Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സ്നേഹമുള്ള സോപ്പുണ്ടാക്കിയ കഥ; രഞ്ജിനി കൃഷ്ണന്‍ പറയുന്നു

renjini-01 രഞ്ജിനി.

സിനിമയും സോപ്പും തമ്മിലെന്ത് എന്നാണെങ്കില്‍ രഞ്ജിനി കൃഷ്ണന്‍ എന്ന സംരംഭക അതിനുത്തരം പറയും. കന്യകാ ടാക്കീസ് എന്ന ശ്രദ്ധേയചിത്രത്തിന്‍റെ തിരക്കഥാകൃത്തുക്കളില്‍ ഒരാളായ രഞ്ജിനി  ബോഡി ട്രീ എന്ന ഓര്‍ഗാനിക് ബ്രാന്റുമായി കോസ്മറ്റിക് ഇന്‍ഡസ്ട്രിയുടെ ഭാഗമാകുകയാണ്. സംവിധായകന്‍ കെ.ആര്‍ മനോജിന്‍റെ ഭാര്യ കൂടിയായ രഞ്ജിനി തന്‍റെ സിനിമയും സോപ്പും മുന്നോട്ടു വയ്ക്കുന്ന സാമൂഹ്യവും രാഷ്ട്രീയപരവുമായ നിലപാടുകളെക്കുറിച്ച് സംസാരിക്കുന്നു.

ബോഡി ട്രീ എന്ന ആശയം?

ചില പാരന്റിംഗ് ഗ്രൂപ്പുകളില്‍ ഞാന്‍ മുന്‍പു തന്നെ മെമ്പര്‍ ആയിരുന്നു. അവിടെ വളരെ ഇന്‍ഫോമല്‍ ആയ വിഷയങ്ങള്‍ ചര്‍ച്ചയ്ക്ക് എത്താറുണ്ട്. അവിടെയാണ് ആദ്യമായി സോപ്പ് എന്ന ആശയം വരുന്നത്. നമ്മുടെ കുഞ്ഞുങ്ങളെ കുളിപ്പിക്കുന്ന സോപ്പുകളില്‍ എന്തൊക്കെ കെമിക്കല്‍സ് അടങ്ങിയിട്ടുണ്ട് എന്ന് ചിന്തിച്ചിട്ടുണ്ടോ എന്ന വിഷയത്തില്‍ അവിടെ ചര്‍ച്ച വന്നു. ഞാന്‍ ഗര്‍ഭിണിയായിരുന്ന സമയമായിരുന്നത് കൊണ്ട് അതെന്നെ വളരെ സ്പര്‍ശിച്ചു. അതോടെ ആ വിഷയവുമായി ബന്ധപ്പെട്ട  എല്ലാം വായിക്കാൻ തുടങ്ങി. അതേ ഗ്രൂപ്പില്‍ തന്നെയാണ് ‘ഇറ്റ്‌ ഈസ് ഈസി ടു മെയ്ഡ് എ ഹോം മെയ്ഡ് സോപ്പ്’ എന്ന ആശയവും വന്നത്.

soap-003

കാസ്റ്റിക് സോഡാ ഇല്ലാതെ സോപ്പ് ഉണ്ടാക്കാന്‍ പറ്റില്ലല്ലോ. ഗർഭകാലത്ത് അതുപയോഗിക്കാന്‍ പേടിയായിരുന്നു. മോനുണ്ടായി ആറുമാസമായപ്പോള്‍ ഞാന്‍ ഫസ്റ്റ് ബാച്ച് സോപ്പ്  ഉണ്ടാക്കി. അത് യുട്യൂബ് ട്യൂട്ടോറിയല്‍ കണ്ടിട്ടായിരുന്നു. ആദ്യത്തെ ബാച്ച് ഒട്ടും ശരിയായില്ല. പക്ഷേ ചെയ്ത് ചെയ്ത് പതുക്കെ ശരിയായി വന്നു. നമ്മള്‍ ഉപയോഗിക്കുന്ന ഘടകങ്ങളുടെ അളവ് കൃത്യമായിരിക്കണം. കണ്ണളവും കയ്യളവും ഒന്നും പോരാ. ഇത്രയും വെള്ളം‍, ഇത്ര എണ്ണ.... ആ അളവുകൾ തെറ്റാൻ പാടില്ല. അങ്ങോട്ടോ ഇങ്ങോട്ടോ മാറിയാല്‍ ലാതര്‍, മോയിസ്ചറൈസിങ് പ്രോപ്പര്‍ട്ടി എല്ലാം മാറും. ആ സമയത്ത് ചില കോഴ്സുകള്‍ ചെയ്തു. അങ്ങനെ പതുക്കെ ചെയ്തുചെയ്ത് നല്ല രസമായി. വീടുമുഴുവന്‍ സോപ്പ് ആയി. കട്ടിലിന്റെ അടിയിലും അലമാരയിലും വരെ സോപ്പ്! ഒരുകാര്യം ഇഷ്ടപ്പെട്ടിറങ്ങിയാല്‍ രസമാണ്. അതിങ്ങനെ ഉണ്ടായി വരുമ്പോഴുള്ള സന്തോഷം.

എന്തൊക്കെയാണ് ഉല്‍പ്പന്നങ്ങള്‍?

ഇപ്പോള്‍ പ്രധാനമായും സോപ്പ്, ബോഡി സ്ക്രബ്, ലിപ് ബാം, ഹെയര്‍ ക്ലെന്‍സര്‍ ഒക്കെയാണ് ഉൽപ്പന്നങ്ങൾ. പരമാവധി നാച്ചുറൽ ആയ ഇൻഗ്രീഡിയൻസ് ഉപയോഗിച്ചാണ് ഇവയെല്ലാം തന്നെ ഉണ്ടാക്കുന്നത്.

ബോഡി ട്രീ മറ്റു സോപ്പുകളില്‍ നിന്നും വ്യത്യസ്തമാകുന്നത് എങ്ങനെയാണ്?

രണ്ടു കാര്യങ്ങളാണ് ഉള്ളത്. ഒന്ന് മാര്‍ക്കറ്റിലുള്ള കുറെ കെമിക്കല്‍സ് ഇതിലില്ല. നല്ല കുറെ ഘടകങ്ങളുണ്ടു താനും. ചില പോസിറ്റീവ് ഉണ്ട്, നെഗറ്റീവ് ഇല്ല. ഉള്ളതെന്ത്‍, ഇല്ലാത്തതെന്ത് എന്നുതന്നെ അതിലടങ്ങിയിരിക്കുന്ന ഘടകങ്ങളെ സൂചിപ്പിക്കണം എന്നാണ് എന്‍റെ അഭിപ്രായം. ഇത് രണ്ടും പ്രധാനമാണ്. സിന്തറ്റിക് ആയ നിറങ്ങളോ പെർഫ്യൂമോ ഉപയോഗിക്കുന്നില്ല. ഡിറ്റര്‍ജന്റ്സ്, കൃത്രിമ ഫില്ലറുകള്‍ ഒന്നും ചേര്‍ക്കുന്നില്ല.

മാര്‍ക്കറ്റ് നിലവാരമനുസരിച്ച് സോപ്പിന് ആകർഷമായ നിറം വേണം. നമുക്ക് അങ്ങനെയില്ല. ഞങ്ങള്‍ "പ്രൗഡ് ടു ബി അണ്‍ അട്രാക്റ്റീവ്" ക്യാമ്പെയിന്‍ പോലും ആലോചിക്കുന്നുണ്ട്. കൃത്രിമ നിറങ്ങൾ ഒന്നുമില്ല. നീം സോപ്പിന് ആ ഇലയുടെ ചെറിയ പച്ച കളര്‍. കോക്കനട്ട്  മില്‍ക്ക് ആന്‍ഡ്‌ ഹണിയ്ക്ക് തേനിന്റെ  ഒരു ബ്രൗണ്‍ കളര്‍. സ്പൈസി ഫ്ലേവറിന് കോഫീ ബ്രൗണ്‍ വരും. നാച്ചുറല്‍ ഇന്‍ഗ്രേഡിയന്‍സിന്‍റെ നിറം സ്വാഭാവികമായി വരുന്നതല്ലാതെ കൃത്രിമമായി നിറം ചേര്‍ക്കുന്നില്ല.

soap

അതു പോലെ ട്രാന്‍സ്പരന്റ് സോപ്പില്ല. അങ്ങനെ വേണമെങ്കില്‍  ഗ്ലിസറിൻ ചേര്‍ക്കണം. അതൊരു ഹോട്ട് പ്രോസസ് ആണ്. ഞങ്ങള്‍ പക്ഷെ കോള്‍ഡ് പ്രോസസ് ആണ് ചെയ്യുന്നത്. അപ്പോഴാണ്‌ കൂടുതല്‍ നറിഷിംങ്ങ് പ്രോപ്പര്‍ട്ടീസ് നില്‍ക്കുന്നത്. ഹോട്ട് പ്രോസസ് ചെയ്യുമ്പോള്‍ അത്യവശ്യമായ എണ്ണ കുറേ  ആവിയായി പോകും. പുന്നയ്ക്കയുടെ എണ്ണയാണ് സ്ക്രബില്‍ ഉപയോഗിയ്ക്കുന്നത്.

യു എസ് മാര്‍ക്കറ്റില്‍ ഭയങ്കര പുന്നയ്ക്കയുടെ എണ്ണയ്ക്ക് ഡിമാണ്ട് കൂടുതലാണ്. നല്ല സ്കിന്‍ റിജെനറെറ്റിങ്ങ് പ്രോപ്പര്‍ട്ടി ഉണ്ട്. കൊച്ചുനാളില്‍ കാലു വെടിച്ച് കീറുമ്പോള്‍ പുന്നയുടെ എണ്ണ പുരട്ടുമായിരുന്നല്ലോ നമ്മള്‍. ആദ്യം ഈ സംഭവം എന്താണെന്ന് എനിക്ക് മനസ്സിലായില്ലായിരുന്നു. തമാനു ഓയില്‍ എന്ന് കണ്ടിട്ട് ഗൂഗിള്‍ എടുത്ത് നോക്കീപ്പോ ട്രോപ്പിക്കല്‍ പ്ലാന്റ്സ് എന്ന് കണ്ടു. അന്വേഷിച്ചപ്പോള്‍ പുന്നയാണ് എന്ന് മനസ്സിലായി. പക്ഷെ നമ്മുടെ നാട്ടില്‍ പുന്നയെല്ലാം വെട്ടിക്കളയുന്നതു കൊണ്ട് ഇപ്പോള്‍ കിട്ടാനില്ല. പുന്നയുടെ പേര് വച്ച് സ്ഥലപ്പേരുകള്‍ പോലും വരണമെങ്കില്‍ എത്ര ധാരാളമായി ഉണ്ടായിരുന്നിരിയ്ക്കണം. പുറത്തെ മാര്‍ക്കറ്റില്‍ വളരെ വില കൂടുതലാണിതിന്. നമ്മുടെ നാട്ടില്‍ ഇപ്പോള്‍ കിട്ടാനില്ലാത്ത അവസ്ഥ. ബ്ലീച്ച് ചെയ്ത ബട്ടര്‍ ഉപയോഗിയ്ക്കാറില്ല. മംഗോ ബട്ടര്‍ ആണ്. മാങ്ങായണ്ടിയുടെ ഉള്ളിലെ പരിപ്പില്‍ നിന്നാണ് ഇത് ഉണ്ടാക്കുന്നത്.

പ്രത്യേകം നിര്‍മ്മാണ യൂണിറ്റ് ഉണ്ടോ?

ഞാന്‍ തന്നെ ചെറിയ രീതിയില്‍ തുടങ്ങിയതാണ്‌. വലിയ യൂണിറ്റ് ഒന്നുമില്ല. വിപുലപ്പെടുത്തിയിട്ടില്ല. ലൈസന്‍സിനായി ശ്രമിക്കുന്നുണ്ട്. ചെറുകിട വ്യവസായമായാണ് ഇപ്പോള്‍ പോകുന്നത്. പതുക്കെയാണ് വളര്‍ച്ച. സോപ്പ് ഞാന്‍ തന്നെയാണ് ഉണ്ടാക്കുന്നത്. രണ്ട് പേര്‍ ക്ലീനിങ്ങിനുണ്ട്. ഒരാള്‍ പായ്ക്കിങ്ങിന് സഹായിക്കാന്‍. ഉപയോഗിച്ചവര്‍ പറഞ്ഞു കേട്ടറിഞ്ഞും ഫെയ്സ്ബുക്ക് വഴിയുമൊക്കെയാണ് ആളുകള്‍ എത്തുന്നത്.

അല്ലാതെയുള്ള പ്രൊമോഷന്‍  തുടങ്ങിയിട്ടില്ല. ഇപ്പോള്‍ ഒരു ഓണ്‍ലൈന്‍ സ്റ്റോര്‍ ഉണ്ട്. വല്യ ഓര്‍ഡര്‍ വന്നാല്‍ ഞാന്‍ പാനിക് ആകും. അതിന് വേണ്ട സാമഗ്രികള്‍ അത്രയും വലിയ അളവില്‍ കൃത്യമായി ലഭ്യമാക്കാന്‍ പാടാണ്. ഗുണമേൻമയിൽ വിട്ടുവീഴ്ചയില്ല. ബിസിനസ് ആര്‍ക്കും ചെയ്യാവുന്നതേയുള്ളൂ. അത് സത്യവുമാണ്. പക്ഷെ അതിനോട് ശ്രദ്ധയും സ്നേഹവും പാഷനും വേണം. നന്നായി റിസര്‍ച്ച് ചെയ്ത്, ഇഷ്ടപ്പെട്ട് വേണം ചെയ്യാൻ.

body-tree

വിലയിലെ വ്യത്യാസങ്ങള്‍?

സ്ക്രബില്‍ ഉള്ളത് പ്യുവര്‍  ഓര്‍ഗാനിക് ഹണിയാണ്. കാട്ടില്‍ നിന്ന് നേരിട്ടെടുക്കുന്ന തേന്‍ വനശ്രീയില്‍ നിന്നാണ് വാങ്ങുന്നത്. ഇവിടെയൊക്കെ കിട്ടുന്നത്  റബ്ബര്‍ എസ്റ്റേറ്റില്‍ നിന്നുള്ള തേനാണ്. നിറം പോലും വ്യത്യാസമുണ്ട്. ഗോള്‍ഡന്‍ കളര്‍ ആയിരിയ്ക്കും നാട്ടുതേനിന്റെ കളര്‍. കാട്ടില്‍ നിന്നുള്ളത് ഡാർക്ക് ബ്രൗണ്‍ ആയിരിക്കും. ഓര്‍ഗാനിക് ബ്രൗണ്‍ ഷുഗര്‍ സ്ക്രബില്‍ ചേര്‍ക്കുന്നുണ്ട്.

ഉൽപാദനചിലവ് കുറയ്ക്കാന്‍ പറ്റില്ല എന്നതാണ് സത്യം. പിയേഴ്സ് സോപ്പ് മാര്‍ക്കറ്റില്‍ നാല്‍പ്പത് രൂപയ്ക്ക് തന്നാല്‍ നമ്മളും സന്തോഷമായിട്ട് വാങ്ങും. എന്താ, ഏതാ എന്നൊന്നും അന്വേഷിക്കുക പോലുമില്ല. ക്വാളിറ്റി സത്യസന്ധമാണ് എങ്കില്‍ വിലയില്‍ കോമ്പ്രമൈസ് പറ്റില്ല. ഒരു പാക്കറ്റ് വെളിച്ചെണ്ണയ്ക്ക് മാര്‍ക്കറ്റില്‍ 198 രൂപയാണ്. എനിക്ക് നാട്ടില്‍ കുറച്ച് തേങ്ങ പറമ്പില്‍ നിന്ന് കിട്ടുന്നതുകൊണ്ട് എണ്ണ അത് ആട്ടി കിട്ടും. പക്ഷെ എപ്പോഴും അത് പറ്റില്ല. അപ്പോള്‍ പരമാവധി കേരയുടെ എണ്ണ തന്നെ വാങ്ങും. ക്വാളിറ്റി സോപ്പിന്‍റെ എഴുപതു ശതമാനം തന്നെ എണ്ണയാണ്. അങ്ങനെയാകുമ്പോൾ ഒരു ബാറിന്റെ കോസ്റ്റ്.  ഊഹിയ്ക്കാവുന്നതേയുള്ളൂ. ശരിക്കും മികച്ച ക്വാളിറ്റിയില്‍ സോപ്പ് ഉണ്ടാക്കുന്ന ഒരാള്‍ക്ക് ഏകദേശം നൂറ്റിയറുപത് രൂപയില്‍ താഴെ അത് വില്‍ക്കാന്‍ പറ്റില്ല. വില നോക്കിയാല്‍ അറിയാം സംഭവം ഫെയ്ക്ക് ആണോ അല്ലയോ എന്ന്.

സോപ്പ് നിര്‍മ്മാണത്തിലെ രാഷ്ട്രീയം?

ഞാന്‍ ഇപ്പോള്‍ പോസ്റ്റ്‌ ഡോക്ടര്‍ ഫെലോഷിപ്പ് ചെയ്യുന്നുണ്ട്. സൈഡില്‍ സിനിമയും എഴുതുന്നുണ്ട്. നമ്മള്‍ ഇങ്ങനെ പല കാര്യങ്ങളിലായി തിരക്കിലാകുമ്പോൾ ചില കാര്യങ്ങള്‍ നമ്മളെ വേട്ടയാടും. മോന്‍ ഉണ്ടായതിനു ശേഷം കാര്യങ്ങളെക്കുറിച്ച് കൂടുതല്‍ ജാഗരൂകയായി. ആ ആശങ്കയാണ് ഇങ്ങനെയൊരു സംരംഭത്തില്‍ ചെന്നുനിന്നത്. ഞാന്‍ തന്നെ മോനു വേണ്ടി ആദ്യം പയര്‍ പൊടി ഉപയോഗിച്ചു കുളിപ്പിച്ചു. പക്ഷെ ബാത്ത്‌റൂം ആകെ വൃത്തികേടാകും. ഓരോ പ്രാവശ്യം കുളി കഴിയുമ്പോഴും ബാത്ത്‌റൂം കഴുകണം. അതു കഴിഞ്ഞ് പോണ്ടിച്ചേരി അരവിന്ദോ ആശ്രമത്തിലെ സോപ്പ് വരുത്തിച്ചു തുടങ്ങി. അത് നാച്ചുറലാണ്. ആ അന്വേഷണത്തിലാണ് ഇത്തരം ഉല്‍പ്പന്നങ്ങള്‍ കേരളത്തില്‍ ഒന്നുമില്ലെന്നറിയുന്നത്. അങ്ങനെയാണ് ബോഡി ട്രീയിലേക്കെത്തുന്നത്.

lip-balm

നമ്മള്‍ കുളിക്കുമ്പോള്‍ പുറത്തു പോകുന്ന വെള്ളത്തില്‍ പോലും കെമിക്കല്‍സ് ആണുള്ളത്. അത് മണ്ണിനെ വരെ കണ്ടാമിനേറ്റ് ചെയ്യുന്നുണ്ട്. കുളിക്കുന്ന വെള്ളം റീ സൈക്കിള്‍ ചെയ്ത് ചെടിയ്ക്ക് നനയ്ക്കുന്ന ഒരു കാലത്തേ മുന്നില്‍ കണ്ട് വളരെ വിദൂരഭാവിയിലേക്കുള്ള ആശയങ്ങളാണ് മനസ്സിലുള്ളത്. മണ്ണിനെയും മനുഷ്യനെയും ഒട്ടും ദുഷിപ്പിയ്ക്കാത്ത രീതിയിലുള്ള ഉല്‍പ്പന്നങ്ങള്‍ കൂടുതലായി കൊണ്ടുവരിക എന്ന രാഷ്ട്രീയം തന്നെ.

സിനിമ, എഴുത്ത്?

മനോജ്‌ എന്തെങ്കിലും ചെയ്തു തുടങ്ങുമ്പോൾ കൂടെ ചെയ്യുക എന്നതാണ് ഇതുവരെയുണ്ടായിരുന്നത്. 'എ പെസ്റ്ററിംഗ് ജേർണി' എന്നൊരു ഡോക്യുമെന്‍ററിയാണ് ആദ്യം മനോജിന്റെ കൂടെ വര്‍ക്ക് ചെയ്തത്. എന്‍ഡോസള്‍ഫാന്‍ പ്രശ്നങ്ങൾ ചർച്ച ചെയ്ത ആ ഫിലിമിന് നാഷണല്‍ അവാര്‍ഡ്‌ കിട്ടി. ഗ്രീന്‍ റെവലൂഷനെ വളരെ ക്രിട്ടിക്കല്‍ ആയി നോക്കുന്ന വര്‍ക്ക് ആയിരുന്നു അത്. കാസര്‍ഗോഡ്‌ എന്‍ഡോസള്‍ഫാന്‍ ബാധിത പ്രദേശങ്ങളെ വച്ചിട്ടാണ് ആദ്യം പ്ലാന്‍ ചെയ്തിരുന്നത്. പക്ഷെ ഇന്ത്യയില്‍ പലയിടങ്ങളിലും അതേ അവസ്ഥ തന്നെ നിലനില്‍ക്കുന്നുണ്ടെന്ന് പിന്നീട് മനസ്സിലായി.

ഏറ്റവും ഷോക്കിങ്ങായത് പഞ്ചാബിലെ ഒരു ട്രെയിനെക്കുറിച്ച് അറിഞ്ഞതാണ്. ഭടിണ്ടറില്‍ നിന്ന് ബിക്കാനീര്‍ലേക്ക് പോകുന്ന ആ ട്രെയിന്‍റെ പേരുതന്നെ കാന്‍സര്‍ ട്രെയിന്‍ എന്നാണ്. അതില്‍ യാത്ര ചെയ്യുന്ന അറുപതു ശതമാനം പേരും കാന്‍സര്‍ ബാധിതരാണ്. അവിടെ നിന്ന് കാസര്‍ഗോഡ്‌ വരെയാണ് യാത്ര ചെയ്യുന്നത്. പെസ്റ്റിസൈഡ് എന്ന സ്ഥിരം ആംഗിള്‍ മാറ്റിയിട്ട് ഹൂ ഈസ് ദി പെസ്റ്റ് എന്ന രീതിയിലാണ് ഈ വിഷയത്തെ നോക്കിക്കണ്ടത്. മനുഷ്യര്‍ തന്നെയാണല്ലോ പുഴുക്കളെ പോലെ മരിച്ചു വീഴുന്നത്. നമുക്ക് വേണ്ടാത്ത എന്തിനെയും കൊന്നു കളയുന്ന ഒരു കള്‍ച്ചര്‍ ഓഫ് വയലന്‍സ് ഉണ്ടല്ലോ ഇപ്പൊള്‍. ആ ചോദ്യമാണ് ഉന്നയിച്ചത്. അതിലാണ് ഞാന്‍ ആദ്യമായിട്ട് ഒരു റിസര്‍ച്ചര്‍, സ്ക്രിപ്റ്റ് റൈറ്റര്‍ എന്നൊക്കെയുള്ള രീതിയില്‍ കൂടുന്നത്.

കന്യക ടാക്കീസ്?

പി വി ഷാജികുമാറിന്‍റെ  കഥ വായിച്ചിട്ട് ഞങ്ങള്‍ അന്നു തന്നെ ഷാജിയെ വിളിയ്ക്കുകയായിരുന്നു. എനിക്കു മുന്‍പ് വനിതയുടെ കഥാപുരസ്ക്കാരം കിട്ടിയിട്ടുണ്ട്. ഷാജിയെ അന്നേ അറിയാമായിരുന്നു. അങ്ങനെ ഞങ്ങള്‍ സംസാരിച്ചു. മൂന്നു പേരും കൂടെ വര്‍ക്കു ചെയ്യാം എന്ന തീരുമാനമായി. .കഥയില്‍ നിന്ന് ചെറിയ ചില വ്യത്യാസങ്ങള്‍ സിനിമയ്ക്ക് വേണ്ടി ചെയ്തു. പക്ഷെ ആ പ്രോസസ് വളരെ സ്മൂത്ത് ആയിരുന്നു.

soap-01

കാരണം ഷാജി ഒട്ടും ഈഗോയിസ്റ്റിക്  ആയിരുന്നില്ല. ഞാന്‍ ആ സമയത്ത് ഗർഭിണിയായതുകൊണ്ട് ഷൂട്ടിന് പോകാന്‍ പറ്റിയില്ല. പൊന്മുടി ഭാഗത്തായിരുന്നു ലൊക്കേഷന്‍. പോസ്റ്റ്‌ പ്രൊഡക്ഷനില്‍ ഒക്കെ ഭാഗമായി. മനോജിന്റെ  ടീം ആയതുകൊണ്ട് ഫാമിലി പോലെയായിരുന്നു. നന്നായി എന്‍ജോയ് ചെയ്തു. സിനിമ ഒരുപാട് ശ്രദ്ധിക്കപ്പെടുകയും ചെയ്തു. എഴുതാന്‍ സമയം കണ്ടെത്താറുണ്ട് ഇപ്പോഴും. സ്വന്തമായി ഒരു ഡോക്യുമെന്ററിയും മനസ്സിലുണ്ട്.