Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വയനാടന്‍ ചുരമിറങ്ങി കരിന്തണ്ടന്‍റെ കഥയുമായി ലീല സന്തോഷ്

lela-02 ലീല സന്തോഷ്.

കാടിന്‍റെ കാഴ്ചകള്‍ സത്യസന്ധമായി കാണാന്‍ കാമറ എവിടെ വയ്ക്കണം? കാടിന്‍റെ ഏറ്റവും ഉള്ളില്‍ത്തന്നെ. കാടറിഞ്ഞ ആ കാമറക്കണ്ണാണ് ലീല സന്തോഷ്‌. ആദ്യത്തെ ട്രൈബല്‍ സംവിധായിക എന്ന ചരിത്രനിയോഗമുള്ളപ്പോഴും ആ  ടൈറ്റിലിനപ്പുറം എല്ലാവരും കാണുന്ന സിനിമകള്‍ ചെയ്യണമെന്നാണ് ലീലയുടെ ആഗ്രഹം. വയനാടന്‍ ചുരമിറങ്ങി  കരിന്തണ്ടന്‍റെ കഥയുമായി ലീല എത്തുകയാണ്.ആ വിശേഷങ്ങളിലൂടെ...

പുറത്തുള്ളവര്‍ അറിയാത്ത കരിന്തണ്ടന്‍റെ കഥ?

ഞാനും ശരിക്കു പുറത്തു നിന്നുള്ള ആളാണെന്ന് പറയാം. കാരണം എനിക്കും കേട്ടുകേള്‍വി മാത്രമേയുള്ളൂ. പണിയസമുദായമാണ് എന്റേത്. മുതിര്‍ന്നവര്‍ പറഞ്ഞ കാര്യങ്ങള്‍, കേട്ടറിഞ്ഞ കരിന്തണ്ടന്‍റെ കഥകളൊക്കെത്തന്നെയാണ് എന്‍റെ റെഫറന്‍സ്. ചരിത്രത്തിലെ കരിന്തണ്ടന്റെ ആത്മാവിനെ തളച്ചിരിക്കുന്നത് ആണിയിലല്ല, വലിയ ചങ്ങലകളിലാണ്. അപ്പോള്‍ യഥാര്‍ത്ഥത്തില്‍ ജീവിച്ചിരുന്നപ്പോള്‍ കരിന്തണ്ടന്‍ ആരായിരുന്നു എന്ന് പറയുന്നതാണ് ചിത്രത്തിന്റെ ഇതിവൃത്തം.കൂടുതല്‍ വിവരങ്ങള്‍  പറയാറായിട്ടില്ല. ജോലികള്‍ നടക്കുന്നുണ്ട്.

സത്യത്തില്‍ കാടിനെന്താണ് വേണ്ടത്? 

ട്രൈബ് എന്നു പറഞ്ഞാല്‍ പൊതുസമൂഹത്തിന് ചില തെറ്റിദ്ധാരണകളുണ്ട്. ആദിവാസി എന്നാല്‍ ഒരേ ഒരു വിഭാഗമായിട്ടാണ് കാണുന്നത്. ആദിവാസി എന്ന് പറയുമ്പോഴും പല ഗോത്രങ്ങളുണ്ട്. അവയില്‍ത്തന്നെ പല വിഭാഗങ്ങളുണ്ട്. അവിടെ നിന്നു തന്നെ തുടങ്ങുന്നു തെറ്റിദ്ധാരണകള്‍. മീഡിയ ആണെങ്കിലും സിനിമയാണെങ്കിലും ഞങ്ങളുടെ  ദൈന്യത മാത്രമാണ് ഉയര്‍ത്തിക്കാണിയ്ക്കുന്നത്. അതിനപ്പുറം ഞങ്ങള്‍ക്ക് ഞങ്ങളുടേതായ ഒരു  സമ്പത്തുണ്ട്. അത് ആരും അറിയുന്നില്ല. സഹായങ്ങളാണ് പൊതുവേ കിട്ടുന്നത്. അതിനപ്പുറം കള്‍ച്ചറല്‍ ലെവലില്‍ അതു നിയന്ത്രിച്ചു കൊണ്ടു പോകാനുള്ള ഒരു സപ്പോര്‍ട്ടാണു വേണ്ടത്. ഇന്നത്തെ കാലഘട്ടത്തില്‍ ഒരു ആദിവാസിയ്ക്ക് പൊതുസമൂഹത്തിലേക്കെത്താനുള്ള ചില ബുദ്ധിമുട്ടുകളുണ്ട്. അതിനെ അതിജീവിയ്ക്കുകയാണ് വേണ്ടത്.

കനവ് തുറന്ന സ്വപ്നം

അച്ഛന്റെ മരണ ശേഷം വയനാട് പാലക്കുന്നിലെ കൊളത്തറ കോളനിയില്‍ നിന്ന് സഹോദരങ്ങളുമായി നെയ്ക്കുപ്പയിലെ അമ്മയുടെ വീട്ടിലെത്തിയതാണ് ജീവിതത്തിലെ വഴിത്തിരിവ്. 1994 ല്‍ ആദിവാസികളുടെ ഗദ്ദിക എന്ന നാടന്‍ കലാരൂപത്തെ പ്രോത്സാഹിപ്പിക്കുന്നതിനായി കെ.ജെ ബേബി പനമരത്ത് ആരംഭിച്ച കനവ് എന്ന ഗുരുകുലത്തില്‍ നിന്ന് ബദല്‍ വിദ്യഭ്യാസം നേടാനായി.ആദിവാസി കുട്ടികളെ പരിശീലിപ്പിച്ച് അവരുടെ കഴിവ് കണ്ടെത്തി സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് എത്തിയ്ക്കുക എന്ന സ്വപ്നമായിരുന്നു അവിടെ. ജീവിതത്തില്‍ എന്തെങ്കിലുമൊക്കെ ആയിത്തീരണം എന്ന ചിന്തയിലേക്ക് ഞാനുള്‍പ്പെടെയുള്ള ആദിവാസികളുടെ തലമുറ എത്തുന്നത് അങ്ങനെയാണ്. 

ആദ്യത്തെ ട്രൈബല്‍ സംവിധായിക

എനിക്കങ്ങനെയൊരു ടൈറ്റില്‍ വേണമെന്നില്ല. ഞങ്ങളുടെ കൂട്ടത്തില്‍ നിന്നുള്ള ആദ്യത്തെ സംവിധായികയാണ് എന്നുള്ളത് സത്യമാണെങ്കിലും നല്ല ചിത്രങ്ങള്‍ ചെയ്യുന്ന ഒരു സംവിധായികയായി അറിയപ്പെടാനാണ് ആഗ്രഹം. കനവിലെ ജീവിതമാണ് സിനിമയോട് അടുപ്പിച്ചത്. അവിടെക്കണ്ട നല്ല സിനിമകള്‍. പുസ്തകങ്ങള്‍. പിന്നീട് എപ്പോഴോ ഒരു പ്രാക്റ്റിക്കല്‍ ലെവലിലേയ്ക്ക് സിനിമകള്‍ സ്വപ്നം കണ്ടുതുടങ്ങി.സിനിമയിലെ ആദ്യ സ്റ്റെപ്പുകളും കനവില്‍ നിന്നാണ് തുടങ്ങിയത്. കനവില്‍ നിന്നുതന്നെ വന്ന ഗൂഡ എന്ന ചിത്രത്തില്‍ അസിസ്റ്റന്റ്ായി. അതിലൂടെയാണ് സ്ക്രിപ്റ്റ് എന്താണ് ഫ്രെയിം എന്താണ് എന്നൊക്കെ പഠിക്കുന്നത്.

leela1

പിന്നീട് കുറേ സിനിമാവര്‍ക്ക്ഷോപ്പുകളില്‍  പങ്കെടുത്തു. ആ അനുഭവങ്ങള്‍ വച്ചാണ് ‘തണലുകള്‍ നഷ്ടപ്പെടുന്ന ഗോത്രഭൂമി’ എന്ന പേരില്‍ സ്വന്തമായി ഒരു ഡോക്യുമെന്‍ററി ചെയ്യുന്നത്. സാമ്പത്തികമായും സാങ്കേതികമായും പരാധീനതകള്‍ ഉണ്ടായിരുന്നു. ആദ്യത്തെ  വര്‍ക്ക് ഫെയില്‍ ആയതില്‍ സങ്കടമില്ല. മിക്കവര്‍ക്കും അതങ്ങനെ തന്നെയാണല്ലോ. പിന്നീടാണ് അവിവാഹിതരായ ആദിവാസി അമ്മമാരെക്കുറിച്ച് ‘ചീരു’ എന്നൊരു ഡോക്യുമെന്ററി തുടങ്ങിയത്.

ആദ്യത്തേതു പോലെയായിരുന്നില്ല. ഇത്തവണ സഹായികള്‍ കൂടിയിട്ടാണ്  മുന്നോട്ട് പോകാന്‍ പറ്റാത്ത അവസ്ഥയായത്. എനിക്കതു സ്വന്തം കണ്‍സപ്റ്റില്‍ ചെയ്യണം എന്നായിരുന്നു. പക്ഷെ ആളുകൂടിയപ്പോള്‍  പുറത്തുനിന്നുള്ള കാഴ്ചപ്പാട്, പല അഭിപ്രായങ്ങള്‍. അങ്ങനെ മനസ്സുമടുത്തു. എനിക്കൊന്നുമറിയില്ല എന്ന മട്ടിലുള്ള കൈകടത്തലുകള്‍. അറിയില്ലെങ്കിലും അത് ആ കുറവുകളോടെ തന്നെ എന്റേതായി ചെയ്യണമെന്നായിരുന്നു ആഗ്രഹം. അതു നടക്കാതെ വന്നപ്പോൾ ചീരു തല്‍ക്കാലം മാറ്റിവച്ചു. കരിന്തണ്ടന് ശേഷം വീണ്ടും അതിലേക്കെത്തണം. ഭാഷയുടെ ഒരു പ്രശ്നംഎപ്പോഴുമുണ്ട്. പണിയവിഭാഗത്തിന്‍റെ തനത് ഭാഷയിലാണ് സംഭാഷണങ്ങള്‍. അത് എത്രത്തോളം പൊതുസമൂഹത്തിലേയ്ക്ക് കടന്നു ചെല്ലും എന്നറിയില്ല.

കോളനികളിലെ സ്ത്രീകളുടെ അവസ്ഥ എന്താണ്? 

മോശമായ അവസ്ഥയാണ്. ആരോഗ്യപരമായിട്ടും അല്ലാതെയും. ബാലവിവാഹം ധാരാളമുണ്ട്. തിരണ്ടുകല്ല്യാണത്തോടെ ഒരു പെണ്‍കുട്ടിക്ക് വിവാഹം ആവാമെന്നാണ് ഗ്രോത്രാചാരം.അതിന് പ്രായപൂര്‍ത്തിയാകണമെന്നില്ല. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ ഗൗരവമായി ഇടപെടുകയാണ് വേണ്ടത്. അതിന് പകരം ഇപ്പോള്‍ ആണ്‍കുട്ടികളെ ജയിലില്‍ അടയ്ക്കുകയാണ് ചെയ്തുകൊണ്ടിരിക്കുന്നത്. മുന്നേറ്റമെന്നു പറഞ്ഞ് എടുത്തുകാണിക്കാൻ ഒന്നുമുണ്ടായിട്ടില്ല ഇവിടെ. വീടുകള്‍പണിയാനൊക്കെ ചില സര്‍ക്കാര്‍ സഹായങ്ങളുണ്ട്. ചിലത് പാതിവഴിയിലാകും. ഒരുപാട് സര്‍ക്കാര്‍ പ്രോജക്റ്റുകള്‍ വരുന്നുണ്ട്. പക്ഷെ ഇവിടുള്ളവരൊന്നും അതൊന്നുമറിയാറില്ല. എല്ലാം ഓണ്‍ലൈന്‍ ആണ്. ഇവരെക്കുറിച്ച്  പറയുന്നതുപോലും അറിയാറില്ല. പൊതു നിയമങ്ങള്‍ ഗോത്രാചരങ്ങളുടെ ഭാഗമായി പരിഗണിക്കുന്നില്ല. ഊരുകളിലെ ഈ വിഷയങ്ങളെല്ലാം പൊതുസമൂഹത്തിലേക്കെത്തിക്കണം. അതിനായാണ് ഞാന്‍ സിനിമയെ ഉപയോഗിക്കുന്നത്. 

പുറത്തുള്ളവര്‍ കാടിനെ കാണുന്നതിലെ പ്രശ്നം എവിടെയാണ്?

കണ്‍സപ്റ്റ് തന്നെ വ്യത്യാസമുണ്ട്. വയനാട് എന്നു പറയുമ്പോൾ ആദിവാസികളെ അത്ഭുതത്തോടെ കാണാന്‍ കേറി വരുന്നവരാണ്. അതുപോലെ ആദിവാസികള്‍ക്ക് ബോധമില്ല, വൃത്തിയില്ല  എന്നൊക്കെ. ഭാഷയുടെ പ്രശ്നമാണ്. കള്‍ച്ചര്‍ ഡിഫറന്‍സ് ആണ്. ബോധമില്ലാത്തതല്ല. ഇവരുടെ ബോധതലം നോര്‍മ്മല്‍ കുട്ടിയുടെതാണ്. ഞങ്ങളും  പുറംലോകവുമായിട്ട് മിംഗിള്‍ ചെയ്യുന്നവരാണ്. പക്ഷെ പലതിനും തുടര്‍ച്ചകളുണ്ടാകുന്നില്ല. ഇവിടെ സ്കൂളില്‍ പോണ ഒരു കുട്ടി കാണുന്നത് പ്യൂണോ ക്ലാര്‍ക്കോ ആയ അച്ഛനെയോ അമ്മയെയോ അല്ല.

പണിയ്ക്കു പോണ അച്ഛനമ്മമാരെയാണ്. പുറത്തുള്ള കുട്ടികള്‍ക്ക് വീട്ടിലെത്തിയാല്‍ ആളുണ്ട്. പഠിപ്പിക്കാന്‍ ആളുണ്ട്. ഇവര്‍ക്കതില്ല. ബോധമില്ലാത്ത കൊണ്ടു പഠിക്കാത്തതല്ല. ഇനി ഇതെല്ലാം അതിജീവിച്ച്  പഠിച്ചു  വളര്‍ന്നാലും അവരെ അംഗീകരിയ്ക്കാന്‍ തയ്യാറാവുമോ പൊതു സമൂഹം. പിന്നെ പല കാര്യങ്ങളും ഞങ്ങള്‍ അറിയേണ്ട അല്ലെങ്കില്‍ അറിഞ്ഞുപോകും എന്നൊരു  ഭയമുണ്ട് പുറത്ത്. വിദ്യാഭ്യാസം പോലും അങ്ങനെയാണ്. വായനകൊണ്ടൊക്കെയാണ് അതിനെ അതിജീവിക്കുന്നത്. പഠിച്ചു  കൊണ്ടുതന്നെയാണ് മുന്നോട്ടു പോകുന്നത്. ലുക്ക് ഒക്കെ നോക്കിയിട്ടാണ് നമ്മളോടൊക്കെ പെരുമാറുന്നത്. അതൊക്കെ  അതിജീവിയ്ക്കണം. ഇപ്പോള്‍ ഞങ്ങള്‍ ആ സ്പോട്ടില്‍ പ്രതികരിക്കും.

ലീലയുടെ സിനിമ

കാലങ്ങളായി ഇവിടെ അടിമത്തമുണ്ട്. അത് ലോകം അറിഞ്ഞിട്ടില്ല. മറ്റു രാജ്യങ്ങളിലെ അടിമത്തത്തിന് ഒരു ചരിത്രമുണ്ടായിരുന്നു. ഇവിടെ അതില്ല. വയനാടിന്‍റെ  പോരാട്ടങ്ങള്‍ നടന്നപ്പോള്‍ ഹിസ്റ്ററി പറയുന്നത് മേലാളന്മാരുടെ കഥകളാണ്. പഴശ്ശിരാജ പോലുള്ള സിനിമകളില്‍ ആദിവാസികളായ പോരാട്ടക്കാരെക്കുറിച്ചാണ് പറയുന്നത്. അടിമകളെക്കുറിച്ചല്ല. പോരാട്ടത്തിനപ്പുറം ഇവിടെയൊരു ജീവിതമുണ്ടായിരുന്നു. അത് കാലാകാലങ്ങളായി അടിമകള്‍ ആയിരുന്നവരുടേതാണ്.അത് പുറം ലോകം അറിയണം.

ഇഷ്ടമുള്ള സിനിമകള്‍

സിനിമകള്‍ കാണാറുണ്ട്. സാങ്കേതികമായി സംസാരിക്കാൻ ഞാനാളല്ല. പക്ഷെ അഭിപ്രായങ്ങളുണ്ട്. അടുത്തിടെ കണ്ടതില്‍ തൊണ്ടിമുതലും ദൃക്സാക്ഷിയും  ഇഷ്ടമായി.നല്ല സിനിമകള്‍ ഇറങ്ങുന്നുണ്ട്. ജീവിതകഥകള്‍. സാധാരണ മനുഷ്യന്റെ കഥകള്‍. അതുപോലെ ഒരു സാധാരണ പ്രേക്ഷകയാണ് ഞാനും.

ഇന്‍സ്പയര്‍ ചെയ്ത സിനിമകള്‍?

റാഷമോണ്‍ പോലെയുള്ള സിനിമകള്‍.നമ്മള്‍ ഒട്ടും  പ്രതീക്ഷിയ്ക്കാത്ത ഒരു രീതിയുണ്ട് അതില്‍. അതുപോലെ ആഫ്രിക്കന്‍ ട്രൈബല്‍ സിനിമകള്‍. അവിടെ അവര്‍ അവരുടെ  കഥകള്‍ പറയുന്നു. സിനിമകള്‍ ചെയ്യുന്നു. പക്ഷെ ഇവിടെ അങ്ങനെയല്ല.പുറത്തുനിന്നുള്ളവര്‍ ആണ്. പെലെ എന്ന സിനിമ.വളരെ ബയോഗ്രഫിക് ആയിട്ടെടുത്ത് എല്ലാം പറഞ്ഞു അതൊരു നല്ല രീതിയാണ്. നമുക്ക് എന്തുകൊണ്ട് നമുടെ ലൈഫ്ചെയ്ത് കൂടാ എന്ന ചിന്തയാണ് മനസ്സില്‍...

leela-03 ലീല സന്തോഷ്.

സിനിമാ ഫീല്‍ഡിലേയ്ക്ക് വരുമ്പോള്‍ ഇത്തരം ആശങ്കകള്‍ ഉണ്ടോ?

ആശങ്കകളേയില്ല.പഠിച്ചുകൊണ്ട്  മുന്നോട്ട്പോകും എന്നാണ് മനസ്സില്‍.അല്ലെങ്കില്‍ അങ്ങനെയുള്ള എതിര്‍പ്പുകളെ മൈന്‍ഡ് ചെയ്യ്രില്ല.എന്‍റെ ഗോത്രത്തിന്റെ പ്രശ്നങ്ങളുടെ ശബ്ദമാവുക എന്‍റെ ഉത്തരവാദിത്തവുമാണ്.പൊതുബോധത്തെ ഒരിയ്ക്കലും ഞങ്ങള്‍  കുറ്റം പറയില്ല.അറിവില്ലായ്മ കൊണ്ടാണ്.സാധാരണ പ്രേക്ഷകര്‍ എല്ലാവരും കാണുന്ന ഒരു സിനിമയാകണം എന്റേത് എന്നാണ് ആഗ്രഹം. .

ഒരുപാട് പോരായ്മകള്‍,പരിമിതികള്‍ ഉണ്ട് ഞങ്ങള്‍ക്ക്..സ്കൂളില്‍ പോയിട്ട് ഒന്നും അറിയാത്ത കുട്ടികള്‍ ഉണ്ട്,ഡ്രോപ്പ് ഔട്ട്‌ ആയവരുണ്ട്. അവര്‍ തിയേറ്ററില്‍ പോയി സിനിമകള്‍ കാണാറുണ്ട്.അവരെ നല്ല സിനിമകള്‍ കൊണ്ട് പോയി കാണിക്കണമെന്നുണ്ട് .മജീദിയുടെയൊക്കെ  സിനിമകള്‍.ഭാഷയ്ക്ക് ഉപരിയായി സംസാരിയ്ക്കുന്നവ.

കുടുംബം

നൂറുശതമാനം കുടുംബം കൂടെയുള്ളത് കൊണ്ടാണ്.മൂന്നു കുട്ടികള്‍ ഉണ്ട്.ഭര്‍ത്താവ് സന്തോഷ് എല്ലാത്തിനും കൂടെയുള്ളത് കൊണ്ട് മനസ്‌ കൊണ്ട് ഒരു ബുദ്ധിമുട്ടും ഇതുവരെയില്ല. ഇനി ഉണ്ടാവുകയുമില്ല.കനവില്‍ നിന്ന് തന്നെ കൂട്ടായി ലഭിച്ച സന്തോഷ്‌ ക്‌ളേ മോഡലിംഗ് ആര്‍ട്ടിസ്റ്റാണ്.കളരി സ്കൂള്‍ നടത്തുന്നുമുണ്ട്.

ചുരമിറങ്ങി വരുന്ന ‘ഒരു ലീല സന്തോഷ്‌ സിനിമ’ യ്ക്കായി നമുക്ക് കാത്തിരിയ്ക്കാം.