ADVERTISEMENT

പുരുഷന്മാർക്കു ചില ചിന്തകളുണ്ട്. സോഷ്യൽ മീഡിയയിൽ തങ്ങൾക്കു നേരെ ആരോപിക്കപ്പെട്ട ഒരു കേസിൽ മറുഭാഗത്ത് ഒരു സ്ത്രീയാണെങ്കിൽ തങ്ങളുടെ ഭാഗത്തെ പരമാവധി ന്യായീകരിച്ചും സ്ത്രീയുടെ ഭാഗത്തും തെറ്റുണ്ടെന്ന് ചൂണ്ടിക്കാട്ടിയും അവർ അതിനെ വിലയിരുത്തും. അവിടെ സോഷ്യൽ മീഡിയയിലെ ന്യായാധിപന്മാർ രണ്ടു ഭാഗമായി തിരിയും. അതിൽ ഏറ്റവും കൂടുതൽ ആളുകളും "അവൾ അങ്ങനെ ചെയ്തത് കൊണ്ടാണല്ലോ", "അവൾ ഇങ്ങോട്ട് വന്നിട്ടല്ലേ", "പണ്ട് സുഖിച്ചു, ഇപ്പോ കരയുന്നു", തുടങ്ങിയ കണ്ടെത്തലുകൾ പങ്കു വയ്ക്കും. അതിനേക്കാളൊക്കെ പ്രധാനമായി എവിടെയെങ്കിലും അവളുടെ പേരോ മറ്റു വിവരങ്ങളോ അറിഞ്ഞാൽ ആ ദിവസം ഏറ്റവും കൂടുതൽ സെർച്ച് എൻജിനുകളിൽ ഓടുന്നത് ആ സ്ത്രീയുടെ പേരായിരിക്കും. റേപ്പ് കേസുകളിൽ പ്രത്യേകിച്ചും.

ഫെയ്‌സ്ബുക്കിലെ ലൈംഗിക അപമാനങ്ങൾക്കെതിരെ നിലകൊള്ളുന്ന പേജിൽ നിരന്തരം ഒരുപാട് സ്ത്രീകൾ തങ്ങൾ നേരിടുന്ന ലൈംഗിക പീഡന അനുഭവങ്ങൾ പങ്കു വയ്ക്കാറുണ്ട്. കഴിഞ്ഞ ദിവസം ചർച്ചയായ സംഭവത്തിൽ ഇര ആദ്യം പോലീസിൽ പരാതിയാണ് നൽകിയത്. വെറുമൊരു മാനസിക ബുദ്ധിമുട്ടിനപ്പുറം ആ പെൺകുട്ടി അനുഭവിച്ചിട്ടുണ്ട് എന്ന് അത്തന്നെ സാക്ഷ്യപ്പെടുത്തുന്നുണ്ട്. മാനസികമായും ശാരീരികമായും ഉപദ്രവിച്ച ആളിനെ പൊതുമധ്യത്തിൽ അപമാനിക്കുക എന്ന നിലപാടിനപ്പുറം നിയമത്തിന്റെ സഹായത്തോടെ നീതി ഉറപ്പാക്കുകയാണ് അവർ ചെയ്യാനാഗ്രഹിച്ചത്. പല പെൺകുട്ടികളും തങ്ങൾ അനുഭവിച്ച പീഡനങ്ങൾ സോഷ്യൽ മീഡിയയിൽ പോസ്റ്റ് മാത്രം ചെയ്യുന്ന ഒരു സാഹചര്യത്തിലാണ് അവർ ഒരു നീക്കം നടത്തിയത്.
മാനസികവും ശാരീരികവുമായ പീഡനം എന്നതിനപ്പുറം ഇൗ വിഷയം സാമൂഹികമായ തെറ്റ് കൂടി ആയത് വിജയ് ബാബു അതിജീവിതയായ പെൺകുട്ടിയുടെ പേര് പരസ്യപ്പെടുത്തിയപ്പോഴാണ്. നിയമപരമായി റേപ്പ് കേസിലെ ഇരയായ ഒരു വ്യക്തിയുടെ പേര് വിവരങ്ങൾ പരസ്യപ്പെടുത്തരുതെന്ന നിയമമുള്ളപ്പോഴാണ്.

ആരോപണ വിധേയൻ ആ തെറ്റ് ചെയ്തത്. സമൂഹത്തിൽ റേപ്പ് ചെയ്യപ്പെട്ടവൾ എന്ന പേരിൽ ഒരു പെൺകുട്ടിയുടെ പേര് പുറത്തു വരിക എന്നാൽ സോഷ്യൽ മീഡിയ അവരെ കൊത്തിക്കീറുക എന്നതാണ് അർഥം. സോഷ്യൽ മീഡിയ പ്രചാരത്തിൽ അല്ലാതിരുന്ന കാലത്തുപോലും സമൂഹത്തെ ഭയന്ന് "സൂര്യനെല്ലി പെൺകുട്ടി" എന്ന് മാത്രം വിളിക്കപ്പെട്ട ഒരു പെൺകുട്ടിയുണ്ട്. അങ്ങനെ നിരവധി സ്ത്രീകൾ പലയിടങ്ങളിലായി മുഖമില്ലാതെ ജീവിക്കുന്നുണ്ട്. എല്ലായിടത്തും സമൂഹത്തെയാണ് ഭയക്കേണ്ടതെന്ന പൊതുധാരണയാണ് അവരെ കീഴ്‌പ്പെടുത്തി തളർത്തി കളയുന്നത്. അത് സോഷ്യൽ മീഡിയക്കാലത്ത് വല്ലാതെ കണ്ടു വർധിക്കുകയും ചെയ്തിരിക്കുന്നു. ബലാത്സംഗം ചെയ്യപ്പെട്ട സ്ത്രീയെ ഏറ്റവും വൃത്തികെട്ട രീതിയിൽ അപമാനിക്കാൻ വല്ലാത്ത രസമാണ് പലർക്കും. അതോടൊപ്പം കുറ്റാരോപിതർ സമൂഹ മധ്യത്തിൽ അറിയപ്പെടുന്ന ആളും മാന്യനും ആണെങ്കിൽ അയാൾ പറയുന്ന വാചകങ്ങളാവും കൂടുതൽ പേരും മുഖവിലയ്‌ക്കെടുക്കുക, കാരണം അയാൾ ഒരു പുരുഷനാണ്. പുരുഷന്മാർ ഇതൊക്കെ ചെയ്യുന്നതാണ്, ഇതിൽ നിന്ന് സ്ത്രീ മാറി നിൽക്കണം എന്ന മനോഭാവത്തിൽ നോക്കുമ്പോൾ അതിജീവിത അപമാനങ്ങൾ നിരന്തരം ഏറ്റു വാങ്ങിക്കൊണ്ടേയിരിക്കും.

ഒരു ബലാത്സംഗ കേസുണ്ടായാൽ ഗൂഗിൾ പോലെയുള്ള സെർച്ച് എഞ്ചിനുകൾ ഏറ്റവും കൂടുതൽ തിരയുന്നത് ആ പെൺകുട്ടിയുടെ ലീക്കായ വിഡിയോകളാവും. അവൾക്കൊപ്പം നിൽക്കുന്നു എന്ന കപട വാചകം പറയുകയും അവളുടെ "തുണ്ടു" ചിത്രങ്ങളും വിഡിയോയും അന്വേഷിക്കുകയും ചോദിയ്ക്കാൻ മടിയില്ലാതിരിക്കുകയും ചെയ്യുന്ന മുഖം മൂടികളാണ് സമൂഹം.

വിജയ് ബാബുവിന് വേണമെങ്കിൽ അയാൾ പറഞ്ഞതുപോലെ പെൺകുട്ടിക്കെതിരെ മാനനഷ്ടത്തിന് പരാതി കൊടുക്കാം. അയാളുടെ ഭാഗം ന്യായീകരിക്കാനുള്ള തെളിവുകൾ നിരത്താം, അവർ പരസ്പരം അറിഞ്ഞുകൊണ്ടാണ് ലൈംഗികതയിൽ ഏർപ്പെട്ടതെന്നും വാദിക്കാം. പക്ഷേ, അതൊന്നും ആ പെൺകുട്ടി അയാൾക്കെതിരെ ഉന്നയിച്ച വാദങ്ങളെ മുറിക്കുന്നതല്ല. ക്രൂരമായ ആക്ഷേപങ്ങളാണ് അവർ ഉന്നയിച്ചിരിക്കുന്നത്. സെക്സ് ഈസ് നോട്ട് എ പ്രോമിസ് എന്ന് സിനിമയിൽ പറയാൻ പലപ്പോഴും എളുപ്പമാണ്. ഓരോ മനുഷ്യരും വ്യത്യസ്‌തരാണ്, അവരുടെ അനുഭവങ്ങളും വൈകാരികതകളും വ്യത്യസ്തമായിരിക്കും. അതുകൊണ്ടാണല്ലോ ഒരാൾ ചെയ്യുന്ന തെറ്റ് എല്ലാവർക്കും അങ്ങനെയല്ല എന്ന് തോന്നുന്നത്.

പ്രണയത്താൽ വഞ്ചിക്കപ്പെടുക, വിവാഹം, ജോലി, അവസരങ്ങൾ, ഉൾപ്പെടെയുള്ള വാഗ്ദാനങ്ങൾ നൽകി സ്ത്രീയുടെ മനസ്സും ശരീരവും ഉപയോഗിക്കുക, അത് വിഡിയോയിൽ പകർത്തുക, പിന്നീട് അത് കാണിച്ച് ഭീഷണിപ്പെടുത്തുക എന്നതൊക്കെ ഗുരുതരമായ ആരോപണങ്ങളാണ്. ഒരു സ്ത്രീയുടെ നഗ്നത അല്ലെങ്കിൽ സ്വകാര്യത വിഡിയോയിൽ പകർത്തുക, അത് അവൾക്കെതിരെ ഉപയോഗിക്കുക, ലൈംഗിക അതിക്രമ കേസിലെ സ്ത്രീയുടെ പേര് പുറത്തു പറയുക എന്നതൊക്കെ തീർത്തും നിയമപരമായി വലിയ കുറ്റങ്ങളാണ്. ലൈംഗികതയും സമ്മതവുമൊക്കെ മാറ്റി നിർത്തിയാൽപ്പോലും ഇത്തരം ഗുരുതരമായ ആരോപണങ്ങളിൽ അന്വേഷണവും ശിക്ഷയും ഉണ്ടാകേണ്ടതുണ്ട്. ആരോപണ വിധേയന്റെ മാന്യതയും ആദർശവും മാന്യമായി നിൽക്കേണ്ടതുപോലെ പരാതിക്കാരിയായ പെൺകുട്ടിയുടെ സാമൂഹിക ജീവിതവും അവൾക്കു  കിട്ടേണ്ട ബഹുമാനവും അതുപോലെയല്ല അയാൾക്ക് കിട്ടേണ്ടതിലും ഉയരത്തിൽ തന്നെ നിൽക്കേണ്ടതുണ്ട്.

English Summary: Opinion On Vijaybabu's Rape Case

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT