ADVERTISEMENT

പ്രമുഖ അഫ്ഗാൻ - അമേരിക്കൻ എഴുത്തുകാരനായ ഖാലിദ് ഹൊസൈനി ഇതുവരെ രചിച്ച എല്ലാ സാഹിത്യകൃതികളെക്കാളും ഹൃദ്യമായിരുന്നു ട്വിറ്ററിൽ കുറിച്ച ആ വരികൾ. തന്റെ മകൾ ഹാരിസ് ട്രാൻസ്ജെൻഡർ വ്യക്തിയായി മാറിയ വിവരം ഏറെ ആഹ്ലാദത്തോടെ, അഭിമാനത്തോടെ അദ്ദേഹം ട്വിറ്ററിലൂടെ ലോകത്തെ അറിയിച്ചു. അവിടേക്കുള്ള യാത്രയിൽ അവൾ അനുഭവിച്ച ആകുലതകളും ശാരീരിക, മാനസിക വെല്ലുവിളികളും കൂടെ നിന്ന് കണ്ട അദ്ദേഹം അവളുടെ മുന്നോട്ടുള്ള പാതയിൽ താനും കുടുംബവും ഒപ്പമുണ്ടാകുമെന്ന് ഉറക്കെ പ്രഖ്യാപിച്ചു. നിരുപാധികം എന്ന് സമൂഹം എപ്പോഴും വിശേഷിപ്പിക്കുന്ന മാതൃസ്നേഹം പോലും പലപ്പോഴും LGBTQIA+ വ്യക്തികൾക്ക് നിഷേധിക്കപ്പെടുമ്പോൾ ഒരച്ഛൻ നടത്തിയ ഈ ധീരമായ പ്രഖ്യാപനം ലോകം മുഴുവൻ ഏറ്റെടുത്തു.

 

trans-women-story
Representative Image

കേരളത്തിലെ LGBTQIA+ സമൂഹം നേരിടുന്ന ആദ്യ വെല്ലുവിളി കുടുംബത്തിൽ നിന്നു തന്നെയാണ്. ‘എന്റെ യഥാർത്ഥ സ്വത്വം വെളിപ്പെട്ടു തുടങ്ങിയപ്പോൾ മുതൽ കുടുംബത്തിൽ പ്രശ്നങ്ങളായി. അച്ഛനും ഏട്ടന്മാരും എന്നെ പൊതിരെ തല്ലാൻ തുടങ്ങി. നിർബന്ധിച്ച് പല ചികിത്സകൾക്കും വിധേയയാക്കി. എന്നിട്ടും ഞാൻ മാറാൻ തയാറാകാതെ വന്നപ്പോൾ എന്നെ വീട്ടിൽ നിന്ന് പുറത്താക്കി. ഏറ്റ അടികളെക്കാൾ എന്നെ വേദനിപ്പിച്ചത് അമ്മയുടെ മൗനമാണ്. ഇരുപത് വയസ്സ് തികയാത്ത, പഠനം പൂർത്തിയാക്കാത്ത, ഭയവും സങ്കടങ്ങളും മാത്രം കൂട്ടിനുള്ള ഞാൻ അങ്ങനെ അനാഥയായി ലോകത്തേക്ക് ഇറങ്ങി’ - കൊച്ചിയിൽ നടന്ന ഒരു LGBTQIA+ കൂട്ടായ്മയിൽ ഒരു പെൺകുട്ടി തന്റെ ജീവിതം വെളിപ്പെടുത്തിയത് ഇങ്ങനെയാണ്. ഒരുപാട് ക്രൂരമായ അനുഭവങ്ങളിലേക്കുള്ള പടിയിറക്കമായിരുന്നു അവളുടേത്. പഠനം തുടരാൻ, ഒരു ജോലി ലഭിക്കാൻ എന്തിന്, വയർ നിറയെ ഭക്ഷണം കഴിക്കാൻ പോലും കഴിയാത്ത ആ കാലം ഇന്നും അവളുടെ കണ്ണ് നിറയ്ക്കുന്നു. 

 

trans-man-looking-halfface-makeup-mirror

സർക്കാരും ക്വിയർ കൂട്ടായ്മകളും ഇപ്പോൾ ഇവർക്ക് പിന്തുണയുമായി രംഗത്തുണ്ടെങ്കിലും സമൂഹത്തിന്റെ മനോഭാവം എത്രമാത്രം മാറി എന്ന് സംശയം തോന്നിക്കുന്നതാണ് ഈയടുത്തും ഉണ്ടായ സംഭവങ്ങൾ. സ്വവർഗാനുരാഗികളായ ആലുവ സ്വദേശി ആദില നസ്രിനും താമരശേരിക്കാരി ഫാത്തിമ നൂറയ്ക്കും ഒന്നിച്ചൊരു ജീവിതം തുടങ്ങാൻ കുടുംബങ്ങളോട് യുദ്ധം തന്നെ വേണ്ടി വന്നു. ഒടുവിൽ കോടതിയുടെ ഇടപെടലിലൂടെയാണ് അവർക്ക് ഒന്നിക്കാനായത്. കേരളത്തിലെ മിക്കവാറും ലെസ്ബിയൻ - ഗേ പങ്കാളികളുടെ അവസ്ഥ ഇതു തന്നെയാണ്. ഒരു ശതമാനത്തിന് പോലും കുടുംബത്തിന്റെ പിന്തുണ ലഭിക്കുന്നില്ല. പിന്തുണ ഇല്ലെന്നു മാത്രമല്ല, ശാരീരിക വൈകാരിക പീഡനങ്ങളും ഇവർ നേരിടേണ്ടിവരുന്നുണ്ട്. മറ്റൊരു സംഭവത്തിൽ 24 വയസ്സുകാരനായ മകൻ ട്രാൻസ്ജെൻഡറാണെന്നറിഞ്ഞ അമ്മ അവനു നേർക്ക് ഉയർത്തിയത് ആത്മഹത്യാഭീഷണിയാണ്. ഭർത്താവ് മരിച്ച ശേഷം താൻ കഷ്ടപ്പെട്ടു വളർത്തിക്കൊണ്ടു വന്ന മകൻ കുടുംബത്തിന്റെ ഭാരം ഏറ്റെടുക്കേണ്ടതിനു പകരം മകളായി മാറുന്നോ എന്ന ചോദ്യമാണ് അവരുടേത്. മകന് മാത്രമല്ല, മകൾക്കും കുടുംബം പോറ്റാൻ കഴിയുമെന്ന മറുവാദത്തിലുറച്ചു നിന്ന മകൻ തന്റെ സ്വത്വപ്രതിസന്ധിക്ക് ഉത്തരം തേടിയതോടെ കുടുംബം വിട്ട് ഇറങ്ങേണ്ടിവന്നു. കുടുംബത്തിന്റെ സാമൂഹിക – സാമ്പത്തിക – വിദ്യാഭ്യാസ പശ്ചാത്തലമൊന്നും ഇക്കാര്യത്തിലെ പ്രതികരണത്തിൽ മാറ്റം വരുത്തുന്നില്ല.

 

പരിഷ്കൃതരെന്ന് അഭിമാനിക്കുന്ന, ഉയർന്ന വിദ്യാഭ്യാസമുള്ളവർ പോലും ട്രാൻസ് - ക്വിയർ ഫോബിയ വച്ചുപുലർത്താറുണ്ട്. രോഗിയായി അവശനിലയിൽ ചികിത്സ തേടിയ പല ട്രാൻസ് വ്യക്തികൾക്കും ആശുപത്രികളിൽ നിന്ന് മോശം അനുഭവങ്ങൾ ഉണ്ടായി. ഏറ്റവും അനുഭാവപൂർണമായ പെരുമാറ്റം ലഭിക്കേണ്ട ഇടങ്ങളിൽ പോലും അവർ മാറ്റിനിർത്തപ്പെടുകയാണ്. ലിംഗമാറ്റ ശസ്ത്രക്രിയയെ (സെക്സ് റീഅസൈൻമെന്റ് സർജറി – SRS) തുടർന്ന് പലർക്കും ആരോഗ്യപ്രശ്നങ്ങളുണ്ടായി. എസ്ആർഎസിനെ തുടർന്നുണ്ടായ പ്രശ്നങ്ങൾ അതിജീവിക്കാൻ കഴിയാതെയാണ്, കേരള നിയമസഭയിലേക്ക് ആദ്യമായി മത്സരിച്ച ട്രാൻസ് വ്യക്തിയായ അനന്യകുമാരി അലക്സ് ജീവനൊടുക്കിയത്. ട്രാൻസ് വ്യക്തികൾക്ക് ബിരുദ, ബിരുദാനന്തര കോഴ്സുകളിൽ സംവരണം നൽകാൻ കേരള സർക്കാർ തീരുമാനമെടുത്തത് സ്വാഗതം ചെയ്യപ്പെട്ടെങ്കിലും മിക്കവാറും സീറ്റുകൾ ഒഴിഞ്ഞുകിടക്കുകയാണ്. മുൻപ് കോളജിൽ ചേർന്ന പലരും ഒറ്റപ്പെടൽ മൂലം വിദ്യാഭ്യാസം പാതിവഴിയിൽ ഉപേക്ഷിച്ചു. ഇവിടെയാണ് സമൂഹം ‘ക്വിയർ ഫ്രണ്ട്‌ലി’ എന്നതിനപ്പുറം ‘ക്വിയർ അഫർമേറ്റീവ്’ ആയി മാറേണ്ടതിന്റെ ആവശ്യകത. ഇക്കാര്യത്തിൽ കഴിഞ്ഞ വർഷം മദ്രാസ് ഹൈക്കോടതി പുറപ്പെടുവിച്ച മാർഗനിർദേശങ്ങൾ വിപ്ലവകരമാണ്. ലെസ്ബിയൻ പങ്കാളികൾ ഒന്നിച്ച് ജീവിക്കാൻ അനുമതി തേടിയും പൊലീസിന്റെ ഇടപെടലിനെതിരെയും നടത്തിയ നിയമപോരാട്ടത്തിലാണ് ഈ ചരിത്രവിധി ഉണ്ടായത്. LGBTQIA+ വ്യക്തികളുടെ ലിംഗസ്വത്വമോ സെക്‌‌ഷ്വൽ ഓറിയന്റേഷനോ തിരുത്താൻ ചികിത്സയ്ക്കു വിധേയരാക്കുന്നത് തടയണമെന്ന് കോടതി ഉത്തരവിട്ടു. അവരെ ‘നോർമൽ’ അല്ലാതെ കണക്കാക്കുന്നതിനെ കോടതി നിശിതമായി വിമർശിച്ചു. രക്ഷിതാക്കൾക്കും അധ്യാപകർക്കും ആരോഗ്യപ്രവർത്തകർക്കും പൊലീസ്, നീതിന്യായ വകുപ്പ് അധികൃതർക്കും കൃത്യമായ ബോധവൽക്കരണം നൽകണം. സ്കൂൾ – കോളജ് കരിക്കുലത്തിൽ ഇതിനായി മാറ്റം വരുത്തണം. ലിംഗ – സ്വത്വ നിർണയത്തിൽ പ്രതിസന്ധി നേരിടുന്ന കുട്ടികളെ പരിഹാസം കൂടാതെ സ്വീകരിക്കാൻ കഴിയണം. ട്രാൻസ് വ്യക്തികൾക്ക് അഭയകേന്ദ്രങ്ങൾ ഒരുക്കണം തുടങ്ങി അനേകം മാർഗനിർദേശങ്ങൾ ഹൈക്കോടതി മുന്നോട്ടുവച്ചു.

 

കേരളത്തിലെ ആദ്യ ട്രാൻസ്ജെൻഡർ ഡോക്ടറായ തൃശൂർ സ്വദേശി വി.എസ്.പ്രിയയുടെ കഥ പ്രതീക്ഷ നൽകുന്ന ഒന്നാണ്. കുടുംബം മുഴുവൻ പ്രത്യേകിച്ച്, അമ്മ പ്രിയയ്ക്കൊപ്പം ഉറച്ചുനിന്നു. സ്കൂൾ കാലത്ത് തന്നെ തന്റെ സ്വത്വം തിരിച്ചറിഞ്ഞ പ്രിയയ്ക്ക് ആദ്യ കാലങ്ങളിൽ സുഹൃത്തുക്കളിൽനിന്നും മറ്റും പരിഹാസവും ഒറ്റപ്പെടലും നേരിടേണ്ടിവന്നു. പിന്നീട് വിദ്യാഭ്യാസം പൂർത്തിയാക്കി സ്വന്തം കാലിൽ നിൽക്കാറായതിനു ശേഷം, നന്നായി  മുന്നൊരുക്കങ്ങൾ നടത്തിയാണ് അതുവരെ അണിഞ്ഞ മുഖംമൂടി നീക്കി അവർ മുന്നോട്ടുവന്നത്. അത്രമേൽ ആത്മവിശ്വാസത്തോടെ വന്ന അവരെ സമൂഹവും ചേർത്തുനിർത്തി. ഇന്ന് കരിയറിലും അവർ വിജയം നേടിക്കഴിഞ്ഞു. കുടുംബത്തിന്റെ പിന്തുണ ട്രാൻസ് വ്യക്തികളെ സാധാരണ ജീവിതം നയിക്കാൻ പ്രാപ്തരാക്കുമെന്നതിന് ഉത്തമ ഉദാഹരണമാണ് പ്രിയയുടെ ജീവിതം.

 

ജനനസമയത്ത് കാഴ്ചയിൽപ്പെടുന്ന അവയവങ്ങളുടെ നിർണയത്തിലൂടെ മാത്രം വിധിയെഴുതപ്പെടുന്നതാണ് നമ്മുടെ സമൂഹത്തിലെ കുട്ടികളുടെ ലിംഗസ്വത്വം. നമ്മുടേതല്ലാത്ത ഒരു ദേഹത്തിൽ കുടുങ്ങിക്കിടക്കേണ്ടി വരുന്ന അവസ്ഥയാണ് നേരിട്ടതെന്ന് പല ട്രാൻസ് വ്യക്തികളും വെളിപ്പെടുത്തിയിട്ടുണ്ട്. ക്വിയർ അഫർമേറ്റീവ് എന്നത് പോയിട്ട് ക്വിയർ സൗഹൃദപരം പോലുമല്ലാത്ത നമ്മുടെ സമൂഹത്തിൽ ശാരീരികമായും മാനസികമായും ഒരുപാട് വെല്ലുവിളികളിലൂടെയാണ് ഓരോ LGBTQIA+ വ്യക്തികളും കടന്നുപോകുന്നത്. ആറ്റുനോറ്റു വളർത്തിയ മകൻ / മകൾ മറ്റൊരു ലിംഗസ്വത്വമുള്ളയാളാണെന്നോ അല്ലെങ്കിൽ സ്വവർഗ പ്രണയിയാണെന്നോ അറിയുമ്പോൾ മാതാപിതാക്കളിൽ അന്നുവരെ നിറഞ്ഞുതുളുമ്പിയ സ്നേഹം അപ്രത്യക്ഷമാകുന്നത് എങ്ങനെയാണ്? മക്കളുടെ ഏതവസ്ഥയിലും താൻ ഒപ്പമുണ്ടാകുമെന്ന സുന്ദര വാഗ്ദാനം പലരും ഈ പ്രതിസന്ധികളുടെ നാളുകളിൽ എത്ര വേഗത്തിലാണ് മറന്നുപോകുന്നത്. ഭയവും ഒറ്റപ്പെടലും ശാരീരിക – മാനസിക വേദനകളും ഉണ്ടായേക്കാവുന്ന കാലത്ത് അവരെ അനാഥത്വത്തിന്റെ പെരുമഴയിലേക്ക് വലിച്ചെറിയുന്നതെന്തിന്...? പകരം നിങ്ങളവളെ / അവനെ ഹൃദയത്തോട് അൽപ്പം കൂടുതൽ ചേർത്തുനിർത്തൂ. അവരിൽ അസാധാരണമായി ഒന്നുമില്ലെന്ന് തറപ്പിച്ചുപറയൂ. ഖാലിദ് ഹൊസൈനിക്ക് ഹാരിസിനെ പോലെ നാളെ നിങ്ങൾക്ക് അവർ അഭിമാനകാരണമായി മാറും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com