ADVERTISEMENT

ഇത് ട്രോളുകളുടെ കാലം. സമൂഹമാധ്യമത്തിൽ എല്ലായിടത്തും പൊട്ടിച്ചിരിപ്പിക്കുന്ന ട്രോളുകൾ തന്നെ. സിനിമാ രംഗങ്ങളും പാട്ടും, ആക്ഷനും, കോമഡി റീലുകളും അങ്ങനെ എല്ലാം ചേർത്ത് നല്ല അടിപൊളിയായി എഡിറ്റ് ചെയ്ത് ഇറക്കുന്ന ട്രോളുകൾ കാണാൻ ആളുകളും ധാരാളം. എന്നാൽ ഈയിടയ്ക്ക് വൈറലായ ചില കിടിലന്‍ പെർഫോമൻസുകളുണ്ട്. വർഷങ്ങൾക്കു മുൻപ് പുറത്തിറങ്ങിയ ഷോർട്ഫിലിമുകളും ആൽബങ്ങളും പലരും തപ്പിയെടുത്തതോടെ അതിലെ കഥാപാത്രങ്ങളും ഡയലോഗുകളും ഇപ്പോൾ വൈറലാണ്. അങ്ങനെ വൈറലായ ചില സ്ത്രീ കഥാപാത്രങ്ങളെയും അവരെ ചുറ്റിപ്പറ്റിയുള്ള ഡയലോഗുകളും നോക്കിയാലോ?‌

troll-viral-ettayi-coffee
കളിപ്പാവ ഷോർട്ഫിലിമിലെ രംഗം

ഏട്ടായീ.... കോഫി

ഈ ഡയലോഗ് അറിയാത്തവരായി ഇപ്പോൾ വളരെ ചുരുക്കം ആളുകളേ ഉണ്ടാവു. എന്തിന് കൂടുതൽ പറയണം, ഏട്ടായീ കോഫി എന്ന് നിങ്ങളിൽ പലരും വായിച്ചതുതന്നെ അതേ ഈണത്തിലായിരിക്കും. കോവിഡ് സമയത്ത് പരിമിതികളിൽ നിന്നുകൊണ്ട് പുറത്തിറക്കിയ കളിപ്പാവ എന്ന ഷോർട്ഫിലിമിലെ ഡയലോഗ് ആണിത്. തന്റെ ഭർത്താവിനെ ആഴത്തിൽ സ്നേഹിക്കുകയും എന്നാൽ അവഗണനയും ഉപദ്രവവും മാത്രം നേരിടുകയും ചെയ്യേണ്ടി വരികയും ചെയ്ത ഒരു പാവം പെണ്ണിന്റെ കഥ പറയുന്ന ഷോർട്ഫിലിമാണ് കളിപ്പാവ. ' ഭാസ്കരേട്ടാ ഇന്ന് അപ്പുവേട്ടന്റെ പിറന്നാളാ..' എന്നുള്ള ഡയലോഗും ട്രോളുകളിലൂടെ ആളുകൾ ഏറ്റെടുക്കുകയായിരുന്നു. വൈറലായ ഈ ഡയലോഗ് ഉപയോഗിച്ചുള്ള റീലുകളും ഇൻസ്റ്റഗ്രാമിൽ ഒരുപാടുണ്ട്. രമ്യ എന്ന പെൺകുട്ടിയാണ് ഈ ഷോർട്ഫിലിമിൽ അഭിനയിക്കുകയും ഏട്ടായി കോഫി എന്ന ഡയലോഗ് പറഞ്ഞിരിക്കുകയും ചെയ്തത്. ഷോർട് ഫിലിമിലെ പ്രധാനകഥാപാത്രങ്ങളായി അഭിനയിച്ച രമ്യ, അഖിൽ എന്നിവർ യഥാർഥ ജീവിതത്തിലും ഭാര്യാഭർത്താക്കന്മാരാണ്.

troll-viral-kayal-1
കായൽ ഷോർട് ഫിലിമിലെ രംഗം

ഇതാര്, പിടയ്ക്കുന്ന മീനോ?

രണ്ടുവർഷം മുൻപ് പുറത്തിറങ്ങിയ കായൽ എന്ന ഷോർട്ഫിലിമിലെ പ്രധാനകഥാപാത്രമാണ് അമ്പിളി. ' ഇതാര്, പിടയ്ക്കുന്ന മീനോ ' എന്ന ചോദ്യവും അതിന് അമ്പിളിയുടെ ഭാവമാറ്റങ്ങളുമെല്ലാം സോഷ്യൽ മീഡിയയിൽ ഹിറ്റാണ്. മീൻ വിറ്റ് ഉപജീവനം കണ്ടെത്തുന്ന കുറച്ച് മനുഷ്യരുടെ കഥയാണ് ' കായൽ ' പറയുന്നത്. നിഷ്കളങ്കമായ മുഖഭാവങ്ങളും എന്നാൽ അച്ചടിഭാഷയിലെ സംസാരരീതിയുമാണ് ആകർഷകമായി തോന്നുന്നതെന്ന് കമ്ന്റുകൾ പറയുന്നു. 

troll-viral-kayal
കായൽ ഷോർട്ഫിലിമിലെ രംഗം

ഇനി ഇതേ ഷോർട് ഫിലിമിലെ മറ്റൊരു സ്ത്രീയുടെ ഡയലോഗും വൈറലാണ്. ' എന്റെ മോളുടെ പിറന്നാള് വിളിക്കാൻ വന്നതാ, എല്ലാരും വരണം..' എന്നാണ് ഡയലോഗ്. ഇതിലെന്ത് തമാശ എന്ന് തോന്നിയോ? വളരെ പ്രധാനപ്പെട്ട സംഭവവും സംഭാഷണവും നടക്കുന്ന സമയത്താണ് ചേച്ചിയുടെ വരവും പിറന്നാളിനുള്ള ക്ഷണവും. അതുതന്നെയാണ് എല്ലാവരെയും ചിരിപ്പിച്ച ഘടകവും. ഇപ്പോൾ എല്ലാ കമന്റ് ബോക്സിലെയും മെയിൻ കമന്റും ഇതുതന്നെ. സോഷ്യൽ മീഡിയയിലൂടെ വൈറലാണ് ഈ കഥാപാത്രങ്ങൾ.

troll-viral-mannappam-chuttukalikkana
മണ്ണപ്പം ചുട്ടുകളിക്കുന്ന എന്ന നാടൻപാട്ട് ആൽബത്തിലെ രംഗം

ഇത് ചേട്ടായിയുടെ ജീവിതത്തിൽ നടന്ന കഥയല്ലേ?

' മണ്ണപ്പം ചുട്ടുകളിക്കണ പ്രായത്തിൽ ' എന്ന നാടൻ പാട്ട് ആൽബത്തിലെ ഗാനവും അതിലെ അഭിനേതാക്കൾക്കും ഇപ്പോൾ ആരാധകരുണ്ട്. കേൾക്കാൻ ഇമ്പമുള്ള പാട്ടാണെങ്കിലും അതിനിടയിലെ സംഭാഷണമാണ് ജനങ്ങൾക്ക് കൂടുതൽ ഇഷ്ടമായത്. ഒരു പ്രണയകഥ അഭിനയിക്കാൻ വന്ന പെൺകുട്ടി നായകനോട് ഇത് നിങ്ങളുടെ ജീവിതത്തിൽ നടന്ന കഥയല്ലേ എന്ന് ചോദിച്ചു തുടങ്ങുന്നതാണ് സംഭാഷണം. നല്ലൊരു പെണ്ണിനെ കിട്ടുമെന്നു പറയുകയും വേറെ ആരെയും കിട്ടിയില്ലെങ്കിൽ എന്റെ വീട്ടിലേക്ക് വന്നോളാനും പറയുന്നതാണ് രംഗം. അരുൺ ജോർജ് എഴുതി അഭിനയിച്ച ഈ പാട്ടും അതിലെ ഡയലോഗും റീലുകളിൽ ആഘോഷിക്കപ്പെടുകയാണ്. എന്റെ സുനിതക്കുട്ടിക്ക് എന്ന മറ്റൊരു ആൽബവും അടുത്ത കാലത്ത് ഹിറ്റായിരുന്നു

troll-viral-chunnambu
ചുണ്ണാമ്പ് ഷോർട്ഫിലിമിലെ രംഗം

ദേ ചേച്ചി പിന്നേം

ഈ ഷോർട് ഫിലിമിലെ താരം സ്ത്രീയല്ല, ഡയലോഗ് പറഞ്ഞതും സ്ത്രീയല്ല. പക്ഷേ ഒരു സ്ത്രീയോടാണ് ഡയലോഗ് പറഞ്ഞിരിക്കുന്നത്. എന്താണ് ബ്രോ മൊഡേണോ എന്ന ഒറ്റ ചോദ്യം കൊണ്ട് വൈറലായ ചുണ്ണാമ്പ് എന്ന ഷേർട് ഫിലിമിലെ മറ്റൊരു പ്രധാനപ്പെട്ട ഡയലോഗാണിത്. 

troll-viral-chunnambu1
ചുണ്ണാമ്പ് ഷോർട്ഫിലിമിലെ രംഗം

വില്ലൻ കഥാപാത്രത്തെ അന്വേഷിച്ചു വരുന്ന നായകനോട് അവനിവിടെ ഇല്ലെന്ന് പറയുമ്പോഴാണ് ഈ ഡയലോഗ് പറയുന്നത്. ഈ ഡയലോഗിലെന്താ കോമഡി എന്നു പലർക്കും തോന്നുന്നുണ്ടാവും. പക്ഷേ സന്ദർഭവും അഭിനയവും ഡയലോഗും എല്ലാം ചേർന്നപ്പാൾ വളരെ രസകരമായാണ് തോന്നുകയായിരുന്നുവെന്നാണ് കമന്റുകൾ. 

ഈ ഷോർട്ഫിലിമുകള്‍ക്കും ആൽബങ്ങൾക്കും ആരാധകർ ഏറെയാണ്. ട്രോളുകളിലൂടെ അറിയപ്പെട്ടതോടെ കൂടുതൽ ആളുകളിലേക്ക് ഇവ എത്തുകയായിരുന്നു. കുറഞ്ഞ ചെലവിലും സൗകര്യങ്ങളിലും പുറത്തിറക്കിയവയാണെങ്കിലും നല്ല ആഴത്തിലുള്ള മികച്ച കഥയാണ് ഇവയിലെല്ലാം കാണാൻ കഴിയുക. അതുകൊണ്ടുതന്നെ വലിയ പിന്തുണയും സ്നേഹവും ഇവർക്ക് സമൂഹമാധ്യമങ്ങളിൽനിന്ന് ലഭിക്കുന്നുമുണ്ട്.

Content Summary: Viral Dialogues and Characters in Social Media

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT