ADVERTISEMENT

ഒരു വാട്സാപ് ഗ്രൂപ്പിലാണ് ആദ്യമായി സിവിക് ചന്ദ്രനെതിരെ അതിജീവത മീറ്റൂ അനുഭവം രേഖപ്പെടുത്തിയത്. സമ്മതമില്ലാതെ പുരുഷൻ ശരീരത്തിൽ തൊടുന്നതെല്ലാം അപമാനങ്ങളും അപഹസിക്കലും തന്നെയാണ് സ്ത്രീകൾക്ക്. ദലിത് സ്ത്രീകൾക്കു വേണ്ടി സംസാരിക്കുകയും അവർക്കൊപ്പം നിൽക്കുകയും ചെയ്യുന്നുവെന്ന തോന്നൽ വരുത്തി ഏറ്റവും നിസ്സഹായമായ അവസ്ഥയിൽ എത്തിക്കുകയും അവരുടെ ശരീരം ആവശ്യപ്പെടുകയും ചെയ്യുന്ന ഏറ്റവും വൃത്തികെട്ട മനുഷ്യരാണ് സാംസ്കാരികമായി മുന്നിട്ട് നിൽക്കുന്നുവെന്ന് അവകാശപ്പെടുന്ന കേരളത്തിന്റെ ശാപം. സംരക്ഷകരായി ചമയുകയും അതേസമയം  ചൂഷണം ചെയ്യുകയുമാണ് ഇത്തരത്തിൽ വലിയ സംരക്ഷകരായി രംഗത്തു വരുന്ന പലരുടെയും ഉദ്ദേശ്യമെന്ന് നമുക്ക് നേരത്തേ ബോധ്യപ്പെട്ടതാണ്. 

സിവിക് ചന്ദ്രൻ കോടതിയിൽ ജാമ്യം ലഭിക്കാനായി സമർപ്പിച്ചത് ഒരു സ്ത്രീയെ ഏറ്റവും അപമാനിക്കാനായി കരുതിക്കൂട്ടി നൽകിയ ചിത്രമായിരുന്നെന്ന് ഉറപ്പാണ്. വസ്ത്രധാരണം മോശമാണെങ്കിൽ ആ സ്ത്രീയും മോശമാണ് എന്ന ബോധ്യത്തിൽ സാംസ്‌കാരിക നായകരെന്ന് അവകാശപ്പെടുന്നവർ നിൽക്കുന്നതുകൊണ്ടാവുമല്ലോ അത്തരത്തിലുള്ള ചിത്രങ്ങൾ തന്നെ തെളിവുകളായി സമർപ്പിക്കപ്പെടുന്നത്. പക്ഷേ എന്താണ് മോശം വസ്ത്രം?

ഒരു സ്ത്രീ അവൾക്കേറ്റവും സംതൃപ്തി തോന്നുന്ന, അവർക്കിഷ്ടമുള്ള വസ്ത്രം ധരിക്കുന്നതിൽ എവിടെയാണ് മറ്റൊരാൾക്ക്  മോശം കണ്ടെത്താനാവുക? അല്ലെങ്കിൽത്തന്നെ സ്ത്രീയുടെ ശരീരത്തിന്റെ മോശം അവളെ കാണുന്ന മറ്റൊരാളാണോ തീരുമാനിക്കേണ്ടത്? ശരീരം മറച്ചില്ലെങ്കിൽ സ്ത്രീകൾ ബലാത്സംഗം ചെയ്യപ്പെടേണ്ടവരാണ് എന്ന തോന്നലാണ് ഇത്തരം കേസുകളിൽ പ്രതികളായവർക്ക്. 

കുട്ടികളുടെ പ്രത്യേകിച്ച് പെൺകുട്ടികളുടെ വസ്ത്രം തീരുമാനിക്കുന്നതും അവർക്കിഷ്ടമല്ലെങ്കിൽപ്പോലും ‘നീയിത് ഇട്ടാൽ മതി’ എന്ന് നിർബന്ധം പിടിക്കുന്നതും മാതാപിതാക്കളാണ്.  വസ്ത്രത്തിനു മുകളിലുള്ള നിയന്ത്രണം അവിടെനിന്നു തുടങ്ങുകയായി. പ്രണയിക്കുന്ന കാലയളവിൽ കാമുകനും വിവാഹം കഴിക്കുന്നതോടെ ഭര്‍ത്താവും ഇത്തരം കാര്യങ്ങളിൽ തലയിടാൻ തുടങ്ങും. ‘സാരി ഉടുക്കുമ്പോഴാ നിന്നെ കാണാൻ ഭംഗി. നീയിനി വീട്ടിൽ സാരിയുടുത്താൽ മതി’ എന്നു പറഞ്ഞ ഭർത്താവിനെക്കുറിച്ച് എഴുത്തുകാരിയായ സുഹൃത്ത് പറഞ്ഞതോർമ വരുന്നു. ഇത്തരം മധുരമുള്ള വാക്കുകളാൽ അവളുടെ ജീവിതത്തിലേക്ക് പാട്രിയാർക്കി അടിച്ചേൽപ്പിച്ചു തുടങ്ങുക. പ്രിയപ്പെട്ടയാൾക്ക് ഇഷ്ടമായതുകൊണ്ടല്ലേ, എന്നാൽ ഇട്ടേക്കാം, എന്ന ചിന്തയിൽ വസ്ത്രം ധരിച്ചു തുടങ്ങിയാൽ തീർന്നു. പിന്നെ ശീലമൊന്നു മാറ്റിയാൽ ചോദ്യങ്ങളും അവകാശവാദങ്ങളുമായി. സ്നേഹത്തിന്റെ പുറത്ത് അനുസരിച്ചു തുടങ്ങുന്ന സ്ത്രീകൾ ദുർബലരായിത്തീരുകയാണ് ചെയ്യുന്നതെന്ന് അനുഭവങ്ങൾ സാക്ഷ്യം പറയുന്നു. സ്വന്തം വ്യക്തിത്വം, സ്വഭാവം, ഇഷ്ടങ്ങൾ എന്നിവ ഒരാൾക്കു വേണ്ടി മാറ്റി വയ്ക്കുമ്പോൾ തന്റെ സ്വത്വത്തെയാണ് മനുഷ്യർ നഷ്ടപ്പെടുത്തുന്നത്. 

വസ്ത്രം എന്നത് ഓരോ വ്യക്തിയുടെയും സ്വകാര്യതയാണ്. അവരവർക്കു യോജിച്ചത് അവരവർ തന്നെ തിരഞ്ഞെടുത്തു ധരിക്കും. അതിൽ പുറത്തു നിന്ന് ഒരാളുടെയും ഉപദേശമോ സഹായമോ ആവശ്യമില്ല. സത്യത്തിൽ കുട്ടികൾക്കു പോലും അത്തരം ഉപദേശങ്ങളുടെ ആവശ്യമില്ല. നല്ലതായതിനാലാണല്ലോ അവർക്ക് മാതാപിതാക്കൾ വസ്ത്രങ്ങൾ വാങ്ങി നൽകുന്നത്. അപ്പോൾ, അതിൽനിന്ന് അവർ‌ക്കിഷ്ടമുള്ള ഒന്ന് അവർ തന്നെ കണ്ടെത്തിയാൽ എന്താണ് പ്രശ്നം? മാതാപിതാക്കൾക്കെന്നതു പോലെ കുഞ്ഞുങ്ങൾക്കുമുണ്ട് തീരുമാനങ്ങളും ഇഷ്ടങ്ങളുമെന്നു ഓർക്കുന്ന എത്രപേരുണ്ടാവും? അത്തരം വിലക്കുകൾ ഒരു തുടക്കമാണ്, ഭാവിയിലെ ഒരുപാട് അതിരുകൾക്കുള്ള തുടക്കം. 

സ്വന്തം ശരീരവും തീരുമാനങ്ങളും വസ്ത്രവും അവനവന്റെ സ്വാതന്ത്ര്യമാണ് സ്ത്രീകളേ. അതിൽ യാതൊരു വിധ അനുരഞ്ജനങ്ങൾക്കും നിന്ന് കൊടുക്കരുത്. സഹായിക്കാമെന്നു ബോധ്യപ്പെടുത്തി ചൂഷണം ചെയ്യുന്ന മനുഷ്യർ എന്ത് ആയുധവും നിങ്ങൾക്കെതിരെ പ്രയോഗിച്ചെന്നു വരും, വീണു പോവരുത്. കഴിയുമെങ്കിൽ ഒരാളിൽ നിന്നും ഒരു സഹായവും സൗജന്യമായി പറ്റാതെയിരിക്കുക. സൗജന്യമെന്ന വാക്കിനു പിന്നിലാണ് ചതിക്കുഴികളും ദുരുദ്ദേശ്യങ്ങളുമുള്ളത്. സഹായമെന്ന തോന്നിപ്പിക്കലിന് പിന്നിലാണ് കബളിപ്പിക്കലുള്ളത്. ആത്മാഭിമാനത്തിനപ്പുറം സഞ്ചരിക്കേണ്ടി വരുന്ന ഒരവസ്ഥ സ്വയം സൃഷ്ടിക്കാതിരിക്കുക, ചൂഷണത്തിനുള്ള അവസരങ്ങൾ നിഷേധിക്കുക. ഇതൊക്കെ തന്നെയാണ് മികച്ച പ്രതിരോധ മാർഗ്ഗങ്ങൾ. എന്നിട്ടും ചതി പറ്റിയാൽ അതുറക്കെപ്പറഞ്ഞുകൊണ്ടേയിരിക്കുക. പ്രശസ്തിയും പേരും ബുദ്ധിയും ബോധവും ഒക്കെയുണ്ടെന്നു വിചാരിക്കുന്ന പുരുഷന്മാർ എല്ലാം തന്നെയും നല്ലൊരു സുഹൃത്തായിക്കൊള്ളണമെന്നില്ല, വസ്ത്രം മാറിക്കിടന്നാൽ മനസ്സിന്റെ നിയന്ത്രണം നഷ്ടപ്പെട്ടു പോകുന്ന, കബളിപ്പിക്കാൻ എളുപ്പമുള്ള സ്ത്രീകളെ കാത്തിരിക്കുന്ന വേട്ടക്കാരൻ മാത്രമായിരിക്കാം. 

English Summary: Opinion About Women Dressing Style

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT