇപ്പോൾ തന്നെ നോക്കൂ, വിനായകൻ വിഷയത്തിൽ നവ്യ എന്തുകൊണ്ട് സംസാരിച്ചില്ല? wcc  എന്തുകൊണ്ട് നിശബ്ദത പാലിക്കുന്നു എന്ന് ചോദിക്കുന്നു. ഇവിടുത്തെ എല്ലാ സംഘടനകളും പുരുഷന്മാരാണ് ഭരിക്കുന്നത്, അവരൊന്നും സംസാരിക്കുന്നില്ല എന്ന് ആരും പറയുന്നില്ല. പുരുഷന് കൃത്യമായ റോൾ ഉണ്ട്. ഈ പാട്രിയാർക്കിയെ കുടഞ്ഞു കളയേണ്ട ഉത്തരവാദിത്തം പുരുഷൻമാർക്കാണ്. സ്ത്രീ അവളുടെ ജീവിത കാലം മുഴുവൻ പോരാടി ഉണ്ടാക്കേണ്ടത് മാത്രമല്ല ഇവിടുത്തെ ലിംഗസമത്വം. ഈയൊരു ചോദ്യം എന്റെ നാവിൽ നിന്ന് വരരുത് എന്ന് ഓരോ പുരുഷനും ചിന്തിക്കണം. ഇപ്പോൾ സംസാരിക്കുന്ന ഒരുപാട് സ്ത്രീകളുണ്ട്, പലതരത്തിൽ സമരം ചെയ്യുന്നവർ. നമ്മളൊക്കെ ക്ഷീണിതരാണ്. നമ്മൾ പോരാടണം, ജോലികളുണ്ട്, ഒരു അലസഗമനത്തിനുള്ള സാധ്യത സ്ത്രീകൾക്ക് കുറവാണു, ഇത്തരത്തിൽ ഊർജം നഷ്ടപ്പെട്ടിരിക്കുന്ന സ്ത്രീകളോടാണ് നിങ്ങളെന്താണ് ഈ വിഷയത്തിൽ ഒന്നും പറയാത്തതെന്ന് ഇപ്പോഴും ചോദിക്കുന്നത്. ’– കുക്കു പറഞ്ഞു.

റിമ അവർക്ക് ഇഷ്ടമുള്ള വേഷം ധരിക്കട്ടെ, അവരുടെ കാലുകളുടെ സൗന്ദര്യം നിങ്ങൾ ആസ്വദിച്ചോളൂ, പക്ഷേ, അതിനെ അശ്ലീലമാക്കരുത്. അത്രേയുള്ളൂ.ഐഎഫ്എഫ്കെ കൊച്ചിയിലെ വേദിയുടെ കോർഡിനേറ്റർമാരിൽ ഒരാളായിരുന്നു ശീതൾ ശ്യാം. റിമയും മറ്റുള്ള അതിഥികളും കാഴ്ചക്കാരും ഉള്ള ചടങ്ങിൽ പങ്കെടുത്തവരിൽ ഒരാൾ. പരിപാടിയ്ക്ക് ശേഷം റിമ ചേർത്ത് നിർത്തിയ ചിത്രവും ശീതൾ തന്റെ സോഷ്യൽ മീഡിയ പ്രൊഫൈലിൽ പങ്കു വച്ചിട്ടുണ്ട്.

women-hot3

"അവിടെ അന്ന് വേദിയിലെ വിഷയം ഇന്റേണൽ കംപ്ലൈന്റ്സ് കമ്മിറ്റിയെക്കുറിച്ചായിരുന്നു. അഡ്വക്കേറ്റ് മായാ കൃഷ്ണൻ, റിമ കല്ലിങ്കൽ , രേഖ രാജ്, പ്രേം കുമാർ, സന്തോഷ് കീഴാറ്റൂർ തുടങ്ങിയ ആളുകൾ അവിടെയുണ്ടായിരുന്നു. ഇത്തരം കമ്മിറ്റികൾ എങ്ങനെ നടപ്പാക്കണം എന്നുമൊക്കെ വളരെ കൃത്യമായി സംസാരിച്ചത് അഡ്വക്കേറ്റ് മായാ കൃഷ്ണൻ ആണ്. മാത്രമല്ല എല്ലാവരും ഇതേ വിഷയത്തിൽ സംസാരിച്ചു. ഉദ്‌ഘാടനത്തിൽ പ്രേംകുമാർ, സ്ത്രീകൾ അമ്മയും പെങ്ങളും ഒക്കെയാണ് അവരെ സംരക്ഷിക്കണം എന്നാണു പറഞ്ഞത്. പക്ഷേ, റിമയുടെ സംസാരത്തിൽ സ്ത്രീകൾ വ്യത്യസ്തരായ വ്യക്തികളാണ്, അവർക്കു സുരക്ഷിതമായ വഴി അവർ തന്നെ ഉണ്ടാക്കണം എന്ന് വ്യക്തമാക്കി. മാത്രവുമല്ല മികച്ച നിലപാടുകളാണ് അവർ സംസാരിച്ചതും. വേദിയിലുണ്ടായിരുന്നവരാരും തന്നെ  അവരുടെ വസ്ത്രത്തെക്കുറിച്ച് സംസാരിച്ചതേയില്ല. ചില ഓൺലൈൻ മാധ്യമങ്ങൾ പ്രോഗാമിനെ കവർ ചെയ്തപ്പോൾ വളരെ മികച്ച പോയിന്റുകൾ പറഞ്ഞ മായാ കൃഷ്ണന്റെ വാചകങ്ങൾ കൊടുക്കുക പോലും ചെയ്യാതെ റിമയുടെ വസ്ത്രം വൈറൽ ആവട്ടെ എന്ന് കരുതിയാവണം അവർ അത് മാത്രമായി കട്ട് ചെയ്തു കൊടുത്തത്. ഐഎഫ്എഫ്കെ യുടെ വേദിയിൽ ചർച്ച മുഴുവൻ ലൈവ് ആയി ഉണ്ടായിരുന്നു. 

റിമ വന്നിറങ്ങിയപ്പോൾ മുതൽ തിരികെ പോകുന്നതുവരെ ഞാൻ കൂടെയുണ്ടായിരുന്നു. അവർ വളരെ കംഫർട്ട് ആയാണ് ആ വേദിയിൽ ഇരുന്നത്. വളരെ പുരോഗമനം പറയുന്നവർ വരെ അത് കണ്ടിട്ട് അവർ മോശമായാണ് ഇരുന്നത്, അവർ തീരെ കംഫോര്ട്ട് ആയല്ല ഇരിക്കുന്നത്, ബോളിവുഡ് താരങ്ങൾ പോലും ഇതൊക്കെ ശ്രദ്ധിക്കുന്നതാണ് എന്നൊക്കെയാണ് അഭിപ്രായം പറഞ്ഞത്. പക്ഷേ, കൂടെയുണ്ടായിരുന്ന ഒരാൾ എന്ന നിലയിൽ എനിക്കറിയാം വളരെ ഹാപ്പി ആയിരുന്നു റിമ. ഒട്ടും ബുദ്ധിമുട്ടു ഇരിക്കുമ്പോഴൊന്നും കണ്ടില്ല. വളരെ മനോഹരിയായിരുന്നു അവർ. ഇതൊരു ഓർമപ്പെടുത്തൽ കൂടിയാണ്. സ്ത്രീയുടെ കാലുകൾ ഉൾപ്പെടെയുള്ള ശരീരം എങ്ങനെയാണ് ഒരു സെക്ഷ്വൽ ടൂൾ ആവുന്നത്, പുരുഷന്മാരെ എങ്ങനെയാണു ഇത് ബാധിക്കുന്നത്, അതുപോലെ സദാചാരം പ്രശ്നമായ ചില സ്ത്രീകളെപ്പോലും അത് ബാധിച്ചിട്ടുണ്ട്. പിന്നെ നടി ആയും ആർട്ടിസ്റ്റ് ആയും ഒക്കെ ആക്റ്റീവ് ആയ റിമയ്ക്ക് ഇതൊന്നും ഒരു പുത്തരിയല്ല. 

അന്ന് നടന്ന ചർച്ച കംപ്ലൈന്റ്റ് കമ്മിറ്റിയെക്കുറിച്ചായിരുന്നു. പക്ഷേ, ഇപ്പോഴും ഒരു വ്യക്തിയുടെ വ്യക്തിത്വത്തിനോ നിലപാടിനോ പ്രാധാന്യം കൊടുക്കാതെ ശരീരത്തിനോ ജെൻഡറിനോ ഒക്കെയാണ് പ്രാധാന്യം കൊടുക്കുന്നത്. അതുകൊണ്ടു തന്നെ മലയാള സിനിമ ഇപ്പോഴും മാറിയിട്ടൊന്നുമില്ല. അതിനെക്കുറിച്ചായിരുന്നു ഐ എഫ് എഫ് കെയുടെ വേദിയിലെ പിറ്റേ ദിവസത്തെ ചർച്ച. മാറുന്ന സിനിമയെക്കുറിച്ചുള്ള ആ വേദിയിൽ വച്ച് തന്നെ ഈ വിഷയത്തെക്കുറിച്ച് പറയാനും എനിക്കവസരം കിട്ടി.’– ശീതൾ വ്യക്തമാക്കി. 

ഒരാഴ്ച മുൻപാണ് നടി അനുമോൾ ഇൻസ്റ്റാഗ്രാമിൽ ഒരു വീഡിയോ ഇട്ടത്. മുട്ടൊപ്പമുള്ള ഒരു ഫ്രോക്കിൽ അതി സുന്ദരിയായി നിൽക്കുന്ന അനുമോൾ കടൽക്കരയിൽ തുള്ളിച്ചാടുന്ന വീഡിയോ ആയിരുന്നു അത്. എന്നാൽ ഈ വിഡിയോയുടെ ചുവട്ടിൽ വന്ന കമെന്റുകളാകട്ടെ വളരെ മോശമായുള്ളതും.

"പെണ്ണിനും ആണിനും എന്തും ആവാം. എന്നാൽ, ദൈവം പെണ്ണിന് ഒരുപാട് അനുഗ്രഹം കൊടുത്തിട്ടുണ്ട് അവരുടെ ശരീരത്തിന്റെ കാര്യത്തിൽ പ്രത്യേകത ഉണ്ട് അവർ ചാടുമ്പോൾ ശ്രദ്ധിക്കേണ്ടതുണ്ട്. അവർക്ക് ദൈവം ഗർഭപാത്രം എന്ന ഒന്നു കൊടുത്തിട്ടുമുണ്ട് അതില് അവർ ശ്രദ്ധിക്കേണ്ടതുണ്ട്"- സ്ത്രീയുടെ ശരീരത്തെ പ്രസവിക്കാനും ഭോഗിക്കാനും മാത്രമുള്ള ഉപകരണം മാത്രമായി കാണുന്നവർ എത്രയോ പേരാണ്. അനുമോൾ പറയുന്നു,

"ആളുകൾ കൂടുതൽ കൂടുതൽ മറ്റുള്ളവരുടെ കാര്യത്തിൽ ശ്രദ്ധിച്ചുകൊണ്ടിരിക്കുകയാണ്. സ്വന്തം കാര്യത്തേക്കാൾ കൂടുതൽ അവർ മറ്റുള്ളവരെയാണ് ശ്രദ്ധിക്കുന്നത് എന്നാണു തോന്നുന്നത്. അന്ന് ബീച്ചിൽ ആസ്വദിച്ച നിമിഷത്തെക്കുറിച്ച് ഇട്ട വീഡിയോയിൽ ആളുകൾ എന്തൊക്കെയാണ് പറഞ്ഞത്. കുറെ പേർക്കൊക്കെ ഞാൻ മറുപടി കൊടുത്തു, പിന്നെ മടുപ്പായി. എത്ര പേർക്കാണ് നമ്മൾ മറുപടി നൽകേണ്ടത്. നമ്മൾ അറിയുന്ന ഒരാൾക്ക് ഒരു അസുഖം വന്നാൽ നമ്മൾ കൂടെ നിൽക്കും, പക്ഷേ, സ്ഥിരമായി അയാൾ നമ്മുടെ മുന്നിൽ പ്രശ്നവുമായി വന്നാലോ, അവർ സ്വന്തമായി കാര്യങ്ങളെ നോക്കട്ടെ എന്ന് നമ്മൾ വിചാരിക്കും. ഇപ്പോൾ ഞാൻ ആ ഒരു സ്റ്റേജിൽ എത്തി. ആളുകളെ മുഴുവൻ നന്നാക്കിയെടുക്കാൻ എളുപ്പമല്ല. നമ്മുടെ എനർജിയും സമയവും എല്ലാം നഷ്ടമാവുകയും ചെയ്യും. ഒരു കൂട്ടം ആളുകളുടെ മാനസിക രോഗമാണ്. നമ്മൾ അത്തരക്കാരെ ഗൗനിക്കേണ്ടതില്ല

നമ്മൾ നമ്മുടെ ഇഷ്ടത്തിനാണ് വസ്ത്രം ധരിക്കേണ്ടത്. ഈ ചൂട് കാലത്ത് എത്രയും കുറച്ചു വസ്ത്രം ധരിക്കാം എന്നാണു ഞാൻ നോക്കുന്നത്. വീട്ടിൽ 'അമ്മ പറയും ചിലപ്പോൾനിഴലടിക്കുന്നു എന്നൊക്കെ‌. ഞാൻ അമ്മയോട് മിണ്ടാതിരിക്കാൻ പറയും. ഒരെണ്ണം തന്നെ ഇടുന്നതിന്റെ ബുദ്ധിമുട്ട് എത്രയാണ്! തുണി ഉടുക്കണോ വേണ്ടയോ എന്നതൊക്കെ അവരവരുടെ കംഫോർട്ടാണ് എന്നാണു ഞാൻ കരുതുന്നത്. നാട്ടുകാരുടെ മാനസിക രോഗത്തിന് മുഴുവൻ നമുക്ക് ഉത്തരം പറയാൻ ബാധ്യതയില്ല. ഇനി അത്തരം അഭിപ്രായങ്ങൾക്ക് മറുപടി പറയേണ്ടതില്ലെന്നാണ് കരുതുന്നത്. പക്ഷേ, ചില സമയത്ത് ഭയങ്കര ദേഷ്യം വരും. അപ്പോൾ ഒരു മനഃസുഖത്തിനു വേണ്ടി ചിലപ്പോൾ മറു അഭിപ്രായങ്ങൾ നൽകാറുണ്ട്. 

വസ്ത്രം, അത് ഇടുന്ന ആളുടെ കംഫോർട്ട് മാത്രമാണ്. നോക്കൂ റിമ എത്ര മിടുക്കിയായ ഒരു പെൺകുട്ടിയാണ്, ബുദ്ധിയുള്ള കുട്ടിയാണ്. അങ്ങനെയൊരു പരിപാടിയിൽ അവർ അങ്ങനെയൊരു വസ്ത്രം ധരിച്ചിട്ടുണ്ടെങ്കിൽ അവർ അതിൽ കംഫോർട്ട് ആയതുകൊണ്ടാണ്. അല്ലെങ്കിൽത്തന്നെ ഈ തുട എന്നാണു ഒരു ഒരു പ്രൈവറ്റ് പാർട്ട് ആയത്? അത് നമ്മുടെ ശരീരത്തിന്റെ ഭാഗമാണ്, അതൊരു അശ്ലീലമോ സ്വകാര്യ ഭാഗമോ അല്ലല്ലോ. അല്ലെങ്കിൽ പുരുഷന്മാർ മുണ്ടു മടക്കി കുത്തുമോ? അപ്പോൾ ആണുങ്ങളുടെ തുട പ്രശ്നമല്ല, പെണ്ണുങ്ങളുടെ പ്രശ്നമാണ്. ഓരോ ആളുകളുടെ വകതിരിവാണത്. ഇന്ന സ്ഥലത്തേയ്ക്ക് ഇന്ന വസ്ത്രം ഉടുക്കാൻ തോന്നിയാൽ അത് ഇടും. കഴിഞ്ഞ ദിവസം ഞാൻ പാരാഗ്ലൈഡിങ്ങിനു പോയി, ഞാൻ കുർത്ത ഇട്ടാണ് പോയത്. കംഫോർട്ട് ആയിരുന്നു. ഇനി എന്റെ ആഗ്രഹം സാരി ഉടുത്തു പോകണം എന്നാണു. ഇത്തരം പരിപാടികൾക്ക് പോകുമ്പോൾ ഒതുങ്ങിയ വസ്ത്രം ധരിക്കണം എന്ന് പറയും, പക്ഷെ എനിക്ക് സാരിയുടുത്തു പറക്കണം എന്നാണു ആഗ്രഹം, അത് എന്റെ ഇഷ്ടമാണ്. ഏതു വസ്ത്രം ഏതു സാഹചര്യത്തിൽ ധരിക്കണം എന്ന് നമ്മുടെ മാത്രം ചോയ്‌സാണ്. 

ഞാൻ ഇനിയും ഇത്തരം വസ്ത്രങ്ങൾ ധരിക്കും. ഞാനൊരു ദുർബലയായ സ്ത്രീയല്ല. അന്ന് ആ ബീച്ചിലെ നിമിഷങ്ങൾ ഞാനൊരുപാട് ആസ്വദിച്ചിരുന്നു, അത് മാത്രമാണ് എന്റെ മനസിലുള്ളത്. അത് കഴിഞ്ഞു ഉണ്ടായ അഭിപ്രായങ്ങൾ ഞാൻ പരിഗണിക്കുന്നില്ല. എന്റെ വസ്ത്രവും സിനിമയും ഒക്കെ ഇഷ്ടമില്ലാത്തവർക്ക് കണ്ണടയ്ക്കുകയോ ഇറങ്ങി പോവുകയോ ചെയ്യാം. അതും പേഴ്സണൽ ചോയ്സ് ആണല്ലോ. പക്ഷേ, ഞാനിങ്ങനെയാണ്, ഇങ്ങനെ തന്നെ ആയിരിക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com