നരകജീവിതത്തിൽനിന്ന് അശരണരുടെ അമ്മയിലേക്ക്; ഇതാണ് ‘വിയറ്റ്നാമിന്റെ മദർ തെരേസ’

HIGHLIGHTS
  • അവസാനശ്വാസം വരെ കാരുണ്യപ്രവൃത്തി ചെയ്യാൻ ശപഥമെടുത്ത വനിത
  • എല്ലായിടത്തും പുഞ്ചിരിക്കുന്ന മുഖവുമായി ഓടിയെത്തുന്ന ഹ്യൂങ്ങിനെ അലട്ടുന്നത് ക്യാൻസറാണ്
vietnam-charity-woman
Image Credit: instagram/huynhtieuhuong.charity
SHARE

ആരും തിരഞ്ഞെടുക്കാൻ ആഗ്രഹിക്കാത്ത തൊഴിലിടം, ചെറുപ്രായത്തിൽത്തന്നെ ദുരിതത്തിന്റെ കൊടുമുടി കയറിയവൾ, പീഡനത്തിനും ലൈംഗികത്തൊഴിലിനും ലഹരിക്കും കീഴ്പ്പെട്ട് ജീവിതം ഹോമിക്കേണ്ടി വരുമെന്നു പേടിച്ച് ആത്മഹത്യക്കു മുതിർന്നവൾ. ഒരിക്കൽ ഇതെല്ലാമായിരുന്നു വിയറ്റ്നാം സ്വദേശിനി ടിയു ഹ്യുൻ ഹോങ്. എന്നാലിന്ന് അവർ രാജ്യം മുഴുവൻ അറിയപ്പെടുന്ന, വിയറ്റ്നാമിന്റെ മദർ തെരേസ എന്ന് വിളിക്കപ്പെടുന്ന സന്നദ്ധപ്രവർത്തകയാണ്. നൂറുകണക്കിന് അനാഥക്കുട്ടികൾക്ക് അമ്മയാണ്. 

ക്യൂ ഹുവോങ് ചാരിറ്റി സെന്ററിന്റെ സ്ഥാപകയും 300 ലധികം കുട്ടികളുടെ അമ്മയുമാണ് ഈ ധീര വനിത. കഴിഞ്ഞ മുപ്പത് വർഷമായി അവർ വിയറ്റ്നാമിലെ അനാഥക്കുട്ടികൾക്ക് വേണ്ടി ജീവിതം ഉഴിഞ്ഞുവച്ചിരിക്കുന്നു. അവരുടെ നേതൃത്വത്തിൽ വിവാഹം കഴിപ്പിച്ചു വിട്ട കുട്ടികൾ നൂറുകണക്കിനാണ്. എന്നാൽ ഇതിനൊക്കെ പിന്നിൽ പ്രവർത്തിക്കുന്ന ടിയു ഹ്യുൻ ഹോങ്ങിന്റെ സങ്കടങ്ങളും ദുരിതവും നിറഞ്ഞ ഭൂതകാലത്തെക്കുറിച്ച് വളരെ കുറച്ചു പേർക്കു മാത്രമേ അറിയൂ. 

Read also: ഇന്ത്യയ്ക്ക് പുറത്തു പോകണമെന്നു സ്വപ്നം; ട്രോളുകൾക്കു പിന്നാലെ യുവതിക്ക് 'ട്രൂകോളറി'ൽ നിന്നു ജോലി വാഗ്ദാനം

ജനിച്ച നിമിഷം മുതൽ ടിയു ഹ്യുൻ ഹോങ്ങിന്റെ കഷ്ടപ്പാടുകൾ ആരംഭിച്ചു. മാതാപിതാക്കളുടെ സ്നേഹലാളനകൾക്കും പരിചരണങ്ങൾക്കും പകരം ആ കുഞ്ഞ് അനുഭവിച്ചത് ഉപദ്രവങ്ങളും കളിയാക്കലും പീഡനങ്ങളും മാത്രമായിരുന്നു. അവൾക്കൊപ്പം അനാഥത്വവും വളർന്നുകൊണ്ടിരുന്നു. യൗവനത്തിൽ ഗുണ്ടകളുടെയും ലൈംഗികത്തൊഴിലിലെ ഇടനിലക്കാരുടെയും കൈകളിൽപെട്ട ഒരു പാവം അനാഥപ്പെണ്ണ്. അങ്ങനെ ലൈംഗികത്തൊഴിലിലേക്കെത്തി. ഒരിക്കൽ ജീവിതം അവസാനിപ്പിക്കാൻ പുഴയിൽ ചാടി. വിധി പക്ഷേ അവൾക്കു കരുതിവച്ചിരുന്നത് മറ്റൊന്നായിരുന്നു. നരാധമൻമാരുടെ കൈകളിൽനിന്നു രക്ഷപ്പെട്ട ഹ്യൂങ്, പതിയെ ജീവിതം തിരിച്ചുപിടിക്കാൻ തുടങ്ങി. റിയൽ എസ്റ്റേറ്റ് ബിസിനസിൽ വിജയം കൈവരിച്ചതോടെ അവർ സാധാരണ ജീവിതത്തിലേക്കു മടങ്ങിവരാൻ ആരംഭിച്ചു. അമേരിക്കയിൽ സ്ഥിരതാമസമാക്കുകയും ജീവിതം കെട്ടിപ്പടുക്കുകയും ചെയ്ത ടിയു ഹ്യുൻ ഹോങ് തന്റെ സമ്പത്തും പ്രശസ്തിയും എല്ലാം തന്നെപ്പോലെ ദുരിതമനുഭവിക്കുന്നവർക്കായി വിനിയോഗിക്കാൻ തീരുമാനിച്ചു. 

Read also: ചെറുപ്പം തോന്നിക്കാൻ സർജറി വേണ്ട, മുഖത്ത് ടേപ്പ് ഒട്ടിച്ചാൽ മതിയെന്ന് വാദം, വിശ്വസിക്കാനാവാതെ സോഷ്യൽ മീഡിയ

കഴിഞ്ഞ 30 വർഷത്തിനിടെ, ആയിരക്കണക്കിന് അനാഥരെയും ഭിന്നശേഷിക്കാരായ കുട്ടികളെയും വയോധികരെയും ടിയു ഹ്യുൻ ഹോങ് പുനരധിവസിപ്പിച്ചു. 2001 ലാണ് ക്യൂ ഹുവോങ് ചാരിറ്റി സെന്റർ സ്ഥാപിതമായത്. ഏകദേശം 350 കുട്ടികള്‍ക്ക് വിവാഹം കഴിക്കാൻ ഈ സെന്റർ സഹായകമായിട്ടുണ്ട്. സ്കോളർഷിപ്പുകൾ, സമ്മാനങ്ങൾ, വീൽചെയറുകൾ, പർവതപ്രദേശങ്ങളിലെയും വിദൂര പ്രദേശങ്ങളിലെയും ആളുകൾക്കു സഹായമെത്തിക്കൽ എന്നിവയെല്ലാം ക്യൂ ഹുവോങ് ചാരിറ്റി സെന്ററിന്റെ ആഭിമുഖ്യത്തിൽ നടത്തുന്നു. കംബോഡിയ, ഫിലിപ്പീൻസ്, യുഎസ്എ അടക്കമുള്ള നിരവധി രാജ്യങ്ങളിലെ അശരണരായ അനേകായിരങ്ങൾക്കും ക്യൂ ഹുവോങ് ചാരിറ്റി സെന്റർ വഴി ടിയു ഹ്യുൻ ഹോങ് സഹായങ്ങൾ എത്തിക്കുന്നുണ്ട്. 

Read also: മകനാണ് പൈലറ്റ് എന്നറിയാതെ വിമാനത്തിൽ കയറിയ അമ്മ; സന്തോഷം കൊണ്ട് നിലവിളി, വിഡിയോ വൈറൽ

വിയറ്റ്നാമിന്റെ ഹൃദയങ്ങളെ ചലിപ്പിച്ച സ്ത്രീ, സാധാരണക്കാരുടെ മാലാഖ, സ്റ്റീൽ റോസ്, വേൾഡ് ചാരിറ്റി അംബാസഡർ എന്നിങ്ങനെ ടിയു ഹ്യുൻ ഹോങ്ങിനു ലഭിച്ച വിശേഷണങ്ങളും അംഗീകാരങ്ങളും ഏറെയാണ്. കാൻസർ ബാധിതയായിട്ടും ടിയു ഹ്യുൻ ഹോങ് തളരാതെ ആയിരങ്ങൾക്കു സഹായഹസ്തം നീട്ടുന്നു. വേദനയ്ക്കും ചികിൽസയുടെ ബുദ്ധിമുട്ടുകൾക്കും തളർത്താനാകാതെ അവർ എത്രയോ ദുരിതബാധിതർക്കും അനാഥർക്കും പ്രത്യാശയുടെ വെളിച്ചമാകുന്നുണ്ട്. ആശ്രയമോ സഹായമോ തേടി തന്റെയടുത്തെത്തുന്ന ഒരാളെപ്പോലും നിരാശരായി മടക്കിയയ്ക്കരുതെന്നാണ് ടിയു ഹ്യുൻ ഹോങ്ങിന്റെ നിർബന്ധം. അവസാനശ്വാസം വരെ തന്റെ സഹായം അവർക്കുണ്ടാകുമെന്നും അതു മാത്രമാണ് തന്റെ ജീവിതത്തിൽ അവശേഷിക്കുന്ന ഒരേയൊരാഗ്രഹമെന്നും പ്രവൃത്തി കൊണ്ട് നമുക്കു കാണിച്ചുതരികയാണ് ഈ അമ്മ.

Read also: 'എന്നും അപ്പയുടെ നിഴലിലാണ് '; ഹൃദയം നിറയെ സ്നേഹമെന്ന് ഉമ്മൻചാണ്ടിയുടെ മകളുടെ കുറിപ്പ്

Content Summary: woman from Vietnam spends her life for orphan kids

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഇന്റർവ്യൂ ബോർഡിനു മുൻപിൽ എങ്ങനെ ഇരിക്കണം?

MORE VIDEOS