ADVERTISEMENT

‘മീനുകൾ ചുംബിക്കുന്നു’ എന്ന, ലെസ്ബിയൻ പ്രണയം പറയുന്ന നോവലിന്റെ പ്രകാശനച്ചടങ്ങു നടത്താൻ എഴുത്തുകാരി തീരുമാനിക്കുന്നു. എറണാകുളം ജില്ലയിലെ പ്രശസ്തമായ ഒരു കോളജിൽ വച്ചാണ് പുസ്തക പ്രകാശനം. പക്ഷേ പുസ്തകത്തിന്റെ വിഷയം ലെസ്ബിയൻ പ്രണയം ആണെന്നറിഞ്ഞതോടെ അത് ഇവിടെ പ്രകാശിപ്പിക്കാൻ പറ്റില്ലെന്ന് കോളജ് അധികൃതർ പറഞ്ഞു. വിദ്യാർഥിനികളെ പുസ്തകം വഴി തെറ്റിക്കുമെന്ന സംശയമുള്ളതിനാൽ ഉന്നതങ്ങളിൽ നിന്നുമാണ് കോളജിന് വേദി നിരാകരിക്കാനുള്ള ഉത്തരവു ലഭിച്ചത്. പ്രണയം എന്നതു തന്നെ എല്ലാക്കാലത്തും വലിയ ചർച്ചാ വിഷയമാണ്, അപ്പോഴാണ് രണ്ടു പെൺകുട്ടികൾ തമ്മിൽ പ്രണയമുണ്ടെന്നും അവർ ഒന്നിച്ചു ജീവിക്കണമെന്നും പറയുന്നത്. ആദിലയും നൂറയുമാണ് ഈ വിഷയത്തിൽ ഇപ്പോൾ ചർച്ചയായിരിക്കുന്നത്.

പ്രണയം തോന്നാൻ ചിലപ്പോൾ ഒരൊറ്റ നിമിഷം മതി. എന്നാൽ ഒപ്പം ജീവിക്കണം എന്ന് ഒരാൾ മറ്റൊരാളെ കണ്ടെത്തി തീരുമാനിക്കുമ്പോൾ അയാളിൽ താനിഷ്ടപ്പെടുന്ന ഒരുപാട് കാര്യങ്ങളുണ്ടായിരിക്കണം. ഒന്നിച്ചു ജീവിക്കാൻ തടസ്സങ്ങൾ നിരവധി, ഇതൊക്കെ പരസ്പരം സംസാരിച്ചും ഉറപ്പിച്ചുമാണ് ആദിലയും നൂറയും പ്രണയിക്കാനും ഒന്നിച്ചു ജീവിക്കാനുമാഗ്രഹിച്ചത്. ഗൾഫിലായിരുന്ന ആദില, നൂറയെത്തിരഞ്ഞ് അങ്ങനെ നാട്ടിലെത്തി. പരമ്പരാഗത വിശ്വാസത്തിലൂന്നി ജീവിക്കുന്ന നൂറയുടെ മാതാപിതാക്കൾക്ക് ആ തീരുമാനം ഒരു കാരണവശാലും അംഗീകരിക്കാൻ ആവുന്നതായിരുന്നില്ല. വിവാഹം എന്നാൽ ആണും പെണ്ണും തമ്മിലുള്ളതാണ്, വിവാഹത്തിന്റെ മുഖ്യ അജൻഡ കുട്ടികളെ ജനിപ്പിക്കലും പുതിയ തലമുറയെ വാർത്തെടുക്കലുമാണ് എന്നിങ്ങനെയുള്ള ചിന്താരീതികളിൽ ജീവിക്കുന്നവർക്ക് ആദിലയെയും നൂറയേയും അംഗീകരിക്കാൻ എളുപ്പമല്ലല്ലോ. പക്ഷേ കാലം മാറി, നൂറ്റാണ്ട് പത്തൊൻപതിൽനിന്ന് ഇരുപത്തിയൊന്നിലെത്തി. മാറ്റങ്ങൾ വളരെപ്പെട്ടെന്ന് സമൂഹത്തിൽ അതിന്റെ വേരുകളുറപ്പിക്കുന്നു. 

പ്രണയം സ്ത്രീയും പുരുഷനും തമ്മിലാണ് ഉണ്ടാകേണ്ടത് എന്ന ക്ളീഷേ വാചകത്തെ വാരിയെടുത്തു ദൂരെക്കളയും. പുരോഗമനം ചിന്തിക്കുന്ന മനുഷ്യർ. പ്രണയിക്കുന്നതും വിവാഹം കഴിക്കുന്നതും കുട്ടികൾക്കു വേണ്ടിയോ താങ്ങിനും തണലിനും വേണ്ടിയോ എന്നല്ലാതെ പരസ്പരം പ്രണയിക്കുന്ന രണ്ടു മനുഷ്യർ രതിയും ജീവിതവും പങ്കിടാൻ ഒന്നിച്ചു താമസിക്കുന്ന ഏർപ്പാട് കൂടിയാകുന്നുണ്ട്. എവിടെയും ലൈംഗികത എന്ന വാക്ക് വരുമ്പോൾത്തന്നെയാണ് അത് വിലക്കപ്പെട്ടതാകുന്നത്. സ്ത്രീയും പുരുഷനും തമ്മിലുള്ള രതിയെ ഉദാത്തമായി ചിത്രീകരിക്കുന്നതു തന്നെ അതിൽ ഭാവിയെപ്പറ്റിയുള്ള കരുതലും അടുത്ത തലമുറയ്ക്ക് വേണ്ടിയുള്ള നിക്ഷേപവും ഉള്ളതുകൊണ്ടാണ്. അതേ സമയം രണ്ട് ആൺകുട്ടികളോ പെൺകുട്ടികളോ ഒന്നിച്ചു ജീവിക്കുക എന്നാൽ അത് ലൈംഗികതയ്ക്കു വേണ്ടി മാത്രമാണെന്ന് ചിലർ പറഞ്ഞു വയ്ക്കുന്നു. 

ലെസ്ബിയനിസം എന്നാൽ ലൈംഗികത മാത്രമല്ല. പരസ്പരം പ്രണയമുള്ള രണ്ടു മനുഷ്യർ അവരുടെ സ്നേഹവും സഹാനുഭൂതിയും ഒന്നിച്ചു നിൽക്കാനുള്ള താൽപര്യങ്ങളും പങ്കിട്ടു കൂടെ നിൽക്കുക എന്നതാണ്. ഒരുപക്ഷേ സ്ത്രീ-പുരുഷ ബന്ധങ്ങളിൽ ഉള്ളതിനേക്കാൾ മനസ്സിലാക്കലുകളും കൂട്ടിരുപ്പുകളും ഉണ്ടാവുക രണ്ടു സ്ത്രീകൾ തമ്മിലുള്ള ബന്ധത്തിലാകാം. ഒരു സ്ത്രീക്കു മാത്രം മനസ്സിലാകുന്ന ചില ശാരീരിക-മാനസിക മാറ്റങ്ങളുണ്ട്. പുരുഷന്റെ കണ്ണിൽ അതെപ്പോഴും പരിഗണനയ്ക്കു വേണ്ടിയുള്ള കാട്ടിക്കൂട്ടലുകളോ ഭ്രാന്തോ ഒക്കെയാവാം, എന്നാൽ പരസ്പരം ശരീരത്തെയും മനസ്സിനെയും മൂഡ് സ്വിങ്ങ്സുകളെയും മനസ്സിലാക്കുന്ന സ്ത്രീക്ക് അതനുസരിച്ച് കൂടെയുള്ളയാളെ എത്ര ഭംഗിയായി കരുതാൻ കഴിഞ്ഞേക്കും! അപ്പോൾ മാത്രമായിരിക്കാം ഒരു പ്രണയം ഏറ്റവും മനോഹരമാകുന്നതും. 

കേരളത്തിലെ സദാചാര കപടത പേറുന്ന മനുഷ്യർക്ക് ലെസ്ബിയനിസം എന്നാൽ കാമഭ്രാന്ത് തലയ്ക്കു പിടിച്ച അവസ്ഥ മാത്രമാണെന്ന് ആദിലയുടെയും നൂറയുടെയും പ്രണയത്തെക്കുറിച്ചുള്ള വാർത്തകൾക്കു താഴെ വരുന്ന കമന്റുകൾ സൂചിപ്പിക്കുന്നു. അതിന്റെ ബാക്കിയാണ് ആദിലയെയും നൂറയെയും നിർബന്ധിച്ചു മാനസിക രോഗ വിദഗ്ധനെ കാണിക്കാൻ ശ്രമിച്ച അവരുടെ കുടുംബങ്ങൾ. സമാന ലിംഗത്തോടു പ്രണയം തോന്നുക അല്ലെങ്കിൽ ട്രാൻസ് ആയ അവസ്ഥ ഉണ്ടാവുക എന്നാൽ മാനസികക്കുഴപ്പം അല്ലെങ്കിൽ ഭ്രാന്ത് ആണെന്നാണ് പൊതു ധാരണ. നല്ല തല്ലു കൊടുത്താൽ ഇതൊക്കെ മാറും എന്ന് പറയുന്നവരും കുറവല്ല. പ്രണയം പുരുഷനോടോ സ്ത്രീയോടോ ഉണ്ടാകട്ടെ, അവരെ സ്വന്തം മാനസിക വൈകൃതങ്ങൾക്കിരയാക്കാതെ, എല്ലാത്തിലും ഒപ്പം നിന്ന്, പ്രണയത്താൽ സ്വയം നിറഞ്ഞു ജീവിക്കുന്ന അവസ്ഥയാണ് മനോഹരം. അങ്ങനെയുണ്ടാകാത്ത ഭൂരിപക്ഷ ദാമ്പത്യങ്ങളിൽ നിരാശപ്പെട്ടു ജീവിക്കുന്ന മനുഷ്യർക്ക് "ഫ്രസ്‌ട്രേഷൻ" ഉണ്ടാവുക സ്വാഭാവികമാണ്. സ്ത്രീ എന്നാൽ ഭരിക്കാനും ലൈംഗികതയ്ക്കുമുള്ള വെറുമൊരു ഉപകരണം ആണെന്ന തോന്നലിൽ ജീവിക്കുമ്പോൾ രാത്രി കിടപ്പറയിൽ ഉപയോഗിക്കാനും അടുക്കളയിൽ തീ പുകയ്ക്കാനും ഉള്ള എന്തോ ഒന്നു മാത്രമാണ് സ്ത്രീകളെന്ന ബോധത്തിൽ ജീവിക്കുന്ന അധികം പുരുഷന്മാർക്കും രണ്ടു സ്ത്രീകളുടെ പ്രണയം ഭ്രാന്തു തന്നെയായിരിക്കും. 

ആദിലയുടെയും നൂറയുടെയും പ്രണയത്തെ നിയമം ഒടുവിൽ അംഗീകരിച്ചിരിക്കുന്നു. വീട്ടുകാരുടെ പിടിച്ചു വയ്ക്കലുകളെ മറികടന്നു ഹൈക്കോടതി അവരെ ഒരുമിച്ച് ജീവിക്കാൻ വിട്ടിരിക്കുന്നു. പ്രായപൂർത്തിയെത്തിയ രണ്ടു പെൺകുട്ടികൾക്ക് ഇനി ഒന്നിച്ചു ജീവിക്കാം. മക്കൾ എന്നാൽ മാതാപിതാക്കളുടെ മാത്രം സ്വത്താണെന്നും അവർ പറയുന്നതനുസരിച്ച് മാത്രമാണ് ജീവിക്കേണ്ടതെന്നുമുള്ള വാദങ്ങൾ പ്രായപൂർത്തിയെത്തിയ മനുഷ്യരുടെ അടുത്ത് നടപ്പില്ല. സാമ്പത്തിക സ്വാതന്ത്ര്യം നേടി അവർക്ക് ഇനി സ്വന്തം ജീവിതം ഒന്നിച്ചു ജീവിക്കാം. അവർ മനുഷ്യരാണ്, പങ്കാളികളാണ്, അതിനപ്പുറം ഒന്നുമില്ല. കുട്ടികളെ നിർമിച്ചെടുക്കുന്നതോ അടുത്ത തലമുറയ്ക്കു വേണ്ടി കരുതുന്നതോ മാത്രമല്ല കുടുംബത്തിന്റെ അടിസ്ഥാനം, അത് പങ്കാളികൾ തമ്മിലുള്ള പ്രണയത്തിലൂന്നിയാണ്. ആ പ്രണയം ആദിലയെയും നൂറയെയും നയിക്കട്ടെ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT