ADVERTISEMENT

പെൺകുട്ടികളുടെ മാതാപിതാക്കളേ, നിങ്ങളവരെ എങ്ങനെയാണു വളർത്താൻ ഉദ്ദേശിക്കുന്നത്? നിങ്ങൾ പണ്ടു കാലത്തു വളർന്ന അതേ ഗൃഹാതുരത പറഞ്ഞ്, അതേ ബുദ്ധിമുട്ടുകളും കഷ്ടപ്പാടുകളും പറഞ്ഞ്, ജോലി ചെയ്തു തഴമ്പിച്ച കയ്യും കാട്ടി അങ്ങനെയൊക്കെത്തന്നെയാണോ? 

 

idukki news

ഇന്ത്യൻ സാഹചര്യങ്ങളിൽ ഒരു പെൺകുട്ടി നേരിടുന്ന അനീതികളെക്കുറിച്ചുള്ള ബോധമാണ് ‘ദേശീയ പെൺകുട്ടി ദിന’മായ ജനുവരി 24 പറഞ്ഞു വയ്ക്കുന്നത്. എന്താണ് പെൺകുട്ടികൾ നേരിടുന്ന പ്രധാന വെല്ലുവിളികൾ? ഒരു രസകരമായ പ്രശ്നം പറയാം, പത്താം ക്ലാസ്സിൽ പഠിക്കുന്ന പ്രവീണയ്ക്ക് പാട്ടും നൃത്തവും പഠനവും എല്ലാം ഇഷ്ടമാണ്. അവളുടെ അച്ഛന് അത്യാവശ്യം ‘കലാഹൃദയം ഉള്ളതിനാൽ’ മകൾ പാട്ടും നൃത്തവും പഠിക്കുന്നതിൽ പ്രത്യേക ശ്രദ്ധയും കൊടുക്കുന്നുണ്ട്. എന്നാൽ പഠനത്തിന്റെ കാര്യത്തിൽ അമ്മയ്ക്കാണ് കൂടുതൽ ശ്രദ്ധ. മക്കളും സ്‌കൂളും ഉണ്ടായ പുരാതന കാലം മുതൽതന്നെ, കുട്ടികളുടെ പ്രത്യേകിച്ച് പെൺകുട്ടികളുടെ കാര്യത്തിൽ അമ്മമാർക്കുള്ള അമിതമായ ശ്രദ്ധയും കൈകടത്തലും പ്രസിദ്ധമാണല്ലോ. പ്രവീണയുടെ കാര്യത്തിലും അവളുടെ അമ്മ ആവശ്യമില്ലാതെ ഇടപെടാറുണ്ട്. എന്നാൽ ഒരു തവണ വിഷയം രൂക്ഷമായി. പഠനത്തിൽ മകൾ ഉഴപ്പുന്നത് അവൾക്കു പുതിയ ആൺ സുഹൃത്ത് ഉണ്ടായതിനു ശേഷമാണെന്ന് അമ്മ കണ്ടെത്തി. അവൾ അവനെ കാണാൻ വേണ്ടി വയലിൻ ക്ലാസിനു ചേർന്നു എന്നു കൂടി അറിഞ്ഞതോടെ അമ്മ പ്രവീണയുടെ ഫോണും ലാപ്ടോപ്പും കണ്ടു കെട്ടി. രാവിലെ അവർ മകളെ സ്വന്തം കാറിൽ ക്ലാസിൽ കൊണ്ടാക്കും. വൈകുന്നേരം തിരികെ വിളിക്കുകയും ചെയ്യും. ശ്വാസംമുട്ടലിനൊടുവിൽ മകൾ അച്ഛന്റെ മുന്നിൽ കരഞ്ഞു. പക്ഷേ, എത്ര ബഹളം വച്ചിട്ടും അമ്മ അവരുടെ മനോഭാവം മാറ്റാൻ തയാറായില്ല എന്നതാണ് ഈ കേസിലെ അവസാന ഉത്തരം. ഒരുപക്ഷേ സിനിമയിൽ ആയിരുന്നെങ്കിൽ കഥ മാറിയേനെ, എന്നാൽ അതല്ലല്ലോ ജീവിതം. 

 

പെൺകുട്ടികൾക്കു നേരെയുള്ള അനീതി തുടങ്ങുന്നത് ഇത്തരത്തിൽ കുടുംബങ്ങളിൽനിന്നു തന്നെയാണ്. പെൺകുട്ടി ആയതിനാൽ മാത്രം പുറത്തിറങ്ങാനും ഇഷ്ടമുള്ളതു ചെയ്യാനും സ്വാതന്ത്ര്യം നഷ്ടപ്പെട്ട എത്രയോ പേർ ഇപ്പോഴുമുണ്ട്. പുരോഗമനം പറയുമ്പോഴും അസ്വാതന്ത്ര്യത്തിന്റെ ശ്വാസം മുട്ടൽ ഇപ്പോഴും പെൺകുട്ടികളുടെ ബോധത്തെ വിശാലമാക്കുന്നതിൽനിന്ന് തടയുന്നുണ്ട്. തുറന്ന ഒരു ലോകം മുന്നിൽ ഉണ്ടായിട്ടും സാമ്പത്തികമായ അരക്ഷിതാവസ്ഥകൾ കൊണ്ടു മാത്രം അതിലേക്ക് ഇറങ്ങി നടക്കാൻ ഇപ്പോഴും നമ്മുടെ പെൺകുട്ടികൾക്ക് ആയിട്ടില്ല.

ഡൽഹിയിലെ ക്ലാസ് മുറികളിലൊന്നിലെ കാഴ്ച. ചിത്രം: Money SHARMA / AFP
ഡൽഹിയിലെ ക്ലാസ് മുറികളിലൊന്നിലെ കാഴ്ച. ചിത്രം: Money SHARMA / AFP

 

‘‘എനിക്ക് യാത്രകൾ ചെയ്യാൻ ഇഷ്ടമാണ്. ഇപ്പോൾ പിജിക്കു പഠിക്കുകയാണ്. കഴിഞ്ഞ ഐഎഫ്എഫ്കെയ്ക്ക് വീട്ടിൽനിന്നു പറഞ്ഞിട്ട് പോയി. കൂട്ടുകാർ ഒപ്പമുണ്ട് എന്നു പറഞ്ഞാണ് പോയത്, പക്ഷേ ഞാൻ ഒറ്റയ്ക്കാണ് യാത്ര ചെയ്തതും സിനിമ കണ്ടതും. ഇപ്പോൾ ഇവിടെ സാഹിത്യ സമ്മേളനത്തിനു വന്നതും വീട്ടിൽ അങ്ങനെ പറഞ്ഞിട്ടാണ്, അല്ലെങ്കിൽ വിടില്ല.’’ സാമ്പത്തികമായി ഇപ്പോഴും വീട്ടുകാരെ ആശ്രയിക്കുന്ന ഒരു പെൺകുട്ടിയുടെ വാക്കുകളാണിത്. നുണ പറഞ്ഞു വീട്ടിൽ നിന്നിറങ്ങുന്നു എന്നതിനപ്പുറം അവളുടെ ഉദ്ദേശ്യം വളരെ വലുതാണ്. അത് ലോകം കാണുകയും അറിയുകയും ചെയ്യുക എന്നതാണ്. പക്ഷേ ഒരാൾ കൂടെയുണ്ടെങ്കിൽ വീട്ടുകാർ സ്വസ്ഥരായേക്കും. 

‘‘ജോലി ഒക്കെ കിട്ടി സ്വന്തമായി പൈസയാകുമ്പോൾ നീ എവിടെ വേണമെങ്കിലും പൊക്കോ എന്നാണു വീട്ടുകാർ പറയുന്നത്, പക്ഷേ പിജി കഴിഞ്ഞു ജോലി അന്വേഷിച്ചു നടന്ന് കിട്ടുമ്പോഴേക്കും എനിക്ക് എത്ര വയസ്സാകും, അപ്പോഴേക്കും എത്ര വർഷമാണ് എനിക്ക് നഷ്ടമാകുന്നത്?’’പെൺകുട്ടിയുടെ ചോദ്യത്തിന് പ്രസക്തിയുണ്ട്, പക്ഷേ സാമ്പത്തികമായി സ്വാതന്ത്ര്യം നേടാതെ ഈ ചോദ്യത്തിന് വേറെ ഉത്തരങ്ങൾ നൽകാനാവില്ല. വിദേശ രാജ്യങ്ങളിലെ കുട്ടികളെ ഈ വിഷയത്തിൽ ഏറ്റവും നല്ല ഉദാഹരണങ്ങൾ ആക്കാൻ കഴിയും. പഠനവും ജോലിയും ഒന്നിച്ചു കൊണ്ടു പോകാൻ കഴിയുന്ന മാനസിക-സാമൂഹിക സ്ഥിതിയുള്ള രാജ്യങ്ങളിൽ സാമ്പത്തിക സ്വാതന്ത്ര്യം എന്നത് കുറച്ചുകൂടി അനുഭവിക്കാം. 

 

ഇതൊക്കെ മറ്റൊരു തലത്തിൽ നിന്നു നോക്കുമ്പോൾ അടിസ്ഥാന പരമായ പ്രശ്നങ്ങൾ അല്ലായിരിക്കാം,. പക്ഷേ പുരോഗമനപരമായ ആശയങ്ങൾ പേറുന്ന സമൂഹത്തിൽ പെൺകുട്ടികളെക്കുറിച്ചുള്ള വിവരങ്ങൾ പങ്കുവയ്ക്കുമ്പോൾ ഉയർന്നു വരേണ്ട ചർച്ചകളിൽ ഇതും പെടേണ്ടതാണ്. എന്താണ് പെൺകുട്ടികളുടെ അടിസ്ഥാന പ്രശ്നങ്ങൾ?

ലിംഗപരമായ അസമത്വം, വിദ്യാഭ്യാസത്തിനുള്ള സ്വാതന്ത്ര്യക്കുറവ്, കുടുംബത്തിൽനിന്നു ലഭിക്കുന്ന പരിഗണനക്കുറവ് ഇതൊക്കെ അടിസ്ഥാന പ്രശ്നങ്ങളായി പറയാം. പൊതുവെ മലയാളികൾക്കിടയിൽ ഇത്തരം പ്രശ്നങ്ങളെടുത്തു നോക്കിയാൽ ആശയപരമായി ഒരുപാട് മുന്നേറിയ ഒരു ജനതയാണ് നമ്മളെന്നു മനസ്സിലാവും. എന്നാൽ ഇപ്പോഴും ലിംഗപരമായ അസമത്വം കുട്ടികളും സ്ത്രീകളും ഒരുപോലെ അനുഭവിക്കുന്ന ഒരു പ്രശ്നം തന്നെയാണ്. അത് വീടുകളിൽനിന്നു തുടങ്ങുന്നു എന്നതാണ് ഏറ്റവും മോശപ്പെട്ട ഒരു സത്യവും. ആൺകുട്ടിയും പെൺകുട്ടിയുമുള്ള വീടുകളിൽ വളരെ കൃത്യമായി ഈ പ്രശ്നം പറഞ്ഞു വയ്ക്കുന്നുണ്ട്. ജിയോ ബേബി സംവിധാനം ചെയ്ത ‘ഗ്രേറ്റ് ഇന്ത്യൻ കിച്ചനി’ലെ നായിക വിവാഹം കഴിക്കുന്നത് വരെ, വീട്ടിൽ അമ്മ തന്റെ അനുജന് നൽകിയ അമിതമായ ശ്രദ്ധയിൽ പ്രശ്നമില്ലാത്തവളായിരുന്നു. അവൾ അതു ചോദ്യം ചെയ്യാൻ ധൈര്യം കാട്ടിയിട്ടുമില്ല, എന്നാൽ വിവാഹ ശേഷം ആണുങ്ങൾ മാത്രമുള്ള വീട്ടിൽ സ്ത്രീ എന്ന നിലയിൽ അടുക്കളയിലും അടുക്കളപ്പുറത്തും നേരിടേണ്ടി വരുന്ന അസമത്വങ്ങൾ അവളെ മാറ്റി ചിന്തിപ്പിക്കുന്നുണ്ട്. ഭർത്താവിന്റെ വീടുവിട്ട് ഇറങ്ങിപ്പോന്ന ശേഷം സ്വന്തം വീട്ടിലെത്തുമ്പോൾ ഒരു ഗ്ലാസ് വെള്ളം തനിയെ എടുത്തു കുടിക്കാൻ പറ്റാത്ത അനിയന് നേരെ അവൾ ക്ഷോഭിക്കുന്നുണ്ട്. ഇവിടെ ഒരു പെൺകുട്ടിയെ വളർത്തുന്ന രീതിക്കു തന്നെയാണ് പ്രധാന പ്രശ്നമുള്ളത്.

 

പലപ്പോഴും പെൺകുട്ടികൾ അനുഭവിക്കുന്ന അസമത്വവും അനീതിയും അവർ തിരിച്ചറിയുന്നല്ല എന്നതാണ് യാഥാർഥ്യം. മുതിർന്ന ശേഷം മാത്രമായിരിക്കും താൻ നേരിട്ട അനീതിയെക്കുറിച്ചുള്ള ബോധം അവൾക്ക് ലഭിക്കുക. അത്തരം ഉൾക്കാഴ്ചകൾ ഇല്ലാതെ പെൺകുട്ടികളെ വളർത്താൻ സമർഥരാണ് ഇപ്പോഴും മാതാപിതാക്കൾ. എന്നാൽ കാലം മാറുന്നുണ്ട്. അച്ഛനും അമ്മയും മാറുന്നുണ്ട്. ചിന്താഗതികളിൽ കാര്യമായ പരിവർത്തനം സംഭവിക്കുന്നുണ്ട്. ഒരു പെൺകുട്ടിയും ആൺകുട്ടിയുമുള്ള അമ്മ പറഞ്ഞ വാക്കുകൾ ഇവിടെ പ്രസക്തമാണെന്ന് തോന്നുന്നു,

‘‘ഞാൻ രണ്ടു മക്കളെക്കൊണ്ടും വീട്ടിലെ അവർക്ക് ചെയ്യാൻ കഴിയുന്ന എല്ലാ ജോലികളും ചെയ്യിക്കും. അതിൽ അടുക്കള ജോലിയും വീട് വൃത്തിയാക്കലും തുണി തിരുമ്മലും അടുക്കി വയ്ക്കലും എല്ലാം പെടും. രണ്ടാളും അവരവരുടെ കാര്യങ്ങൾ വൃത്തിയായി ചെയ്യാൻ പഠിച്ചിരിക്കണം എന്നെനിക്ക് നിർബന്ധമുണ്ട്. മറ്റൊരാളെ അതിനു വേണ്ടി അവർക്ക് ആശ്രയിക്കേണ്ടി വരരുത്.’’

 

എത്ര ആഴത്തിലുള്ള ചിന്തകളാണ് ഇപ്പോഴത്തെ അമ്മമാരുടേത്. എത്ര മനോഹരമായാണ് അവർ തങ്ങളുടെ കുട്ടികളെ ലിംഗ ഭേദമില്ലാതെ സ്നേഹിക്കുന്നത്! ‘ദേശീയ പെൺകുട്ടി ദിന’ത്തിന്റെ പ്രസക്തി തന്നെ ഇത്തരം ഉദാത്തമായ ചിന്തകൾ കൊണ്ട് ഇല്ലാതാകട്ടെ. തലമുറകൾ ഇനിയും എത്ര കഴിയണം, ഇത്തരം ചിന്തകൾ എല്ലാ കുടുംബങ്ങളിലും മാതാപിതാക്കളിലേക്കും എത്താൻ എന്നത് മാത്രമേ കാത്തിരിക്കേണ്ടതുള്ളൂ. എങ്കിലും എത്താതിരിക്കില്ല. പറക്കാൻ ആഗ്രഹിക്കുന്ന പെൺകുട്ടികളും ഉൾക്കാഴ്ചയുള്ളവരും എണ്ണത്തിൽ കൂടുകയാണല്ലോ, അതുകൊണ്ട് എല്ലാം മാറും. 

English Summary: Special Story On National Girl Child Day

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com