ADVERTISEMENT

ഇന്ത്യ സ്ത്രീകള്‍ക്ക് ജീവിക്കാന്‍ അനുയോജ്യമായ നാടാണോ? വലിയ കുഴപ്പമില്ലാതെ ജീവിച്ചുപോവാമെന്നാണ് കഴിഞ്ഞ ദിവസം പുറത്തുവന്ന വുമണ്‍, പീസ് ആന്റ് സെക്യൂരിറ്റി ഇന്‍ഡക്‌സ് ചൂണ്ടിക്കാട്ടുന്നത്. ജോര്‍ജ്ടൗണ്‍ യൂനിവേഴ്‌സിറ്റിയുടെ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ വുമണ്‍, പീസ് ആന്റ് സെക്യൂരിറ്റിയും ഓസ്‌ലോയിലെ ദി പീസ് റിസേര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടും ചേര്‍ന്നാണ് പഠനം നടത്തിയത്.

 

2021- 2022 കാലത്തെ കണക്കുകളെ അടിസ്ഥാനപ്പെടുത്തി ലോകത്തിലെ സ്ത്രീകള്‍ക്ക് ഏറ്റവും മികച്ചതും മോശവുമായ രാജ്യങ്ങളെക്കുറിച്ചാണ് ഈ പട്ടിക പറയുന്നത്. 170 രാജ്യങ്ങളിലെ സ്ത്രീകളുടെ പങ്കാളിത്തം, നീതി ലഭ്യത, സുരക്ഷ എന്നിവ മുന്‍നിര്‍ത്തികൊണ്ടാണ് വുമണ്‍, പീസ് ആന്റ് സെക്യൂരിറ്റി ഇന്‍ഡക്‌സ് തയ്യാറാക്കിയിരിക്കുന്നത്. ഇതുപ്രകാരം ഓരോ രാജ്യത്തിനും ഒരു ദേശീയ സൂചിക സ്‌കോര്‍ നല്‍കിയിട്ടുണ്ട്. 

 

സൂചിക പ്രകാരം തൊഴില്‍ ചെയ്യുന്ന സ്ത്രീകള്‍ക്ക് ഏറ്റവും അനുയോജ്യമായ നാടേതാണെന്നറിയാമോ? അത് സ്‌കാന്‍ഡിനേവിയന്‍ രാജ്യമായ നോര്‍വെയാണ്. 0.922 സ്‌കോറുമായി നോര്‍വെ ഒന്നാമത് നില്‍ക്കുമ്പോള്‍ 0.278 സ്‌കോറുമായി അഫ്ഗാനിസ്ഥാനാണ് സൂചികയില്‍ ഏറ്റവും ഒടുവിലുള്ളത്. 

 

സ്ത്രീപക്ഷ രാജ്യങ്ങളുടെ പട്ടികയില്‍ ആദ്യ അഞ്ച് സ്ഥാനങ്ങളിലും യൂറോപ്യന്‍ രാജ്യങ്ങളാണ്. അഞ്ചാം സ്ഥാനം ലക്‌സംബര്‍ഗിനാണെങ്കില്‍(0.899) നാലാം സ്ഥാനം ഡെന്‍മാര്‍ക്കിനും(0.903) മൂന്നാം സ്ഥാനം ഐസ്‌ലാന്‍ഡിനുമാണ്(0.907). ഫിന്‍ലാന്‍ഡാണ്(0.909) രണ്ടാം സ്ഥാനത്തുള്ളത്.

 

ഇനി സൂചിക പ്രകാരം സ്ത്രീകള്‍ക്ക് ജീവിക്കാന്‍ അനുയോജ്യമല്ലാത്ത രാജ്യങ്ങളെ നോക്കാം. സ്ത്രീവിരുദ്ധമെന്ന് വിശേഷിപ്പിക്കാവുന്ന പട്ടികയില്‍ മുന്നിലുള്ള രാജ്യങ്ങളെല്ലാം യുദ്ധം തകര്‍ത്തവയാണെന്നതും ശ്രദ്ധേയമാണ്. ഇറാഖ്(റാങ്ക് -166), പാകിസ്താന്‍(167), യെമന്‍(168), സിറിയ(169), അഫ്ഗാനിസ്ഥാന്‍(170) എന്നിങ്ങനെ പോകുന്നു അവസാനസ്ഥാനങ്ങളിലെ രാജ്യങ്ങള്‍. 

 

ഇന്ത്യയുടെ റാങ്കും അത്രമേല്‍ അഭിമാനിക്കാവുന്നതല്ല. സ്ത്രീവിരുദ്ധ രാജ്യങ്ങളില്‍ 148-ാം സ്ഥാനത്താണ് നമ്മള്‍. നാലില്‍ ഒന്ന് സ്ത്രീകളാണ് ഇന്ത്യയില്‍ വരുമാനം ലഭിക്കുന്ന തൊഴിലെടുക്കുന്നത്. അത് ആഗോള ശരാശരിയുടെ പകുതിയില്‍ താഴെയാണ്.

 

കഴിഞ്ഞ തവണ പുറത്തുവിട്ട സൂചികയില്‍ പിന്‍നിരയിലുണ്ടായിരുന്നവരില്‍ 121 രാജ്യങ്ങള്‍ തങ്ങളുടെ നില മെച്ചപ്പെടുത്തിയതായും വുമണ്‍, പീസ് ആന്റ് സെക്യൂരിറ്റി ഇന്‍ഡക്‌സ് പറയുന്നു. അതേസമയം ചില രാജ്യങ്ങള്‍ പഴയതിലും കൂടുതല്‍ വഷളായിട്ടുമുണ്ട്. അഫ്ഗാനിസ്ഥാന്‍, ഹയ്തി, നമീബിയ, യെമന്‍ എന്നിവയാണ് പിന്നിലേയ്ക്ക് പോയ രാജ്യങ്ങള്‍.

 

തെക്കന്‍ ഏഷ്യന്‍ രാജ്യങ്ങളാണ് സൂചികയിലെ റാങ്കിങ്ങില്‍ പിന്നിലേക്ക് പോയത്. സ്ത്രീകള്‍ക്ക് നേരെയുളള വിവേചനം, തുല്യമല്ലാത്ത നീതി, സ്വന്തം പങ്കാളിയില്‍ നിന്നുതന്നെയുളള പീഡനം എന്നിവ മുന്‍നിര്‍ത്തികൊണ്ടാണ് ഈ റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്. ഇതുമാത്രമല്ല കോവിഡ് 19 സ്ത്രീകളെ കാര്യമായി ബാധിച്ചതായും. ഈ കാലയളവില്‍ പുരുഷന്‍മാരേക്കാള്‍ സ്ത്രീകള്‍ക്ക് തൊഴില്‍ നഷ്ടപ്പെട്ടതായും വുമണ്‍, പീസ് ആന്റ് സെക്യൂരിറ്റി ഇന്‍ഡക്‌സ് ചൂണ്ടിക്കാട്ടുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com