Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വിവാഹമോചനത്തിനുള്ള 5 പ്രധാന കാരണങ്ങൾ

Family Issue പണ്ട് വിവാഹമോചനത്തിന് ഇടയാക്കിയ പല കാരണങ്ങളും ഇന്നൊരു കാരണമേ അല്ലാതായിട്ടുണ്ട്.

കഴിഞ്ഞ പത്തു വർഷത്തിനുളളിൽ വിവാഹമോചന നിരക്ക് 350 ശതമാനമാണ് കൂടിയത്. എന്താണ് ഇതിന്റെ പ്രധാന അഞ്ചു കാരണങ്ങൾ? ഇവ ഒഴിവാക്കി എങ്ങനെ ജീവിതം സുന്ദരമാക്കാം. വിദഗ്ധ നിർദേശങ്ങൾ അടങ്ങിയ സ്പെഷൽ‌ വിഭാഗം.

അന്നൊക്കെ വീടുകൾക്ക് സ്നേഹം തുടിക്കുന്ന ഒരു ഹൃദയമുണ്ടായിരുന്നു. ഏതു പിണക്കത്തിനിടയിലും ചേർത്തു പിടിച്ച തഴുകലുണ്ടാവും, ചിരിയും കണ്ണീരുമെല്ലാം കൃത്യമായി വീതി ച്ചെടുക്കും....ചിരി പൊട്ടുന്ന കുഞ്ഞു പരാതികൾ മുതൽ വിഷക്കൊമ്പില്ലാത്ത പരദൂഷണങ്ങൾ വരെ അകത്തളങ്ങളിൽ എപ്പോൾ വേണമെങ്കിലും ഓടി നടക്കും. വാതിലടച്ചാൽ ഉറപ്പാണ് മറ്റൊരാളും ആ വീടിനുളളിലേക്ക് കയറില്ല. ഓർത്തു നോക്കിയാൽ, അതിനുളളിലെ ഓരോ ദിവസവും സൂപ്പർ ഹിറ്റ് കുടുംബസിനിമ പോലെ ഓടിത്തീരുമായിരുന്നു കാലം മാറി. പല വീടിനും ഇന്നൊരു ഹൃദയമില്ല, ഓരോ വീടും പല താളത്തിൽ തുടിക്കുന്ന പല ഹൃദയങ്ങളുടെ ഇരിപ്പിടമായി മാറി. ഭാര്യയിൽ നിന്ന് ഭർത്താവിലേക്ക്. അവരിൽ നിന്ന് മക്കളിലേക്കുളള പാലങ്ങൾ ആദ്യം മാഞ്ഞുപോയി. അതോടെ വാതിലടച്ചാൽ പോലും ‘മൊബൈൽ വെട്ടത്തിലൂടെ ഇറങ്ങിയെത്തുന്ന’ വരുടെ എണ്ണം കൂടി....കുഞ്ഞു പൊട്ടിത്തെറികൾ പോലും അടിക്കല്ലിളക്കിത്തുടങ്ങി.

ഈ കണക്കുകൾ കേൾക്കുമ്പോഴേ കുടുംബബന്ധങ്ങളെ ബാധിച്ച രോഗത്തിന്റെ ആഴം കൃത്യമായി തിരിച്ചറിയൂ

∙കഴിഞ്ഞ പത്തു വർഷത്തിനുളളിൽ വിവാഹമോചനക്കേസുകളിലുണ്ടായ വർധന 350 ശതമാനം.

∙1993ൽ ഏതാണ്ട് രണ്ടായിരത്തോളം കേസുകൾ മാത്രം. 2012 നു ശേഷം വൻ വർധന.

∙ഇപ്പോൾ പ്രതിവർഷം കുടുംബക്കോടതിയിലെത്തുന്നത് അമ്പതിനായിരത്തിനടുത്ത് കേസുകൾ.

∙മൂന്നു വർഷം മുമ്പ് 1000 വിവാഹത്തിൽ 65 എണ്ണം വിവാഹ മോചനത്തിലേക്ക് എത്തിയിരുന്നു. ഇപ്പോൾ എൺപത്തഞ്ചോളം ദമ്പതികൾ പിരിയുന്നു.

∙ 92 ശതമാനം വിവാഹമോചനവും നടക്കുന്നത് ആദ്യ രണ്ടു വർഷത്തിനുളളിൽ.

ഇരുപത്തഞ്ച് വർഷത്തിലേറെയായി എറണാകുളം ഫാമിലി കോർട്ടിൽ അഡ്വക്കേറ്റായ സുബൽ ജെ പോൾ വിവാഹമോചനക്കേസുമായി മുന്നിലെത്തുന്നവരുടെ മാറ്റത്തെക്കുറിച്ചു പറയുന്നതു കൂടി കേൾക്കുക....‘‘ഫാസ്റ്റ് ഫൂഡ് കിട്ടുന്ന ഹോട്ടലിൽ നിന്ന് പാഴ്സൽ വാങ്ങാനെത്തുന്ന അതേ മനസ്സാണ് മിക്കവർക്കും. എത്രയും വേഗം വിവാഹമോചനം കിട്ടണം. എത്ര നാൾ കൊണ്ടു കിട്ടും? ഇതാണ് പലരുടേയും ആദ്യ ചോദ്യം. ഉറച്ച തീരുമാനവുമായിട്ടാണ് ദമ്പതിമാർ വരുന്നത്. കൗൺസലിങ്ങ് നടത്തിയിട്ടൊന്നും കാര്യമില്ല എന്നു തീർത്തു പറയും. പലരും ബിസിനസ് സെറ്റിൽമെന്റ് പോലെയാണ് ഇതിനെ കാണുന്നത്. കല്യാണം കഴിക്കാനുളള ചെലവിനേക്കാൾ വിവാഹമോചനത്തിന് പണം കളയാൻ മടിയുമില്ല. കേസ് ജയിക്കാനുളള ഉപകരണമായി കുട്ടികളും പ്രായമായ അമ്മമാരുമൊക്കെ മാറുന്ന ദയനീയാവസ്ഥയാണ് പല കുടുംബക്കോടതികളിലും നടക്കുന്നത്.

കേരളത്തിലെ കണക്കു പ്രകാരം ഏറ്റവും കൂടുതൽ കേസ് ഫയൽ ചെയ്തിരിക്കുന്നത് തിരുവനന്തപുരത്താണ്. പണ്ട് വിവാഹമോചനത്തിന് ഇടയാക്കിയ പല കാരണങ്ങളും ഇന്നൊരു കാരണമേ അല്ലാതായിട്ടുണ്ട്.’’ സുബൽ പറയുന്നു.

Happy Couple പൊരുത്തക്കേടുകളിൽ നിന്ന് പൊതുവായ ഇടം കണ്ടെത്താൻ ശ്രമിക്കുമ്പോഴാണ് ഒരു നല്ല ദാമ്പത്യത്തിലേക്കെത്തുന്നത്.

കഴിഞ്ഞ പത്തുവർഷത്തിനുളളിൽ എവിടെവച്ചാണ് കുടുംബ ബന്ധമെന്ന ഉറപ്പിന് വിളളൽ വീണിരിക്കുന്നത്? പത്തു വർഷത്തിനുളളിൽ നടന്ന വിവാഹമോചനങ്ങൾക്ക് ഇടയാക്കിയ അഞ്ചു പ്രധാന കാരണങ്ങൾ....

ഞങ്ങൾ ഇല്ല, ഞാൻ മാത്രം

വിവാഹത്തിൽ പൊരുത്തക്കേടുകൾ സ്വാഭാവികമാണ്. ആ പൊരുത്തക്കേടുകളിൽ നിന്ന് പൊതുവായ ഇടം കണ്ടെത്താൻ ശ്രമിക്കുമ്പോഴാണ് ഒരു നല്ല ദാമ്പത്യത്തിലേക്കെത്തുന്നത്. അതിനു ക്ഷമയും പരസ്പരം മനസ്സിലാക്കാനുളള കഴിവും വേണം. പുതു തലമുറയ്ക്ക് അത് വളരെ കുറവായാണ് കാണുന്നത്. രണ്ടു പേർ ചേർന്നിരിക്കുന്നതിനേക്കാൾ ഒറ്റയ്ക്ക് സഞ്ചരിക്കാനാണ് ഭൂരിപക്ഷവും ഇഷ്ടപ്പെടുന്നത്. പല ദമ്പതിമാരുടെ ഉളളിൽ ‘ഞങ്ങൾ’ ഇല്ല. ‘ഞാൻ’ മാത്രമേയുളളൂ ’’ കൊച്ചി മെഡിക്കൽ ട്രസ്റ്റ് ഹോസ്പിറ്റലിലെ ചീഫ് സൈക്യാട്രിസ്റ്റ് ‍‍ഡോ.സി.ജെ. ജോൺ.

പലപ്പോഴും വിവാഹത്തിനു മുമ്പേ ഇത്തരമൊരു ചിന്ത മനസ്സിലേക്ക് കയറിക്കഴിഞ്ഞിരിക്കും. ആഗ്രഹിച്ചതെല്ലാം കുട്ടിക്കാലത്തേ നേടി വളർന്നു വന്നപ്പോൾ ക്ഷമിക്കാനും പങ്കുവയ്ക്കാനും വേണ്ടെന്നു വയ്ക്കാനുമുളള ശീലം പലപ്പോഴും ഉണ്ടാകുന്നില്ല. ഈ സ്വഭാവമുളള രണ്ടു പേർ ഒരുമിക്കുമ്പോൾ ഇന്റിവിജ്വൽ പ്രിയോറിറ്റീസ് (എനിക്കാണ് പ്രാധാന്യം എന്ന തോന്നൽ) മേൽക്കൈ നേടുന്നു. വിവാഹത്തിലെ ആദ്യ അസ്വാരസ്യങ്ങൾക്ക് ഇതു പ്രാധാന കാരണമാകാറുണ്ട്.

മറുപാതിയുടെ മനസ്സിനെ അംഗീകരിക്കാനോ തിരിച്ചറിയാനോ പറ്റാത്ത രീതിയിലുളള മാറ്റവും പല വിവാഹബന്ധങ്ങളിലും വിളളലുകൾ വീഴ്ത്തുന്നുണ്ട്. ഞാനെന്തു ചിന്തിക്കുന്നു എന്നല്ലാതെ മനസ്സിലാക്കാനുളള കഴിവ് പലപ്പോഴും വളർത്തുന്നില്ല.

സമൂഹത്തിലും കുടുംബത്തിലും ‘ജീവിക്കാനുളള’ നൈപുണ്യങ്ങൾ വളർച്ചയുടെ പലയിടങ്ങളിൽ നിന്നും സ്വഭാവികമായി കിട്ടുന്ന ഒന്നാണ്. സങ്കടവും സന്തോഷവും പങ്കുവയ്ക്കാനുളള കഴിവ് അങ്ങനെ ലഭിക്കേണ്ടതാണ്. എന്നാൽ പുതിയ വീട്ടന്തരീക്ഷത്തിൽ നിന്ന് അതു പലപ്പോഴും കിട്ടുന്നില്ല. വിഷാദം, വിഷയങ്ങളെ അംഗീകരിക്കാനുളള മടി, ഇതൊക്കെയും ഉണ്ടാക്കുന്നത് ഇത്തരം നൈപുണ്യങ്ങളുടെ അഭാവത്തിൽ നിന്നാണ്. വ്യക്തി ബന്ധങ്ങൾ നീട്ടിക്കൊണ്ടു പോകാനുളള കഴിവില്ലായ്മ, ക്ഷമിക്കാനുളള കഴിവില്ലായ്മ.....ഇതൊക്കെ അനാരോഗ്യകരമായ സാമൂഹികമാറ്റത്തിൽ നിന്ന് ഉണ്ടായതാണ്.

സ്വഭാവവൈകല്യങ്ങൾ (പെഴ്സണാലിറ്റി ഡിസോർഡർ) കൊണ്ടും ഇത്തരം ജീവിത നൈപുണ്യങ്ങൾ നേടാനാകാതെ പോകും. ഇത് കൗമാരകാലത്തേ കണ്ടെത്തി പരിഹരിക്കാം ഈ മനസ്സുളള പലർക്കും ഇണയുടെ നന്മ തിരിച്ചറിയാനുളള കഴിവുണ്ടാകില്ല.

പുരുഷൻ ‘വളരുന്നില്ല’

‘‘ഈ കാലത്തുണ്ടായ സ്ത്രീ സ്വാതന്ത്ര്യത്തിനും ശാക്തീകരണത്തിനും സമാനമായി നമ്മുടെ നാട്ടിലെ പുരുഷന്മാരുടെ മനസ്സ് അത്ര വളർന്നു എന്നു തോന്നുന്നില്ല.’’ ഡോ. സി.ജെ. ജോൺ ചൂണ്ടിക്കാണിക്കുന്നു. സ്ത്രീയുടെ മാനസിക വളർച്ചയും സ്വന്തമായി സമ്പാദിക്കാം എന്ന ആത്മവിശ്വാസവും മനസ്സിലാക്കാൻ പലർക്കും സാധിക്കുന്നില്ല. മാറ്റം തിരിച്ചറിഞ്ഞ് ഫ്ലക്സിബിളായ ഭർത്താവാകാനും അവർക്കു കഴിയുന്നില്ല.

Out of range വിവാഹേതര ബന്ധം തെറ്റല്ല എന്നു വിശ്വസിക്കാൻ തുടങ്ങുന്ന ചിലരെങ്കിലും നമുക്ക് ചുറ്റും ഉണ്ട്.

ആണുങ്ങൾ ഇപ്പോഴും പഴയ നമ്പർ തന്നെയാണ് പ്രയോഗിക്കുക. നീ അനുസരിക്കേണ്ടവളാണ്. എന്ന തോന്നലുണ്ടാക്കും. വഴക്കു പറയും. പക്ഷേ, പെൺമനസ്സ് അതിനപ്പുറത്തേക്കു വളർന്നിരിക്കുന്നു. മതത്തിന്റെയും വീട്ടുകാരുടേയും ചങ്ങലയൊന്നും ഇപ്പോൾ ഏൽക്കില്ല. ഒന്നും വേണ്ട ഞാൻ തനിയേ ജീവിച്ചോളാം എന്നു പറയുന്ന സ്ത്രീകളുടെ എണ്ണവും കൂടിയിട്ടുണ്ട്.

ഔട്ട് ഓഫ് റേഞ്ച് ബന്ധങ്ങൾ ഏറുന്നു

പണ്ടും വിവാഹേതര ബന്ധങ്ങൾ വിവാഹമോചനങ്ങൾക്ക് ഇടയായിട്ടുണ്ട്. എന്നാൽ കഴിഞ്ഞ പത്തു വർഷത്തിനുളളിൽ ഇതിന്റെ പ്രാധാന്യം കൂടുകയും സ്വഭാവം മാറുകയും ചെയ്തു.

ആദ്യ കാലങ്ങളിൽ ഭാര്യയെ ഉപേക്ഷിച്ച് മറ്റൊരു സ്ത്രീയെ വിവാഹം ചെയ്യുകയായിരുന്നു പതിവ്. പിന്നീട് അതിന്റെ രൂപം മാറുകയും വിവാഹമില്ലാതെയുളള ബന്ധം എന്ന രീതിയിലേക്കെത്തി. ആ രണ്ട് ഘട്ടത്തിലേക്കും എത്താൻ ഒരുപാട് അനുകൂല സാഹചര്യങ്ങൾ ആവശ്യമായിരുന്നു. എന്നാൽ സ്മാർട് ഫോണുകളുടെ വിഡിയോ ചാറ്റിങ് ഉൾപ്പെടുയുളള ആശയവിനിമയ മാർഗങ്ങളുടെയും വരവോടെ ‘വിവാഹേതര ബന്ധം’ വിവാഹമോചനത്തിന്റെ വലിയൊരു കാരണമായി മാറി.

Alone രണ്ടു പേർ ചേർന്നിരിക്കുന്നതിനേക്കാൾ ഒറ്റയ്ക്ക് സഞ്ചരിക്കാനാണ് ഭൂരിപക്ഷവും ഇഷ്ടപ്പെടുന്നത്.

‘‘വിവാഹേതര ബന്ധം തെറ്റല്ല എന്നു വിശ്വസിക്കാൻ തുടങ്ങുന്ന ചിലരെങ്കിലും നമുക്ക് ചുറ്റും ഉണ്ട്. പല ദമ്പതികളും രണ്ടു പേരും ജോലി ചെയ്യുന്നവരായിരിക്കും. ഒരുമിച്ചിരുന്നു സംസാ രിക്കാൻ പോലും സമയം കുറവായിരിക്കും. സാന്നിധ്യം കൊതിക്കുന്ന സമയങ്ങളിൽ പലപ്പോഴും കിട്ടാറില്ല. ആ ഇടത്തിലേക്ക് വെർച്വൽ ലോകത്തു നിന്നൊരു ചങ്ങാതിയെ കിട്ടുന്നു. ഇതിന്റെ ഫലമായി വിവാഹ ജീവിതത്തിലെ അടുപ്പം കുറയുകയും ചാറ്റിങ് ചങ്ങാതിക്കായി എന്തും ചെയ്യാൻ തയാറാവുകയും ചെയ്യും. ’’ക്ലിനിക്കൽ സൈക്കോളജിസ്റ്റ് ഡോ. കെ. ഗിരീഷ്.

ഇപ്പോൾ നടക്കുന്ന വിവാഹമോചനങ്ങളിൽ നല്ലൊരു ശതമാനവും വില്ലനാവുന്നത് മൊബൈൽ ഫോൺ തന്നെയാണ്. സംശയരോഗത്തിനുളള പ്രധാന കാരണവും ചാറ്റിങ് ബന്ധങ്ങൾ തന്നെ. കുടുംബ ബന്ധത്തിലെ പിണക്കത്തിലും ഇണക്ക ത്തിലും പ്രവർത്തിക്കേണ്ട ആശയവിനിമയത്തിന്റെ പാലം പലപ്പോഴും അടഞ്ഞു പോകുന്നു. ഇതിലേക്കാണ് സോഷ്യൽ മീഡിയ വഴി ബന്ധങ്ങൾ വരുന്നത്.

കൂട്ടായ്മയുടെ കരുത്ത്

‘‘മുമ്പ് സമൂഹത്തിൽ കൂട്ടായ്മയുടെ കരുത്തുണ്ടായിരുന്നു. ഒരുമിച്ചു താമസിക്കൽ, വൈകുന്നേര ചങ്ങാത്തങ്ങൾ ..... തുടങ്ങിയ കൂട്ടായ്മയിലൂടെ പങ്കുവയ്ക്കലുകൾ നടന്നിരുന്നു.’’ ഡോ. കെ. ഗിരീഷ് ഓർമിപ്പിക്കുന്നു.

‘‘അതിൽ നാമറിയാതെയുളള ചില ചികിത്സാ രീതികളുണ്ടായിരുന്നു. അവനവനിലേക്കു മാത്രമായി ഒതുങ്ങിയപ്പോൾ സോഷ്യൽ ആങ്സൈറ്റിയും വിഷാദരോഗവും കൂടി. ഇവരിൽ നല്ലൊരു ശതമാനവും ഇന്റർനെറ്റ് അഡിക്ഷൻ ഉളളവരായിരിക്കും.

Together മറുപാതിയുടെ മനസ്സിനെ അംഗീകരിക്കാനോ തിരിച്ചറിയാനോ പറ്റാത്ത രീതിയിലുളള മാറ്റവും പല വിവാഹബന്ധങ്ങളിലും വിളളലുകൾ വീഴ്ത്തുന്നുണ്ട്

പുതിയ കാലത്ത് ഏതിനും പരിശീലനം ഉണ്ട്. അപ്പോൾ അതിസങ്കീർണമായ വിവാഹത്തിനും പരിശീലനവും പഠനവും ആവശ്യമാണ്’’‌

മാറാതെ മദ്യവും കടവും

മദ്യവും മയക്കു മരുന്നും സാമ്പത്തിക ബാധ്യതകളും ഇന്നും വിവാഹമോചനത്തിൽ കാര്യമായ പങ്ക് വഹിക്കുന്നുണ്ട്. പത്തുവർഷം കൊണ്ട് മദ്യത്തിന്റെ സ്വീകാര്യത വീടുകളിൽ ഏറെ കൂടി. പുറത്തുളള പല സാങ്കേതങ്ങളിൽ നിന്നും ആദ്യം വീടിന്റെ ടെറസിലേക്കും പിന്നെ, സ്വീകരണമുറിയിലേക്കും കടന്നു വരാനുളള അനുവാദം മദ്യത്തിനു കിട്ടി.

ഇതു പലപ്പോഴും കുടുംബബന്ധങ്ങളെ ബാധിക്കുന്നു. വീട്ടിൽ സുരക്ഷിതയല്ല എന്ന തോന്നൽ സ്ത്രീകളിലുണ്ടാക്കുന്നു. ദേഹോപദ്രവത്തിലെത്തുന്ന മദ്യപാനവും കുറവല്ല. മദ്യപാനം ഉണ്ടാക്കുന്ന സംശയരോഗം വിവാഹമോചനത്തിലേക്കെത്തുന്നു.

ആഡംബര ഭ്രമവും പല കുടുംബബന്ധങ്ങളിലും ഉലച്ചിൽ ഉണ്ടാക്കുന്നുണ്ട്. ഇത് പല രീതിയിലാണ് കുടുംബ ബന്ധങ്ങളുടെ തകർച്ചയ്ക്ക് കാരണമാവുന്നത്. ഈ ഭ്രമം സാമ്പത്തിക തകർച്ചമൂലം മദ്യപാനത്തിലേക്ക് വീണുപോയ ഭർത്താവും ഒറ്റപ്പെടൽ മറക്കാൻ വെർച്വൽ ലോകത്തിലെ ഒളിയിടങ്ങൾ കണ്ടെത്തിയ ഭാര്യയും കുറവല്ല.

മാതാപിതാക്കളും കാരണമാകുന്നു

അതിഭീകരികളായ അമ്മായിമ്മമാർ സീരിയലുകളിൽ മാത്രമേയുളളൂ എന്നാണ് ഫാമിലി കൗൺസിലർമാർ പറയുന്നത്. പലപ്പോഴും കേസിന്റെ ബലത്തിനായാണ് അമ്മായിയമ്മമാരെ കോടതി കയറ്റുന്നതത്രേ. പല കേസുകളിലെയും യഥാർഥ കാരണം അമ്മായിയമ്മയല്ല, അമ്മമാരാണെന്ന് ഭൂമിക കോട്ടയം ജില്ലാ കോർഡിനേറ്റർ ആൻസി.പി. തോമസ് പറയുന്നു.

‘‘പല കുടുംബപ്രശ്നങ്ങളുടെയും യഥാർഥ പ്രശ്നം മാതാപിതാക്കളുടെ അനാവശ്യമായ ഇടപെടലുകളാണ്. കൂടുതലും അമ്മമാരാണ് ഇതിനു മുൻപന്തിയിൽ. ഇത്തരം കേസുകളുടെ എണ്ണത്തിൽ വർധനയുണ്ട്. എന്നാൽ സ്വന്തം മക്കളുടെ വിവാഹമോചനത്തിനു പിന്നിൽ താനാണെന്ന് പലപ്പോഴും അമ്മമാർക്ക് മനസ്സിലാക്കാനുമാവില്ല.

എന്റെ മുന്നിൽ വന്ന പല കേസുകളിലും പൊതുവായി കണ്ട ഒരു കാര്യമുണ്ട്. അമ്മമാർ സ്വന്തം ജീവിതത്തിൽ അനുഭവിക്കേണ്ടി വന്ന ചില പൊരുത്തക്കേടുകൾ മകളുടെയോ മകന്റെയോ ജീവിതത്തിലുണ്ടാവുമെന്ന് ഭയക്കുന്നു. അതോടെ അമിതമായ ശ്രദ്ധയും ആകാംക്ഷയും തോന്നിത്തുടങ്ങും. ഇടയ്ക്കിടെ മകളെ വിളിക്കുകയും അവരുടെ കുടുംബകാര്യങ്ങളിൽ അഭിപ്രായ പ്രകടനങ്ങൾ നടത്തുകയും അനാവശ്യമായി ഇടപെടുകയും ചെയ്യും. ഈ പിൻസീറ്റ് ഡ്രൈവിങ് പല കുഴപ്പങ്ങൾക്കും കാരണമാവും.

മകളുടെ കാര്യത്തിൽ മാത്രമല്ല, മകന്റെ കാര്യത്തിലും അമ്മമാരുടെ അമിതമായ ഇടപെടൽ കുഴപ്പങ്ങൾ ഉണ്ടാക്കാറുണ്ട്. അതിൽ സ്വാർത്ഥതയുടെ അംശവും ഉണ്ട്. അതുവരെ ‘എന്റെ കുട്ടി’യായി നിന്ന മകന്റെ സ്നേഹം പങ്കുവയ്ക്കുമ്പോഴുളള അസ്വസ്ഥതകൾ അമിത വാൽസല്യത്തിൽ നിന്നു ജനിക്കുന്നതാണ്. മിക്കപ്പോഴും അച്ഛന്മാരിലല്ല അമ്മമാരിലാണ് ഇതു കൂടുതൽ കാണുന്നത്.’’ മുന്നിൽ വന്ന കേസുകളിലെ അമ്മമാരെക്കുറിച്ച് ആൻസി.

മക്കളെ പഠിപ്പിച്ചു വലുതാക്കാനുളള ഓട്ടത്തിനിടയിൽ സ്വാർഥതയുടെ അംശവും അറിയാതെ മാതാപിതാക്കളിലേക്ക് എത്തുന്നുണ്ട്. അതുവരെ എന്റെ മകൻ അല്ലെങ്കിൽ മകൾ ഒന്നാമതെ ത്തണമെന്ന വാശി വിവാഹശേഷവും പല മാതാപിതാക്കളേയും വിട്ടു പോകുന്നില്ല.

Couple ലൈംഗിക പ്രശ്നങ്ങൾക്കൊപ്പം ലൈംഗിക ബുദ്ധിമുട്ടുകളും മലയാളിയുടെ കിടപ്പറയിലേക്ക് കടന്നു വന്നു കഴിഞ്ഞു.

മോശം പേരന്റിങ് ഇതിന്റെ മറുവശമാണ്. വിവാഹത്തിനു മുമ്പുവരെ ഏതു കാര്യത്തിനും മാതാപിതാക്കളെ ആശ്രയിച്ച മകനോ മകൾക്കോ വിവാഹശേഷവും അവർക്കരികിലേക്ക് പോകേണ്ടി വരുന്നു, ചിലർക്ക് തീരുമാനങ്ങൾ എടുക്കുന്നതിന് കഴിവില്ലാതെ വരുന്നു, ഈ കാലത്ത് വരന്റെയും വധുവിന്റെയും അച്ഛനമ്മമാർക്ക് വിവാഹപൂർവ കൗൺസലിങ് ആവശ്യമാണ്.



വിവാഹത്തിനു മുമ്പ്

‘‘വിവാഹത്തിനു മുമ്പ് കുടുംബ ബജറ്റിന്റെ പഠനം പുതു തലമുറയ്ക്ക് നൽകണം.’’ തിരുവനന്തപുരം കുടുംബകോടതി യിലെ പ്രിൻസിപ്പൽ കൗൺസലർ ഡോ. മോഹൻ രാജ് പറയുന്നു.
പല രക്ഷിതാക്കളും പഠിക്കാൻ മാത്രമേ കുട്ടികളെ പരിശീലിപ്പിക്കാറുളളൂ. അവരുടെ കഷ്ടപ്പാടോ സാമ്പത്തിക പ്രയാസങ്ങളോ കുട്ടികളെ അറിയിക്കാറില്ല. അതുകൊണ്ടു തന്നെ ജീവിതം തുടങ്ങുമ്പോൾ എങ്ങനെ പിടിച്ചു നിൽക്കണമെന്ന പ്രായോഗികമായ അറിവ് അവർക്ക് കിട്ടാതെ പോകുന്നു.

ലൈംഗിക അസംതൃപ്തർ ഏറുന്നു

ഇന്നു നടക്കുന്ന പല വിവാഹമോചനങ്ങൾക്കു പിന്നിലുമുളള യഥാർഥ കാരണം ലൈംഗിക അസംതൃപ്തിയാണെന്ന് സെക്സ് തെറപ്പിസ്റ്റും ക്ലിനിക്കൽ സൈക്കോളജിസ്റ്റുമായ ഡോ. പ്രമോദ് പറയുന്നു.

‘‘പണ്ട് ലൈംഗിക അസ്വാരസ്യങ്ങളും അസംതൃപ്തിയും ദാമ്പത്യം വേർപിരിയാനുളള കാരണമാകില്ലായിരുന്നു. ഇപ്പോൾ സംതൃപ്തിയില്ലായ്മ തുറന്നു പറയുന്ന സ്ത്രീകളുടെ എണ്ണവും കൂടിയിട്ടുണ്ട്.

ഇരുപത്തഞ്ചു മുതൽ നാൽപതു ശതമാനം വരെയുളള വിവാഹമോചനങ്ങൾ തന്നെയാണ്. ഇതിൽ അമിതലൈംഗിക താൽപര്യങ്ങളും സംതൃപ്തിയില്ലായ്മയും ഉണ്ട്. പക്ഷേ, പുറത്തു പറയുന്നത് മറ്റു പല കാരണങ്ങളുമായിരിക്കും. പല ലൈംഗിക പ്രശ്നങ്ങളും തെറ്റിദ്ധാരണയും ഉത്കണ്ഠയും കൊണ്ടുണ്ടാകുന്നതാണ്.’’ ഡോ. പ്രമോദ് പറയുന്നു.

ലൈംഗിക പ്രശ്നങ്ങൾക്കൊപ്പം ലൈംഗിക ബുദ്ധിമുട്ടുകളും മലയാളിയുടെ  കിടപ്പറയിലേക്ക് കടന്നു വന്നു കഴിഞ്ഞു. പങ്കാളിയുടെ ലൈംഗിക താല്പര്യങ്ങളോടു പൊരുത്തപ്പെട്ടു പോകാനുളള വിമുഖതകളാണ് പലപ്പോഴും ലൈംഗിക ബുദ്ധിമുട്ടുകളായി മാറുന്നത്. ഇതും കിടപ്പറയിലെ നിരാശയിലേക്കും വെർച്വൽ വേലിചാട്ടങ്ങളിലേക്കും ഒടുവിൽ വിവാഹമോചനത്തിലേക്കും എത്തുന്നു.

ഇതിൽ പ്രധാന വില്ലൻ അശ്ലീല വിഡിയോ തന്നെ. കുട്ടിക്കാലം മുതൽ ഇത് ശീലമാകുന്നതോടെ സെക്സിന്റെ കാര്യത്തിൽ ആകാംക്ഷയും അമിത പ്രാധാന്യവും കൂടും. ഇത്തരം വിഡിയോകൾ ആസ്വദിക്കുന്നവരുടെ എണ്ണത്തിനൊപ്പം തന്നെയാണ് ഇത് കിടപ്പറയിൽ പകർത്താൻ ശ്രമിച്ച് പരാജയപ്പെടുന്നവരുടെ എണ്ണവും.


പങ്കാളിക്ക് ഇഷ്ടമല്ലാത്ത കാര്യങ്ങൾ നിർബന്ധിച്ച് ചെയ്യിച്ച് പരാജയപ്പെടുന്നതോടെ പലപ്പോഴും കിടപ്പറയിലെ രതി പീഡനങ്ങളായി മാറും. എനിക്കു വേണ്ട സെക്സ് ഇങ്ങനെയല്ലെന്ന് തുറന്നു പറയുന്ന സ്ത്രീകളെ മനസ്സിലാക്കാനുളള ഹൃദയവിശാലതയില്ലാത്ത ഭർത്താക്കന്മാരും ഏറെയാണെന്ന് സെക്സോളജിസ്റ്റുകൾ പറയുന്നു.