ADVERTISEMENT

ഇന്ത്യയിൽ ഏറ്റവും കൂടുതൽ വരുമാനം നേടുന്ന സ്ത്രീകളിലൊരാളും അവരുടെ ഭർത്താവും. സൂപ്പർസ്റ്റാർ എന്ന അടയാളപ്പെടുത്തലിലേക്ക് നായികമാരുടെ കടന്നു വരവ് പൊതുവേ സിനിമയിൽ അത്ര എളുപ്പമല്ല എന്നാൽ അത് അവകാശപ്പെടാൻ കഴിയുന്ന ഇന്ത്യയിലെ അപൂർവം നായികമാരിൽ ഒരാളാണ് നയൻതാര. അവരുടെയും സംവിധായകൻ വിഘ്‌നേഷിന്റെയും വിവാഹം കഴിഞ്ഞിട്ട് മാസങ്ങളായതേയുള്ളൂ. കഴിഞ്ഞ ദിവസം ഇരുവരും സോഷ്യൽ മീഡിയയിൽ അവരുടെ ഏറ്റവും വലിയ മറ്റൊരു സന്തോഷം പങ്കുവച്ചു. തങ്ങൾക്ക് ഇരട്ടക്കുട്ടികൾ പിറന്നിരിക്കുന്നു എന്നതായിരുന്നു ആ വാർത്ത. പക്ഷേ, അത് സഹിക്കാൻ കഴിയാത്തത് നാട്ടിലെ ചില സദാചാര മനുഷ്യർക്കാണ്. 

സത്യത്തിൽ ഒരു വിപ്ലവം കൂടിയാണ് നയൻ‌താര-വിഘ്നേഷ് ദമ്പതികൾ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചത്. ഒരു പ്രായം കഴിഞ്ഞാൽ "എന്താ കല്യാണം കഴിക്കാത്തത്?" എന്ന് തുടങ്ങി കല്യാണം കഴിഞ്ഞു രണ്ടോ മൂന്നോ മാസം കഴിഞ്ഞാൽ "വിശേഷം വല്ലതും ആയോ?" എന്നും "ജോലി ഒന്നും ആയില്ലേ?", "രണ്ടാമത്തെ കുഞ്ഞു വേണ്ടേ?" "മരുമോള് ഇപ്പോഴും പഠിക്കാൻ പോകുന്നുണ്ടോ?" എന്നൊക്കെയുള്ള ചോദ്യങ്ങൾ മൂക്കിൽ വിരൽ വച്ചും അമ്പരന്നും ചില പ്രബുദ്ധരായ മലയാളികൾ സ്ഥിരം ചോദിച്ചു തുടങ്ങും. ശീലങ്ങൾക്കനുസരിച്ച് സമയം പോലെ ഒന്നുമായില്ലെങ്കിൽ ഒളിഞ്ഞിരുന്നു ചിരിക്കാനും മറഞ്ഞിരുന്ന് എരിവും പുളിയും കൂട്ടി പറഞ്ഞു രസിക്കാനും അവർക്കിഷ്ടമാണ്. അപ്പോഴാണ് കല്യാണം കഴിഞ്ഞു മാസങ്ങൾക്കുള്ളിൽ പ്രസവിച്ച വാർത്തയുമായി നയൻതാര എന്ന മലയാളി പെൺകുട്ടി വരുന്നത്. അവരുടെ കണ്ണിൽ നയൻതാര ഒരിക്കലും വൻ പ്രതിഫലം പറ്റുന്ന ഒരു താരമായിട്ടില്ല, പാൻ ഇന്ത്യൻ നടി ആയിട്ടില്ല. ‘ഈ തിരുവല്ലക്കാരി കൊച്ചിത് എന്താ പറയുന്നത്’ എന്ന രീതിയിലേക്ക് മാത്രമേ അവർ എത്തിയിട്ടുള്ളൂ. 

വിവാഹം കഴിക്കുക, കുട്ടിയുണ്ടാവുക തുടങ്ങി എന്തും ഒരു വ്യക്തിയുടെ സ്വകാര്യമായ തീരുമാനങ്ങളും ജീവിതവുമാണ്. അതിൽ അവരുടെ ഭർത്താവൊഴികെ മൂന്നാമതൊരാൾ അഭിപ്രായം പറയേണ്ട കാര്യമേയില്ല. ഇരുവരുടെയും കുടുംബങ്ങളിലെ മറ്റുള്ളവർക്ക് പോലും അവർ ഇഷ്ടപ്പെട്ട് എടുക്കുന്ന തീരുമാനങ്ങളിൽ നിർദേശങ്ങൾ നൽകേണ്ട ബാധ്യതയില്ല. പ്രായവും പക്വതയുമുള്ള മനുഷ്യർക്ക് സ്വയം കാര്യങ്ങളെ വിവേചിച്ചറിയാനും തീരുമാനങ്ങളെടുക്കാനും നന്നായി അറിയാം. പക്ഷേ, സദാചാരത്തിൽ മലയാളികളെ വെല്ലാൻ ആരുമില്ലെന്ന് പറയിപ്പിക്കണം എന്നൊരു ഉറച്ച തീരുമാനം എടുത്തത് പോലെ നയൻതാരയുടെ പോസ്റ്റിനു താഴെ മലയാളികൾ ആഘോഷിക്കുകയാണ്. വിവാഹത്തിന് മുൻപ് ഗർഭിണിയായിരുന്നതിനാൽ അത് മറ്റാരുടെയോ കുട്ടിയാണ് എന്ന് പോലുമുള്ള ഏറ്റവും അസഭ്യവും അശ്ലീലവുമായ അഭിപ്രായങ്ങൾ പറയുമ്പോൾ എന്ത് സ്വാതന്ത്ര്യത്തെക്കുറിച്ചാണ് ഈ എഴുപത് വർഷങ്ങൾക്കു ശേഷവും ഇന്ത്യയിൽ നിന്നുകൊണ്ട് സംസാരിക്കേണ്ടത് എന്നതാണ് സംശയം. അഭിപ്രായങ്ങൾ പറയാൻ ആർക്കും അവകാശമുണ്ട്. എന്നാൽ അത് മറ്റൊരാളുടെ ജീവിതത്തിലേക്കും സ്വകാര്യ ഇടങ്ങളിലേക്കും വലിഞ്ഞു കയറി മുൻവിധികൾ നടത്താനുള്ള അധികാരമല്ല എന്ന ബോധം പലർക്കുമില്ലാതായിട്ടുണ്ട്.

‘‘നയനും ഞാനും അമ്മയും അപ്പയുമായി. ഞങ്ങളുടെ ഇരട്ടക്കുട്ടികൾക്ക്, ഞങ്ങളുടെ ഉയിരിനും ഉലകത്തിനും നിങ്ങളുടെ അനുഗ്രഹം വേണം. ജീവിതം കുറേക്കൂടെ തിളക്കമുളളതും ഭംഗിയുള്ളതുമായി തോന്നുന്നു.’’ വിഘ്നേഷ് തന്റെ സോഷ്യൽ മീഡിയ താളിൽ കുറിച്ചതാണ്. തങ്ങളുടെ കുട്ടികൾക്ക് എല്ലാവരുടെയും അനുഗ്രഹവും ആശംസകളും അയാൾ പ്രതീക്ഷിക്കുന്നു. പോസ്റ്റിന്റെ താഴെയുള്ള അഭിപ്രായങ്ങളിൽ കൂടുതലും ആശംസകളാണ് താനും. എന്നാൽ എന്തുകൊണ്ടാണ് മലയാളിക്ക് മാത്രം അത് അശ്ലീലമാകുന്നത്? വിവാഹം കഴിയാതെ കുഞ്ഞുങ്ങൾ ഉണ്ടാവുക എന്നത് പോലും മോശമായി കാണുന്ന രീതി അസ്തമിച്ചു പോയിട്ടില്ല. ഒറ്റയ്ക്കൊരു സ്ത്രീ കുഞ്ഞിനെ വളർത്തുന്നത് കാണുമ്പോൾ പോലും അവൾക്ക് ഒറ്റയ്ക്ക് അതിനൊന്നും കഴിയില്ലെന്ന തോന്നലാണ് നമുക്കുള്ളത്. 

സ്ത്രീകളെക്കൊണ്ട് മാത്രം ഒന്നിനും കഴിയില്ലെന്ന ബോധം എങ്ങനെയാണ് ചിലർക്ക് മാത്രമുണ്ടാകുന്നത്? അതേ തോന്നലോടു കൂടി തന്നെയാണ് തെന്നിന്ത്യയിലെ സൂപ്പർ സ്റ്റാർ ആയിട്ടും നയൻതാരയെ പോലെയൊരു സ്ത്രീയെ ഏറ്റവും ദുർബലയെന്നോണം കാണാൻ പലർക്കുമാകുന്നത്. കാരണം മലയാളിക്ക്, അവർ അറിയുന്ന മലയാളി പെൺകുട്ടികൾക്ക് ‘വീട്ടിലെ ലുക്ക്’ വേണം, ‘നമ്മുടെ വീട്ടിലെ കുഞ്ഞാണ് അവൾ’ എന്ന് പറയണം, അങ്ങനെയുള്ള നടിമാർക്ക് പലപ്പോഴും വിവാദങ്ങളും ആരോപണങ്ങളും കുറവായിരുന്നതായി കാണാം. എന്നാൽ അവരുടെ കൺവെട്ടത്തുനിന്ന് മാറുകയും സ്വന്തം ജീവിതം സ്വയം ഡിസൈൻ ചെയ്യുകയും ചെയ്ത ആളാണ് നയൻ. ഇഷ്ടപ്പെട്ട പുരുഷന്മാരുടെ ഒപ്പമുള്ള പ്രണയം പ്രഖ്യാപിക്കുകയും ഒന്നിച്ചു നിൽക്കാനാവില്ലെന്നറിഞ്ഞപ്പോൾ പിരിഞ്ഞു പോവുകയും ചെയ്തവളാണ്. അതൊന്നും ആർക്കും അത്ര ഇഷ്ടപ്പെട്ടിരുന്നതേയില്ല. അതുകൊണ്ടാകുമല്ലോ വിഘ്‌നേശിനൊപ്പം തന്റെ കുഞ്ഞുങ്ങളുടെ ചിത്രം പങ്കു വയ്ക്കുമ്പോൾ അവരുടെ പഴയ സുഹൃത്തിന്റെ പേരുമായി അതിനെ ചേർത്ത് വായിക്കാൻ കഴിയുന്നത്.

ഇനിയിപ്പോൾ ആരെന്തു പറഞ്ഞാലും വിപ്ലവാത്മകമായ അവരുടെ പ്രഖ്യാപന ശേഷവും ജീവിതം ഏറ്റവും മനോഹരമായി മുന്നോട്ടു പോകും. വിവാഹത്തിന് മുൻപ് നയൻതാര ഗർഭിണി ആയിരുന്നാൽ എന്താണ്? ഇനി അഥവാ അവർ വാടക ഗർഭം വഴിയാണ് കുഞ്ഞുങ്ങളെ നേടിയതെങ്കിൽപ്പോലും എന്താണ്? ഇത്തരം കാര്യങ്ങളിൽ അവർക്കുള്ള സ്വകാര്യതയിലേക്ക് ഇടിച്ചു കയറാതെയിരിക്കാനുള്ള സാമാന്യ മര്യാദ മലയാളി എന്നാണു പഠിക്കുന്നത്? താരങ്ങൾ അവതരിപ്പിക്കുന്ന കഥാപാത്രങ്ങൾ മാത്രമാണ് പബ്ലിക്കിന്റെ സ്വന്തം. അല്ലാതെ താരശരീരങ്ങളോ മനസ്സോ പൊതുവസ്തുവല്ല. അതിന്റെ മുകളിൽ ഒരു പ്രേക്ഷകനും അവകാശം ഉറപ്പിക്കുകയും വേണ്ട. അവരുടെ ജീവിതം അവർക്ക് വിട്ടു കൊടുത്തേക്കുക. ഇഷ്ടം പോലെ നയനും വിഘ്‌നേഷും ജീവിച്ചോളും.

English Summary: Nayanthara Vignesh Surrogacy Socialmedia Reaction

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT