ADVERTISEMENT

തനിക്കെതിരെ സോഷ്യൽ മീഡിയയിൽ ബോഡി ഷെയ്മിങ് നടത്തിയവർക്കെതിരെ പരാതി കൊടുക്കണോ എന്ന ആലോചനയിലാണ് ചലച്ചിത്രതാരം ഹണി റോസ്. ആ വാർത്തയുടെ പോലും താഴെ അവരുടെ ശരീരത്തെപ്പറ്റി വരുന്ന അശ്ലീല കമന്റുകൾ എത്ര ആഭാസമാണ്! ലോകത്തിലെ എല്ലാ വാർത്തകൾക്കുമെതിരെ പ്രതികരിക്കുന്നവരെന്നു കരുതപ്പെടുന്ന ചില സ്ത്രീകളാണ് മറ്റൊരു സ്ത്രീയുടെ ശരീരം അവർക്കിഷ്ടമുള്ള രീതിയിൽ കൊണ്ടു നടക്കുന്നതിനെ ഏറ്റവും അസഭ്യമായി പരിഹസിച്ചത് എന്നതാണ് അപകടകരമായ കാര്യം. 

ഈയടുത്തായി ഏറ്റവുമധികം ഉദ്ഘാടനങ്ങളിൽ പങ്കെടുത്ത താരം ഹണി റോസ് ആയിരുന്നു എന്ന് പറയപ്പെടുന്നു. സ്വാഭാവികമായും അത് അവരുടെ സൗന്ദര്യത്തോടും താര ശരീരത്തോടുമുള്ള പ്രതിപത്തി കൊണ്ടു തന്നെയാണ്. തന്റെ ശരീരം ഏതു വിധത്തിൽ കൊണ്ടു നടക്കണം എന്നത് ആ ശരീരത്തിന്റെ ഉടമയുടെ മാത്രം സൗകര്യവും തീരുമാനവുമാണ്. സിലിക്കൺ പോലെയുള്ള വസ്തുക്കൾ കൊണ്ട് ശരീര ഭാഗങ്ങൾക്ക് വലുപ്പം കൂട്ടണം എന്നൊരാൾക്കു തോന്നിയാൽ അതിനു അവകാശവും അവർക്കുണ്ട്. എന്നാൽ എന്തും പറയാൻ ലൈസൻസ് ഉണ്ടെന്നു കരുതി ഒരു വ്യക്തിയുടെ സ്വകാര്യതയായ ശരീരത്തെ അപമാനിച്ചു സംസാരിക്കുന്നത് നിയമപ്രകാരം കേസ് കൊടുക്കാൻ കഴിയുന്ന കുറ്റം തന്നെയാണ്. 

actress-honey-rose-on-her-fashion-choices-and-beauty-tips-4

ശരീരത്തിന്റെ ആകൃതി സൂക്ഷിക്കുക എന്നത് അത്ര എളുപ്പമല്ലെന്ന് മുപ്പതുകൾ പിന്നിട്ട സ്ത്രീകൾക്കറിയാം. എത്രമാത്രം ഭക്ഷണം നിയന്ത്രിച്ചാലും അടങ്ങാത്ത ‘ക്രേവിങ്’ പലർ‌ക്കും പ്രശ്നമാണ്. മുന്നിൽ ഇഷ്ടപ്പെട്ട ഭക്ഷണം ഇരിക്കുമ്പോൾ, വീട്ടിലുള്ളവർക്കു വേണ്ടിയുണ്ടാക്കുമ്പോൾ, കുഞ്ഞുങ്ങൾ ബാക്കി വച്ചത് കളയാൻ തോന്നാതെയിരിക്കുമ്പോൾ ഒക്കെ അറിയാതെ അകത്താക്കിപ്പോകും. വീട്ടുജോലിയും ഓഫിസ് ജോലിയും രണ്ടിടത്തുമുള്ള മാനസികമായ ബുദ്ധിമുട്ടുകളും എല്ലാം ചേർന്ന് വ്യായാമത്തിനു പോലും സമയം തികയാതെയിരിക്കുമ്പോൾ ശരീരം അനുസരണക്കേടു കാണിച്ചു തുടങ്ങും. ശരീരഭാഗങ്ങളുടെ ആകൃതിയില്ലായ്മ ആത്മവിശ്വാസത്തെ പാടെ തകർത്തു കളയും. 

എന്നാൽ അത്തരത്തിൽ സ്വന്തം ശരീരം അലക്ഷ്യമായി കൊണ്ടുനടക്കാൻ ഒരു സിനിമാ താരത്തിന് ബുദ്ധിമുട്ടാണ്. താരശരീരം പോലും വിപണിയിൽ പ്രധാനമാകുമ്പോൾ (അത് പുരുഷന്റേതാണെങ്കിലും സ്ത്രീയുടേതാണെങ്കിലും) അതിനെ മനോഹരമായി കൊണ്ടുനടക്കുക എന്നത് അവരുടെ പ്രഫഷന്റെ ഭാഗമാകുന്നു. ശരീരവും മനസ്സും ഏറ്റവും ഭംഗിയായി കൊണ്ടുനടക്കുന്നത് ആത്മവിശ്വാസത്തിന്റെ ഏറ്റവും മികച്ച കാരണമാകുമെന്ന് അനുഭവിച്ചവർക്ക് മനസ്സിലാകും. സോഷ്യൽ മീഡിയയിൽ ഹണിറോസിന്റെ ചിത്രങ്ങൾക്കു താഴെ അശ്ലീലം പറയുന്നവരിൽ പുരുഷന്മാർ മാത്രമല്ല എന്നതാണ് സത്യം. എത്ര ശ്രമിച്ചിട്ടും ഒതുങ്ങിക്കിട്ടാത്ത ശരീരത്തെ നോക്കി വിഷമിക്കുന്ന ചില സ്ത്രീകളുടെ അസൂയ പെരുത്ത കണ്ണുകൾക്കും ആകൃതിയൊത്ത ഹണിയുടെ താര ശരീരം അശ്ലീലമാണ്. ഭക്ഷണം നിയന്ത്രിച്ചും വ്യായാമം ചെയ്തും നല്ല ചിന്തകളിലൂടെയും ആർക്കും മെരുക്കിയെടുക്കാവുന്ന സ്വന്തം ശരീരങ്ങളിൽ ശ്രദ്ധിക്കാതെ, മറ്റുള്ളവരെ അപഹസിക്കുന്നതാണ് ഏറ്റവും വലിയ അശ്ലീലമെന്ന് ഇവർ എന്നെങ്കിലും മനസിലാക്കുമോ?

actress-honey-rose-on-her-fashion-choices-and-beauty-tips-3

സമൂഹം പറയുന്നതു പോലെ വസ്ത്രം ധരിക്കുക, നടക്കുക, വിവാഹം കഴിക്കുക, കുഞ്ഞുങ്ങളെ ജനിപ്പിക്കുക തുടങ്ങിയ കാര്യങ്ങൾ അതുപോലെ ചെയ്തില്ലെങ്കിൽ സമൂഹം സംസാരിച്ചു തുടങ്ങും. സിനിമാതാരമായ, ആകൃതിയൊത്ത ശരീരമുള്ള, വിവാഹം കഴിക്കാത്ത ഒരു സ്ത്രീക്ക് അതുകൊണ്ടു തന്നെ പൊതു ഇടത്തിൽ നേരിടേണ്ടി വരുന്ന അപമാനങ്ങൾ എത്ര വലുതായിരിക്കണം! ഒരു വ്യക്തിയുടെ ജീവിതം അവനവന്റെ മാത്രം തീരുമാനമാണ്. വിവാഹം ഒരു ദുഷിച്ച വ്യവസ്ഥിതിയാണ് എന്ന് ജിയോ ബേബി എന്ന സംവിധായകൻ പറയുന്നത് അദ്ദേഹത്തിന്റെ ജീവിതത്തിൽനിന്നു കണ്ടെത്തിയ തീരുമാനങ്ങളിലൂടെയാവാം, അതിൽ യോജിക്കുകയും വിയോജിക്കുകയുമാവാം, എന്നാൽ അതിന്റെ പേരിൽ അയാളെ അസഭ്യം പറയാൻ സമൂഹത്തിന് എന്ത് യോഗ്യതയാണുള്ളത്? ഓരോ വ്യക്തിക്കും അവർ ജനിച്ചു വളർന്ന, ജീവിക്കുന്ന സാഹചര്യങ്ങൾക്കനുസരിച്ച് ജീവിതമുണ്ട്, തീരുമാനങ്ങളും. അത് അവരുടെ സ്വകാര്യതയാണ്. താരശരീരം കൂടി കാണാൻ വേണ്ടിയാണ് ഒരു സിനിമയ്ക്കു ടിക്കറ്റ് എടുക്കുന്നത് എന്നു വാദിക്കാം. എന്നാൽ ആ സിനിമ കണ്ടു കഴിയുന്നതോടു കൂടി ആ ശരീരത്തെ സ്വതന്ത്രമാക്കി വിടാനുള്ള ബോധം കാഴ്ചക്കാരനുണ്ടാകണം. താരങ്ങൾക്കു തടി കൂടുന്നതും മറ്റും പ്രേക്ഷകനെ ബാധിക്കേണ്ടതില്ല. 

honey-rose-lates

ഒരിടത്ത് അവരുടെ ശരീരങ്ങളെ ആഘോഷിക്കുകയും മറ്റൊരു ഭാഗത്ത് അതേ ശരീരത്തെ അപഹസിക്കുകയും ചെയ്യുന്ന ഇരട്ട വ്യക്തിത്വം പുലർത്തുന്ന ഒരുപാട് മനുഷ്യരെ ഇത്തരം വാർത്തകൾക്കു താഴെ കാണാൻ കഴിയും. താരങ്ങൾക്കു സാരിയുടുക്കാൻ ബുദ്ധിമുട്ടുണ്ടെങ്കിൽ അതവരുടെ സ്വകാര്യ പ്രശ്നമാണ്, അതവർ പരിഹരിക്കും. അതിന് ഉപദേശങ്ങൾ കൊടുക്കേണ്ട ബാധ്യതയൊന്നും പ്രേക്ഷകർക്കില്ല. ഒരു വ്യക്തിക്കു തന്റെ ശരീരത്തിൽ മാറ്റങ്ങൾ വരുത്തണമെന്നു തോന്നിയാൽ അവരതു ചെയ്യട്ടെ, അതവരുടെ ആത്മവിശ്വാസമാണ്, ജോലി മുന്നിൽ കണ്ടാണ്, ഇനി അതല്ലെങ്കിൽപ്പോലും അതിനെക്കുറിച്ചൊന്നും മറ്റുള്ളവർ ആകുലരാകേണ്ടതില്ല. കാണാൻ ഇഷ്ടമുള്ളവർക്കു കാണാം, സിനിമയിൽ അവരുടെ ശരീരം ആഘോഷിക്കാം, ഉദ്‌ഘാടനങ്ങളിൽ പങ്കെടുക്കുന്ന അവരുടെ ചിത്രങ്ങൾ ആസ്വദിക്കാം, അതിനപ്പുറം അവരുടെ ശരീരത്തെ വിലയിരുത്താനുള്ള ബോധമില്ലായ്മ കാണിക്കാതെയിരിക്കുന്നതാണ് നല്ലത്. 

actress-honey-rose-on-her-fashion-choices-and-beauty-tips

പ്രിയപ്പെട്ട സ്ത്രീകളേ, അവനവന്റെ ശരീരത്തോട് ഉത്തരവാദിത്തവും ബഹുമാനവും ഉണ്ടാകണം. അതിനെ ആരോഗ്യത്തോടെ, ഭംഗിയോടെ കൊണ്ടുനടക്കേണ്ടത് ആത്മവിശ്വാസത്തിന്റെ കൂടി കാര്യമാണെന്നു മനസ്സിലാക്കി കഴിഞ്ഞാൽ എന്തിനു സിനിമാതാരങ്ങൾ അവരുടെ ശരീരത്തെ സ്നേഹിക്കുന്നുവെന്ന് എളുപ്പം മനസ്സിലാക്കാം. മറ്റാർക്കും വേണ്ടിയല്ലാതെ സ്വന്തം ശരീരത്തെ ഒന്നു സ്നേഹിക്കാൻ പഠിച്ചോളൂ ആദ്യം. അത് തരുന്ന ആത്മവിശ്വാസം അദ്‌ഭുതങ്ങൾ കാണിക്കും. വിശ്വസിക്കാം.

English Summary: Body Shaming Against Honey Rose

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT