Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കവിമുത്തശ്ശന്റെ ഓര്‍മ്മകളുമായി അപർണ

onv-aparna

കവിതകളുടെ, ഗാനങ്ങളുടെ ഇഷ്ട വസന്തങ്ങളിലേക്ക് ഒരു നറുപുഞ്ചിരിയുമായി കടന്നു വന്ന് മലയാളികളുടെ ഭാഷാ സ്നേഹത്തെ വാനോളം ഉയര്‍ത്തി ജീവിതത്തിന്‍റെ തിരശീലകള്‍ക്കപ്പുറത്തേക്ക് മറഞ്ഞു പോയ നമ്മുടെ പ്രിയ കവി ഒ.എന്‍.വി. അദ്ദേഹത്തിന്റെ കവിതകളും ഗാനങ്ങളും മലയാള കവിതയ്ക്കും സിനിമാ, നാടക  ഗാനങ്ങള്‍ക്കും നല്‍കിയ പൊന്നരിവാള്‍ തിളക്കങ്ങള്‍ അക്ഷരങ്ങളുടെ നീലാകാശങ്ങളെ എക്കാലവും ദീപ്തമാക്കും. അദ്ദേഹം ഒഴിച്ചിട്ടു പോയ ഇടങ്ങള്‍ കാവ്യ ചരിത്രത്തെ തന്നെ അടയാളപ്പെടുത്തുമ്പോള്‍  മുത്തശ്ശനായ ആ മഹാ മനുഷ്യന്‍റെ  ഓര്‍മ്മകളില്‍ കൊച്ചു മകള്‍ അപര്‍ണ രാജീവ്. 

മുത്തശ്ശനൊപ്പമുള്ള കുട്ടിക്കാലം 

വളരെ നല്ല ഓര്‍മ്മകള്‍ ആണ് മുത്തശ്ശനോടൊപ്പമുണ്ടായ ദിവസങ്ങളെക്കുറിച്ചുള്ളത്. എല്ലാവരുടേയും പോലെ തന്നെയായിരുന്നു മുത്തശ്ശനോപ്പമുള്ള എന്‍റെ കുട്ടിക്കാലവും. ഞങ്ങള്‍ക്കൊപ്പം കളിക്കാനും കളി പറയാനും ഒക്കെ കൂടുമായിരുന്നു. ഞങ്ങള്‍ കുട്ടികളെ ദേഷ്യം പിടിപ്പിക്കാന്‍ കള്ളക്കളി കളിക്കുക, ഓണക്കാലത്ത് പൂ നുള്ളാനും പൂവിടാനും മറ്റും എപ്പോഴും കൂടെ കൂടുകയുമൊക്കെ ചെയ്യുമായിരുന്നു. 

മറ്റെവിടെയെങ്കിലും തനിയെ പോയി എഴുതുന്ന ശീലം ഉണ്ടായിരുന്നില്ല. വീട്ടില്‍ തനിയെ ഇരുന്നു എഴുതുന്ന നേരം ഞങ്ങള്‍ ആരും മുത്തശ്ശനെ ശല്യം ചെയ്യാന്‍ പോവാറില്ല. എന്നാല്‍ ഞങ്ങള്‍ എല്ലാവരും വീട്ടിലുള്ളപ്പോള്‍ മുത്തശ്ശന്‍ ഞങ്ങള്‍ക്കൊപ്പം സമയം ചിലവഴിക്കും. 

മുത്തശ്ശന്റെ കവിതകള്‍ 

കുട്ടിക്കാലത്ത് മുത്തശ്ശന്റെ പ്രശസ്തിയെക്കുറിച്ചൊന്നും എനിക്ക് വല്യ ധാരണ ഉണ്ടായിരുന്നില്ല. പിന്നീട് മുത്തശ്ശന്റെ കവിതകള്‍ പഠിക്കാന്‍ തുടങ്ങിയപ്പോഴാണ് അതിനെക്കുറിച്ചൊക്കെ ബോധമുണ്ടായിത്തുടങ്ങുന്നത്. വീട്ടില്‍ കാണുന്ന മുത്തശ്ശനെ മാത്രമേ എനിക്കറിയുമായിരുന്നുള്ളൂ. ഒന്നാം ക്ലാസില്‍ പഠിക്കുമ്പോള്‍ കുഞ്ഞേടത്തി എന്ന മുത്തശ്ശന്റെ കവിതയാണ് ഞാന്‍ സ്കൂള്‍ അസംബ്ലിയില്‍ ആദ്യമായി ചൊല്ലുന്നത്. അങ്ങനെയാണ് യൂത്ത് ഫെസ്റ്റിവലില്‍ പങ്കെടുക്കുന്നത്. ഇപ്പോഴും മുത്തശ്ശന്റെ പരിപാടികള്‍ക്ക് ചെല്ലുമ്പോള്‍ ആളുകള്‍ പലപ്പോഴും മുത്തശ്ശന്റെ കവിതകള്‍ ചൊല്ലാന്‍ നിര്‍ബന്ധിക്കാറുണ്ട്. ചെറുപ്പം മുതല്‍ക്കേ പാട്ടുകളോട് കമ്പം ഉണ്ടായിരുന്നു. പാട്ടു കേട്ടുറങ്ങുന്ന ശീലത്തിലൂടെ കുഞ്ഞുനാള്‍ മുതല്‍ പാട്ടുകള്‍ മൂളിത്തുടങ്ങി.

മിനി സ്ക്രീനിലെക്കുള്ള തുടക്കം

ഒന്നാം ക്ലാസ് മുതല്‍ മത്സരങ്ങള്‍ക്ക് പങ്കെടുത്തു തുടങ്ങിയിരുന്നു. ഏഷ്യാനെറ്റില്‍ മ്യൂസിക് റിയാലിറ്റി ഷോ ആയ മ്യൂസിക് ഓഫ് ദി വീക്കില്‍ ഫൈനല്‍ വരെ എത്തി. അത് കണ്ടാണ്‌ പിന്നീട് ഏഷ്യാനെറ്റില്‍ തന്നെ മഗരിസ അവതരിപ്പിക്കാന്‍ അവസരം ലഭിക്കുന്നത്. അത് മൂന്നു നാല് വർഷം അവതരിപ്പിക്കാന്‍ പറ്റി. വളരെ നല്ല വര്‍ഷങ്ങള്‍ ആയിരുന്നു അത്. കുട്ടികള്‍ അവതരിപ്പിക്കുന്ന പരിപാടി എന്ന പ്രത്യേകത കൂടി ഉണ്ടായിരുന്നു. ഷൂട്ടിനു വേണ്ടി കാത്തിരുന്ന ദിവസങ്ങള്‍. ഒരു ട്രിപ്പ്‌ പോലെയായിരുന്നു ഞങ്ങളുടെ യാത്രകള്‍. ഇപ്പോഴും ആ കുട്ടികളുമായും അവരുടെ കുടുംബവുമായും അടുപ്പമുണ്ട്. 

aprna-004 അപർണ രാജീവ്.

പിന്നീട് കൈരളിയില്‍ ജി. വേണുഗോപാല്‍ സാറിന്‍റെ കൂടെ ഗന്ധര്‍വ സംഗീതം എന്ന പരിപാടിയും അവതരിപ്പിക്കാനായി. അത് അവതരിപ്പിക്കുന്ന കാലത്താണ് രാജീവ് അഞ്ചല്‍ പറഞ്ഞിട്ട് മേഡ് ഇന്‍ യു എസ് എ എന്ന സിനിമയില്‍ പാടാന്‍ വോയിസ് ടെസ്റ്റിനു പോകുന്നത്. വിദ്യാസാഗര്‍ ആയിരുന്നു ആ പാട്ടിന്റെ സംഗീതം. അങ്ങനെയാണ് ആദ്യമായി പിന്നണി ഗാന രംഗത്തേക്ക് എന്‍റെ വരവ്. മുത്തശ്ശന്റെ വരികള്‍ തന്നെ ആയിരുന്നു അത്. അതൊരു വല്യ അനുഭവവും ഭാഗ്യവുമായി. മിഴികള്‍ സാക്ഷി എന്ന സിനിമയിലെ ഗാനത്തിനാണ് ഫിലിം ക്രിട്ടിക്സ് അവാര്‍ഡ് ലഭിക്കുന്നത്. ദക്ഷിണാമൂര്‍ത്തി സ്വാമിയുടെ സംഗീതം. 

പാട്ടുകാരനായ അച്ഛന്റെ സ്വാധീനം

അച്ഛന്‍ രാജീവ്. ഒ.എന്‍.വി. പാട്ടിനെ സ്നേഹിക്കുന്ന അച്ഛന്റെ മകളായി എന്നത് തന്നെ ആവണം എന്റെ കരിയര്‍ സംഗീതമായി ഞാന്‍ തിരഞ്ഞെടുക്കാനുള്ള ഒരു കാരണം. അച്ഛന്‍ പാട്ടിനെ കരിയര്‍ ആയി എടുത്തിട്ടില്ല എങ്കിലും അച്ഛന്‍ പാട്ടിനെ അത്രമേല്‍ സ്നേഹിക്കുന്നുണ്ട്. പഴയ പാട്ടുകളുടെ ഒരുപാട് കളക്ഷന്‍ അച്ഛനുണ്ട്‌. പാട്ട് ഇപ്പോഴും ഞങ്ങളുടെ അന്തരീക്ഷത്തിലുണ്ട്. മുത്തശ്ശന്റെ കവിതകള്‍ ഒക്കെ അച്ഛന്‍ കമ്പോസ് ചെയ്തു തരുമായിരുന്നു. കുറച്ചു സിനിമകളിലും അച്ഛന്‍ മ്യൂസിക് ചെയ്തിരുന്നു. അച്ഛന്റെ അഭിപ്രായങ്ങള്‍ പാട്ടുകള്‍ തിരഞ്ഞെടുക്കാന്‍ പലപ്പോഴും സഹായമായിട്ടുണ്ട്‌.

പാട്ടുകള്‍ തിരഞ്ഞെടുക്കുമ്പോള്‍ അച്ഛനോട് അപ്പോഴും ഇപ്പോഴും അഭിപ്രായം ചോദിക്കാറുണ്ട്. പാട്ടിന്റെ വഴിയില്‍ അച്ഛന്റെ സ്ഥാനം വളരെ വലുതാണ്‌. പക്ഷേ പാട്ട് തന്നെ കരിയര്‍ ആയി തിരഞ്ഞെടുക്കണം എന്ന് നിര്‍ബന്ധിച്ചിരുന്നില്ല. എന്‍റെ ശരികള്‍ തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം എപ്പോഴും വീട്ടില്‍ ഉണ്ടായിരുന്നു. പാട്ടിന് വേണ്ടി സമയം കണ്ടെത്തുകയും ചിലവഴിക്കുകയും ചെയ്യുന്ന ഒരാളാണ് അച്ഛന്‍. മുത്തശ്ശനെ പോലെ തന്നെ. 

പുതിയ ഗായകര്‍

പുതിയ ഗായകര്‍ ഒരുപാട് വന്നിട്ടുണ്ട്. പ്രത്യേകിച്ചും മ്യൂസിക് റിയാലിറ്റി ഷോകള്‍ വന്നതിനു ശേഷം. എല്ലാവര്‍ക്കും സിനിമയില്‍ അവസരം കിട്ടണം എന്നില്ല. കിട്ടാറുമില്ല. നല്ല ഗായകന്‍ എന്ന പേര് നേടാന്‍ സിനിമ തന്നെ വേണം എന്നില്ല. അത് ചിലര്‍ക്ക് കിട്ടുന്ന ഭാഗ്യം മാത്രമാണ്. അവസരങ്ങള്‍ ഉപയോഗിക്കുക, നല്ല ഗായകര്‍ ആവുക, ആളുകള്‍ അംഗീകരിക്കുക എന്നതാണ് പ്രധാനം. അവസരങ്ങള്‍ നഷ്ട്ടപ്പെടാന്‍ പലര്‍ക്കും പല കാരണങ്ങള്‍ ഉണ്ടാവും. പക്ഷേ മിക്കവാറും പലരും മറ്റു സംഗീതപരിപാടികളുമായി തിരക്കിലാണ് എന്നാണ് എനിക്ക് തോന്നാറുള്ളത്. 

aparna-003 അപർണ രാജീവ്.

ഏറ്റവും പ്രിയപ്പെട്ട പാട്ട്

ആദ്യമായി പാടിയ പാട്ട് ഒരിക്കലും മറക്കാന്‍ പറ്റില്ല. എന്നാല്‍ ഏറ്റവും പ്രിയപ്പെട്ട പാട്ട് അതാണ്‌ എന്ന് പറയാനാവില്ല. ഓരോ പാട്ടും പ്രിയപ്പെട്ടതാണ്. ഒരമ്മയ്ക്ക് സ്വന്തം കുഞ്ഞുങ്ങള്‍ എല്ലാം തുല്യരല്ലേ. ? അതുപോലെ തന്നെ. ദക്ഷിണാമൂര്‍ത്തി സ്വാമിയുടെ സംഗീതത്തില്‍ പാടാന്‍ പറ്റിയ പാട്ട് ഒരുപാട് സൗഭാഗ്യങ്ങള്‍ ജീവിതത്തില്‍ കൊണ്ടു തന്ന പാട്ടാണ്. അദ്ദേഹം തന്നെ പഠിപ്പിച്ചു പാടിക്കുകയായിരുന്നു. 

മുത്തശന്റെ വരികളും അച്ഛന്റെ സംഗീതവുമായി ഞാന്‍ ആദ്യം പാടുന്നത് കളഭമഴ എന്ന സിനിമയിലാണ്. അതിനു ശേഷം മണ്‍സൂണ്‍ എന്ന സിനിമയില്‍. എല്ലാ സ്വാതന്ത്ര്യങ്ങളും പാട്ടില്‍ അനുവദിച്ചു തരുന്ന ഒരാളാണ് മ്യൂസിക് ഡയറക്ടർ എന്ന നിലയില്‍ അച്ഛന്‍. വീട്ടില്‍ എല്ലാവര്‍ക്കും ഞാന്‍ പാട്ടിലേക്ക് വരണം എന്നുതന്നെയായിരുന്നു ആഗ്രഹം.

aparna-002 അപർണ രാജീവ്.

പക്ഷേ അതിനായി ആരും നിര്‍ബന്ധിച്ചിരുന്നില്ല എന്ന് മാത്രം. എം. ബി. എ കഴിഞ്ഞ് ക്യാമ്പസ് സെലെക്ഷന്‍ വഴി കിട്ടിയ ജോലി വേണ്ട എന്നു വെച്ചിട്ടാണ് പാട്ടിലേക്ക് തന്നെയുള്ള എന്‍റെ മടക്കം. മുത്തശ്ശന്റെ ആഗ്രഹം സഫലമായി കണ്ടപ്പോള്‍ മുത്തശ്ശന്‍ അതില്‍ ഒരുപാട് സന്തോഷിചിച്ചിരുന്നു. ഒപ്പം വീട്ടില്‍ ഓരോരുത്തരും. ആരുടെ പാട്ടുകള്‍ ആയാലും ഞാന്‍ പാടുന്നത് കേള്‍ക്കാന്‍ മുത്തശ്ശന് വളരെ ഇഷ്ടമായിരുന്നു. വീണ്ടും വീണ്ടും കേള്‍ക്കുമ്പോള്‍ നമുക്ക് മനസിലാവും മുത്തശ്ശന് ആ പാട്ട് അത്രമേല്‍ ഇഷ്ടപെട്ടിട്ടുണ്ട് എന്ന്. 

ജീവിതത്തില്‍ ഏറ്റവും സ്വാധീനിച്ച വ്യക്തി

മുത്തശ്ശനോളം മറ്റാരും എന്നെ സ്വാധീനിച്ചിട്ടില്ല. മുത്തശ്ശന്റെ മരണശേഷമാണ് ആ ശൂന്യത ശരിക്കും ബോധ്യപ്പെട്ടു തുടങ്ങിയത്. എന്‍റെ എല്ലാ കാര്യങ്ങളിലും മുത്തശ്ശന്റേതായ സ്പര്‍ശം വന്നു പോയിട്ടുണ്ട്. പരിപാടികള്‍ക്ക് പോകുമ്പോള്‍ തന്നെ ഏതൊക്കെ പാട്ടുകള്‍ ആണ് പാടുന്നത് എന്നും പരിപാടി കഴിഞ്ഞു വരുമ്പോള്‍ പ്രതികരണങ്ങളെക്കുറിച്ചും അനുഭവങ്ങളെക്കുറിച്ചും ചോദിക്കുമായിരുന്നു.  മുത്തശ്ശന്റെ ശീലങ്ങള്‍ തന്നെയാണ് അച്ഛനും പിന്തുടരുന്നത്. ഇനി എന്തൊക്കെ ഭാഗ്യങ്ങള്‍ സംഭവിച്ചാലും മുത്തശ്ശനോളം വല്യ ഭാഗ്യം ആവില്ലത്. അദൃശ്യം എങ്കിലും മുത്തശ്ശന്‍ എന്ന ശക്തി കൂടെ ഉണ്ട് എന്ന് എനിക്ക് മാത്രമല്ല ഞങ്ങള്‍ക്കെല്ലാവര്‍ക്കും തോന്നാറുണ്ട്. അതുമതി മുന്‍പോട്ടുള്ള യാത്രയ്ക്ക്. 

കുടുംബം

ഞാന്‍ ഒറ്റ മകളാണ്. ഭര്‍ത്താവ് സിദ്ധാർഥ്. മകന്‍ ഗൗതം. സിദ്ധാർഥിന്റെ വീട്ടില്‍ എല്ലാവരും പാട്ടിനും ജീവിതത്തിനും വളരെ അധികം സപ്പോര്‍ട്ട് തരുന്നവരാണ്. ആഗ്രഹിച്ച പോലെ തന്നെ ഒരു കുടുബം ലഭിച്ചു എന്നത് ഭാഗ്യമാണ്. വീട്ടില്‍ എങ്ങിനെ ആയിരുന്നോ പാട്ടിന് സപ്പോര്‍ട്ട് ലഭിച്ചിരുന്നത് അതുതന്നെ ഭര്‍ത്താവില്‍ നിന്നും അദ്ദേഹത്തിന്റെ വീട്ടുകാരില്‍ നിന്നും കിട്ടുന്നുണ്ട്‌. അതില്ലായിരുന്നു എങ്കില്‍ വിവാഹശേഷം പാട്ടില്‍ എനിക്കിത്ര സജീവമാകാന്‍ സാധിക്കില്ലായിരുന്നു. 

ഇഷ്ടങ്ങള്‍

പാട്ടു കേള്‍ക്കുക, പാടുക അതു തന്നെയാണ് ഇഷ്ട വിനോദം. നൃത്തം അഭ്യസിച്ചിരുന്നു. പക്ഷേ മറ്റൊന്നിനും ഇപ്പോള്‍ സമയം കിട്ടാറില്ല. ഇഷ്ടപ്പെട്ട പാട്ടുകളും പാട്ടുകാരും നിരവധിയാണ്. പ്രത്യേകിച്ചൊരു പേര് പറയാനാവില്ല. എല്ലാ ഭാഷയിലെയും പാട്ടുകള്‍ ഇഷ്ടമാണ്. പാടാനും കേള്‍ക്കാനും ഏറെ ഇഷ്ടം മെലഡി ആണ്. 

പുതിയ പ്രോജക്റ്റുകള്‍

പുതിയ സിനിമകള്‍ വരുന്നുണ്ട്. സിനിമ ഇറങ്ങിയ ശേഷമേ പാട്ടുകളെക്കുറിച്ച് കൂടുതല്‍ എന്തെങ്കിലും പറയാനാവൂ. അതാണ്‌ സിനിമ ഫീല്‍ഡിലെ അവസ്ഥ. കഴിഞ്ഞ വര്‍ഷം ഫുക്രി എന്ന സിനിമയിലും സംഗീത് ശിവന്‍റെ ഇ എന്ന സിനിമയിലും പാടി. രണ്ടും നല്ല പ്രോജക്റ്റ്‌ ആയിരുന്നു. വിദേശരാജ്യങ്ങളില്‍ പാട്ടുകള്‍ പാടാന്‍ അവസരം ലഭിക്കാറുണ്ട്.

aparna-01 അപർണ രാജീവ്.

സ്റ്റേജില്‍ പാടുന്ന സന്തോഷം മറ്റെവിടെയും ലഭിക്കാറില്ല. നേരിട്ട് പ്രതികരണം ലഭിക്കുന്ന ഇടങ്ങളാണ് സ്റ്റേജ് പ്രോഗ്രാമുകള്‍. ആസ്വാദകരുടെ സ്നേഹം നേരിട്ട് ലഭിക്കുന്നതിന്റെ സന്തോഷം മറ്റൊരു ജോലിയിലും ലഭിക്കാറില്ല. കോഴിക്കോടൊക്കെയുള്ള ജനങ്ങള്‍ അവരുടെ സ്നേഹം കുറച്ചധികം പ്രകടമാക്കും. നമുക്കറിയാത്തവര്‍ നമ്മളെ സ്നേഹിക്കുന്നതിന്റെ സുഖം. പാട്ടില്‍ ഇപ്പോഴും ഒരുപാട് പ്രതീക്ഷകളുണ്ട്. കാലം കരുതി വെച്ചിരിക്കുന്നത് എന്താണെന്ന് നോക്കാം. 

ജീവിതത്തില്‍ സംഗീതത്തിന്‍റെ സ്വാധീനം

പാട്ട് എന്‍റെ ജീവിതത്തില്‍ കലര്‍ന്നു പോയതാണ്. അതെപ്പോഴും ഉള്ളില്‍ ഇങ്ങനെ നിറഞ്ഞു നിന്നിരുന്നു. മറ്റൊരു ജോലി ചെയ്യുമ്പോഴും നാട്ടില്‍ നിന്ന് മാറി നില്‍ക്കുമ്പോള്‍ പോലും റെക്കോര്‍ഡിങ്ങിനു പോവുകയും പരിപാടികള്‍ അവതരിപ്പിക്കുകയും ചെയ്യാറുണ്ടായിരുന്നു. പാട്ടില്‍ നിന്ന് മാറി നിന്നിട്ടില്ല. അതെപ്പോഴും കൂടെയുണ്ട്. സംഗീതം ഇപ്പോഴും പഠിക്കുന്നുണ്ട്. എന്‍റെ ആദ്യ ഗുരു ഓമനക്കുട്ടി ടീച്ചര്‍ ആയിരുന്നു. സംഗീതം നമുക്ക് ഒരുപാട് സമാധാനം തരുന്ന ഒന്നാണ്.

ഏതു വിഷമത്തില്‍ നിന്നും നമ്മെ പിന്തിരിപ്പിക്കാന്‍ സംഗീതത്തിനു കഴിയും. വളരെ പോസിറ്റീവ് എനര്‍ജി തരുന്ന ഒന്നാണ് സംഗീതം. സിനിമയില്‍ അവസരങ്ങള്‍ നഷ്ടപ്പെട്ട അവസ്ഥയുണ്ടായിട്ടുണ്ട്. ചിലപ്പോള്‍ നമ്മള്‍ പാടിയ പാട്ടുകള്‍ മറ്റൊരാളുടെ പേരില്‍ കേള്‍ക്കേണ്ടി വരികയൊക്കെ ചെയ്യാറുണ്ട്. വിഷമം തോന്നാറുണ്ട് എങ്കിലും പാട്ടില്‍ നിന്ന് തിരിഞ്ഞു നടക്കാന്‍ അതൊന്നും കാരണമായി എടുക്കാറില്ല. നല്ല പാട്ടുകാരി ആവണം എന്ന ആഗ്രഹത്തിനപ്പുറം സിനിമയില്‍ തന്നെ പാടി പേരെടുക്കണം എന്നുള്ള വാശിയൊന്നും ഇല്ല. അതിനെ ഓര്‍ത്തു വിഷമിക്കാറില്ല. അതാണെന്റെ രീതി.