Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

എനിക്കിപ്പോൾ സമൂഹത്തിൽ വിലയുണ്ട് : റിയ

riya-01 റിയ.

എന്തുകൊണ്ട് ട്രാൻസ്‌ജെൻഡർ എന്ന സമൂഹം എപ്പോഴും ചില പ്രത്യേക ജോലികളിൽ മാത്രം ഒതുങ്ങി നിൽക്കുന്നു? ഈ ചോദ്യം സമൂഹം കേട്ട് തുടങ്ങിയിട്ട് ഒരുപാട് കാലമൊന്നും ആയിട്ടില്ല. അതിനു മുൻപുവരെ ഭിന്നലിംഗം എന്നാൽ ശരീരവിൽപ്പന‌ നടത്തുന്ന,  മറ്റുള്ളവരാൽ  അവഗണിക്കപ്പെടുന്ന ഒരു വിഭാഗം മാത്രമായിരുന്നു.

എന്നാൽ ആ ചോദ്യത്തിന് പിന്നാലെ പിറവിയെടുത്ത ഉത്തരങ്ങൾ ട്രാൻസ്‌ജെൻഡർ സമൂഹത്തെയൊന്നാകെ മാറ്റിയെടുത്തു. ഭിന്നലിംഗക്കാരിൽ നിന്നും പ്രിൻസിപ്പലും പോലീസ് ഉദ്യോഗസ്ഥയും ഫാഷൻ ഡിസൈനർമാരുമൊക്കെയുണ്ടായി. അതേ ആർജ്ജവമുള്ള വഴികളിൽക്കൂടിത്തന്നെയാണ് റിയയും മുന്നോട്ടു പോകുന്നത്. മഞ്ചേരി ജില്ലാക്കോടതിയിൽ ലീഗൽ സർവീസ് അതോറിറ്റി സംഘടിപ്പിച്ച മെഗാ അദാലത്തിലാണ് ട്രാൻസ്‌ജെൻഡർ ആയ റിയ ഉത്തരവിട്ടുകൊണ്ടു നിയമ കടലാസുകളിൽ കയ്യൊപ്പിടുന്നത്.

ആദ്യത്തെ ലീഗൽ വോളന്റീർ 

ഞാൻ ഇവിടെ മലപ്പുറം ജില്ലയിലാണ് പ്രവർത്തിക്കുന്നത്. ട്രാൻസ്ജെൻഡേഴ്സ് വിഷയത്തിന് വേണ്ടിയാണ് ഞങ്ങൾ ഒരിക്കൽ ജഡ്ജിയെ കാണാൻ വേണ്ടി ചെന്നത്. അപ്പോഴാണ് അദ്ദേഹം ലീഗൽ വാളന്റിയർ എന്നൊരു വിഭാഗത്തെ കുറിച്ച് സംസാരിക്കുന്നത്. അങ്ങനയാണ് പാരാ ലീഗൽ വോളന്റീർ ആകാൻ വേണ്ടി പരിശീലനത്തിൽ പങ്കെടുത്തത്.

മലപ്പുറം ജില്ലയിലെ ആറു താലൂക്കുകളിൽ ലീഗലായി വോളന്റിയർമാർ പ്രവർത്തിക്കുന്നുണ്ട്. അതിലേയ്ക്ക് ഒരാളായാണ് ഞാൻ നിയമിക്കപ്പെട്ടത്. അവരിൽ ട്രാൻസ്‌ജെൻഡർ ആയി ഞാൻ മാത്രമേയുള്ളൂ. ജില്ലാ ക്കോടതിയിൽ നടക്കുന്ന മെഗാ അദാലത്തുകളിൽ ന്യായാധിപനായി ഒരു സാമൂഹ്യപ്രവർത്തകനെ ഉൾപ്പെടുത്താനാകും. അങ്ങനെയാണ് വോളന്റിയർ ആയിരുന്ന ഞാൻ ലീഗൽ ഓഫീസർ ആയി എത്തുന്നത്.

വാഹനാപകടക്കേസുകൾ കൈകാര്യം ചെയ്യുന്ന വിഭാഗത്തിലേക്കാണ് നിയമിക്കപ്പെട്ടത്. കേരളത്തിൽ മലപ്പുറം ജില്ലയിൽ നിന്നാണ് ആദ്യമായി ഒരു ട്രാൻസ്‌ജെൻഡർ ഇങ്ങനെയൊരു ഔദ്യോഗിക സ്ഥാനത്ത് വന്നെത്തുന്നത് എന്ന സന്തോഷവുമുണ്ട്. വാഹന അപകടക്കേസുകളാണ് അവിടെ കൈകാര്യം ചെയ്യേണ്ടി വന്നത്. മുപ്പതിലധികം കേസുകൾ കൈകാര്യം ചെയ്യാൻ കഴിഞ്ഞു. അതു തന്നെ ഇൻഷുറൻസ് കമ്പനിയും ഉപഭോക്താവായും തമ്മിൽ സംസാരിച്ചിട്ടും പരിഹാരമാകാത്ത കേസുകളാണ് നമ്മുടെ മുന്നിലേയ്ക്ക് വരുക. അത് ശ്രദ്ധിച്ചാൽ മതി.

ഒരുപാട് ട്രാൻസ്ജെൻഡേഴ്‌സുണ്ട്

ഞാൻ കോഴിക്കോടാണ് താമസം. ഒന്നര വർഷമായി മലപ്പുറത്താണ്. ഇവിടെ ഇവർക്ക് വേണ്ടി പ്രവർത്തിച്ചുകൊണ്ടിരിക്കുന്നതിനിടയിലാണ് ഔദ്യോഗികമായി ഇങ്ങനെയൊരു പദവിയിലേക്ക് എത്തുന്നത്. ഇപ്പോഴിവിടെ ട്രാൻസ്ജെൻഡേഴ്സിനുവേണ്ടി ഒരു ഷെൽട്ടർ ഹോം നിർമ്മിക്കുന്നുണ്ട്. ക്ലിനിക്ക് വരുന്നുണ്ട്. അതിനു വേണ്ടി ഡോക്ടർമാരുടെ ക്ലാസ്സ് ഒക്കെ കഴിഞ്ഞിട്ടുണ്ട്. മാസത്തിൽ ഒരിക്കലോ ആഴ്ചയിൽ ഒരിക്കലോ ട്രാൻസ്ജെൻഡേഴ്സിനു വേണ്ടി മാത്രം ഒരു ദിവസം മാറ്റിവയ്ക്കാനാണ് പദ്ധതി.  ത്വക്ക് സംബന്ധമായോക്കെ ഒക്കെ നിരവധി ചെറിയ അസുഖങ്ങൾ ഒക്കെ വരാം. അസുഖങ്ങൾ ബാധിച്ചാൽപ്പോലും പൊതു സമൂഹത്തിലേക്കിറങ്ങിവരാൻ പലർക്കും മടിയുണ്ടാകും അത്തരക്കാർക്കും കൂടി വേണ്ടിയുള്ളതാണ് ഇത്തരം ക്ലിനിക്കുകൾ. 

riya-002 റിയ.

ഇവിടെത്തന്നെ ഒരു കുട്ടിയുടെ കേസ് ഈയടുത്ത് ഞാൻ അറ്റൻഡ് ചെയ്തിരുന്നു. ആ കുട്ടി അതിന്റെ മാതാപിതാക്കളെ കാണാൻ പോയ സമയത്ത് വീട്ടുകാർ തല്ലി അടിച്ചോടിച്ചു. അത് അറിഞ്ഞപ്പോൾ കുട്ടിയെ വിളിച്ചു വരുത്തി അതിനു വേണ്ടുന്ന ചികിത്സ നൽകി. അത്യാവശ്യം വാർത്തയും നൽകിയിരുന്നു. പിന്നെ നമ്മൾ തന്നെ ഇടപെട്ട് പഞ്ചായത്ത് വഴി രണ്ടു ലക്ഷം രൂപ ട്രാൻസിനു വേണ്ടി പതിമൂന്നാം പഞ്ചവത്സര പദ്ധതിയിൽ മാറ്റി വച്ചിട്ടുണ്ട്.

ഞാൻ ആരെയും മൈൻഡ് ചെയ്യാറില്ല..

കുട്ടിക്കാലത്ത് തന്നെ എനിക്ക് തോന്നിയിരുന്നു ആൺകുട്ടിയായി ആണ് ജനിച്ചതെങ്കിലും പോലും എന്റെ ഉള്ളിൽ ഉള്ളത് ഒരു സ്ത്രീയാണ്. എപ്പോഴും പെൺകുട്ടികളുടെ കൂടെ കളിക്കാനും ഇടപെടാനുമാണ് ഇഷ്ടം. കൂട്ടുകാരികളുടെ ഒക്കെ അമ്മമാർ പറയും അവരെ എന്റെകൂടെ സുരക്ഷിതമായി വിടാം എന്നൊക്കെ. പക്ഷെ എന്തെങ്കിലും നെഗറ്റീവ് ആയ പ്രശ്നങ്ങളൊന്നും എനിക്കു ബുദ്ധിമുട്ടുണ്ടാക്കിയിട്ടില്ല. കാരണം എന്റെ വീടിന്റെ ചുറ്റും ഞങ്ങളുടെ സുഹൃത്തുക്കളാണ്.

എല്ലാവരും സഹോദരന്റെ സുഹൃത്തുക്കളാണ് അവർ നമ്മളെ അവരിൽ ഒരാളായാണ് കണക്കാക്കുന്നത്.എന്റെ യഥാർഥ്യം മനസ്സിലായപ്പോഴും അവർ കളിയാക്കിയിട്ടില്ല.  പക്ഷെ വീട്ടിൽത്തുടർന്നാൽ അവർ ഞാൻ ഒരു ആൺകുട്ടി എന്ന നിലയിൽ തന്നെ മുന്നോട്ടു പോകും. പെണ്ണ് കെട്ടേണ്ടി വരും. എനിക്കറിയാം എനിക്കൊരു പുരുഷനാകാൻ കഴിയില്ല പെണ്ണ് കെട്ടിക്കൊണ്ടുവന്നാൽ അവളെ നല്ലൊരു ഭാര്യയെന്ന നിലയിൽ സംതൃപ്തിപ്പെടുത്താൻ എന്നെക്കൊണ്ടാവില്ല പിന്നെ എന്തിനാണ് ഒരു പെൺകുട്ടിയുടെ ജീവിതം നശിപ്പിക്കുന്നത്. അങ്ങനെയൊക്കെ ചിന്തിച്ചപ്പോഴാണ് വീട്ടിൽ നിന്ന് ഇറങ്ങിപ്പോരുന്നത്. പക്ഷെ അവരോടു പരിഭവങ്ങളൊന്നുമില്ല. എപ്പോഴും വിളിക്കുകയും സംസാരിക്കുകയും ഒക്കെ ചെയ്യും. തിരികെ വീട്ടിലേയ്ക്കു ചെല്ലാൻ വിളിക്കുന്നുമുണ്ട്.

ഇപ്പോൾ ഇവിടെ പുറത്തിറങ്ങിയാൽ ഞാൻ ആരെയും മൈൻഡ് ചെയ്യാറില്ല. ഒരു ഫോറിനർ എങ്ങനെയാണോ അങ്ങനെയാണ് ഞാൻ ഇവിടെ പുറത്തൊക്കെ നടക്കുന്നത്. നമ്മളെ സമൂഹം എങ്ങനെ കാണുന്നു നമ്മളെ നോക്കി എന്തു പറയുന്നു എന്നതൊന്നും ഞാൻ ശ്രദ്ധിക്കാറില്ല. അങ്ങനെയേ ജീവിക്കാനാകൂ. എനിക്കെന്താണ് പറ്റുന്നത് ഞാൻ അതുപോലെ ജീവിക്കും. അതുകൊണ്ട് എനിക്കിവിടെ വരെ എത്താൻ കഴിഞ്ഞു.

നമ്മൾ എങ്ങനെ ജീവിക്കണമെന്ന് നമ്മളാണ് തീരുമാനിക്കേണ്ടത്. എനിക്ക് സ്ത്രീയായി ജീവിക്കണം മറ്റൊരു പെണ്ണിനെ എന്റെ ജീവിതത്തിൽ എനിക്ക് ഉൾക്കൊള്ളാനാകില്ല തൊട്ടാൽ പോലും ഒരു ഫീലിങ്ങും ഉണ്ടാകില്ല. പൂർണമായും സ്ത്രീയായി മാറാനുള്ള തീരുമാനത്തിൽ തന്നെയാണ് ഞാൻ. ചികിത്സയൊക്കെ നടക്കുന്നുണ്ട്. ഇപ്പോൾ ഹോർമോൺ എടുക്കുന്നുണ്ട്. ഒരാൾ എന്നെ കളിയാക്കണമെങ്കിൽ അയാൾ പെർഫെക്റ്റ് ആയിരിക്കണം. ഞാനിവിടെ ഒരു വീട് വാടകയ്ക്കെടുത്ത് അവിടെ തൊഴിലാളികളായ ഹിന്ദിക്കാരെ താമസിപ്പിക്കുന്നുണ്ട്. എനിക്ക് നല്ലൊരു വരുമാനമാണത്. മാത്രമല്ല ഞാൻ മോഡൽ ആയും വർക്ക് ചെയ്യുന്നുണ്ട്. ദ്വയയുടെ ബ്യൂട്ടി കോണ്ടെസ്റ്റിൽ മികച്ച പേഴ്‌സണാലിറ്റിയ്ക്കുള്ള ഈ വർഷത്തെ പുരസ്കാരം എനിക്കായിരുന്നു. പലയിടങ്ങളിലും കോളേജിലുമൊക്കെ ഫാഷൻ ഷോകൾ ചെയ്തിട്ടുണ്ട്.

ട്രാൻസ് മേഖലയിലെ വരുമാനമാർഗ്ഗം..

ഒരാളും സെക്സ് വർക്കർ ആണെന്ന് ഞാൻ പറയില്ല. കാരണം പലർക്കും എന്തെങ്കിലും മാർഗ്ഗങ്ങൾ നമ്മൾ ചെയ്തുകൊടുക്കും. എന്റെ റൂമിലാണെങ്കിൽ ഇപ്പോൾ ഒഫീഷ്യൽ ആയി ലീഗൽ വിഭാഗത്തിൽ നിന്ന് വരെ ആളുകളെത്തുന്നുണ്ട്. നടക്കുന്നതും ഒന്നിച്ചൊക്കെയാണ്.  രാത്രി പത്തുമണിക്കൊക്കെ പെൺകുട്ടികളോടൊപ്പം പോയി പുറത്ത് നിന്ന് ഭക്ഷണം കഴിക്കാറുണ്ട്, പക്ഷെ ഒരാളും നമ്മളോട് മര്യാദയില്ലാതെ ഇന്നേവരെ സംസാരിച്ചിട്ടില്ല.

riya-003 റിയ.

നമ്മൾ തിരിഞ്ഞു നിന്ന് ചിരിക്കുകയോ ഒക്കെ ചെയ്യുമ്പോഴാണ് നമ്മൾ ശരിയല്ലെന്നവർക്ക് തോന്നലുണ്ടാവുക. അതിനുള്ള അവസരങ്ങൾ കൊടുക്കാതെയിരുന്നാൽ മതി. ഞാനിപ്പോൾ പ്രൊഫഷണലി പറഞ്ഞാൽ ഒരു ഫാഷൻ ഡിസൈനറാണ്. പല വിവാഹങ്ങളും കമ്മിറ്റ് ചെയ്തിട്ടുമുണ്ട്. അതുകൊണ്ട് എന്റെ കയ്യിൽ ഞാൻ അധ്വാനിക്കുന്ന പണമുണ്ട്. മാത്രമല്ല ലീഗൽ ഓഫീസറായി ജോലി ചെയ്യുന്നതുകൊണ്ട് എനിക്കിപ്പോൾ സമൂഹത്തിൽ ഒരു വിലയുണ്ട്. ഞാൻ നാളെ രാത്രി ശരീരം വിൽക്കാൻ നിന്നാൽ എന്നെ അറിയുന്ന പോലീസുകാരും നിയമ ഉദ്യോഗസ്ഥരും ഒക്കെ അത് കണ്ടേക്കാം. അതുകൊണ്ട്തന്നെ എനിക്കതിനു കഴിയില്ല. അതുതന്നെയാണ് അതിന്റെ പോയിന്റ്. ട്രാൻസ് ജെൻഡേഴ്സിനു ചെയ്യാൻ കഴിവുള്ള, മാന്യമായ, അംഗീകരിക്കപ്പെട്ട ജോലി കിട്ടിയാൽ ഒരു ട്രാൻസ്ജെൻഡറും ലൈംഗികത്തൊഴിൽ പോലെയുള്ള ജോലികൾ ചെയ്യില്ല. 

ഒരു സ്ത്രീ ലൈംഗികത്തൊഴിലിനായി ഇറങ്ങണമെങ്കിൽ അതവളുടെ നിവൃത്തികേടുകളാണ്. രണ്ടുപേർ ഇഷ്ടപ്പെട്ട ചെയ്യുന്നത് പോലെയല്ല, ഒരു സ്ത്രീ മാത്രമായി ഇറങ്ങുമ്പോൾ അതിൽ അവൾക്ക് പ്രധാനമായും അവളെ ആശ്രയിക്കുന്നവരുടെ കാരണങ്ങളുണ്ട്, വരുമാനമുണ്ട്, ട്രാൻസ്ജെൻഡറുകളുടെ കാര്യത്തിലും അതുതന്നെയാണ് സംഭവിക്കുന്നത്. എല്ലായിടത്തും പരിഹാസം. അതൊക്കെത്തന്നെയാണ് അവരുടെ നിവൃത്തികേടുകൾ.

അവർക്ക് വേണ്ടത് കിടപ്പാടം

ഇപ്പോൾ സർക്കാർ ഭിന്നലിംഗക്കാർക്കും വേണ്ടി രണ്ടു കോടിയോളം രൂപയുടെ സ്കോളർഷിപ്പ് അനുവദിച്ചിട്ടുണ്ട്. ഒരുകാര്യം ഓർത്താൽ മതി. പതിനെട്ടു വയസ്സുവരെ സ്വന്തം വീട്ടിൽ ജനിച്ചപ്പോൾ ഉള്ള അതേ ലിംഗത്തിൽ ജീവിക്കുന്ന ഒരുകുട്ടിയ്ക്ക് എന്തിനാണ് സ്‌കോളർഷിപ്പ് അതും ഭിന്നലിംഗങ്ങളുടെ പേരിലെ? ആ പ്രായം വരെയൊക്കെ അവർ വീടുകളിൽത്തന്നെ തുടരും. കാരണം ഒച്ചയുയർത്തി സ്വന്തം ലിംഗ വ്യത്യാസത്തെക്കുറിച്ചു പറയാൻ ആർജ്ജവം ഉണ്ടാക്കണമല്ലോ.

അപ്പോൾ എനിക്കു തോന്നുന്നത് ഭിന്നലിംഗക്കാർക്ക് സർക്കാർ സഹായം നൽകേണ്ടത് അവർക്ക് ഒരു കിടപ്പാടം നൽകിക്കൊണ്ടാണ്. തമിഴ്നാട്ടിലൊക്കെ സർക്കാർ ചെറിയ വീടുകൾ ട്രാൻസിനു നൽകുന്നുണ്ട്. ഇവിടെ പലരും ജീവിക്കുന്ന അവസ്ഥ വളരെ പരിതാപകരമാണ്. ആദ്യം നമുക്ക് വേണ്ടത് സുരക്ഷിതമായി താമസിക്കാൻ കഴിയുന്ന താമസ സൗകര്യം വേണം. അതിനു ശേഷം അവരുടെ ക്വളിഫിക്കേഷൻ അനുസരിച്ച് വരുമാനമാർഗ്ഗം നൽകാനുള്ള അനുഭാവം കാണിക്കുക. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.