ലോകം മുഴുവൻ ആരാധകരുള്ള താരമാണ് സണ്ണി ലിയോണി. ബോളിവുഡിലെ അഭിനേത്രിയായും അവതാരകയായുമെല്ലാം തിളങ്ങിയ സണ്ണിയുടെ യഥാർഥ പേര് കരൺജിത് കൗർ എന്നാണ്, സ്വദേശം പഞ്ചാബും. ഇന്ത്യയോടുള്ള തന്റെ സ്നേഹത്തെയും താല്‍പര്യത്തെയും പറ്റി സണ്ണി പറയുന്നു. 'ഞാൻ കാലങ്ങളായി അമേരിക്കയിലും കാനഡയിലുമൊക്കെയായാണ് താമസം. അമേരിക്കൻ ചുവയുള്ള സംസാരവുമാണ് എന്റേത്. എന്നിരുന്നാലും പൂർണമായും ഒരു ഇന്ത്യക്കാരിയാണ് ഞാൻ. റിട്ടയർമെന്റിനു ശേഷം ഇന്ത്യൻ നഗരങ്ങളിലെ ഈ തിരക്കിനിടയിൽ ജീവിക്കണമെന്നാണ് ആഗ്രഹം'– പുതിയ സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി നൽകിയ ഇന്റർവ്യുവിൽ സണ്ണി ലിയോണി പറഞ്ഞു.
'കുട്ടിക്കാലത്തെപ്പറ്റി ചോദിച്ചാൽ കുടുംബത്തോടൊപ്പം ലിവിങ് റൂമിലിരുന്ന് ഹിന്ദി സിനിമകൾ കാണുന്നതാണ് ഓർമ വരുന്നത്. അപ്പോൾ ഒരുപാട് നേരം ഉറങ്ങാതിരിക്കാം, പിസ്സ കഴിക്കാം, ഹാളിൽ കിടന്നുതന്നെ ഉറങ്ങാം. ഇതൊന്നും എന്നും നടന്നിരുന്ന കാര്യങ്ങളല്ല. അതുകൊണ്ട് തന്നെ ആ അനുഭവങ്ങൾ സ്പെഷലായിരുന്നു. ഒരു യാഥാസ്ഥിതിക പഞ്ചാബി കുടുംബത്തിലെ ഒരാളെന്ന നിലയിൽ കുട്ടിക്കാലത്ത് ഷോർട്സുകൾ ധരിക്കാനുള്ള അനുവാദം പോലുമുണ്ടായിരുന്നില്ല. മറ്റുള്ളവർക്ക് ഇടാം എനിക്കെന്തുകൊണ്ട് പറ്റില്ല എന്നൊക്കെ ഞാൻ ചോദിച്ചിരുന്നു'

ഒരുപാട് മോശം കമന്റുകൾ നേരിട്ട വ്യക്തി കൂടിയാണ് സണ്ണി. 'ഒരാൾ നമ്മളെപ്പറ്റി മോശം കാര്യങ്ങൾ പറയുന്നത് സന്തോഷമുള്ള കാര്യമല്ല. എന്നാൽ ഈ നെഗറ്റീവ് പറയുന്നവർക്ക് എന്നെയോ എനിക്ക് അവരെയോ അറിയില്ല. അതുകൊണ്ടുതന്നെ അവർക്ക് എന്തുംപറയാം. അവർ സമയം ചെലവിട്ട് എന്റെ പേജിൽവന്ന് എനിക്കെതിരെ വൃത്തികേട് എഴുതുന്നു. ഒരു തരത്തിൽ അതെനിക്ക് ഗുണകരമാണ്. ഗൂഗിൾ സെർച്ചുകൾ കൂടുന്നു, കൂടുതൽ ആള്‍ക്കാരിലേക്ക് എന്റെ പേര് എത്തുന്നു. അതുകൊണ്ട് എനിക്ക് നഷ്ടങ്ങളില്ല. ജീവിതത്തിൽ സന്തോഷം കണ്ടെത്താൻ കഴിയാത്തവരാണ് ഇങ്ങനെ നെഗറ്റീവുകൾ കണ്ടെത്തുന്നത്. അവർ എന്നെപ്പറ്റി മാത്രമല്ല എല്ലാവരെയും കുറ്റം പറയുന്നുമുണ്ട്'– സണ്ണി പറയുന്നു.
കൊച്ചിയിൽ ലഭിച്ച വരവേൽപ്പ് ഒരിക്കലും മറക്കാൻ പറ്റില്ലെന്നും വല്ലാതെ ഞെട്ടിയ നിമിഷമായിരുന്നുവെന്നും സണ്ണി ലിയോണി പറഞ്ഞു. 'ഉദ്ഘാടന വേദിയിലേക്ക് കാറിൽ എത്തുമ്പോൾ ചുറ്റിലും ധാരാളം ആളുകളുണ്ടന്നല്ലാതെ എത്രത്തോളം ആൾക്കാരുണ്ടെന്ന് അറിയില്ലായിരുന്നു. എന്നാൽ ആ സ്റ്റേജിൽ കയറി നിന്നപ്പോഴാണ് ഞെട്ടിയത്, എന്റെ പേര് ഉറക്കെവിളിക്കുകയും സന്തോഷം പ്രകടിപ്പിക്കുകയും ചെയ്യുന്ന ആയിരക്കണക്കിന് ആളുകൾ. ആ തിരക്കിനിടയിൽ കേരള പൊലീസിന്റെ സഹായം വലുതായിരുന്നു.അവർ നല്ല സുരക്ഷയാണൊരുക്കിയത്. അവിടെ ഒരു പ്രശ്നവും ഉണ്ടായില്ല. ആളുകള്‍ എല്ലാവരും വളരെ മര്യാദയോടെയാണ് പെരുമാറിയത്. തിരികെ കാറിൽ കയറിയപ്പോഴാണ് അവിടെയെത്തിയ ജനക്കൂട്ടത്തിന്റെ ഫോട്ടോ കാണുകയും എത്രത്തോളം ആളുകളാണ് എന്നെക്കാണാൻ എത്തിയതെന്നു തിരിച്ചറിയുകയും ചെയ്തത് '– സണ്ണി ലിയോണി പറഞ്ഞു.

അഡൽറ്റ് എന്റർടെയിൻമെന്റ് ഇൻസ്ട്രിയിലെ മറ്റൊരു പോപ്പുലർ താരമായ മിയ ഖലീഫ മുൻപൊരിക്കൽ നൽകിയ അഭിമുഖത്തിൽ താൻ നേരിട്ട ദുരനുഭവത്തെപ്പറ്റി സംസാരിച്ചിരുന്നു. തുടക്കകാലത്ത് പോൺ വിഡിയോകളിൽ അഭിനയിക്കുമ്പോൾ തനിക്കു വളരെ ചെറിയ തുകയാണ് നൽകിയതെന്നും എന്നാൽ നിര്‍മാതാക്കൾ എന്റെ വിഡിയോ കൊണ്ട് ധാരാളം പണം സമ്പാദിച്ചിരുന്നു എന്നുമാണ് അവർ പറഞ്ഞത്. എന്നാൽ തനിക്ക് അത്തരത്തിലെ അനുഭവങ്ങൾ ഒന്നും ഉണ്ടായിട്ടില്ലെന്നും ആ മേഖലയിൽ എനിക്ക് ഹൊറർ സ്റ്റോറികൾ ഇതുവരെയും ഉണ്ടായിട്ടില്ലെന്നും സണ്ണി പറയുന്നു. 'ഞാൻ വളരെ നല്ല ആളുകൾക്കൊപ്പമാണ് ജോലി ചെയ്തത്. കോൺട്രാക്ടുകൾ വായിച്ചിട്ടു മാത്രമാണ് ജോലിക്ക് സമ്മതിച്ചിരുന്നത്. എന്റെ കാര്യങ്ങളുടെ നിയന്ത്രണം എന്നും എനിക്കു തന്നെയായിരുന്നു. കോൺട്രാക്റ്റുകള്‍ വായിച്ചിരുന്നുവെങ്കിൽ ചൂഷണം ചെയ്യപ്പെടില്ലായിരുന്നു എന്നാണ് സണ്ണി ലിയോണി പറഞ്ഞത്. അനുവദിച്ചുകൊടുത്താൽ മാത്രമേ ഒരാൾക്കു നിങ്ങളെ മുതലെടുക്കാൻ കഴിയുകയുള്ളു എന്നും കൂട്ടിച്ചേർത്തു. മിഡ് ഡേ ഇന്ത്യ എന്ന യുട്യൂബ് ചാനലിനു നൽകിയ അഭിമുഖത്തിലാണ് സണ്ണി ലിയോണി തന്റെ കേരളത്തിലെ അനുഭവത്തെപ്പറ്റിയും ജീവിതത്തെപ്പറ്റിയും പങ്കുവെച്ചത്.
Content Summary: Sunny Leone shares about her childhood and Social Media Trolls