ADVERTISEMENT

1947 ഓഗസ്റ്റ് പതിനഞ്ചിന് ഇന്ത്യയ്ക്കു സ്വാതന്ത്യ്രം ലഭിച്ചു എന്നത് ചരിത്രപരമായ സത്യം. എന്നാൽ രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനു വേണ്ടിയുള്ള ആ സമരത്തിനു പിന്നാലെ, മതത്തിന്റെയും ഭാഷയുടെയും സംസ്കാരത്തിന്റെയും പേരിലുള്ള ഒട്ടനവധി സമരങ്ങൾക്കു തുടക്കമായി. ആ തുടർസമരങ്ങൾ എത്തിനിൽക്കുന്നത് വ്യക്തിസ്വാതന്ത്ര്യത്തിലാണ്. അതിൽ പ്രധാനമായ ഒന്നാണ് വസ്ത്രധാരണത്തിനുള്ള സ്വാതന്ത്ര്യം. നിശ്ചിതമായ വസ്ത്രധാരണശൈലി പിൻതുടരുന്നവയാണ് മിക്കവാറും എല്ലാ തൊഴിൽമേഖലകളും. ഉപജീവനമാർഗമായതിനാലാകും അവിടെയാരും അതിനെ ചോദ്യം ചെയ്യാറില്ല. കടുത്ത ചൂടിന് ഒട്ടും യോജിക്കാത്ത പാശ്ചാത്യവസ്ത്രധാരണരീതി അന്തസ്സിന്റെ  ഭാഗമായി കരുതുന്നവരുമുണ്ട്. തൊഴിലിടങ്ങളിൽ ഐക്യബോധവും സമത്വവും സൃഷ്ടിക്കാൻ ഒരേ വസ്ത്രധാരണരീതിക്കു കഴിയുമെന്നത് മറ്റൊരു വസ്തുത. ഇനി വിഷയത്തിലേക്കു വരാം. 

വസ്ത്രധാരണത്തിന്റെ പേരിൽ പ്രധാനാധ്യാപിക തന്നെ അപമാനിക്കുന്ന പരാമർശം നടത്തിയെന്ന് ഒരു അധ്യാപിക പരാതിപ്പെട്ടിരിക്കുന്നു. സ്കൂളിലെ ഏതോ കുട്ടി യൂണിഫോം ധരിക്കാത്തത് താൻ ലെഗിൻസ് ധരിച്ചു വരുന്നതിനാലാണെന്ന് പ്രധാനാധ്യാപിക കുറ്റപ്പെടുത്തിയെന്നാണ് പരാതി. ഈ കുറ്റപ്പെടുത്തൽ കുട്ടികളുടെ മുന്നിൽ വച്ചായിരുന്നോ എന്നു വ്യക്തമല്ല. എന്തായാലും അതിപ്പോൾ കേരളത്തിലെ മുഴുവൻ വിദ്യാർഥികളുടെയും ചെവിയിലെത്തിയിരിക്കുന്നു. താൻ അത്തരത്തിലൊരു പരാമർശം നടത്തിയിട്ടില്ലെന്ന് പ്രധാനാധ്യാപിക ഇതുവരെ പറഞ്ഞിട്ടില്ല. അധ്യാപകരുടെ പെരുമാറ്റവും ശൈലിയും സ്കൂളിൽ കുട്ടികൾ അച്ചടക്കം പാലിക്കാത്തതിനു കാരണമാകുന്നുണ്ടോ എന്നത് മറ്റൊരു പഠന വിഷയമാണ്. അതല്ല ഇവിടെ ചർച്ച ചെയ്യേണ്ടത്. ആ പ്രധാനാധ്യാപിക സൂചിപ്പിക്കുന്നതുപോലെ, ലെഗിൻസ് ധരിച്ചെത്തുന്ന അധ്യാപിക വിദ്യാർഥികൾക്കു നൽകുന്നത് മോശം സന്ദേശമാണോ?

ഏകപക്ഷീയമായി ‘അതെ’ എന്നോ ‘അല്ല’ എന്നോ പറയേണ്ട വിഷയമല്ലിത്. സ്ത്രീസ്വാതന്ത്ര്യവും വ്യക്തിസ്വാതന്ത്ര്യവുമൊക്കെ പരിഗണിക്കുമ്പോൾ അധ്യാപികയ്ക്ക് ഇഷ്ടമുള്ള വസ്ത്രം ധരിക്കാം. പക്ഷേ സാമൂഹികവും തൊഴിൽപരവുമായ ഘടകങ്ങൾ പരിഗണിക്കുമ്പോൾ വ്യക്തിപരമായ വസ്ത്രധാരണത്തിനു തൊഴിലിടങ്ങളിൽ പരിമിതിയുണ്ട്. മാന്യവും മര്യാദയുമുള്ളതായ വസ്ത്രമാണ് താൻ ധരിച്ചിരുന്നതെന്ന ഉറച്ച വിശ്വാസമുണ്ട് പരാതിക്കാരിയായ അധ്യാപികയ്ക്ക്. അത് അവരുടെ ബോധ്യമാണ്. പക്ഷേ ആ ബോധ്യം പ്രധാനാധ്യാപികയ്ക്ക് ഉണ്ടായെന്നു വരില്ല. അതിനുള്ള കാരണങ്ങൾ നിരവധിയാണ്. സാമൂഹികവും ലിംഗപരവുമായ ഈ കാരണങ്ങളിൽനിന്നു വേണം ഇത്തരത്തിലൊരു വിഷയത്തോടു പ്രതികരിക്കേണ്ടതെന്നു തോന്നുന്നു. 

Image Credit∙ Saritha Raveendranath/ Facebook
Image Credit∙ Saritha Raveendranath/ Facebook

അതിനു മുമ്പ് ചില കാര്യങ്ങൾ കൂടി ചൂണ്ടിക്കാണിക്കേണ്ടിയിരിക്കുന്നു. അടുത്തിടെയിറങ്ങിയ വിനയൻ ചിത്രം ‘പത്തൊമ്പതാം നൂറ്റാണ്ടി’ൽ മാറ് മറയ്ക്കാനുള്ള അവകാശത്തിനായി പോരാടുന്ന സ്ത്രീകളുടെ കഥയുണ്ട്. കേരളത്തിലെ സ്ത്രീകൾ മാറ് മറയ്ക്കാതെ നടന്നിരുന്ന ഒരു കാലമുണ്ടായിരുന്നു എന്നതു ചരിത്രം. പക്ഷേ സിനിമയിൽ പറയാത്ത ചിലതു കൂടിയുണ്ട്. ഇവിടെ ദലിത് സ്ത്രീകൾ മാത്രമല്ല, നമ്പൂതിരി സ്ത്രീകളും മാറു മറയ്ക്കാനാകാതെ ജീവിച്ചിട്ടുണ്ട്. അന്തർജനങ്ങൾ ഇതിനായി സമരം നടത്തിയതിനു തെളിവുകളൊന്നുമില്ല, പ്രതിഷേധമുണ്ടായിരിന്നിരിക്കാം. പക്ഷേ മറ്റു സ്ത്രീകളെ അപേക്ഷിച്ച് അവർക്ക് ലഭിച്ച പ്രിവിലേജ് അന്യ പുരുഷൻമാരുടെ മുന്നിൽ പോകേണ്ടിവന്നിട്ടില്ല എന്നതാണ്. പക്ഷേ ഇല്ലപ്പറമ്പിലും അമ്പലങ്ങളിലുമൊക്കെ നഗ്‌നമായ മാറ് കാണിച്ചുതന്നെയാണ് അവർ കഴിഞ്ഞിരുന്നത്. അപ്പോൾ വസ്ത്രം ധരിക്കാനും ധരിക്കാതിരിക്കാനും എങ്ങനെ ധരിക്കണം എന്നതിനുമൊക്കെ സ്വയം തീരുമാനിക്കാൻ അന്നുമിന്നും സ്ത്രീകൾക്ക് കഴിയുന്നില്ല എന്നു ചുരുക്കം. ആണുങ്ങൾക്ക് ബാധകമല്ലാത്ത ഒരു നിയന്ത്രണം അവളുടെ പിന്നാലെ എപ്പോഴുമുണ്ട്. 

അധ്യാപികയുടെ വസ്ത്രധാരണം വിദ്യാർഥികളെ എങ്ങനെ ബാധിക്കും എന്നാണെങ്കിൽ, അധ്യാപികയും സ്ത്രീശരീരം മാത്രമായി ചുരുങ്ങിപ്പോകുമെന്നതു വസ്തുതയാണ്. ആ രീതിയിലാണ് ഉപഭോക്തൃ സംസ്കാരത്തിൽ സ്ത്രീ ഉപയോഗിക്കപ്പെടുന്നത്. ഓരോ ഉൽപന്നവും വിറ്റുപോകുന്നതിനുള്ള ഉപാധിയാണ് സ്ത്രീമേനിയുടെ അഴകടയാളങ്ങൾ. ആ കാഴ്ചപ്പാടിലാണു നമ്മുടെ കുട്ടികൾ വളരുന്നതെങ്കിൽ പഠിപ്പിക്കുന്ന വിഷയത്തെക്കാൾ അവനു താൽപര്യം തോന്നുന്ന പലതും അവൻ കണ്ടെത്തിയേക്കും. കൃത്യമായ ശരീരബോധത്തിലൂടെയാണ് നമ്മുടെ കുട്ടികൾ വളരുന്നതെന്ന് ഓർമിപ്പിക്കുന്നു. അത് അധ്യാപിക എന്ന പരിവേഷത്തിൽനിന്നു പെൺശരീരം എന്ന സാധ്യതയിലേക്ക് അവനെ എത്തിച്ചെന്ന് വരാം. ആ സാധ്യതയാണ് അധ്യാപികയുടെ വസ്ത്രധാരണത്തിന് അതിരു വേണമെന്ന നിർബന്ധത്തിനു പിന്നിൽ. ഇത്തരത്തിലുള്ള രംഗങ്ങൾ പല സിനിമകളിലും കണ്ടുപോകുന്നവരാണ് നാം.

മനഃശാസ്ത്രപരമായി സമീപിക്കേണ്ട വിഷയമാണിത്. ന്യൂജഴ്‌സിയിലെ പ്രിൻസ്റ്റൺ യൂണിവേഴ്‌സിറ്റിയിൽ നടന്ന പഠനം ഇക്കാര്യം ശരിവയ്ക്കുന്നതാണ്. സെക്‌സി ഇമേജുകൾ സ്ഥിരമായി കാണുന്നത് സ്ത്രീകളെ വീക്ഷിക്കുന്ന രീതിയിൽ വ്യത്യാസമുണ്ടാക്കുമെന്ന് യൂണിവേഴ്സിറ്റിയിലെ സൈക്കോളജിസ്റ്റായ സൂസൻ ഫിസ്‌കെ ചൂണ്ടിക്കാണിക്കുന്നു. ജോലിസ്ഥലത്തായാലും  വിശാലമായ ലോകത്തെവിടെയായാലും അതു നിലനിൽക്കുന്നു. പഠനത്തിന്റെ ഭാഗമായി പുരുഷൻമാരുടെയും സ്ത്രീകളുടെയും ചിത്രങ്ങൾ ആദ്യം കാണിക്കുന്നു. പിന്നീട് മെമ്മറി ടെസ്റ്റ് നടത്തിയപ്പോൾ ബിക്കിനി ധരിച്ച സ്ത്രീകളുടെ ചിത്രങ്ങൾ പുരുഷൻമാർ നന്നായി ഓർക്കുന്നതായി കണ്ടെത്തി.

saritha2

പൊതുവേയുള്ള ഒരു വിഷയമാണിത്. ഇവിടെ സ്വന്തം ഇഷ്ടത്തിന് അനുസരിച്ച് വേഷം ധരിച്ചെത്തുന്ന അധ്യാപിക ഒരിക്കലും തെറ്റുകാരിയാകുന്നില്ല. പക്ഷേ സാമൂഹികമായോ പുരുഷാധിഷ്ഠിതമായോ ചില കാഴ്ചപ്പാടുകളും നിഗമനങ്ങളും അവൾക്കെതിരെയാകും. അതിനെ തള്ളിക്കളയാൻ കരുത്തുള്ള, അതിൽ സങ്കടപ്പെട്ട് സമയം കളയാൻ മനസ്സില്ലാത്തവർക്ക്  ഇഷ്ടമുള്ള വസ്ത്രം എവിടെയും ധരിക്കാം. മറ്റുള്ളവർ അതിൽ എന്തിന് ഇടപെടണം. അവളുടെ വസ്ത്രധാരണരീതി വിഷമമുണ്ടാക്കുന്നത് അവൾക്കല്ല, കാഴ്ചക്കാരനാണെങ്കിൽ ആ കാഴ്ചക്കാരനു വേണ്ടി വേഷം കെട്ടേണ്ട ബാധ്യത ഒരു സ്ത്രീക്കുമില്ല. പക്ഷേ അതിനു മുമ്പ് ഉറപ്പ് വരുത്തണം, എന്റെ വേഷത്തോട് ഈ ലോകം എങ്ങനെ പ്രതികരിച്ചാലും അതെനിക്കു പ്രശ്നമല്ലെന്ന്. ഇല്ലെങ്കിൽ മലപ്പുറത്തെ അധ്യാപികയെപ്പോലെ കേവലമൊരു പരാമർശത്തിന്റെ പേരിൽ രാവിലെ മുതൽ വൈകിട്ടു വരെ ഇരുന്നു കരയേണ്ടി വരും.

English Summary: School Teacher Who Wearing Leggings

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT