Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഉടൽ മാറി അവർ ഒന്നായി; പ്രണയത്തെക്കുറിച്ച് സുകന്യയും ആരവും മനസ്സുതുറക്കുന്നു

aarav-sukanya ആരവ്, സുകന്യ.

വിരുദ്ധശരീരങ്ങളിൽ ജനിച്ചവർ നിവൃത്തികെട്ടപ്പോൾ സ്വന്തം മനസ്സിന്റെയും വൈകാരികതയുടെയും വിളികേട്ട് അതുവരെയുണ്ടായിരുന്ന ശരീരത്തിൽ നിന്നും മനസ്സാഗ്രഹിച്ച ശാരീരിക മാറ്റത്തിലേയ്ക്ക് എത്തിയവരാണ് ആരവ് അപ്പുക്കുട്ടനും സുകന്യ കൃഷ്ണയും. ട്രാൻസ്‌ജെൻഡർ കമ്യൂണിറ്റിയിൽ നടക്കുന്ന പല വെളിവുകേടുകളെക്കുറിച്ചും ധൈര്യത്തോടെ ഉറക്കെ പറഞ്ഞ രണ്ടു പേർ. അവരിനി ഒന്നിച്ചാണ്.

ബിന്ദു എന്ന സ്ത്രീ ശരീരത്തിൽ നിന്നും ആരവ് എന്ന പുരുഷ ശരീരത്തിലേക്കെത്താൻ ആരവ് അനുഭവിച്ച ബുദ്ധിമുട്ടുകളേക്കാൾ കൂടുതൽ ഒരുപക്ഷെ അനുഭവിച്ചത് ചന്ദു എന്ന പുരുഷനിൽ നിന്നും സുകന്യ എന്ന സ്ത്രീയാകാനായി സുകന്യ കൃഷ്ണ ആയിരുന്നു. അല്ലെങ്കിലും ഒരു പുരുഷനെ അപേക്ഷിച്ച് നോക്കിയാൽ നിലനിൽപ്പിന്റെയും അതിജീവനത്തിന്റെയും ബുദ്ധിമുട്ട് ഏറ്റവുമധികം അനുഭവിക്കുന്നതും സ്ത്രീകൾ തന്നെയാണ്.

പുരുഷന് സ്വന്തമായി എന്തു തീരുമാനങ്ങളുമെടുക്കാം. പുരുഷനായി മാറാൻ തീരുമാനിക്കുമ്പോൾ അതുകൊണ്ടു തന്നെ വീട്ടിലും സമൂഹത്തിലും അത്ര വലിയ പ്രശ്നങ്ങളൊന്നും ആരവിന്‌ അനുഭവിക്കേണ്ടി വന്നില്ല. പക്ഷെ സ്വന്തം സ്വത്വം തിരിച്ചറിഞ്ഞ കാലം മുതൽ വീട്ടിൽ നിന്നും സമൂഹത്തിൽ നിന്നുമൊക്കെ സുകന്യ അനുഭവിക്കേണ്ടി വന്നത് അത്ര നിസ്സാരമല്ല. അങ്ങനെയുള്ള രണ്ടു പേരാണ് അവരുടെ വിവാഹ വാർത്ത ഉറപ്പിക്കുന്നത്.

ആരവിന്റെ സ്വത്വബോധം...

കുട്ടിക്കാലം മുതൽ തന്നെ ആൺകുട്ടികളോടൊപ്പമാണ് കളിക്കാൻ ഇഷ്ടപ്പെട്ടത്. അമ്മയോട് പറഞ്ഞു ഷർട്ട് തുന്നിച്ച് അതും ഇട്ടായിരുന്നു നടക്കുന്നതും. ഒരു കാലം കഴിഞ്ഞതോടെ എനിക്ക് മനസ്സിലായിത്തുടങ്ങി എനിക്കെന്തോ സംഭവിച്ചിട്ടുണ്ട്. പുറമെ കാണുന്ന ഒരാളല്ല ഞാൻ.

arav-003 ആരവ്.

അതേക്കുറിച്ചുള്ള അന്വേഷങ്ങളായിരുന്നു പിന്നീട്. ആൺ ശരീരം സ്വീകരിക്കാൻ തീരുമാനിക്കുമ്പോഴും അത് അമ്മയോടാണ് ആദ്യം പറഞ്ഞത്. അമ്മയ്ക്ക് എന്നെ മനസ്സിലാകുമായിരുന്നു. പക്ഷെ അതു കാണുന്നതിനു മുമ്പുതന്നെ അമ്മ മരണപ്പെട്ടു. സഹോദരങ്ങളുടെ ചുമതലയും ഉത്തരവാദിത്തവും ഒരു ആൺകുട്ടി എന്ന നിലയിൽ തന്നെയാണ് ഞാൻ ചെയ്തത്. നല്ല പ്രായത്തിലാണ് ഞാൻ ജോലിക്കുവേണ്ടി വിദേശത്തേയ്ക്കു പോയത്. അവിടെ വച്ച് ആക്സിഡന്റായി കാലൊക്കെ തവിടുപൊടിയായി. പിന്നെ വർഷങ്ങളെടുത്താണ് നടക്കാൻ പറ്റുന്ന അവസ്ഥയിലെങ്കിലുമെത്തിയത്.

ശാപമായ ജീവിതം -  സുകന്യ

അത്ര എളുപ്പമായിരുന്നില്ല ജീവിക്കാൻ. ആൺകുട്ടികളുടെയൊക്കെ അടുത്തുപോയി നിൽക്കുമ്പോൾ ചൂളിപ്പോകുന്ന അവസ്ഥയുണ്ടായിരുന്നു. വസ്ത്രങ്ങളിലേക്കും അതണിഞ്ഞ പെൺകുട്ടികളിലേയ്ക്കും അത്രനാൾ നോക്കുന്ന നോട്ടമല്ല തെല്ലൊരു അസൂയ കലർന്ന പോലെ. അത്തരം വേഷത്തിന്റെ ഇഷ്ടങ്ങളിലേയ്ക്ക് മനസ്സു ചേർന്ന് നിൽക്കുന്നതു പോലെയൊക്കെ തോന്നി. പിന്നീടങ്ങോട്ട് അടുപ്പവും കൂട്ടും കൂടുതലും പെൺകുട്ടികളോടായി.

അവരിൽ ഒരാളായി അവരും കൂടെ കൂട്ടാൻ ആരംഭിക്കുന്നു എന്ന തിരിച്ചറിവിന്റെ സന്തോഷം അധിക കാലം നീണ്ടില്ല. വീട്ടിലറിഞ്ഞപ്പോൾ പ്രതീക്ഷിച്ചതിനപ്പുറം വലിയ പൊട്ടിത്തെറിയായിരുന്നു അത് . ആൺകുട്ടിയായ ജീവിച്ച കുട്ടി പെട്ടെന്നൊരു ദിവസം ഞാൻ പെൺകുട്ടിയാണ് എന്നു പറയുക, മാനസികമായ വ്യത്യാസങ്ങൾ കാണിക്കുക, അതു മനസ്സിലാക്കിയപ്പോൾ യാത്രകൾ ആശുപത്രികളിലേയ്ക്കായി. എല്ലാവരും അതൊരു മാനസിക വൈകല്യമായാണ് കണ്ടതും.

പക്ഷെ സ്ത്രീ ഹോർമോൺ വർധിക്കുന്ന അവസ്ഥ പെട്ടെന്നാണുണ്ടായത്. പ്രായപൂർത്തിയെത്തുന്ന അവസ്ഥയിൽ പെട്ടെന്ന് ശരീരം പെൺകുട്ടികളുടേതുപോലെ പ്രവർത്തിക്കാൻ തുടങ്ങി. വല്ലാത്തൊരു സമയമായിരുന്നു അത്. പക്ഷെ ഇതറിഞ്ഞ വീട്ടുകാർ ശരീരത്തിൽ ആൺ ഹോർമോൺ നൽകാൻ തുടങ്ങി. പലപ്പോഴും ഉയർന്ന ഡോസിൽ നൽകുന്ന ഈ ഹോർമോൺ കാരണം തല കറങ്ങി വീഴ്ച പതിവായി. ജീവിതം അസഹനീയമായപ്പോഴാണ് ബംഗലൂരുവിലേക്ക് വണ്ടി കയറിയത്. അവിടുത്തെ ട്രാൻസ്ജെൻഡേഴ്സ് കമ്മ്യൂണിറ്റിയാണ് ഇന്നു കാണുന്ന സുകന്യയിലേയ്ക്ക് മനസ്സുകൊണ്ടു സഞ്ചരിക്കാൻ സഹായിച്ചത്.

sukanya001 സുകന്യ.

ആണിൽ നിന്നും പൂർണമായി പെണ്ണിലേയ്ക്കുള്ള യാത്ര അത്ര എളുപ്പമായിരുന്നില്ല, ഒപ്പം അതുവരെ അമിതമായ രീതിയിൽ ഉള്ളിൽ കിടക്കുന്ന പുരുഷ ഹോർമോൺ അതിന്റേതായ രാസ മാറ്റങ്ങൾ ശരീരത്തിൽ പ്രകടിപ്പിക്കാനും തുടങ്ങിയിരുന്നു. തടി കൂടി, ശബ്ദത്തിനു മാറ്റമുണ്ടായി, അങ്ങനെ പല ബുദ്ധിമുട്ടുകൾ. പൂർണമായും സ്ത്രീയായി മാറണമെന്ന് ബംഗലൂരുവിൽ എത്തിയതോടെ ഉറപ്പിച്ചു.

പക്ഷെ ശാസ്ത്രീയമായി തന്നെ അത് ചെയ്യണമെന്നുണ്ടായിരുന്നു. അങ്ങനെയാണ് മെഡിക്കൽ ബോർഡിന്റെ കീഴിൽ എന്റെ വിഷയമെത്തിയത്. വളരെ അപൂർവ്വമായൊരു കേസായാണ് ഡോക്ടർമാർ പലരും വിലയിരുത്തിയതും. "x " , "Y " എന്നീ ക്രോമസോമുകളല്ലാതെ മൂന്നാമത് "Z " എന്നൊരു സാങ്കൽപ്പിക ക്രോമസോമായി ജീൻ വഴിമാറി നിൽക്കുന്നുവെന്ന് ഡോക്ടർമാർ പറഞ്ഞു. പക്ഷെ എനിക്ക് ഒരു സ്ത്രീയായി മാറണമായിരുന്നു. പണം ഒരു പ്രശ്നം തന്നെയായിരുന്നു.

പല ഘട്ടങ്ങളിലൂടെയാണ് ലിംഗമാറ്റ ശസ്ത്രക്രിയ നടക്കുക. മാനസ്സിനെ പ്രാപ്തമാക്കാൻ നൽകുന്ന കൗൺസിലിങ്ങിൽ തുടങ്ങി ലിംഗമാറ്റ ശസ്ത്രക്രിയ വരെ നീണ്ട പ്രവർത്തനങ്ങൾ. ശാരീരികമായി വളരെയധികം വെല്ലുവിളികൾ അതിജീവിക്കേണ്ടി വന്നു. മരുന്ന് കൃത്യമായി കഴിക്കാൻ കഴിയാത്ത അവസരങ്ങളുണ്ടായി. ആത്മഹത്യയെക്കുറിച്ചു വരെ പല തവണ ആലോചിച്ചിട്ടുണ്ട്. പക്ഷെ എല്ലാത്തിനും പെട്ടെന്ന് പരിഹാരങ്ങളുണ്ടായി. ഇഷ്ടപ്പെട്ട ജോലിയിൽ പ്രവേശിക്കാൻ കഴിഞ്ഞു. കഴിഞ്ഞ മാസമാണ് ലിംഗമാറ്റത്തിനുള്ള മേജർ ശസ്ത്രക്രിയ കഴിഞ്ഞത്. ചികിത്സ അവസാനിച്ചിട്ടില്ല, ഇനിയും ചില ചെറിയ ശസ്ത്രക്രിയകൾ കൂടി ബാക്കിയുണ്ട്. അതുകൂടി കഴിഞ്ഞാൽ ചന്ദു പൂർണമായും സുകന്യയായി മാറും.

ആരവിന്റെയും സുകന്യയുടെയും സൗഹൃദം വിവാഹത്തിലെത്തിയതും അത്ര എളുപ്പത്തിലായിരുന്നില്ല. ജീവിതത്തിൽ ഒപ്പം കൂട്ടാൻ അമ്മയോളം സ്നേഹമുള്ള ഒരു പങ്കാളിയെ തിരയുകയായിരുന്നു ആരവ് എന്ന നാൽപ്പത്തിയാറുകാരൻ. ഇരുപത്തിനാലുകാരിയായ സുകന്യ ആരവിന്റെ ജീവിതത്തിലേയ്ക്ക് ചേക്കേറുമ്പോൾ അവർക്ക് പറയാനുള്ളത്...

ഒരേ ചിന്തകളിൽ ഞങ്ങൾ...

സുകന്യയെ ഞാനിഷ്ടപ്പെടാൻ കാരണം ഞങ്ങൾക്ക് ഒരേ വേവ് ലെങ്ത് ഉണ്ടെന്നു പലപ്പോഴും തോന്നിയതിനാലാണ്. ട്രാന്സ്ജെൻഡേഴ്സിന്റെയൊക്കെ വിഷയത്തിൽ സത്യങ്ങൾ ഒരു പേടിയുമില്ലാതെ ഉറക്കെ പറയുന്ന പെൺകുട്ടിയാണ് സുകന്യ. പലപ്പോഴും ട്രാൻസ്ജെൻഡേഴ്സ് എന്നു പറഞ്ഞ് അവകാശം ഔദ്യോഗിക ഇടങ്ങളിൽ നേടിയെടുക്കുന്നത് വെറും ക്രോസ്സ് ഡ്രസ്സേഴ്സ് മാത്രമാണ്. വസ്ത്രത്തിൽ മാത്രമാണ് പലരും അപര ലിംഗം. ഞങ്ങളൊക്കെ മാനസികമായ ബുദ്ധിമുട്ടു സഹിക്കാനാകാതെ ലിംഗമാറ്റ ശസ്ത്രക്രിയ ചെയ്തവരാണ്.

aaravu-sukanya-56 ആരവ്, സുകന്യ.

പക്ഷെ നമ്മളൊക്കെ മിക്കപ്പോഴും അവഗണിക്കപ്പെടുന്ന അവസ്ഥയാണ്. ആ പ്രശ്നങ്ങളിൽ ഞാനും സുകന്യയുമൊക്കെ ഒരേ ചിന്താഗതിയുള്ളവരാണ്. അതുമാത്രമല്ല ഇവിടെ കേരളത്തിൽ ലിംഗമാറ്റ ശസ്ത്രക്രിയ നടത്തുന്ന മിക്ക സ്ഥാപനങ്ങളുടെയും സത്യസന്ധത ചോദ്യം ചെയ്യാൻ ഞങ്ങൾ ആഗ്രഹിക്കുന്നുണ്ട്. പരീക്ഷണത്തിന് തയ്യാറായല്ല ഇത്തരം ശസ്ത്രക്രിയയ്ക്ക് പോകേണ്ടത്, ഇവിടെ ഇന്ത്യയിൽ മുംബൈയിലെ കോകില ബെൻ ധീരുഭായി അംബാനി ഹോസ്പിറ്റലിൽ മാത്രമാണ് നിലവിൽ പരീക്ഷണമായി അല്ലാതെ നടക്കുന്ന ലിംഗമാറ്റ ശസ്ത്രക്രിയ വിജയം എന്ന് പറയാവുന്നത്.

അവിടുത്തെ ഡോക്ടർ  സഞ്ജയ് പാണ്ഡെയ്ക്ക് ഇത് ഒരു പാഷനാണ്. അതുകൊണ്ട് ഞങ്ങളുടെ രണ്ടുപേരുടെയും ലക്ഷ്യം ലിംഗമാറ്റ ശസ്ത്രക്രിയയ്ക്കായി തയ്യാറെടുക്കുന്നവർക്ക് ഈ സന്ദേശം നൽകൽ കൂടിയാണ്. ഇക്കാര്യത്തിൽ റിസ്ക് എടുക്കരുത്. പണം ചിലവായാലും പരീക്ഷണങ്ങൾക്ക് നിന്നു കൊടുക്കരുത്, പിന്നെ കുട്ടിക്കാലത്തെ ഇത്തരം അവസ്ഥയെക്കുറിച്ച് കുട്ടികൾക്കും അവരുടെ മാതാപിതാക്കൾക്കും ആവശ്യമായ ബോധവത്കരണവും നൽകണം. ഇതൊക്കെ ഞങ്ങൾ ഇരുവരുടെയും അജണ്ടകളാണ്.

ഇതൊക്കെ മനസ്സിലാക്കിയപ്പോഴാണ് എനിക്ക് അവളോട് താൽപ്പര്യം തുടങ്ങന്നത്. അങ്ങനെ സുഹൃത്തുക്കളായി. വിവാഹം കഴിക്കാനുള്ള എന്റെ താൽപ്പര്യം ഞാൻ തുറന്നു പറഞ്ഞു. വയസ്സിന്റെ വ്യത്യാസമാണ് എനിക്കു തോന്നിയ പ്രശ്നം. അതു സുകന്യയ്ക്ക് പ്രശ്നമാകുമോ എന്നറിയില്ലായിരുന്നു. ആദ്യം എതിർപ്പു പറഞ്ഞെങ്കിലും പിന്നീട് അവളുടെ സ്വകാര്യ പ്രശ്ങ്ങളെപ്പറ്റിയും ജീവിതത്തെക്കുറിച്ചും എന്നോടു സംസാരിച്ചു. എന്നേക്കാൾ കൂടുതൽ ജീവിതത്തിൽ സങ്കടങ്ങൾ അനുഭവിച്ചവളാണ്. ജീവിതത്തെ നേരിട്ടവളാണ്. ആ പെൺകുട്ടിയെ കൂടുതൽ അറിയുന്തോറും അവളെ കൂടുതൽ ഇഷ്ടപ്പെട്ടു തുടങ്ങി. അങ്ങനെ ഒടുവിൽ സുകന്യയും ഇഷ്ടം അറിയിച്ചു.

ഇപ്പോൾ എന്റെ സ്വപ്നങ്ങൾക്ക് കൂട്ടുണ്ട്- സുകന്യ 

ആദ്യം എനിക്ക് ഭയമുണ്ടായിരുന്നു, കാരണം എന്നേക്കാൾ പ്രായം കൂടിയ വ്യക്തിയാണ്. ഇപ്പോഴും ഞാൻ എന്റെ ജീവിതം എന്റെ ഇഷ്ടങ്ങൾക്കായി ജീവിച്ചു തുടങ്ങിയിട്ടില്ല. സ്വപ്നങ്ങൾക്ക് തടസ്സമാകുമോ എന്നൊക്കെ തോന്നിയിരുന്നു. പക്ഷെ ആരവിനെ കൂടുതൽ അറിഞ്ഞപ്പോൾ, അദ്ദേഹത്തോട് കൂടുതൽ സംസാരിച്ചപ്പോൾ മനസ്സിലായി എനിക്ക് ഏറ്റവും യോജിച്ച വ്യക്തിയാണ് അദ്ദേഹം. പല കാര്യങ്ങളിലും ഞങ്ങളുടെ ചിന്ത ഒരേ രീതിയിലാണ്.

എന്റെ സ്വപ്നങ്ങൾക്ക് എല്ലാ സ്വാതന്ത്ര്യവും അദ്ദേഹം തരുന്നുണ്ട്. നല്ലൊരു സുഹൃത്തുമാണ് ആരവ്. ട്രാൻസ്‌ജെൻഡർ വിഷയങ്ങളിൽ ഒന്നിച്ച് സംസാരിക്കാനും കഴിയുന്നുണ്ട്. കാരണം ഇന്ന് കേരളത്തിൽ നടക്കുന്ന ട്രാൻസ്‌ജെൻഡർ വിഷയങ്ങളിലും ഞങ്ങൾക്ക് സത്യസന്ധമായ കാര്യങ്ങൾ പറയാനുണ്ട്. പക്ഷെ ഇതുവരെ പല കാരണങ്ങൾ കൊണ്ടും എനിക്കതിനു കഴിഞ്ഞില്ല. ഭീഷണി വരെ ഉണ്ടായിട്ടുണ്ട്. കുറെ അനുഭവങ്ങളുമുണ്ട്. പക്ഷെ ട്രാൻസ്ജെൻഡേഴ്സ് എന്ന പേരിൽ നടക്കുന്ന പലരും കാരണം ഞങ്ങളെപ്പോലെയുള്ള യഥാർത്ഥ ട്രാൻസിന്റെ പ്രശ്നങ്ങൾ പലപ്പോഴും ആരും തിരിച്ചറിയുന്നില്ല. ഇപ്പോൾ എല്ലാത്തിനും ഒപ്പം നിൽക്കാൻ ഒരേപോലെ ചിന്തിക്കുന്ന ഒരാളുണ്ട്...

അത്രയെളുപ്പമാണോ അവനായി ജീവിച്ച അവൾക്കും അവളായി ജീവിച്ച അവനും ഒന്നിച്ചുള്ള ജീവിതം...? ഉത്തരം അവർ തന്നെ പറയട്ടെ...

സുകന്യയുടെ സ്വപ്നങ്ങൾക്ക് വിലയുണ്ട്...- ആരവ്

എന്നോടൊപ്പം ഒന്നിച്ച് വീട്ടിൽ എല്ലാ കാര്യങ്ങളും നോക്കുന്ന ഒരു പെൺകുട്ടിയെയായിരുന്നു ഭാര്യയായി എനിക്കാവശ്യം. പക്ഷെ സുകന്യയെ കൂടുതൽ അറിഞ്ഞപ്പോൾ ആ ചിന്ത തെറ്റാണെന്നെനിക്കു തോന്നി. ഒരുപാട് കഴിവുകൾ ഉള്ള പെൺകുട്ടിയാണ് സുകന്യ. ഒപ്പം സ്വപ്നങ്ങളും. എനിക്ക് ഇത്രയും വയസ്സായി ജീവിതം നന്നായി ആസ്വദിച്ചു. സുകന്യ കുട്ടിയാണ് അവളുടെ ജീവിതം ആരംഭിച്ചിട്ടേയുള്ളൂ.

aaravu.002 ആരവ്.

അതുകൊണ്ടു തന്നെ അവളെ അങ്ങനെ വീട്ടിൽ അടച്ചിടാൻ പാടില്ലെന്ന് എനിക്കു തോന്നി. അവളുടെ മുന്നിൽ രണ്ടു ഓപ്‌ഷനുകളുണ്ടായിരുന്നു, ഒന്നുകിൽ വീട്ടിനുള്ളിൽ ഒതുങ്ങി കഴിയുന്ന ഭാര്യ, അല്ലെങ്കിൽ ഭാര്യയായി ഇരുന്നുകൊണ്ട് തന്നെ സ്വപ്നങ്ങളിലേക്ക് പറക്കാൻ കഴിയുന്ന പെൺകുട്ടി. ആദ്യം അവൾ പറഞ്ഞത് ഒതുങ്ങി നല്ലൊരു ഭാര്യയായി വീട്ടിൽ ജീവിക്കാം എന്നാണ്. പക്ഷേ പിന്നീട് സ്വപ്നങ്ങളെക്കുറിച്ച് സംസാരിക്കും. അത് സുകന്യയുടെ ചോയിസാണ്. ഒരു കാര്യമേ ഞാൻ ആവശ്യപ്പെട്ടിട്ടുള്ളൂ, സ്വപ്നവും ജീവിതവും കൂട്ടി കുഴയ്ക്കരുത് എന്ന്. അവളുടെ കഴിവുകളെ ചങ്ങലയ്ക്കിടാൻ ഞാൻ ആഗ്രഹിക്കുന്നില്ല.

ജോലിയുണ്ട്... സ്വപ്നങ്ങളും...- സുകന്യ

 നാട്ടിലായിരുന്നപ്പോൾത്തന്നെ ഞാൻ ജോലികൾ ചെയ്യുന്നുണ്ടായിരുന്നു. ലോകത്തിലെ നൂറു മികച്ച വെബ് ഡെവലപ്പർമാരിൽ ഒരാളാണ് ഞാൻ. പല ജോലികളും ഫ്രീലാൻസായി ചെയ്തിരുന്നു. അങ്ങനെയാണ് ബംഗലൂരുവിലെ സ്ഥാപനത്തിൽ നിന്നും ജോലിക്കുള്ള ഓഫർ ലഭിക്കുന്നത്. നാട്ടിൽ സാക്ഷരതാ മിഷന്റെ സ്‌കൂൾ തത്തുല്യ കോഴ്‌സിന് ചേർന്നിരുന്നു, ജോലി ലഭിച്ചതുകൊണ്ട് അതിനു ചേരാൻ കഴിഞ്ഞില്ല. പക്ഷെ അതിനു പങ്കെടുക്കണം. വിദ്യാഭ്യാസം കഴിഞ്ഞു സിവിൽ സർവ്വീസ് എഴുതണം, അങ്ങനെയൊരു മേഖലയിൽ പ്രവേശിക്കണം എന്നാണു ആഗ്രഹം.

അതിനു വേണ്ടിയാണ് പഠനം പോലും നടത്തുന്നത്. ഇപ്പോൾ സർജറിയുടെ ഭാഗമായി ജോലിയിൽ നിന്ന് താൽക്കാലികമായി മാറി നിൽക്കുകയാണ്. വൈകാതെ ബംഗലൂരുവിലെ ഓഫീസിൽ റീ-ജോയിൻ ചെയ്യും. ഒന്നര വർഷം മുൻപ് ഞാൻ താമസിച്ചതിനടുത്തുണ്ടായിരുന്ന ഒരു സുഹൃത്തുണ്ടായിരുന്നു. അദ്ദേഹമാണ് എന്നെ കോണ്ടാക്ട് ചെയ്ത് . അന്നേ ഞാൻ ചെയ്തിരുന്ന വർക്ക് ഫയലൊക്കെ ഓഫീസിൽ കൊടുത്തിരുന്നു. പക്ഷെ ഡോക്യുമെന്റ് കൊടുക്കാൻ കഴിഞ്ഞിരുന്നില്ല. പിന്നീട് അദ്ദേഹത്തെ വീണ്ടും കണ്ടപ്പോൾ അത് ഒന്നുകൂടി അപ്ലൈ ചെയ്യാൻ ആവശ്യപ്പെട്ടു.

sukanya സുകന്യ.

അങ്ങനെ അതിന്റെ പ്രിന്റ് ഒക്കെ എടുത്ത് വീണ്ടും നൽകി. അത് കണ്ട് അവർക്ക് ഇഷ്ടപ്പെടുകയും ചെയ്തു. അവർക്ക് പാൻ കാർഡ് ഉൾപ്പെടെയുള്ള ഡോക്യൂമെന്റസ് ആവശ്യമായിരുന്നു. വർഷങ്ങളായി യാതൊരുവിധ തിരിച്ചറിയൽ കാർഡുകളും ഇല്ലാതെ ജീവിച്ചിരുന്ന ആളാണ് ഞാൻ. ഓൺലൈൻ സൈറ്റുകളിൽ ചെയ്ത ജോലിക്കുള്ള പ്രതിഫലം ബാങ്കുകളിൽ അക്കൗണ്ട് നമ്പർ എടുക്കാൻ ആകാത്തതിനാൽ ലഭിക്കാനും ബുദ്ധിമുട്ടിയിരുന്നു.

ആധാർ കാർഡിന് അപേക്ഷിച്ചെങ്കിലും അതു ശരിയായി വന്നത് എന്റെ വീട്ടിലേക്കുള്ള അഡ്രസിലാണ്. അങ്ങോട്ടു പോകാനുള്ള ബുദ്ധിമുട്ടു കൊണ്ട് അതിന്റെ നമ്പർ സംഘടിപ്പിച്ച് പുതിയതിനുള്ള അപേക്ഷ നൽകിയിരുന്നു. സത്യം പറഞ്ഞാൽ ആധാർ കാർഡ് ലഭിച്ചപ്പോഴാണ് ഞാനും ഈ രാജ്യത്ത് ജീവിച്ചിരിക്കുന്നു എന്ന് പറയാൻ കഴിയുന്ന അവസ്ഥയിൽ എത്തിയത്. ലഭിച്ചിട്ട് അധിക നാളായിട്ടില്ല. അതിനു ശേഷമാണ്, പാൻ കാർഡും ബാങ്കിൽ അക്കൗണ്ടും ഒക്കെ എടുത്തത്.

വർക്ക് അവർക്കിഷ്ടപ്പെട്ടു. അങ്ങനെ ഞാൻ അവരുടെ ഓഫീസിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടു. ബംഗലൂരുവിൽ ദാദിയോടൊപ്പമായിരുന്നു താമസം. ശമ്പളം അത്ര കൂടുതലല്ലെങ്കിൽപ്പോലും ക്യാബ് അവർ അറേഞ്ച് ചെയ്യും. പിന്നെ ഫുഡ് കാർഡൊക്കെ ലഭിച്ചിട്ടുണ്ട്. ജോലി  എനിക്കു വളരെയിഷ്ടപ്പെട്ടു.. ഓഫിസിൽ മിക്കവർക്കും ഞാനൊരു ട്രാൻസ്‌ജെൻഡർ ആണെന്നറിയാം, പക്ഷെ ഒരാളും ഒരു തരത്തിലുള്ള അവഗണനയും എന്നോട് കാണിച്ചിട്ടില്ല. നല്ല സൗഹൃദമാണ് എല്ലാവർക്കും. ഇപ്പോൾ സർജറിയ്ക്കു വേണ്ടിയുള്ള ലീവിലാണ്. അതിനുള്ള അവസരം അവർ അനുവദിച്ചിരുന്നു. ഇപ്പോൾ വിവാഹ വാർത്ത കൂടി അറിയുമ്പോൾ എന്താകുമെന്നറിയില്ല!!!

sukanya-aarav സുകന്യ, ആരവ്.

സുകന്യയും ആരവും ത്രില്ലിലാണ്. പുതിയ ജീവിതത്തിനു തയാറെടുക്കുന്ന ഇവർക്കൊപ്പം സുഹൃത്തുക്കളൊക്കെ  ഒപ്പം നിന്ന് പിന്തുണയറിയിച്ചിട്ടുണ്ട്. പരസ്പരം അപര ശരീരങ്ങളിൽ ജീവിച്ചതിന്റെയും അതിനു ശേഷം ശരീരം വച്ചു മാറിയതിന്റെയും ബുദ്ധിമുട്ടുകൾ പരസ്പരമറിയാനാകുന്നത്. അല്ലെങ്കിലും ദാമ്പത്യബന്ധത്തിൽ ഇപ്പോഴും വേണ്ട പ്രധാന പൊരുത്തം മനസ്സുകളുടേതു തന്നെയാണല്ലോ!