ADVERTISEMENT

''പെണ്ണിന്റെ അറിവുകള്‍ സമൂഹത്തിലെ വെളളക്കുഴി കടക്കില്ല''. മിസോറാമില്‍ നിലനില്‍ക്കുന്ന ഒരു പഴഞ്ചൊല്ലാണിത്. മിസോ സമൂഹം അവിടത്തെ സ്ത്രീകളെയും അവരുടെ അറിവിനെയും എത്രമാത്രം വിലകുറച്ചാണ് കണ്ടിരുന്നതെന്ന് ഈ ചൊല്ലിലൂടെ തന്നെ മനസിലാക്കാം. എന്നിരുന്നാലും ഈ അവഗണനകളെ മറികടന്ന് സ്വയം നവീകരിക്കാനും അറിവുകള്‍ നേടാനും അവ തലമുറകളിലേക്ക് പകര്‍ന്നു നല്‍കാനും മിസോ സ്ത്രീകള്‍ നടത്തിയ പരിശ്രമങ്ങള്‍ ഒട്ടും ചെറുതല്ല. നാടോടി കഥകളിലൂടെ ഗാനങ്ങളിലൂടെ അവരുടെ കൃഷിയറിവുകളും മറ്റും വാമൊഴിയിലൂടെ തലമുറകളിലേക്ക് കൈമാറ്റം ചെയ്യാന്‍ അവര്‍ ശ്രമിച്ചുകൊണ്ടിരുന്നു. ആ ശ്രമങ്ങള്‍ പലപ്പോഴും വിഫലമായിരുന്നു. എന്നാല്‍ വര്‍ഷങ്ങള്‍ക്കിപ്പുറം അറിവിന്റെ സൂക്ഷിപ്പുകാരായി മിസോ സ്ത്രീകളെ രേഖപ്പെടുത്തേണ്ടതിന്റെ ആവശ്യകതയെ കുറിച്ച് ചൂണ്ടിക്കാണിക്കുകയാണ് 'ദി കീപേഴ്‌സ് ഓഫ് നോളേജ്' എന്ന പുസ്തകം. 

ഒരു നാടിന്റെ ചരിത്രം പറയുമ്പോള്‍ അത് അവിടത്തെ ജനതയുടെ കൂടി ചരിത്രമായിരിക്കും. ആ നാട്ടിലെ ആണുങ്ങളുടെയും പെണ്ണുങ്ങളുടെയും അവരുടെ ജീവിതത്തിന്റെയും സംസ്‌കാരത്തിന്റേയും നേര്‍ചിത്രമായിരിക്കും അവ. എന്നാല്‍ ചരിത്രത്തില്‍ രേഖപ്പെടുത്താതെ അര്‍ഹിക്കുന്ന അംഗീകാരങ്ങള്‍ ലഭിക്കാതെ തിരസ്‌കരിക്കപ്പെട്ടു കഴിയുന്നവരാണ് മിസോറാമിലെ സ്ത്രീകള്‍. 

വേണ്ടത്ര ശ്രദ്ധയും അംഗീകാരവും ലഭിച്ചില്ലെങ്കില്‍പോലും മിസോറാമിലെ വിവിധ ഗോത്രവിഭാഗങ്ങള്‍ക്കിടയിലും മറ്റ് സമൂഹങ്ങളിലും അറിവുകള്‍ കാത്തുസൂക്ഷിക്കുന്നതില്‍ സ്ത്രീകളുടെ പങ്ക് വലുതാണ്. അറിവിന്റെ സൂക്ഷിപ്പുകാരായിട്ടാണ് അവരെ വരച്ചിടേണ്ടത്. പതിറ്റാണ്ടുകളായി അവര്‍ തലമുറകളിലൂടെ പകര്‍ന്നു നല്‍കുന്ന അറിവുകളെകുറിച്ചും അവരുടെ സമൂഹത്തിലെ പങ്കാളിത്തത്തെകുറിച്ചും ചൂണ്ടിക്കാണിക്കുകയാണ് ദി കീപേര്‍സ് ഓഫ് നോളേജ് എന്ന പുസ്തകത്തിലൂടെ ഹെമിംഗ്താന്‍സ്വാലിയും മേരി വാന്‍ലാല്‍തന്‍പുവും. 

Read also: മഴയത്തു കുടയാവും, വെയിലത്തു തണലാവും; അമ്മയുടെ സ്നേഹം കണ്ട് കണ്ണും മനസ്സും നിറഞ്ഞു സോഷ്യൽ മീഡിയ

നിരവധി മിസോ നാടോടികഥകളുടെയും ഗാനങ്ങളുടേയുമെല്ലാം വിലമതിക്കാനാവാത്ത ശേഖരമാണ് ഈ പുസ്തകം. മിസോകളുടെ വിജ്ഞാന മേഖലക്ക് അവിടത്തെ സ്ത്രീകള്‍ നല്‍കിയ സംഭാവനകള്‍ ഈ നാടോടി കഥകളില്‍ നിന്നെല്ലാം മനസിലാക്കാം. നെയ്ത്ത്, പാചകം, കൃഷി, വിളവെടുപ്പ് തുടങ്ങിയവയിലുളള സ്ത്രീകളുടെ അറിവ് അവര്‍ ചുറ്റുമുളളവര്‍ക്കും പകര്‍ന്നു നല്‍കുകയാണ് ഈ കഥകളിലൂടെയും ഗാനങ്ങളിലൂടെയും.

പൈ നുച്ചുങ്കി

പൈ നുച്ചുങ്കി എന്ന മിസോ വനിതയുടെ സംഭാവന നാടോടി കഥാലോകത്ത് വിലമതിക്കാനാവാത്തതാണ്. 1940ല്‍ പൈ നുച്ചുങ്കിയുടെ കഥകളുടെ ശേഖരം പുറത്തിറങ്ങിയിരുന്നു. മിസോ ഭാഷയിലുളള ''സെര്‍കൗണ്‍ ഗ്രേഡഡ് റീഡേഴ്‌സ് '' എന്ന പുസ്തകം ഏറെ ജനപ്രിയമായിരുന്നു. മാത്രമല്ല അവ മിസോ മീഡിയം സ്‌കൂളുകളില്‍ പാഠപുസ്തകത്തില്‍ ഉള്‍പ്പെടുത്തുകയും ചെയ്തിരുന്നു. മിസോ ഭാഷ പഠിക്കുന്നതിനും പരമ്പരാഗതമായ കഥകള്‍ കുട്ടികള്‍ മനസിലാക്കുന്നതിനുമായിരുന്നു ഇത് ഉള്‍പ്പെടുത്തിയിരുന്നത്. ഈ കഥകളിലൂടെ സ്ത്രീകള്‍ക്കുളള പ്രാധാന്യം വളരെ വ്യക്തമായി മനസിലാക്കാനാകും. 

കൃഷിയറിവും വ്യവസായവും

പണ്ട് കാലങ്ങളില്‍ സ്ത്രീകള്‍ വിറകും വെളളവും കൊണ്ടുവരുന്നു ഭക്ഷണം പാകം ചെയ്യുന്നു കുട്ടികളെ വളര്‍ത്തുന്നു. ഇതിനുപുറമെ അവര്‍ പാടത്തു പണിയെടുക്കുകയും ചെയ്യുന്നു. കളപറിക്കലും വിളവെടുപ്പുമെല്ലാം ചെയ്യുന്നത് സ്ത്രീകളാണ്. കൃഷിയിടത്തില്‍ വിളയുന്ന പരുത്തിയില്‍ നിന്ന് അവര്‍ വീട്ടുകാര്‍ക്കുളള എല്ലാ വസ്ത്രങ്ങളും ഉണ്ടാക്കുന്നു. പരുത്തി ശേഖരിച്ച് വൃത്തിയാക്കി നൂല്‍നൂറ്റാണ് തുണി നെയ്തിരുന്നത്. തുണി വ്യവസാത്തിന്റെ മുഖ്യ അറിവുകള്‍ ഉണ്ടായിരുന്നതും സ്ത്രീകൾക്കുതന്നെ. പരുത്തിയുടെ വിളവടുപ്പ് മുതല്‍ അത് തുണിയാക്കിയെടുക്കുന്നതുവരെയുളള എല്ലാ പ്രവര്‍ത്തനങ്ങളും അവരുടെ കൈകളിലൂടെയാണ് പോയിരുന്നത്. 

Read also: വൈദ്യുതി എത്തി, ഇനി വീട്ടിലും ജീവിതത്തിലും വെളിച്ചം;സിനിമാ രംഗം പോലൊരു ജീവിതാനുഭവമെന്ന് ഐപിഎസ് ഉദ്യോഗസ്ഥ

അവരുടെ അറിവ് മറ്റ് തലമുറകള്‍ക്ക് പകര്‍ന്നു നല്‍കുന്നതിലും ശ്രദ്ധിച്ചിരുന്നു. പരുത്തികൃഷിക്കു പുറമെ മറ്റു കൃഷികളിലും സ്ത്രീകള്‍ പങ്കാളികളായിരുന്നു. പുരുഷന്‍മാരും സ്ത്രീകളും ഒരുപോലെയായിരുന്നു വയലില്‍ ജോലി ചെയ്തിരുന്നത്. എന്നാല്‍ ഈ ഭൂപ്രദേശം എപ്പോഴും പുരുഷന്മാരുടേതു മാത്രമായിട്ടാണ് കണക്കാക്കപ്പെട്ടിരുന്നത്. മിസോറാമില്‍ ഇന്ന് അഭിവൃദ്ധി പ്രാപിച്ചുകൊണ്ടിരിക്കുന്ന പോവന്‍ വ്യവസായം യുവസംരംഭകരുടെ ഒരു കൂട്ടായ്മയാണ്. തങ്ങളുടെ ഉത്പന്നങ്ങള്‍ വിപണനം ചെയ്യുന്നതിനുളള നൂതനമായ വഴികള്‍ അവര്‍ കണ്ടെത്തുന്നു. സ്ത്രീകളുടെ അറിവും ഈ വ്യവസായ സംരംഭത്തിന്റെ വളര്‍ച്ചക്കുപിന്നിലുണ്ട്. അവരുടെ തലമുറകളായി കൈമാറികിട്ടിയ കൃഷിയറിവുകളാണ് അതിന്റെ അടിത്തറ. 

അഗാപ്പെ

ക്രിസ്തുമതത്തിന്റെ ആഗമനത്തോടെ സാംസ്‌കാരികമായ അറിവുകളുടേയും സൂക്ഷിപ്പുകാരായി സ്ത്രീകള്‍ മാറി. അക്കാലത്ത് ക്രൈസ്തവ ആരാധനാലയങ്ങള്‍ കേന്ദ്രീകരിച്ച് ജനങ്ങള്‍ക്ക് അറിവ് നല്‍കുകയെന്ന ആശയത്തില്‍ ഊന്നിയുളള പ്രവര്‍ത്തനങ്ങള്‍ നടന്നിരുന്നു. 1986ല്‍ മിസോറാമില്‍ നിലവിലുണ്ടായിരുന്ന ഒരു പ്രശസ്ത മാസികയായിരുന്നു അഗാപ്പെ. സ്ത്രീകളില്‍ അറിവു വര്‍ധിപ്പിക്കുകയെന്ന ഉദ്ദേശത്തിലാണ് ഇത് ആരംഭിച്ചിരുന്നത്. മിസോ സമൂഹത്തിലെ മാറ്റങ്ങളെ കുറിച്ചായിരുന്നു ഈ മാഗസിനില്‍ ചൂണ്ടിക്കാണിച്ചിരുന്നത്. സ്ത്രീകളുടെ ആരോഗ്യവും അത് മെച്ചപ്പെടുത്തുന്നതിനുവേണ്ട മാര്‍ഗങ്ങളെകുറിച്ചുമുള്ള പംക്തി ഇതിലെ പ്രധാനപ്പെട്ട ഒന്നായിരുന്നു. ഇതിനുപറമെ പാചകം നല്ല ദാമ്പത്യത്തിനുവേണ്ട നിര്‍ദ്ദേശങ്ങളെല്ലാം അഗാപ്പെയില്‍ ഉള്‍ക്കൊളളിച്ചിരുന്നു. 

മറ്റൊരു ശ്രദ്ധേയമായ കാര്യം ഈ മാസികയുടെ പത്രാധിപസമിതിയിലും സ്ത്രീകളായിരുന്നു എന്നതാണ്. അഗാപ്പെയിലെ ഓരോ ലേഖനങ്ങളും പംക്തികളും എഴുതിയിരുന്നതും അവ എഡിറ്റ് ചെയ്തിരുന്നതുമെല്ലാം സ്ത്രീകളായിരുന്നു. മാത്രമല്ല അഗാപ്പെ വനിതാ വായനക്കാരിലേക്കെത്താനും അണിയറപ്രവര്‍ത്തകര്‍ ശ്രദ്ധിച്ചിരുന്നു. വളരെയധികം വായനക്കാരുളള മാസികയായിരുന്നു അഗാപ്പെ. മിസോറാമിന്റെ ഓരോ കോണിലും അതെത്തി. മിസോ സ്ത്രീകളെ സംബന്ധിച്ച് അവര്‍ തലമുറകളായി നേടിയെടുത്ത അറിവ് മറ്റുളളവരിലേക്കെത്തിക്കാനുളള വലിയൊരു മാര്‍ഗമായിരുന്നു അഗാപ്പെ. 

Read also: 'മോൾക്ക് സംസാരശേഷി കുറവായിരുന്നു, പക്ഷേ അവള്‍ പാട്ട് പാടാൻ തുടങ്ങി, പിന്നെ അതിലായി ഞങ്ങളുടെ ശ്രദ്ധ

മിസോ സ്ത്രീകള്‍ അവരുടെ അറിവുകളും ചിന്തകളും ഉപദേശങ്ങളും പാചകത്തിലേയും കൃഷിയിലേയുമെല്ലാം പരീക്ഷണങ്ങളും മറ്റുളളവരിലേക്ക് പകര്‍ന്നു. എന്നിട്ടും അവര്‍ക്കു കിട്ടിയ അംഗീകാരങ്ങള്‍ വളരെ കുറവാണ്. യഥാര്‍ത്ഥത്തില്‍ സ്ത്രീകളാണ് മിസോറമിലെ അറിവിന്റെ സൂക്ഷിപ്പുകാര്‍. ഇനിയെങ്കിലും അത് അംഗീകരിക്കുകയും മാറ്റങ്ങള്‍ വരികയും ചെയ്യണമെന്ന് 'ദി കീപ്പേഴ്‌സ് ഓഫ് നോളേജ്' പറയുന്നു.

Content Summary: Women in Mizoram protects their culture and local knowledge

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT