Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അക്ഷരങ്ങൾ യാത്ര പോകുന്നു കൊച്ചിയിൽ നിന്ന് കിച്ചങ്കാനിയിലേക്ക്....

Somy Solomon സോമി സോളമൻ

വെറുതെ വാചകമടിച്ച് ഫെയ്സ്ബുക്കിൽ കൈയടി നേടുകയാണ് ഈ പെൺകുട്ടിയുടെ ലക്ഷ്യമെന്ന് ചിലരെങ്കിലും തെറ്റിദ്ധരിച്ചേക്കാം. എന്നാൽ ആഫ്രിക്കയിൽ താൻ താമസിക്കുന്ന ടാൻസനിയയിലെ വിദബര ഗ്രാമമായ കിച്ചങ്കാനിയെ ഹൃദയം കൊണ്ട് തന്റേതായി മാറ്റിയ ശേഷമാണ് സോമി ഇതു പറയുന്നത്. സ്വന്തം നാട്ടുകാരുടെതെന്നപോലെ അവൾ അവരുടെ ദരിദ്രമായ ജീവിതാവസ്ഥയിൽ മനം നീറുന്നു. അതിൽ നിന്നും അവരെ കരകയാറ്റാൻ അവർക്കുവേണ്ടി സ്വപ്നം കാണുന്നു. സോമിസോളമൻ എന്ന പെൺകുട്ടിയെക്കുറിച്ച് കൂടുതൽ അറിയാൻ അവളുടെ ഫെയ്സ്ബുക്ക് പോസ്റ്റുകളലൂടെ ഒന്നു ചുറ്റി വരാം.

somy solomon with team ubundu niv 5,2014 at 09.20 am

ടാൻസനിയയിൽ വരുന്നതിനു മുമ്പ് ആഫ്രിക്കയിലെ മനുഷ്യരെക്കുറിച്ച് നല്ല കാര്യങ്ങൾ ഒന്നും ഞാൻ കേട്ടിരുന്നില്ല. കേൾക്കുന്നതെല്ലാം ഭയമുളവാക്കുന്ന കാര്യങ്ങൾ ആയിരുന്നു. ഇവിടെ എത്തിയശേഷമാണ് മന്സ്സിലായത് എന്ത് മനോഹരമാണ് ഈ നാടും മനുഷ്യരും....

മദ്രാസ് ക്രിസ്ത്യൻ കോളജിൽ നിന്ന് ചരിത്രത്തിൽ ബിരുദാനന്തര ബിരുദമെടുത്ത് വീട്ടിൽ തിരിച്ചെത്തിയ കൊല്ലംകാരിയായ സോമി കണക്കുകൂട്ടിയത് ഇങ്ങനെയാണ്. ‘സമൂഹത്തിനായി എന്തെങ്കിലും ചെയ്യമെങ്കിൽ സിവിൽ സർവീസിൽ എത്തുക തന്നെ വേണം.’’ പക്ഷേ, എയർ ഫോഴ്സ് ഉദ്യോഗസ്ഥനായിരുന്ന അച്ഛൻ സോളമൻ നിനച്ചിരിക്കാതെ യാത്രയായി. അതോടെ നഴ്സ് ആയിരുന്ന അമ്മ മേഴ്സി മാനസ്സികമായി തളർന്നു. അനുജൻ സോളി പഠിക്കുകയാണ്. അച്ഛനില്ലാത്ത പെൺകുട്ടിയെ എത്രയും പെട്ടെന്ന് സുരക്ഷിത കരങ്ങളിൽ ഏൽപ്പിക്കണമെന്നായി വീട്ടുകാർ.

വിവാഹലോചനകൾക്കിടയിൽ ഒന്ന് ആഫ്രിക്കയിലെ ടാൻസനിയയിൽ ജോലി ചെയ്യുന്ന വിൽക്കിൻസന്റേതായിരുന്നു. ബ്ലാക്ക് ബെറി പോലെ കറുത്ത സുന്ദരികളുടേയും സുന്ദരന്മാരുടേയും നാട് സോമിക്ക് കൗതുകമായി. കേട്ട കഥകളിൽ അവിടുത്തെ ആളുകൾ പരുക്കന്മാരും അപരിഷ്കൃതരുമാണ്.

Somy Solomon

വിവാഹം കഴിഞ്ഞ് വിൽക്കിൻസണോടൊപ്പം അവിടെയെത്തിയപ്പോൾ മനസ്സിലായി കേട്ടതിലധികവും കെട്ടുകഥകളാണ്. കറുത്തവരുടെ മനസ്സിൽ നിറഞ്ഞ സ്നേഹം ഉണ്ട്. കായബലവും മനസ്സലിവും ആത്മവീര്യവും അവരുടെ കൂടെപ്പിറപ്പാണ്. പ്രത്യേകിച്ച് സ്ത്രീകളിൽ.. അവിടെ ഒരു പതിനാറുകാരിയുടെ ഫോട്ടോ എടുക്കാൻ ശ്രമിച്ചാൽ അവൾ മുഖത്ത് നോക്കി അരുത് എന്ന് പറയും. ഇതിനു കാരണം മറ്റൊന്നുമല്ല, സ്വതന്ത്രമായ ജീവിത സാഹചര്യങ്ങളിലാണ് അവർ വളരുന്നത്. ഇഷ്ടമുള്ള ആരെയും വിവാഹം കഴിക്കാം. ഒരാൾക്ക് ഒന്നിലധികം പങ്കാളികളുണ്ടാവുന്നത് തെറ്റല്ല. അവർ പെൺകുട്ടികളിൽ കുട്ടിക്കാലം മുതലേ ഭയവും കുറ്റബോധവും കുത്തിവയ്ക്കുന്നില്ല. ഒരൊറ്റ സമൂഹം എന്ന എക്യെമാണ് അവരുടെ നിലനിൽപ്പ്. ഒരു ആപ്പിൾ കിട്ടിയാൽ ഒരാൾ ഒറ്റയ്ക്ക് കഴിയില്ല. കൂട്ടുകാരെവിളിച്ച് പങ്കിട്ട് കഴിക്കും. ഉബുണ്ടു അഥവാ നിങ്ങൾ ഉള്ളതു കൊണ്ട് ഞാനുണ്ട് എന്നതാണ് അവരുടെ സംസ്കാരം. നല്ല ആരോഗ്യമുണ്ടായിട്ടും അവർ പെട്ടെന്ന് രോഗങ്ങളിൽ വീഴുന്നത് എന്തുകൊണ്ട് എന്നുമാത്രം എനിക്ക് മനസ്സിലായില്ല. കാരണം അന്വേഷിച്ച് കുറച്ച് യാത്രകൾ ചെയ്തു. വിൽക്കിൻസൺ ജോലിക്ക് പോയിക്കഴിഞ്ഞാൽ അദ്ദേഹം ജോലി ചെയ്യുന്ന ഹോട്ടലിന്റെ ട്രക്കിൽ കയറി ഞാൻ സവാരി പോകും.

യാത്രയിൽ മനസ്സിലായി. ചെറിയ കുഴിയുണ്ടാക്കി അവർ ഉയോഗിക്കുന്ന വെള്ളമാണ് രോഗങ്ങൾക്ക് കാരണം എന്ന്. ശുദ്ധജലം കിട്ടിയാൽ ആരോഗ്യപ്രശ്നങ്ങൾക്ക് ശമനമുണ്ടാകുമെന്ന് തോന്നി. വിദ്യാഭ്യാസകാര്യങ്ങളിലും അവർ ഏറെ പിന്നിലാണ്. എഴുതാനും വായിക്കാനും പഠിച്ചു കഴിഞ്ഞാൽ സ്കൂൾ വിദ്യാഭ്യാസം ഏറെക്കുറെ അവസാനിക്കും. പഠനച്ചെലവ് അത്ര വലുതാണ്. ധനികർ സുഖസുന്ദരമായ ജീവിതം നയിക്കുമ്പോൾ ഗ്രാമങ്ങളിൽ കുട്ടികൾ വരെ പണിയെടുത്ത് കഴിയുന്നു. ഭരണരംഗത്തെ അഴിമതി കാരണം വികസനം ഗ്രാമങ്ങളിൽ എത്തുന്നില്ല. പഠിക്കാനുള്ള അവസരമില്ലാത്തതിനാൽ നല്ല ജോലി തേടാൻ കഴിയാത്തതാണ് ഗ്രാമീണരുടെ ദാരിദ്യ്രത്തിനും താഴ്ന്ന നിലയിൽലുള്ള ജീവിതത്തിനും കാരണം. അതു മനസ്സിലാക്കിയപ്പോൾ ഞാൻ വീട്ടിൽ കുട്ടികൾക്ക് ട്യൂഷൻ നൽകിത്തുടങ്ങി.

ആഫ്രിക്കയിൽ ചെറുതല്ലാത്ത സാന്നിധ്യമുള്ള ഇന്ത്യക്കാരായ നമ്മൾ എന്തുകൊണ്ട് സാമൂഹികമായി ഇടപെടുന്നില്ല എന്ന് ഞാൻ ഒരിക്കൽ ഫെയ്സ്ബുക്കിൽ എഴുതി. അതിനു മറുപടിയായി മാധ്യമപ്രവർത്തകനായ സുഹൃത്ത് ചോദിച്ചു, എങ്കിൽ എന്തുകൊണ്ട് ഇനി ഇടപെട്ടു കൂടാ... അതോടെ ഞാൻ കിച്ചങ്കാനിയെക്കുറിച്ച് വിഷമിക്കുന്നതിനു പകരം സ്വപ്നം കണ്ടു തുടങ്ങി.

ഒരു സ്കൂൾ തുടങ്ങുക എനിക്കു സാധ്യമായ കാര്യമല്ല. പക്ഷേ, ഒരു ലൈബ്രറി. അറിവിനു വേണ്ടി കൊതിക്കുന്നവർക്ക് ഒരിടം. അത് ശ്രമിച്ചാൽ നടത്താവുന്നതേയുള്ളു എന്നു തോന്നി. ഒപ്പം ശുദ്ധജലം കിട്ടാൻ കിണറും. ഭർത്താവ് ധൈര്യപ്പെടുത്തിയതോടെ സോമി ഫെയ്സ് ബുക്ക് പേജിൽ തന്റെ ആഗ്രഹം പോസ്റ്റ് ചെയ്തു.

Somy Solomon shared a link kichankani Library Dec 18 2014 at 12.20.00 pm

കിച്ചങ്കാനിയിലെ കുട്ടികൾക്ക് വായിക്കാൻ ഇഷ്ടമാണ്. സാധനങ്ങൾ പൊതിഞ്ഞുകൊണ്ടു വരുന്ന കടലാസുകൾ കുട്ടികൾ ആർത്തിയോടെ വായിക്കുന്നു. സ്വാഹിലിയാണ് ഇവരുടെ ഭാഷ. ഇംഗ്ലിഷ് അത്യാവശ്യം വായിക്കാൻ ഇവർക്കറിയാം. കുട്ടികളെയും മുതിർന്നവരെയും വായനയുടെ ലോകത്തേക്ക് നയിക്കൻ സ്വാഹിലി-ഇംഗ്ലിഷ് പുസ്തകങ്ങൾ ശേഖരിക്കാൻ സഹായിക്കാമോ...?

Somy Solomon with family വിൽക്കിൻസൺ, മകൻ പാച്ചു, സോമി

ഈ പോസ്റ്റാണ് അക്ഷരങ്ങളുടെ പ്രവാഹം തുടങ്ങിവച്ചത്. ടാൻസനിയയിലെ മലയാളികളിൽ നിന്നാണ് ആദ്യ സെറ്റ് പുസ്തകങ്ങൾ കിട്ടിയത്. പിന്നെ കേരളത്തിന്റെ പല ഭാഗത്തു നിന്നും പുസ്തകങ്ങൾ ഒഴുകാൻ തുടങ്ങി. കൊച്ചിയിലെ സേക്രട്ട് ഹാർട്ട് സ്കൂൾ ഓഫ് കമ്മ്യൂണിക്കേഷൻസ് പുസ്തകങ്ങൾ സൂക്ഷിക്കാൻ ഇടമൊരുക്കി. ഫെയ്സ്ബുക്ക് കൂട്ടുകാർ പുസ്തകങ്ങളുടെ കാറ്റലോഗിങ്ങും കോഡിങ്ങും പായ്ക്കിങ്ങും നടത്തി. പിന്നെ കപ്പലിൽ കയറ്റി കിച്ചങ്കാനിയിലേക്ക്...

‘നല്ലൊരു ലൈബ്രറികെട്ടിടം ഉണ്ടാക്കണം പിന്നെ ‘ഉബുങ്കോ’ എന്ന വെബ്സൈറ്റ് തുടങ്ങണം. കുട്ടികളെ പഠിപ്പിക്കാൻ തക്ക രീതിയിൽ സ്വാഹിലി പാട്ടുകളിലൂടെ കാര്യങ്ങൾ അവതരിപ്പിക്കണം. വായനാ സൗകര്യങ്ങൾ, മ്യൂസിക് സിസ്റ്റം, കറൻറിനായി സോളാർ പാനലുകൾ, ഒക്കെ വേണം. പല വഴികളും പരീക്ഷിക്കുന്നുണ്ട്. സ്വപ്നങ്ങൾ യാഥാർഥ്യമാക്കിയവരെല്ലാം ശൂന്യതയിൽ നിന്നാണല്ലോ തുടങ്ങുന്നത്.

കിച്ചങ്കാനിക്കാർക്ക് ശുദ്ധജലം നൽകുക എന്ന ലക്ഷ്യവും മനസ്സിലുണ്ട്. ലൈബ്രറിക്കടുത്തുതന്നെ ആദ്യ കിണർ കുഴിക്കുന്ന കാര്യം മലയാളികളായ സുന്ദർനായിക് ജയശ്രീ ദമ്പതികൾ ഏറ്റു കഴിഞ്ഞു.

somy solomon feeling silly jan 25 2015 at 5.00 pm

‘‘കേരളത്തിൽ ദാരിദ്യ്രം ഇല്ലാത്തോണ്ട് ആയിരിക്കും ഇത്രേം ദൂരം പോയി ആയമ്മ പുസ്തകം കൊടുക്കുന്നത്..!’’ ‘‘കയ്യിൽ ചില മലയാളം കുട്ടിക്കഥകളാണ്... പക്ഷേ, തന്നാലും ആഫ്രിക്കൻ പിള്ളേർക്ക് എന്ത് മനസ്സിലാവാനാ..’’ ‘‘ഇവിടെ അട്ടപ്പാടിയുള്ളപ്പോൾ അങ്ങ് ടാൻസനിയയിൽ പോയി സമൂഹത്തെ പരിഷ്കരിക്കുന്നതെന്തിന്?’’ ഇങ്ങനെയുള്ള മെസേജുകളും കമന്റുകളും ഇഷ്ടം പോലെ കിട്ടുന്നുണ്ട്. ഇവരോട് സോമിക്ക് പറയാനുള്ളത് ഇതാണ്. ‘‘ഞാനിപ്പോൾ ജീവിക്കുന്നത് ഈ നാട്ടിലാണ്. എന്റെ രണ്ടര വയസ്സുള്ള മകൻ പാച്ചുവിനെ സംരക്ഷിക്കുന്നത് ഇവിടെത്തെ ഫാത്തിമയും ഡാഡാ മേരിയും നിക്കോയും വിറ്റിയും നൂറും ഒക്കെയാണ്. ചോദ്യം ഉണിക്കുന്നവർ കേരളത്തിൽ താമസിക്കുന്നവരായതു കൊണ്ട് അവർക്ക് നാടിനോടുള്ള പ്രതിബദ്ധത ഏറ്റെടുക്കാം. ചോദ്യകർത്താക്കൾ അട്ടപ്പാടിയോടൊപ്പം ഇറങ്ങിത്തിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു...’’

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.