ADVERTISEMENT

ലൈംഗികത്തൊഴിൽ നിയമവിരുദ്ധമല്ലെന്നും ഇതിൽ ഏർപ്പെടുന്നവർക്കെതിരെ നടപടി പാടില്ലെന്നും സുപ്രീം കോടതി നിയോഗിച്ച സമിതി ശുപാർശ നൽകിയിരിക്കുന്നു. സമിതിയുടെ ചില നിർദേശങ്ങളോടു കേന്ദ്ര സർക്കാർ വിയോജിപ്പ് അറിയിക്കുകയും ചെയ്തിട്ടുണ്ട്. ഇതിൽ ഇനിയും തുടർനടപടികളുണ്ടെങ്കിലും ഈ വിഷയം വീണ്ടും പൊതുശ്രദ്ധയിലേക്കു വന്നിരിക്കുകയാണ്.

 

പുരാതന കാലം മുതൽ ദേവദാസി സമ്പ്രദായം ഇന്ത്യയിലുണ്ടായിരുന്നു. ചിലയിടങ്ങളിലെങ്കിലും അതു തുടരുന്നുണ്ട് എന്നതും അമ്പരപ്പോടെ മാത്രമേ അറിയാനാകൂ. പല തലങ്ങളുണ്ട് ഈ വിഷയത്തിന്. മുംബൈയിലെ കാമാത്തിപ്പുര ബ്രിട്ടിഷുകാരുടെ കാലത്തു തുടങ്ങിയതാണ്, വിദേശികളായ സ്ത്രീകൾ തുടങ്ങി വച്ച ശരീര കച്ചവടം പിന്നീട് നാട്ടുകാരായ സ്ത്രീകൾ ഉപജീവന മാർഗത്തിനായി തിരഞ്ഞെടുക്കുകയായിരുന്നു. കൊൽക്കത്തയിലെ സോനാഗച്ചിയിലും സ്ഥിതി മറിച്ചല്ല. 

 

വർഷങ്ങൾക്കു മുൻപ് കേരളത്തിൽ ഒരു ലക്ഷത്തോളം സ്ത്രീകൾ ലൈംഗികത്തൊഴിൽ സ്വീകരിച്ചിരുന്നെങ്കിലും ഇന്ന് ഇരുപതിനായിരത്തിൽ താഴെ മാത്രമാണെന്ന് സർവേകൾ പറയുന്നുണ്ട്. ഇവരിൽ കൂടുതൽപേരും ഉപജീവനത്തിനായാണ് ലൈംഗിക തൊഴിൽ ചെയ്യുന്നത്. ചിലർ നിവൃത്തികേട്‌ കൊണ്ട് രംഗത്ത് എത്തിപ്പെടുന്നവരുമാണ്.  ഒരു നേരത്തെ ഭക്ഷണത്തിനു വേണ്ടി ശരീരം നൽകുന്നവർ മുതൽ ആർഭാടത്തിനും സുഖകരമായ ജീവിതത്തിനും ലൈംഗികത വിൽക്കുന്നവർ വരെയുണ്ട്. 

 

ലൈംഗിക തൊഴിലിനെ ഏറ്റവും മാന്യതയില്ലാത്ത ഒന്നായാണ് ഏതു കാലത്തും കണ്ടിരുന്നത്. പൊലീസിന്റെ വേട്ടയും സാമൂഹിക വിരുദ്ധരുടെ ഉപദ്രവവും അവർ ഏറ്റു വാങ്ങുന്നുണ്ട്. ശരീരം എന്നാൽ ഉപയോഗിക്കാൻ മാത്രമാണെന്ന ധാരണയിൽ നിന്നാണ് ഉപദ്രവം അല്ലെങ്കിൽ അതിക്രമം എന്ന രീതിയുണ്ടാകുന്നത്. പ്രത്യേകിച്ച് ലൈംഗിക തൊഴിൽ ചെയ്യുന്ന സ്ത്രീകളെ അവർക്കിഷ്ടമില്ലെങ്കിൽപ്പോലും ഉപയോഗിക്കാം എന്നൊരു ധാരണയുമുണ്ട്. പക്ഷേ അവകാശങ്ങൾ എല്ലാവർക്കും ഒരുപോലെയായതുകൊണ്ടു തന്നെ ആർക്കൊപ്പം ലൈംഗികതയിൽ ഏർപ്പെടണമെന്നത് അടക്കം തീരുമാനിക്കാനുള്ള അവകാശം ആ സ്ത്രീകൾക്കാണ്. സാധാരണക്കാരായ ലൈംഗികത്തൊഴിലാളികൾ പലപ്പോഴും കടുത്ത ചൂഷണത്തിനും ഇരയാകാറുണ്ട്. പെൺവാണിഭ സംഘങ്ങളടക്കം അവരെ ചൂഷണം ചെയ്യുന്നു. 

 

ഭർത്താവിന്റെയോ മക്കളുടെയോ ചികിൽസയ്ക്കും പഠനത്തിനും ജീവിതച്ചെലവുകൾക്കും വേണ്ടി നിവൃത്തികേടുകൊണ്ട് ഈ തൊഴിലിലേക്കു വരുന്ന ഒരുപാട് സ്ത്രീകളുണ്ട്. മറ്റൊരു വശത്ത് പ്രണയത്തിന്റെ പേരിൽ വീട്ടിൽനിന്ന് ഇറങ്ങി വന്ന് അവസാനം കാമുകനാലും വീട്ടുകാരാലും ഉപേക്ഷിക്കപ്പെടുന്ന സ്ത്രീകളുമുണ്ട്. മറ്റു തൊഴിലും വിദ്യാഭ്യാസവും ഇല്ലാത്ത സാഹചര്യത്തിൽ അവർ ഒടുവിൽ എത്തിപ്പെടുന്നത് ലൈംഗിക തൊഴിലിലാണ്. സ്വന്തമായി വീടോ റേഷൻ കാർഡോ ഇല്ലാത്തതിനാൽ അരി വാങ്ങാൻ പോലും സഹായം ലഭ്യമല്ല, ഇവരിൽ പലർക്കും വോട്ടുമില്ല. മറ്റൊരു ദയനീയ വശം ലൈംഗികത്തൊഴിൽ കാരണം പകരുന്ന രോഗങ്ങളാണ്. എച്ച്ഐവി എന്ന മാരക അവസ്ഥ ഇപ്പോഴും നിലനിൽക്കുന്നു, അധികമൊന്നും അതിനെക്കുറിച്ച് ആരും സംസാരിക്കുന്നില്ലെങ്കിലും കേരളത്തിൽത്തന്നെ എച്ച് ഐ വി ബാധിതരായ ലൈംഗികത്തൊഴിലാളികളുണ്ട്. പക്ഷേ, നിവൃത്തികേട്‌ കൊണ്ട് ജോലിക്കായി പതിവായി ഇറങ്ങേണ്ടി വരുന്നവരാണ് അവർ. ലൈംഗികതയിൽ പുലർത്തേണ്ട സുരക്ഷിതത്വം നിർബന്ധിക്കാറുണ്ടെങ്കിലും പലപ്പോഴും പുരുഷന്മാർ അത് സ്വീകരിക്കണമെന്നില്ല. ഇത് അസുഖത്തിന്റെ വ്യാപ്തി കൂട്ടുന്നു. പലതരം ഗുഹ്യ രോഗങ്ങളും പല പങ്കാളികൾ വഴി ഉണ്ടാകാൻ സാധ്യതയുണ്ട്. അതുകൊണ്ടു തന്നെ ലൈംഗികതയിൽ സുരക്ഷിതത്വം വളരെ പ്രധാനമാണ്. ഇതെല്ലാം നന്നായി ശ്രദ്ധിക്കുന്നവർ തന്നെയാണ് ലൈംഗികത തൊഴിലായി എടുത്തിരിക്കുന്നവർ എന്നാണ് സർവ്വേകൾ പറയുന്നത്. പക്ഷേ ബലമായി ഉപയോഗിക്കുന്നവരും ഉണ്ടെന്നും ഇവർ പറയുന്നു .

 

ലൈംഗികത്തൊഴിൽ എന്നാൽ ശരീരത്തെ ഒരു ഉപകരണം മാത്രമായി കാണുകയാണെന്നും അത് സ്ത്രീകളുടെ വില കുറയ്ക്കുന്നുണ്ടെന്നും ഒരു മറുവാദമുണ്ട്. പണം നൽകി വിൽക്കുന്നതെന്തും ‘വിൽപനച്ചരക്ക് ആണെന്നും സ്ത്രീശരീരം ഇത്തരത്തിൽ ചരക്കായി ഇരിക്കേണ്ട ഒന്നല്ലെന്നും ഇവർ സമർഥിക്കുന്നു. ധാർമികമായും സാമൂഹികമായും ഈ വാദത്തിൽ കഴമ്പുണ്ടെങ്കിലും ജീവിച്ചിരിക്കാൻ ഭക്ഷണം ആവശ്യമാണ് എന്നതുകൊണ്ട് നിവൃത്തിയില്ലാതെ ഈ തൊഴിലിനിറങ്ങുന്ന സ്ത്രീകൾക്ക് പുനരധിവാസം എളുപ്പമല്ല.

 

ലൈംഗിക തൊഴിലിൽ ഏർപ്പെടുന്ന സ്ത്രീകളുടെ എണ്ണം കുറഞ്ഞു വരുന്നത് ഒരു നല്ല കാര്യമാണ് കുറയുന്ന പട്ടിണിയും മാറുന്ന സാഹചര്യങ്ങളും സ്വയം പര്യാപ്തരായിക്കൊണ്ടിരിക്കുന്ന സാമൂഹിക അവസ്ഥകളും അതിനു കാരണമാകുന്നു. ഉഭയ സമ്മതപ്രകാരം രണ്ടു പേർക്ക് ലൈംഗിക ആസ്വാദനം നടത്താം. അതിൽ പണം മുടക്കുമ്പോഴാണ് അത് തൊഴിലാകുന്നത്. അതിന്റെ പേരിൽ സ്ത്രീ മാത്രം അപമാനിക്കപ്പെടുന്നത് ശരിയല്ല. കാരണം ഒരു സ്ത്രീ ശരീരം വിൽക്കുന്നുണ്ടെങ്കിൽ അത് വാങ്ങാനും ആസ്വദിക്കാനും ഒരു പുരുഷനും ഉണ്ടല്ലോ. സമൂഹത്തിൽ ഇത്തരം ‘മാന്യന്മാർക്ക്’ ബഹുമാന്യത ലഭിക്കുന്ന കാലത്തോളം ഇപ്പുറം നിൽക്കുന്ന സ്ത്രീക്കും ആ മാന്യത ലഭിക്കണം. അത് അവളുടെ അവകാശം തന്നെയാണ്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT