‘പ്രതിയെ മാലയിട്ട് സ്വീകരിച്ചതിലൂടെ ഒരു വിഭാഗം ആളുകളുടെ മനഃസ്ഥിതി വ്യക്തമായി’
Mail This Article
കെഎസ്ആർടിസി ബസിൽ നഗ്നതാ പ്രദർശനം നടത്തിയ സവാദിനെ ഓൾ കേരള മെൻസ് അസോസിയേഷന്റെ നേതൃത്വത്തിൽ മാലയിട്ട് സ്വീകരിച്ച വിഷയത്തിൽ നിലമ്പൂർ ഗവൺമെന്റ് മൊബൈൽ ഡിസ്പെൻസറിയിലെ മെഡിക്കൽ ഓഫിസർ ഡോ. അശ്വതി സോമൻ പ്രതികരിക്കുന്നു.
ആ വ്യക്തിയെ മാലയിട്ട് സ്വീകരിച്ചതിലൂടെ സമൂഹത്തിലുള്ള ഒരു വിഭാഗം ആൾക്കാരുടെ മനഃസ്ഥിതിയാണ് വ്യക്തമായി മനസ്സിലാകുന്നത്. നടന്നതിനെ ഒട്ടും അനുകൂലിക്കാൻ കഴിയില്ല. ആർക്കും ആരെ വേണമെങ്കിലും മാലയണിഞ്ഞ് കൊണ്ടുവരാം. പക്ഷേ സവാദിനെ പോലെ ഒരാളെ മാലയിട്ടു കൊണ്ടുവന്നത്, അങ്ങനെ ചെയ്തവരുടെ മനഃസ്ഥിതി മോശമായി കാണിക്കാനേ സഹായിക്കൂ. ഇങ്ങനെ ചെയ്തതിനും പുറമേ, പ്രതികരിച്ച പെൺകുട്ടി ധരിക്കുന്ന വസ്ത്രത്തിനെക്കുറിച്ചും മറ്റുള്ളവരെ കാണിക്കാനാണ് അങ്ങനെ ഡ്രസ് ഇടുന്നത് എന്നു പറയുന്നതും ഒട്ടു ശരിയല്ല. ആ പ്രസ്താവനകളോട് യോജിക്കില്ല.
തനിക്ക് നേരിട്ട പ്രശ്നത്തെ ആ പെൺകുട്ടി സ്ട്രോങ്ങ് ആയി അഭിമുഖീകരിക്കുകയാണുണ്ടായത്. സ്ത്രീയോ പുരുഷനോ പൊതുസ്ഥലത്ത് സ്വകാര്യഭാഗങ്ങൾ കാണിക്കാൻ പാടില്ല എന്നു നിയമമുണ്ട്. അങ്ങനെയല്ലാത്ത ഏതുതരം വസ്ത്രം ധരിച്ചാലും അത് അവരുടെ ചോയിസാണ്. വസ്ത്രത്തിന്റെ പേരിൽ സ്വഭാവഹത്യ ചെയ്യുന്നത് ശരിയല്ല. പല ആൾക്കാർക്കും ഒരുപാട് തെറ്റിദ്ധാരണകൾ ഉണ്ട്. ഫെമിനിസം എന്നാൽ ഇക്വാലിറ്റി, അതായത് ആണുങ്ങൾക്കും പെണ്ണുങ്ങൾക്കും തുല്യത എന്നാണ് അർഥം. അല്ലാെത സ്ത്രീകൾ ആണുങ്ങളെക്കാൾ ഉയരെയാണ് എന്നല്ല. പക്ഷേ പല ആളുകളും ധരിച്ചു വച്ചിരിക്കുന്നത് പുരുഷനേക്കാൾ മുകളിലാണ് സ്ത്രീകൾ എന്നു സ്ഥാപിക്കാൻ നടക്കുന്ന കൂട്ടരാണ് ഫെമിനിസ്റ്റുകൾ എന്നാണ്.
Read also: ബസിലെ നഗ്നതാ പ്രദർശനം: സുഹൃത്താണ് വിഡിയോ പകർത്താൻ പറഞ്ഞതെന്ന് പെൺകുട്ടി
ഏതൊരു വ്യക്തിക്കായാലും പിന്തുണയ്ക്കാനും എതിർക്കാനും ആൾക്കാരുണ്ടാകും. പക്ഷേ പരസ്യമായി ലൈംഗികചേഷ്ട കാട്ടുന്നയാളെയാണോ പിന്തുണയ്ക്കുന്നത്? അതിൽ എന്ത് ലോജിക്കാണുള്ളത്. ഈ ലോകത്ത് ഒരുപാട് ഞരമ്പു രോഗികൾ ഉണ്ടെന്ന് 20 വർഷം മുൻപുള്ള എന്റെ ചെറുപ്പകാലത്ത് തോന്നിയിരുന്നു. എന്നാൽ 20 വർഷത്തിന് ഇപ്പുറം പല കാര്യങ്ങളും പരസ്യമായി ചെയ്യാൻ പാടില്ല, നിയമത്തിന് എതിരാണ്, സ്ത്രീകളെ ബുദ്ധിക്കുന്നുണ്ട് എന്നൊക്കെ പല ആണുങ്ങൾക്കും ബോധം വന്നിട്ടുണ്ട്. സ്വാതന്ത്ര്യം പുരുഷൻ കൊടുക്കേണ്ടതല്ല സ്ത്രീകളുടെ ജന്മാവകാശം ആണ് എന്ന് മനസ്സിലാക്കി എല്ലാവരെയും തുല്യരായി കാണുന്ന ആൺകുട്ടികൾ ഇപ്പോൾ നമ്മുടെ സമൂഹത്തിൽ വളരെയധികം ഉണ്ട്. അത് അംഗീകരിക്കേണ്ട കാര്യമാണ്. പക്ഷേ അതിനൊപ്പം സ്ത്രീകൾ എല്ലാം സഹിക്കാൻ ബാധ്യസ്ഥരാണെന്നും പുരുഷന്മാരാണ് മികച്ചത് എന്നുമുള്ള തെറ്റായ കൺസെപ്റ്റ്സ് മനസ്സിൽ വച്ചു നടക്കുന്ന ആൾക്കാരും ഇവിടെയുണ്ട്. അങ്ങനെയുള്ളവരുടെ കാട്ടിക്കൂട്ടലുകളാണ് സമൂഹത്തിൽ പ്രശ്നമുണ്ടാക്കുന്നത്.
Read also:‘നിങ്ങളുടെ അവയവ പ്രദർശനം ഞങ്ങൾക്കു കാണേണ്ട! ഉപദ്രവം സഹിക്കുകയും വേണ്ട!’
ആ പെൺകുട്ടി ശരിയായ രീതിയിലാണ് പ്രവർത്തിച്ചത്. തെളിവായി വിഡിയോ എടുത്ത് പൊലീസ് സ്റ്റേഷനിൽ പോയി കേസ് കൊടുത്തു. ഒപ്പം ബസിലെ കണ്ടക്ടറും പക്വതയോടെ പെരുമാറി. ഇത്തരത്തില്‍ നല്ല മനുഷ്യരും സമൂഹത്തിൽ ഉണ്ടെന്നു വ്യക്തമാക്കുന്ന സംഭവം കൂടിയായിരുന്നു അത്. പൊതു പ്രശ്നത്തെ ഉയർത്തിപ്പിടിച്ച് കൃത്യമായി കൈകാര്യം ചെയ്യുകയാണ് പെൺകുട്ടി ചെയ്തത്. സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ കിട്ടാൻ വേണ്ടി ഇങ്ങനെ ചെയ്യേണ്ട ആവശ്യം ആ കുട്ടിക്ക് ഉണ്ടെന്നു തോന്നുന്നില്ല.അതിനും ഒരുപാട് മുൻപേ വലിയ റീച്ച് ഉള്ള വ്യക്തിയാണ് അത്. ഇങ്ങനെയൊരു മോശം അനുഭവം ഉണ്ടായി എന്നു തുറന്നു പറയുമ്പോൾ അതിനു പിന്നാലെ ഉണ്ടാവുന്ന പല കാര്യങ്ങളും ചെറിയ രീതിയിലെങ്കിലും നമ്മളെ ബാധിക്കും. കള്ളം പറഞ്ഞാൽ തിരിച്ചടി കിട്ടും എന്നു ബോധം ഇല്ലാത്ത ആളാണ് ആ പെൺകുട്ടിയെന്ന് ഞാൻ വിശ്വസിക്കുന്നില്ല. കേസ് തെളിയട്ടെ എന്നിട്ട് തീരുമാനിക്കാം.
(ലേഖികയുടെ അഭിപ്രായങ്ങൾ വ്യക്തിപരം)
Content Summary: Dr. Aswathi Soman Reacts on the reception of Savad