ADVERTISEMENT

ഇഷ്ടമുള്ളതെല്ലാം ആനന്ദത്തോടെ ഓടി നടന്നു ചെയ്യുന്ന പെൺകുട്ടികൾ. ജീവിതം അവർ ആഹ്ലാദത്തോടെ ആസ്വദിക്കുകയാണ്. പഴയ കാലം ഏറെക്കുറെ അസ്തമിച്ചു കൊണ്ടിരിക്കുകയാണ്. പെൺകുഞ്ഞാണെന്നറിഞ്ഞാൽ ഭ്രൂണഹത്യയെക്കുറിച്ച് പോലും ആലോചിച്ചിരുന്ന മാതാപിതാക്കൾ ഒരു തലമുറയെപ്പോലും വല്ലാതെ കണക്കുകൾ കൊണ്ട് നശിപ്പിച്ചു കളഞ്ഞു. ജനിച്ചു കഴിഞ്ഞാലും ആൺ‌മക്കൾക്കു താഴെ മാത്രമാണ് പെൺകുഞ്ഞുങ്ങൾ വളർന്നിരുന്നത്. വീട്ടിലെ ജോലികൾ തങ്ങൾക്കു മാത്രം അവകാശപ്പെട്ടതാണെന്ന് കേട്ടു കേട്ട്, ചെയ്തു ചെയ്ത് സഹോദരങ്ങളായ ആൺകുട്ടികൾ പറയുന്ന ജോലികൾ പോലും അവർക്ക് ചെയ്തു കൊടുത്ത്, മറ്റൊരു വീട്ടിലേക്ക് കഴുത്തിൽ ഒരുപാട് ഭാരവും പേറി ചെന്ന് അവിടെയും ഇതേ ആവർത്തനങ്ങൾ നേരിട്ട് ജീവിതത്തിലും കിടപ്പറയിലും പോലും ശബ്ദമില്ലാതെ ജീവിച്ചു മരിച്ചു പോയ എത്രയോ സ്ത്രീകൾ! എന്നാൽ ഇപ്പോഴത്തെ അമ്മമാരും പെൺമക്കളും അടിപൊളിയാണ്. തങ്ങൾ ഒരിക്കലെന്നോ നേരിട്ട അപമാനങ്ങളെ നേരിടാനുള്ള കരുത്താണ് അവർ തങ്ങളുടെ കുഞ്ഞുങ്ങളിലേക്കു പകരുന്നത്. ലോകത്തെയും ജീവിതത്തെയും വ്യത്യസ്തമായി കാണണമെന്നും മനോഹരമായി സ്വന്തം ജീവിതം ജീവിച്ചു തീർക്കണമെന്നും പറയാനുള്ള ധൈര്യം ഇന്നത്തെ അമ്മമാർക്കുണ്ട്.

ചില കിടുക്കാച്ചി അമ്മമാരുടെ വാക്കുകളിലൂടെ,

സംരംഭകയും സിനിമാ പ്രവർത്തകയും ട്രാവലറുമായ ഷീബ നന്ദു പറയുന്നു,

"ജീവിത യാത്രയിൽ ചെറുപ്പം മുതലേ കഷ്ടപ്പാടിന്റെ വേദന നുകർന്നു വളർന്നത് കാരണം ആവാം  എനിക്ക് ഒരു മകൾ ഉണ്ടായാൽ ആ കുറവുകൾ എല്ലാം നികത്തി, ഞാൻ എങ്ങനെ ആണോ  ജീവിക്കാൻ ആഗ്രഹിച്ചത് അതുപോലെ മകളെ വളർത്തണം എന്നതായിരുന്നു എന്റെ ചിന്ത. എന്റെ ചെറുപ്പത്തിൽ ഒരു ഇംഗ്ലിഷ് സിനിമയോ ഹിന്ദി സിനിമയോ എനിക്ക് ഫാമിലിക്കൊപ്പം ഇരുന്നു കാണാൻ മടി ആയിരുന്നു. എന്നാൽ എന്റെ മകൾക്ക് അങ്ങനെ ഒരു മടിയുടെയും ആവശ്യം വന്നിട്ടില്ല, ഞാൻ എന്റെ ഒരു ഫ്രണ്ടിനെ എങ്ങനെയാണോ കാണുന്നത് അതുപോലെ ആണ് മകളെ കാണുന്നത്.

girlchild-1

ഈ ജനറേഷൻ ട്രെൻഡ് പോലെ കൊറിയൻ, ജാപ്പനീസ്, ചൈനീസ് വെബ് സീരീസുകൾ ആണ് മകൾക്ക് ഇഷ്ടം. ഇതിനോടകം 100 ലേറെ വെബ് സീരീസ് അവൾ കണ്ടിട്ടുണ്ട്, അതുകൊണ്ട് ഉള്ള വലിയ ഗുണം ലാംഗ്വേജ് നന്നായി കൈകാര്യം ചെയ്യുവാനുള്ള പ്രാപ്തി ആയി. എല്ലാം തുറന്നു പറഞ്ഞു ശീലിപ്പിച്ചതിനാൽ ഓരോ ദിവസവും ഉണ്ടായ കാര്യങ്ങൾ ഞങ്ങൾ പരസ്പരം പറഞ്ഞു ഞങ്ങളുടെതായ ലോകം ഉണ്ടാക്കി എടുത്തിട്ടുണ്ട്. പല അറിവുകളും മകളിൽനിന്നു ഞാനാണ് പഠിക്കുന്നത്, കൗമാരത്തിലേക്ക് മകൾ കാലു വച്ചപ്പോഴും എനിക്ക് കൂടുതൽ അവളിലേക്ക് ശ്രദ്ധ വയ്ക്കേണ്ട ആവശ്യം ഒന്നും വന്നിട്ടില്ല.

കൊറിയൻ പ്രേമം മകൾക്ക് കലശലായ കാരണം ആവാം താടിയും മീശയും ഇല്ലാത്ത, കൊറിയൻ ചെക്കൻമാരെപ്പോലെ ഉളളവരോട് ആണ് മോൾക്ക് ക്രഷ്. ഒരിക്കൽ ഒരു പെട്രോൾ പമ്പിൽ അങ്ങനെ ഒരു ചെക്കനെ കണ്ടപ്പോൾ മകൾ നോക്കി നിൽക്കുന്നത് കണ്ടു ഞാൻ കരുതി ഇതായിരിക്കും എന്റെ മരുമകൻ എന്ന്! പിന്നെ ഞാൻ മകളുമായി പെട്രോൾ അടിക്കാൻ പോകുമ്പോഴംല്ലാം ആ പെട്രോൾ പമ്പ് ലക്ഷ്യം വച്ചു പോയി. പിന്നീട് ആ പയ്യനെ കണ്ടതും ഇല്ല. മകൾക്ക് വേണ്ടി ഒരു അമ്മയുടെ കഷ്ടപ്പാട് നോക്കണേ!

LGBTQ+ നെ പറ്റി പോലും ഈ ചെറു പ്രായത്തിൽ അവൾക്ക് അറിയാം എന്നതും എന്നെ ആശ്ചര്യപ്പെടുത്തുന്നതായിരുന്നു. മനുഷ്യനെ അറിഞ്ഞ് അവളെ വളർത്താൻ എനിക്ക് കഴിഞ്ഞു എന്ന കാര്യത്തിൽ എനിക്ക് അഭിമാനം ആണ്. എന്റെ ട്രെക്കിങ് ഇഷ്ടം പോലെ മകൾക്കും അത് ഇഷ്ടം ആണ്. കാടോ മലയോ കയറുമ്പോൾ ഒരിക്കലും ഞാൻ എന്നോടൊപ്പം മകളെ നടത്താറില്ല, കൂടെ ഉളളവർക്കൊപ്പം ലക്ഷ്യ സ്ഥാനത്തേക്ക് പറഞ്ഞു വിടും. അതുകൊണ്ടുതന്നെ ഞാൻ ഒപ്പം വേണം എന്നത് മകൾക്ക് ഒട്ടുമൊരു ആവശ്യകത അല്ല.

ഈ ജനറേഷന്റെ ഏറ്റവും വലിയ പോരായ്മ,  പെട്ടെന്നു ദേഷ്യം വരുമെന്നതുപോലെ തന്നെ പെട്ടെന്ന് മനസ് തളരുകയും ചെയ്യുമെന്നതാണ്. സ്കൂൾ ബാസ്‌കറ്റ്ബോൾ ടീമിലേക്ക് സിലക്‌ഷൻ നടക്കുമ്പോൾ സാർ പറഞ്ഞു, നിന്റെ തടി വച്ച് എങ്ങനെ സിലക്‌ട് ചെയ്യുമെന്ന്. അതിൽപ്പിന്നെ മകൾക്ക് അപകർഷത കൂടി, ഭക്ഷണം കഴിക്കാതെയായി. എന്നെക്കൊണ്ട് കഴിയുംപോലെ ഞാൻ പറഞ്ഞു. ആ സാറിന്റെ വാക്കുകൾ അവൾക്ക് മറക്കാൻ ആവുന്നില്ല അതിനു ശേഷം മകൾ ഭക്ഷണം കഴിക്കലും ഡാൻസ് കളിക്കലും എല്ലാം നിർത്തി. എന്റെ ഒരു വർഷത്തെ പരിശ്രമ ഫലം കൊണ്ടു മകൾ വീണ്ടും ഡാൻസിന്റെ പാതയിലേക്ക് വന്നു. 

girl-child2

ചിലരുടെ വാക്കുകൾ  ഈ ജനറേഷനിലെ പിള്ളേരെ പെട്ടെന്ന് ബാധിക്കുന്നുണ്ട്. എന്റെ ചെറുപ്പത്തിൽ ടീച്ചർമാരു തല്ലിയാലും ചീത്ത പറഞ്ഞാലും, ആ സമയത്തെ ദേഷ്യം, സങ്കടം, അത്ര മാത്രമേ ഉള്ളൂ. ഇപ്പോൾ അങ്ങനെയല്ല. അവരുടെ ജീവിതം തന്നെ അവർ ഇല്ലാതെ ആക്കുന്ന പ്രവണത ആണ് കണ്ടുവരുന്നത്. 

ഞങ്ങളുടെ തുറന്നു പറച്ചിൽ കാരണം ആണ് മകളുടെ എല്ലാ കാര്യങ്ങളും ഞാൻ അറിയുന്നത്, അതുകൊണ്ട് എനിക്ക് അവളുടെ ചെറിയ കാര്യങ്ങൾക്ക് പോലും സൊല്യൂഷൻ കണ്ടെത്താൻ ആവും, അതുപോലെ എന്റെ സങ്കടങ്ങളും  ഷെയർ ചെയ്യാൻ എന്റെ മകൾ ആണ് എനിക്കും ഉള്ളത്. മകൾ എന്നോട് പറഞ്ഞിട്ടുണ്ട് അവളുടെ ഫ്രണ്ട്സിന്റെ പല സങ്കടങ്ങളും കേൾക്കാൻ പോലും അവരുടെ പാരന്റ്സ് നിൽക്കാറില്ല എന്നൊക്കെ, അവരുടെ സങ്കടങ്ങൾക്ക് പോലും എന്റെ മകൾ അവർക്ക് ആശ്വാസം ആവുമ്പോൾ ഒരമ്മ എന്ന നിലയിൽ, ഞാൻ വളർത്തിയ രീതിയിൽ എനിക്ക് അഭിമാനം ആണ്."

സംരംഭകയും സാൻഡീസ്‌ ക്രാഫ്റ്റ് വേൾഡ് പ്രൊപ്രൈറ്ററുമായ സന്ധ്യ രാധാകൃഷ്ണൻ

"പുതിയ തലമുറയിലെ അമ്മമാർ തീർച്ചയായും വ്യത്യസ്തർ ആണ്.

1) ഒരു കളിപ്പാട്ടം തിരഞ്ഞെടുക്കുമ്പോൾ കുഞ്ഞിക്ക് ഏതാണ് ഇഷ്ടം എന്നാണ് ചോദിക്കുന്നത്. പാവ വാങ്ങി കൊടുക്കൽ, അവൾക്കു വേണ്ടി കിച്ചൻ സെറ്റ് വാങ്ങി കൊടുക്കൽ ഒന്നും ഇല്ല.

2) കല്യാണം അല്ല ലക്ഷ്യം. നന്നായി പഠിക്കണം, നല്ല ജോലി നേടണം, കല്യാണം കഴിക്കാൻ തോന്നിയാൽ കഴിച്ചാൽ മതി എന്ന നിലപാടാണ് ഉള്ളത്. ഫിനാൻഷ്യൽ ഫ്രീഡം, സേവിങ്സ് ഒക്കെ വേണം എന്ന്  പറഞ്ഞു കൊടുത്ത് തന്നെ വളർത്തും

girl-child4

3) അവനവൻ പട്ടിണി കിടന്ന് മറ്റുള്ളവരെ ഊട്ടുന്ന അമ്മ മാഹാത്മ്യം ഒന്നും ഞാൻ എന്റെ കുഞ്ഞിനെ പഠിപ്പിക്കില്ല, വിശപ്പ്‌ ആണിനും പെണ്ണിനും ഒരുപോലെ ആണ്, വിശന്നാൽ ഭക്ഷണം തന്നെ കഴിക്കണം.

4) 3 1/2 വയസ്സിലും, നല്ലതും മോശവുമായ സ്പർശം ഒക്കെ അവളെ പറഞ്ഞു മനസ്സിലാക്കാൻ ശ്രമിക്കുന്നുണ്ട്, അതിനു 18 വയസ്സു വരെ കാത്തിരിക്കുന്നില്ല. പാഡ് കണ്ടിട്ട് അമ്മേ ഈ സാധനം എന്താണ് എന്ന്‌ ചോദിച്ചാൽ പറയാറുണ്ട്, ഇത് ഒരു പ്രായം കഴിയുമ്പോൾ എല്ലാ മാസവും ഓവുലേഷൻ ഉണ്ടാകും എന്നും ഒപ്പം ആർത്തവം ആകും എന്നും. കുഞ്ഞല്ലേ വേറെന്തെങ്കിലും പറഞ്ഞൂടെ എന്ന്‌ ചോദിക്കരുത്, എന്തിനു കള്ളം പറയണം, അവൾ ഒടുക്കം പറയും, അപ്പോൾ കുഞ്ഞി പിള്ളേർക്ക് ഇത് വേണ്ട. അത്രയും മതി, അത് മനസ്സിലാക്കണം.

5) ഒരുപാട് വാശിക്ക് ഒക്കെ അടിയും ശകാരവും ഒക്കെ കൊടുത്തു തന്നെയാണ് വളർത്തുന്നത്, സമത്വം പഠിപ്പിക്കുമ്പോൾ മനുഷ്യത്വം പഠിപ്പിക്കാൻ മറക്കാറുമില്ല.

6) കുഞ്ഞുന്നാളിൽ ഞാൻ അനുഭവിച്ച, ഇപ്പോഴും അനുഭവിക്കുന്ന നിറത്തിന്റെയും വണ്ണത്തിന്റെയും, പൊക്കത്തിന്റെയും ഒക്കെ വേർതിരിവുകൾ അവളുടെ കണ്ണിൽ തോന്നാത്ത രീതിയിൽ തന്നെയാണ് അവളെ മോൾഡ് ചെയ്ത് എടുക്കുന്നത്. സൗന്ദര്യം ബാഹ്യമായ ഒന്നല്ല എന്ന്ു തന്നെ പറഞ്ഞു പഠിപ്പിക്കുന്നു.

7) പണ്ടൊക്കെ പ്രധാനമായ പല തീരുമാനങ്ങളിലും പെണ്ണുങ്ങൾ അവഗണിക്കപ്പെട്ടിരുന്നു. ഇപ്പോൾ പ്രധാന ചർച്ചകളിലൊക്കെ ഒരു പെണ്ണെങ്കിലും ഉണ്ടാകും എന്ന അവസ്ഥയിലെത്തിയല്ലോ. അപ്പോൾ ചെറിയ ചില കാര്യങ്ങളിൽ ഞങ്ങൾ അവളുടെ അഭിപ്രായവും തേടും, യാത്ര പോകാൻ തീരുമാനിച്ചാൽ വാവയ്ക്ക് എവിടെ പോണം, ഏത് കുപ്പായം വേണം തുടങ്ങി കുഞ്ഞുങ്ങളോട് തിരക്കാൻ എന്ത് മാത്രം കാര്യങ്ങൾ ഉണ്ട്

8) ജാതി മത സ്പർധ ഒന്നും ഒരിക്കലും കുഞ്ഞിന്റെ തലച്ചോറിലേക്ക് അടിച്ചേൽപിക്കില്ല

9)കെട്ടിയോന് വച്ചുണ്ടാക്കാൻ വേണ്ടി പാചകം പഠിക്കണം, തുണി അലക്കാൻ പഠിക്കണം എന്നൊന്നും ഒരു കാരണവശാലും പറയില്ല. സ്വയംപര്യാപ്തതയുടെ ഭാഗമായി അവനവനു പറ്റുന്ന എല്ലാം കാര്യങ്ങളും തനിയെ ചെയ്യാൻ പഠിപ്പിക്കാറാണ് പതിവ്.

10) പഠിത്തം എന്നതു മാത്രമല്ല, കലാപരമായ കഴിവുകൾ കൂടി ബോധപൂർവം വളർത്തി എടുക്കാൻ ശ്രമിക്കുന്നുണ്ട്

11) കുടുംബം നടത്താൻ ഉള്ള ധൃതി പിടിച്ച ഓട്ടത്തിൽ അവളെ കരുതാൻ മറക്കുന്നു എന്ന്‌ തോന്നിയപ്പോൾ ടൈം ടേബിൾ ഒക്കെ ശരിയാക്കി അവൾക്ക് വേണ്ടി സമയം മാറ്റി വച്ചിട്ടുണ്ട്

12) കളിയുടെ രൂപത്തിൽ ചില പ്രാക്ടിക്കൽ കരുതൽ പരിപാടികളും ചെയ്യാറുണ്ട്. അപരിചിതൻ ആയി വന്ന് മധുരം നീട്ടുന്നതായി കാണിക്കും. അപ്പോൾ "നോ" എന്ന്‌ പറയണം എന്ന്‌ പറയും, അവൾ പറയും. സംസാരിക്കാൻ തുടങ്ങിയത് മുതൽ, ഇഷ്ടം അല്ലാത്ത കാര്യങ്ങൾക്ക് "നോ  " പറയാൻ അവൾ മിടുക്കിയാണ്, നമുക്ക് കഴിയാതെ പോയതും അതാണല്ലോ.

13) അവളുടെ പേരിൽ സേവിങ്സ് ഒക്കെ ഇപ്പോഴേ തുടങ്ങിയിട്ടുണ്ട്, എങ്കിലും അച്ഛന്റെയും അമ്മയുടെയും സേവിങ്സ് കണ്ടു വളർത്താൻ ഒന്നും തീരുമാനിച്ചിട്ടില്ല പഠിപ്പു കഴിഞ്ഞു ജോലി വാങ്ങി നിന്റെ കാര്യങ്ങൾ നീ തന്നെ നോക്കാൻ പറയും, ഇപ്പോൾ 3 1/2 അല്ലേ ആയിട്ടുള്ളു. സമയം ഉണ്ട് പറഞ്ഞു മനസ്സിലാക്കാൻ.

14) എല്ലാത്തിലും ഉപരി എന്തും ഞങ്ങളോട് വന്നു പറയാൻ, അവളുടെ സുഹൃത്തായിരിക്കാൻ ആണ് ശ്രമിക്കുന്നത്, അങ്ങനെയെങ്കിൽ ഒരുപാട് കാര്യങ്ങൾക്ക് അത് തന്നെയാണ് ഉത്തരം

15) അവളവളെ സ്നേഹിക്കാൻ, കരുതാൻ മറക്കാതെ, സ്വയം സ്നേഹം എന്നത് എത്ര പ്രധാനമാണ് എന്നത് എന്റെ ജീവിതം ചൂണ്ടി തന്നെ ഞാൻ അവളെ പഠിപ്പിക്കുന്നുണ്ട്, ഒരു സൂപ്പർ വുമൺ ആകാൻ അവൾ ഒരിക്കലും ശ്രമിക്കരുത് എന്നും പറഞ്ഞു പഠിപ്പിക്കും. ചെയ്യാൻ കഴിയുന്ന കാര്യങ്ങൾ ചെയ്യട്ടെ, അവളെ അംഗീകരിക്കാത്ത, പീഡിപ്പിക്കപ്പെടുന്ന സാഹചര്യങ്ങളിൽ നിന്ന് തിരിഞ്ഞു നടക്കാൻ അവൾക്കു കഴിയണം.

girlchild3

ഞാൻ എന്ന അമ്മ മുകളിൽ പറയുന്ന പോലെ തന്നെയാണ്, അവനവന്റെ ആരോഗ്യം, ജോലി, സമ്പാദ്യം, കുടുംബം എല്ലാത്തിനും തുല്യ പരിഗണന വേണം എന്ന നിലപാടിൽ തന്നെയാണ്, കിട്ടാത്ത പരിഗണന ,ബഹുമാനം ഒക്കെ ചോദിച്ചു വാങ്ങാനും മടിയില്ല. കൃത്യമായ അഭിപ്രായങ്ങൾ പറയും, തെറ്റായാലും ശരിയായാലും അതിൽ തന്നെ ഉറച്ചു നില്കും, തെറ്റ് തിരുത്താൻ തയാറാകും, ഇഷ്ടമല്ലാത്തതിനോട് നോ പറയും, മക്കളെ കരുതി ജീവിക്കുന്ന പരിപാടി ഒന്നും ഉണ്ടാകില്ല, ആവുന്ന കാലത്ത് ഉണ്ടാക്കുന്നത് അവനവനു വേണ്ടി കൂടി മാറ്റി വച്ച്, ഇല്ലായ്മയിൽ മക്കളെ ആശ്രയിക്കാതെ ജീവിക്കാൻ ആണ് തീരുമാനം. മറ്റു സ്ത്രീകളെ കൂടി ഒപ്പം വളർത്താൻ ശ്രമിക്കുന്നുണ്ട്. ഇതിലൊക്കെ മേലെ നെഗറ്റീവ് ആയ മനുഷ്യരെയും സാഹചര്യങ്ങളെയും തള്ളിക്കളഞ്ഞു മുൻപോട്ട് പോകുന്നത് ആണ് ഏറ്റവും നല്ലത് എന്ന്‌ തോന്നാറുണ്ട്.

ന്യൂജൻ അമ്മമാർ അഹങ്കാരികൾ, തന്റെടികൾ അങ്ങനെ ഒരുപാട് പട്ടം കിട്ടാൻ സാധ്യത ഉള്ള കൂട്ടർ ആണ്, പ്രത്യേകിച്ചു പ്രതികരണ ശേഷി അല്പം കൂടിയ എന്നെപ്പോലെ ഉള്ളവർ, ഇതൊക്കെ ഒരു ക്രെഡിറ്റ്‌ ആയി തന്നെ കണ്ടു മുൻപോട്ട് പോകുന്നു"

എഴുത്തുകാരിയും കോളജ് അധ്യാപികയുമായ സംഗീത ജയ

"25 ഉം പതിനേഴും വയസ്സുള്ള 2 ന്യൂ ജെൻ പെൺകുട്ടികളുടെ അമ്മയാണ് എന്നതിൽ അഭിമാനിക്കുന്ന ഒരാളാണ് ഞാൻ.

പരസ്പര ബഹുമാനം, സ്വന്തം ഇടം , അത് നൽകുന്ന ഫ്രീഡം ഇതാണ് അവർക്ക് ഏറ്റവും പ്രധാനമായി വേണ്ടത്. അവരുടെ വ്യക്തിത്വത്തെ മാനിക്കാതെ നമ്മുടെ താൽപര്യങ്ങൾ അടിച്ചേൽപ്പിക്കാൻ ശ്രമിച്ചാൽ പണി പാളും. അവർക്ക് പറയാനുള്ളത് മുൻവിധികളില്ലാതെ കേൾക്കുന്നതുകൊണ്ട് മാത്രമാണ് എന്റെ മക്കൾ എന്നോട് എല്ലാം തുറന്നു സംസാരിക്കുന്നതെന്ന് തോന്നാറുണ്ട്. അവരുടെ ഇഷ്ടങ്ങൾ, സുഹൃത്തുക്കൾ, പാട്ട്, സിനിമ ഇതെല്ലാം ജനറേഷൻ ഗ്യാപ്പ് ഇല്ലാതെ പരിഗണിക്കാൻ കഴിയുക എന്നത് പ്രധാനമാണ്. അവരുടെ പുതിയ ക്രഷ്, ബ്രേക്ക് അപ്പ് ഇതെല്ലാം അവരെന്നോട് പങ്കുവയ്ക്കാറുണ്ട് എന്നതിൽ സന്തോഷമാണ്. അവരോടു തിരിച്ചും അങ്ങനെയാണ്. ഒരു സ്ത്രീക്ക് മറ്റൊരു സ്ത്രീയോടുള്ള ബന്ധമാണ് ഞങ്ങൾ തമ്മിൽ. അവർ എനിക്ക് കൂട്ടുകാരി മാത്രമല്ല. പലപ്പോഴും എന്നെ ശാസിക്കാനും തിരുത്താനും അവർ മതി, ഞാനത് ആസ്വദിക്കാറുമുണ്ട്.

പുതിയ ലോകക്രമത്തെക്കുറിച്ച് നമ്മെക്കാൾ ധാരണ അവർക്കാണ് . വിവിധ ഭാഷകൾ, സംസ്കാരങ്ങൾ, പലതരം മനുഷ്യ സ്വഭാവങ്ങൾ, അനുഭവങ്ങൾ ഇതെല്ലാം അവർ ആർജിച്ചെടുക്കുന്നുണ്ട്, സ്വാംശീകരിക്കുന്നുണ്ട് - നേരിട്ടും, സോഷ്യൽ മീഡിയ / ഡിജിറ്റൽ പ്ലാറ്റ്ഫോമിലൂടെയും. അവർക്ക് തെറ്റു പറ്റില്ല എന്നല്ല അതിനർഥം. നമ്മൾ മാത്രമാണ് ശരി എന്ന നമ്മുടെ മനോഭാവമാണ് മാറേണ്ടത്.

വിവാഹത്തെക്കുറിച്ചും പങ്കാളിയെ കുറിച്ചും പുതിയ കുട്ടികളുടെ കാഴ്ചപ്പാടുകൾ വളരെ വ്യത്യസ്തമാണ്. അവരെ ഒരിക്കലും സാമ്പ്രദായിക രീതിയിൽ ' കെട്ടിച്ചയക്കില്ല ' എന്ന് ഞാൻ ഉറപ്പു കൊടുത്തിട്ടുണ്ട്. വിവാഹത്തെക്കാൾ സ്വന്തമായി ഒരു ജോലി, സേവിങ്സ്, സ്വാതന്ത്ര്യം എന്നതിനാണ് അവർ പ്രധാനം കൊടുക്കുന്നത്. അതിന് അവരെ പ്രാപ്തരാക്കുക എന്നതാണ് നമുക്ക് ചെയ്യാനുള്ളത്. പെൺമക്കളുടെ വിവാഹത്തിനല്ല, വിദ്യാഭ്യാസത്തിനാണ് മാതാപിതാക്കൾ പണം മുടക്കേണ്ടത് എന്നാണ് എന്റെ അഭിപ്രായം. മോൾക്ക് 25 വയസ്സായില്ലേ, കല്യാണം നോക്കണ്ടെ എന്ന് ചോദിക്കുന്നവരോട് അവൾക്ക് വേണ്ടപ്പോൾ അവള് തന്നെ നോക്കും എന്ന കൂൾ ആയി മറുപടി കൊടുക്കുന്ന ഒരമ്മയാണ് ഞാൻ."

കൃഷിവകുപ്പിൽ ഉദ്യോഗസ്ഥയായ സ്മിത വിനോദ് പറയുന്നു,

"ആരോ ഒരാൾ ഒരിക്കൽ എന്നോട് ചോദിച്ചു.. എവിടെപ്പോയാലും ഈ റാന്തലും ഉണ്ടല്ലോ കൂടെ എന്ന്. ഞങ്ങൾ ഒരുപാട് ചിരിച്ചു. കാരണം എന്റെ ചിന്നു എനിക്ക് ഒരു റാന്തൽ പോലെത്തന്നെയാണ്. എന്റെ വെളിച്ചം.. എന്റെ വഴികാട്ടി. മുന്നോട്ടുള്ള പ്രതീക്ഷ. ആൾ പോയപ്പോ ഞാൻ അവളോട് ചോദിച്ചു..

ഞാനാരാ നിനക്ക് എന്ന്..

‘അമ്മന്റെ ചുന്നരി പാവക്കുട്ടിയല്ലേ’ എന്നായിരുന്നു മറുപടി.. വളർന്നു വരുന്ന ഒരു പെൺകുട്ടിയുടെ അമ്മ എന്ന നിലയിൽ. ജീവിച്ചു വളർന്ന സാഹചര്യവും വിശ്വാസങ്ങളും എന്നെ പഠിപ്പിച്ചത് കുഞ്ഞുങ്ങൾക്ക് അവർ പറയുന്നതെന്തും മുഴുവനായും കേൾക്കുന്ന ഒരമ്മയായിരിക്കും ഏറ്റവും അടുത്ത, വിശ്വസിക്കാവുന്ന സുഹൃത്ത് എന്ന് തന്നെയാണ്. പരസ്പരം എന്തും പറഞ്ഞു അടികൂടുന്ന, എന്തിനും  ആശ്രയിക്കുന്ന, ഒരു പേടിയും ഇല്ലാതെ, പറയുന്നത് ഒരക്ഷരം വിടാതെ കേട്ടുകൊണ്ടിരിക്കുന്ന, കൂടെ സംസാരിക്കുന്ന, എന്തും പറയാവുന്ന ഒരു കൂട്ടുകാരി.. ആ കോൺഫിഡൻസ് അവൾക്ക് കൊടുക്കാൻ ഞാൻ പരമാവധി ശ്രമിക്കുന്നുണ്ട്. 

English Summary: New Generation Mother's About Girl Child

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com