വധുവാകണം; പക്ഷേ ഭാര്യയാകേണ്ട; സോളോഗമികൾക്കായി കിറ്റുകൾ വരെ!

sologamy-kshama
SHARE

എല്ലാ സ്ത്രീകള്‍ക്കും വധുവാകാന്‍ ആഗ്രഹമുണ്ട്. പക്ഷേ ഭാര്യയാകാന്‍ ആഗ്രഹമില്ല. അതുകൊണ്ട് ഞാന്‍ എന്നെ തന്നെ വിവാഹം ചെയ്യാന്‍ തീരുമാനിച്ചു'- ക്ഷമ ബിന്ദു എന്ന 24കാരി പറഞ്ഞുവച്ചത് ഇങ്ങനെ. സ്വയം സ്നേഹിക്കാന്‍ മറ്റൊരാള്‍ വേണമെന്ന കാഴ്ചപ്പാടുള്ളവര്‍ക്കും വിവാഹമോചനം തുടര്‍കഥകളായി വരുന്ന ഇക്കാലത്തും ക്ഷമ പറഞ്ഞുവക്കുന്നത് അവളുടെ അനുഭവം കൂടിയാണ്. അവള്‍ ആണിനെയും പെണ്ണിനെയും ഇഷ്ടപ്പെട്ടിരുന്നു. ഈ അനുഭവങ്ങളില്‍ നിന്നുള്ള തിരിച്ചറിവാണ് സ്വയം സ്നേഹിക്കാന്‍ ക്ഷമയെ പ്രേരിപ്പിച്ചത്. നിലവിലുള്ള വ്യവസ്ഥിതികളെ തച്ചുടച്ച് ക്ഷമ എന്ന വ്യക്തിയെ അവള്‍ ഇഷ്ടപ്പെട്ട് അവള്‍ വധുവാകുകയാണ്. സോളോഗമി മുന്നോട്ടുവക്കുന്നത് എന്തെല്ലാമെന്ന് പരിശോധിക്കാം.

ആദ്യ ഇന്ത്യന്‍ സോളോഗമി

ഇന്ത്യയിലെ ആദ്യത്തെ സോളോഗമി വിവാഹത്തിനാണ് പതിനൊന്നാം തിയതി ക്ഷമ തയാറായിരിക്കുന്നത്. സ്വതന്ത്രയായി ജീവിക്കണമെന്ന തോന്നലിനെയാണ് സോളോഗമി അഥവാ സ്വയം വിവാഹംചെയ്യല്‍ എന്നതുകൊണ്ട് അര്‍ത്ഥമാക്കുന്നത്. മാലയിടല്‍, സിന്ദൂരം ചാര്‍ത്തല്‍ പോലുള്ള പതിവ് രീതിയിലാകും സോളോഗമി വിവാഹവും നടക്കുക. സോളോഗമി വിവാഹത്തിനെ ഓട്ടോഗമി എന്നും പറയും. മറ്റ് ലോക രാജ്യങ്ങളില്‍ ഇത് നടക്കുന്നുണ്ടെങ്കിലും ഇന്ത്യയിലിത് നിയമപരമല്ല. ഹിന്ദു മാരേജ് ആക്ട് പ്രകാരം രണ്ട് വ്യക്തികള്‍ തമ്മിലുള്ള വിവാഹത്തിനാണ് നിലവില്‍ അനുമതിയുള്ളത്. സ്വയം വിവാഹംചെയ്യാന്‍ അനുമതിയില്ല. ആയതിനാല്‍ തന്നെ സ്വയം വിവാഹം എന്നത് അതത് വ്യക്തികളുടെ മാത്രം തിരഞ്ഞെടുപ്പാണ്. 

‌യുഎസിലെ ഡെന്റൽ ഹൈജീനിസ്റ്റായ ലിന്‍ഡ ബേക്കര്‍ എന്ന യുവതിയാണ് ലോകത്താദ്യമായി സോളോഗമി വിവാഹംചെയ്തത്. 1993ലാണ് സംഭവം. 75ഓളം കൂട്ടുകാര്‍ ലിന്‍ഡയുടെ വിവാഹത്തില്‍ പങ്കെടുത്തതായാണ് റിപ്പോര്‍ട്ടുകള്‍. സ്വന്തം കാര്യങ്ങൾ സ്വയം ചെയ്യുമെന്നാണ് ലിൻഡ പറഞ്ഞിരുന്നത്. പിന്നാലെ സോളോഗമിയിലെ ആത്മസംതൃപ്തി മനസിലാക്കി അതും ട്രെന്‍ഡായി. അടുത്ത വിവാഹം നടക്കുന്നത് 1996ലാണ്. ഇവിടെ ബാസ്ക്കറ്റ്ബോള്‍ താരം ഡെന്നിസ് റോഡ്മാനാണ് സോളോഗമിയായത്. തുടര്‍ന്ന് ഈ ട്രെന്‍ഡ് പരീക്ഷിച്ച് ടിവി സീരിസും, പ്രസിദ്ധീകരണങ്ങളും പുറത്തുവന്നു. സെലിബ്രിറ്റികളും ഈ രീതിയെ ഏറ്റെടുത്ത് രംഗത്തെത്തി. ഇതില്‍ ശ്രദ്ധയാകര്‍ഷിച്ചത് ഇറ്റാലിയന്‍ യുവതി ലോറ മെസിയുടേതാണ്. വെള്ള ഗൗണ്‍ ധരിച്ച് വിവാഹത്തിനായി ഒരുങ്ങി വേദിയിലെത്തിയ ലോറയെ വരല്‍വേല്‍ക്കാന്‍ 70ഓളം കാണികളും അണിനിരന്നു. ഈ വിവാഹം സോഷ്യല്‍ മീഡിയയിലും പ്രചരിച്ചു. 2017ല്‍ വിക്ടോറിയ സീക്രട്ട് മോഡല്‍ അഡ്രൈന ലിമ ഇന്‍സ്റ്റഗ്രാമിലൂടെ സ്വയം വിവാഹം ചെയ്യുന്നതായി പ്രഖ്യാപിച്ചു. വിവാഹമോതിരം അണിഞ്ഞുകൊണ്ട് എന്‍റെ ഇഷ്ട്ടം നടത്തുന്നതായി അറിയിച്ചു. തുടര്‍ന്ന് താരങ്ങളുടെ കുത്തൊഴുക്കുതന്നെ സോളോഗമി വിവാഹത്തില്‍ പ്രത്യക്ഷപ്പെട്ടു. അമേരിക്കല്‍ ഗായിക ഫാന്‍റാസിയ ബാറിനോ, പ്രശസ്ത നടി എമ വാട്സണ്‍ എന്നിവരും സ്വയം വിവാഹം ചെയ്യുന്നതായി പറഞ്ഞു. വോഗ് മാഗസിനില്‍ നല്‍കിയ അഭിമുഖത്തിലാണ് എമ ഇക്കാര്യം പറഞ്ഞത്

സോളോഗമികള്‍ക്കായി സെക്സ് കിറ്റുകള്‍വരെ

സ്വയം വിവാഹംചെയ്യുന്നവരെ പിന്തുണച്ചെത്തിയ സംഘടനയാണ് Marry Yourself. ഇതിന്‍റെ സ്ഥാപക അലക്സാന്‍ഡ്ര ഗില്‍ ആണ്. ചരിത്രത്തില്‍ തന്നെ ഇതാദ്യമായാണ് ഇങ്ങനൊരു സ്ഥാപനം എത്തിയത്. എല്ലാകാര്യങ്ങളും സ്വതന്ത്രമായി യുവതികള്‍ തീരുമാനിക്കട്ടെ എന്ന ഉദ്ദേശമാണ് ഇത്തരത്തിലൊരു സംരംഭത്തിലേക്ക് തന്നെ നയിച്ചതെന്ന് ഉടമ പറഞ്ഞു. തുടര്‍ന്ന് ഇതൊരു വ്യവസായംതന്നെ സൃഷ്ടിക്കുകയായിരുന്നു. ഇവര്‍ക്കായി ട്രാവല്‍ കമ്പനികളും വെഡിങ് പാക്കേജുകളുമെത്തി. ഇതില്‍ വിവാഹ വസ്ത്രം, ഫോട്ടോഷൂട്ട്, ഹണിമൂണ്‍ പാക്കേജുകള്‍, സെല്‍ഫ് മാരേജ്, സെക്സ് കിറ്റുകള്‍ വരെയുണ്ടായി. സ്വയം ഇഷ്ടപ്പെടുക എന്ന തലക്കെട്ടോടെ മറ്റ് ചില സംഘടനകളും സോളോഗമികള്‍ക്ക് പിന്തുണയുമായെത്തി.

'വയസ് എത്രയായി; വിവാഹമായില്ലേ..'?

ഈ വക ചോദ്യങ്ങള്‍ കേട്ടുമടുത്തു പലരും. സോളോഗമിയിലൂടെ ഒറ്റപ്പെടല്‍ അനുഭവപ്പെടുമോ എന്ന സംശയം പലരും മുന്നോട്ടുവച്ചു. എന്നാല്‍ മറ്റൊരാള്‍ നമ്മെ നിയന്ത്രിക്കാനില്ലെങ്കില്‍ അടുത്തത് എന്ത് വേണമെന്ന് നമുക്ക് തീരുമാനിക്കാം. ഈ സ്വാതന്ത്ര്യമാണ് ഇത്തരം വിവാഹങ്ങള്‍കൊണ്ട് ഉദ്ദേശിക്കുന്നത്. നിശ്ചിത സമയത്തിനുള്ളില്‍ വിവാഹമായില്ലെങ്കില്‍ യുവതികളെ പഴിപറയുന്ന രീതി മാറണമെന്നായിരുന്നു ഇതിനു പിന്നില്‍ താങ്ങായി നിന്നവരുടെ അഭിപ്രായങ്ങള്‍. അതേസമയം, സോളോ ആയി വിവാഹം ചെയ്യുന്നവര്‍ക്ക് ആ ജീവിതം മടുത്തുകഴിഞ്ഞാല്‍ അവര്‍തന്നെ അടുത്ത തീരുമാനം കൈക്കൊള്ളും. അത്തരത്തിലൊരു അനുഭവം ബ്രസീലിയന്‍ യുവതിയായ ക്രിസ് ഗലേറയ്ക്കുണ്ടായി. 2021ലാണ് 33കാരി ക്രിസ് സ്വയം വിവാഹിതയായത്. വളരെ അധികം വാര്‍ത്താപ്രാധാന്യം നേടിയിരുന്നു ഈ വിവാഹം. 90 ദിവസം കഴിഞ്ഞ് മറ്റൊരാളെ ഇഷ്ടപ്പെട്ടതിനാല്‍ ക്രിസ് വിവാഹമോചിത ആയി. ഇത്തരത്തില്‍ ഒറ്റയ്ക്കുള്ള ജീവിതം മടുത്താല്‍ അടുത്ത തീരുമാനം എടുക്കാം. പൂര്‍ണ്ണ സ്വാതന്ത്ര്യം മാത്രമാണ് ഇതുകൊണ്ടും ഉദ്ദേശിക്കുന്നത്.

ഇത്തരത്തില്‍ സ്വത്വത്തിനു പ്രാധാന്യം നല്‍കുകയാണ് ക്ഷമ എന്ന ഗുജറാത്തി സ്വദേശിനി. വീട്ടുകാര്‍ ആദ്യമൊന്നു ഞെട്ടിയെങ്കിലും അവളുടെ തീരുമാനം അവര്‍ അംഗീകരിച്ചു. പ്രണയം അതാര്‍ക്കും അതാരോടും തോന്നാം. ആണും പെണ്ണും ട്രാന്‍സ്ജന്‍ഡറുകളും മാത്രമല്ല സ്വയം ഇഷ്ടപ്പെടുകയും വേണമെന്നാണ് ക്ഷമ കാണിച്ചുതരുന്നത്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FEATURES

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

വിവാഹം പ്ലാനിൽ ഇല്ല

MORE VIDEOS