Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഈ അമ്മായി അത്ര ബഡായിക്കാരിയല്ല!

praseetha-0066 പ്രസീത മേനോൻ.

പ്രസീത  മേനോന്‍ എന്ന ചലച്ചിത്ര നടിയേയോ മിമിക്രി ആര്‍ട്ടിസ്റ്റിനേയോ അറിയാത്തവര്‍ പോലും അമ്മായിയെ അറിയും. മലയാളിപ്രേക്ഷകര്‍ക്ക് അത്രയ്ക്ക് പരിചിതമായ കഥാപാത്രമാണ് അമ്മായി. മിമിക്രി എന്ന കലാരൂപത്തിന് സ്വന്തമായി  മേല്‍വിലാസം ഉണ്ടാക്കിക്കൊടുത്ത കലാഭവന്‍ കാലത്തിന്റെ സംഭാവനയാണ് ഈ കലാകാരിയും. കേരളത്തിലെ ആദ്യത്തെ ഫീമെയില്‍ മിമിക്രി ആര്‍ട്ടിസ്റ്റ് എന്ന ബഹുമതിയുള്ള പ്രസീത വളരെ സക്സസ്ഫുള്‍ ആയ ഒരു ലീഗല്‍ പ്രൊഫഷനല്‍ കൂടിയാണ്. പ്രസീതയുടെ വിശേഷങ്ങള്‍ മനോരമ ഓണ്‍ലൈനിലൂടെ പങ്കു വയ്ക്കുന്നു...

 കേരളത്തിലെ ആദ്യത്തെ ഫീമെയില്‍ മിമിക്രി ആര്‍ട്ടിസ്റ്റ്?

സ്ത്രീകള്‍ അധികം കടന്നുവരാത്ത മേഖല എന്നൊന്നും എനിക്കന്ന് അറിയില്ലായിരുന്നു. ഏഴാം ക്ലാസില്‍ പഠിക്കുമ്പോഴാണ് മൂന്നാം മുറ എന്ന സിനിമയില്‍ അഭിനയിക്കുന്നത്. തൃപ്പൂണിത്തുറ ഹില്‍ പാലസില്‍  വച്ചായിരുന്നു ഷൂട്ടിങ്. അന്ന് ആ സെറ്റില്‍ ലാലേട്ടന്‍ ഉള്‍പ്പടെ മലയാളസിനിമയിലെ ഒട്ടുമിക്ക നടീനടന്മാരുമുണ്ട്. കുട്ടിയായതുകൊണ്ട് എല്ലാവരോടും സ്വാതന്ത്ര്യമാണ്. അടുത്തിടപഴകാനുള്ള അവസരങ്ങളുണ്ട്. പ്രതാപചന്ദ്രന്‍ ചേട്ടന്റെ പേരക്കുട്ടിയായിട്ടാണ് ഞാന്‍ ആ സിനിമയില്‍. ഇവരൊക്കെ വര്‍ത്താനം പറയുന്ന രീതിയൊക്കെ അന്നേ ഒബ്സേര്‍വ് ചെയ്യും. പക്ഷേ പരസ്യമായി അനുകരിക്കാന്‍  ചമ്മലാണ്. ബാത്‌റൂമില്‍ കയറി സെയ്ഫ് ആയിട്ട് ചെയ്യും. ഈ കലാപരിപാടി എന്റെ ചേച്ചിയാണ് ആദ്യം കൈയോടെ പിടിക്കുന്നത്. ബാത്‌റൂമില്‍ നിന്ന് പല പല സ്ത്രീ-പുരുഷശബ്ദങ്ങള്‍ കേള്‍ക്കുന്നു. അങ്ങനെയാണ് പതിയെ പബ്ലിക് ആയിട്ട് ചെയ്തു തുടങ്ങുന്നത്. ഇതിനൊക്കെ കോമ്പറ്റീഷന്‍ ഉണ്ടെന്നും നമുക്കും പങ്കെടുക്കാം എന്നൊക്കെ മനസ്സിലാകുന്നത് പിന്നീടാണ്. അതുവരെ സ്കൂളില്‍ നിന്നോ കോളേജില്‍ നിന്നോ  സ്ത്രീകള്‍ ആരും മിമിക്രി, മോണോ ആക്റ്റ് മത്സരങ്ങള്‍ക്ക്  പോയിത്തുടങ്ങിയിട്ടില്ല. അങ്ങനെ കേരളത്തിലെ ഫസ്റ്റ് ഫീമെയില്‍ മിമിക്രി ആര്‍ട്ടിസ്റ്റ് ആയി കലോത്സവങ്ങളില്‍ പങ്കെടുത്തു  തുടങ്ങി. പലതിനും സമ്മാനം കിട്ടി.. അന്നത് വാര്‍ത്തയായിരുന്നു.ടിനി ടോമും പക്രു ചേട്ടനുമൊക്കെയാണ് അന്നത്തെ താരങ്ങള്‍. 

പ്രോഗ്രാം കാലത്തെ അനുഭവങ്ങള്‍?

കലാഭവന്‍ പോലെയുള്ള ട്രൂപ്പുകള്‍ അന്നുതന്നെ  ഉണ്ട്. പുതിയ ഒരു സംഭവം വരുമ്പോള്‍ കോമ്പറ്റീഷന്‍ വരുമല്ലോ. പിന്നെ അവരും പുതിയത് കണ്ടുപിടിക്കണം. ഒരു പെണ്ണ് വന്ന്  അനുകരിക്കാന്‍ ബുദ്ധിമുട്ടുള്ള ഐറ്റംസ് വരെ ചെയ്യുന്നു. ആണുങ്ങള്‍ക്ക് സ്ത്രീശബ്ദം എടുത്തേ പറ്റൂ എന്ന അവസ്ഥ വന്നു. ഫീല്‍ഡിലെ ഇത്തരത്തിലുള്ള ഈഗോ, കോമ്പറ്റീഷന്‍ ഒന്നും അന്നെനിക്കറിയില്ലാരുന്നു. നമ്മള്‍ ഷോകള്‍ ചെയ്യുന്നു. വണ്‍ വുമണ്‍ ഷോ എന്ന നിലയ്ക്ക് അതൊക്കെ  ഹൈലൈറ്റ് ചെയ്യപ്പെടുന്നു. ശ്രദ്ധിക്കപ്പെടുന്നു അത്രേ ഉണ്ടായിരുന്നുള്ളൂ. ലാലേട്ടന്‍.മമ്മൂക്ക,മുകേഷേട്ടന്‍,ജയറാമേട്ടന്‍ ഇവരെയൊക്കെ അന്ന് അനുകരിച്ചിരുന്നു.

praseetha-003 പ്രസീത മേനോൻ.

ഏറ്റവും തമാശ എന്താണെന്നു വച്ചാല്‍ അന്ന് എനിക്ക് ഭീഷണിക്കത്തുകള്‍ വരുമായിരുന്നു. മേലാല്‍ തട്ടില്‍ കയറരുത് എന്നൊക്കെ പറഞ്ഞ്. അമ്മയ്ക്ക് പേടിയായി. എന്തിനാ വെറുതെ  ശത്രുത എന്നൊക്കെപ്പറഞ്ഞു. അതൊന്നും നമ്മള്‍ നോക്കേണ്ടതില്ല എന്ന് തന്നെയായിരുന്നു എന്റെ തീരുമാനം. ദൈവം ഒരു കഴിവ് തന്നു. അതിനു വേദി ഉണ്ടെങ്കിൽ എന്ത് പേടിക്കാനാണ്.കലാഭവന്‍ ഉള്‍പ്പെടെയുള്ള ട്രൂപ്പുകളുടെ ഭാഗമാകാന്‍  അന്നുതന്നെ ക്ഷണം ഉണ്ടായിരുന്നു എങ്കിലും ഞാന്‍ ട്രൂപ്പിന്റെ ഭാഗമാകുന്നതിൽ അമ്മയ്ക്ക് താൽപ്പര്യം ഉണ്ടായിരുന്നില്ല. സിനിമ ഉള്‍പ്പെടെയുള്ള പല ഭാഗ്യങ്ങളും മിമിക്രി വേദികള്‍ വഴി വന്നതാണ്. മിമിക്രിയില്‍ നിന്ന് വന്നെങ്കിലും പക്ഷേ ഒരേ ഒരു സിനിമയിലെ മിമിക്രി കാണിച്ചിട്ടുള്ളൂ. കാസര്‍ഗോഡ്‌ കാദര്‍ ഭായിയില്‍.

ലീഗല്‍ പ്രൊഫഷന്‍?

എന്റെ അച്ഛന്‍ വക്കീലാണ്. ഞങ്ങള്‍ നാല് കുട്ടികളാണ്.ര ണ്ട് ഏട്ടന്മാര്‍ എഞ്ചിനീയര്‍മാര്‍ ആണ്. ചേച്ചി ഹോട്ടല്‍ മാനേജ്മെന്റ് ചെയ്തു. ട്രെന്‍ഡ് അനുസരിച്ച് ആ സമയത്ത് എന്നോട് ബി ബി എയ്ക്ക് ചേരാനാണ് അച്ഛന്‍ പറഞ്ഞത്. പക്ഷേ എനിക്ക് എല്‍ എല്‍ ബി ആയിരുന്നു താൽപ്പര്യം.ബെംഗളൂരുവിലാണ് എല്‍ എല്‍ ബി ചെയ്തത്. 2005ല്‍ എന്‍റോള്‍  ചെയ്തു. ആദ്യം അച്ഛന്റെ കൂടെ പ്രാക്റ്റീസ് ചെയ്തു. വക്കീലന്മാരുടെ ഫീല്‍ഡില്‍  എപ്പോഴും ‘നരച്ച’ ആളുകള്‍ക്കാണല്ലോ സ്കോപ്പ്. പ്രൊഫഷണില്‍ പേരെടുക്കാനും ഫിനാന്‍ഷ്യലി സെറ്റില്‍ ആകാനും ഒരുപാട് സമയമെടുക്കും. ആ സമയത്തും പ്രോഗ്രാംസ് ചെയ്തിരുന്നു. ഇപ്പോള്‍ എട്ടു വര്‍ഷത്തോളമായി കോര്‍പ്പറേറ്റ് കമ്പനിയില്‍ ലീഗല്‍ മാനേജര്‍ ആണ്.

അമ്മായിയോടുള്ള പ്രതികരണം?

നിങ്ങള്‍ ഒരു വക്കീല്‍ അല്ലേ, എന്തിനാണ് ഇങ്ങനെ ചെയ്യുന്നത് എന്നൊക്കെ ചിലര്‍ ചോദിക്കും. രണ്ടും രണ്ടാണ് എന്നേ എനിക്കവരോട് പറയാനുള്ളൂ. വക്കീല്‍ എന്ന് പറയുന്നത് ആളുകളെ ഹെൽപ്പ് ചെയ്യുന്ന, സപ്പോര്‍ട്ട് ചെയ്യുന്ന  എന്റെ ജോലിയാണ്. മറ്റേത് അഭിനയമാണ്. രണ്ടും രണ്ടായിട്ട് കാണുക. ഞാന്‍ അത്രേ കാണുന്നുള്ളൂ. നിങ്ങള്‍ക്ക് അത് പറ്റുന്നില്ല എങ്കില്‍ മാറേണ്ടത് നിങ്ങളുടെ  ആറ്റിറ്റ്യൂഡാണ്. നമ്മള്‍ മലയാളികള്‍ ചില കാര്യങ്ങളില്‍ റിജിഡാണ്. ബോളിവുഡിലും ഹോളിവുഡിലും ഒക്കെ  എന്തെങ്കിലും മേയ്ക്ക് ഓവര്‍ വരുമ്പോ അത് പൊക്കിപ്പിടിക്കും. ഇവിടെ വരുമ്പോ എന്തിനാ എന്നുള്ള മട്ടാണ്. ഞാന്‍ വിമര്‍ശനങ്ങള്‍ വെറുതെ വിട്ടു കളയും. അത്രേയുള്ളൂ. അമ്മായി എന്നൊക്കെ പണ്ട് മോശമായി പ്രയോഗിച്ചിരുന്നവരുണ്ട്. ഇപ്പോൾ അമ്മായി എന്ന് പറഞ്ഞാല്‍ ഒരു ബഹുമാനമുണ്ട്. പലരും  പറയും നിങ്ങൾ അമ്മായിമാര്‍ക്ക് ഒരു ആത്മാഭിമാനം ഉണ്ടാക്കി തന്നു എന്ന്.

ജീവിതത്തെ സ്വാധീനിച്ച സ്ത്രീകള്‍?

അത്  എന്റെ അമ്മ രാധാ ഗോപാലകൃഷ്ണന്‍ തന്നെയാണ്. ലൈഫില്‍ ഇന്നുള്ള  ഒരു ഊര്‍ജ്ജം, ലൈഫിനെ കാണുന്ന കാഴ്ചപ്പാട് ഒക്കെ എന്റെ അമ്മയില്‍ നിന്നാണ് കിട്ടിയത്. ഒരിക്കലും അമ്മ കരയുന്നതോ ജീവിതത്തിലെ ഏതെങ്കിലും  അവസ്ഥ ആലോചിച്ച്  വിഷമിക്കുന്നതോ കണ്ടിട്ടില്ല. പല തരത്തില്‍ തിരിച്ചടികള്‍ നേരിട്ട ഒരു കുടുംബമായിരുന്നു അമ്മയുടേത്. ബട്ട് ഷി വാസ് എ വെരി സ്ട്രോങ്ങ്‌ വുമണ്‍. ഒരു  ലീഡര്‍ ആയിരുന്നു. എന്ത് വന്നാലും ചിരിച്ച്  കൊണ്ട് നേരിടും.

praseetha-002 പ്രസീത മേനോൻ.

ഒരു സംഭവം ഓര്‍മ്മയില്‍ വരുന്നുണ്ട്. ഒരു ഗള്‍ഫ് ഷോ. അന്നൊക്കെ വല്യ സംഭവമാണല്ലോ. പോകുന്നതിനു മുന്‍പ് ചെറിയ ചില പര്‍ച്ചേസിന് വേണ്ടി ബ്രോഡ് വെയില്‍ പോയി. ഇടയ്ക്ക് അമ്മ മെഡിക്കല്‍ഷോപ്പില്‍ കയറുന്നത് കണ്ടു. പനിക്കൊക്കെയുള്ള മരുന്നുകള്‍ കരുതാനാണ്‌ എന്നാണ് വിചാരിച്ചത്. പക്ഷേ അമ്മ ബര്‍നോള്‍ ആണ് വാങ്ങിയത്.എന്തിനാണ് എന്ന് ചോദിച്ചിട്ട് പറയുന്നുമില്ല. വീട്ടില്‍ വന്നിട്ട് ഞാന്‍ ചോദിച്ച്  ചോദിച്ച് ശല്യം കൂടിയപ്പോഴാണ് അമ്മ കാല് കാണിച്ച് തരുന്നത്. ഒരു വശം മുഴുവന്‍ ഇങ്ങനെ പൊള്ളി വിങ്ങിയിരിക്കുന്നു. രാവിലെ കൂട്ടാന്‍ ഉണ്ടാക്കി മാറ്റി വച്ചപ്പോള്‍ മുഴുവന്‍ കൂടെ കാലിലേക്ക് മറിഞ്ഞതാണ്. ആരോടും പറഞ്ഞില്ല. അതും വച്ചിട്ടാണ് ഷോപ്പിങ്ങിനു പോയതും എല്ലാം റെഡിയാക്കിയതും. എന്ത് വന്നാലും  ചിരിച്ചു കൊണ്ട് നില്‍ക്കുന്ന വ്യക്തിയായിരുന്നു എന്റെ അമ്മ. ഇന്നും എന്തൊക്കെ വന്നാലും. ഇതും കടന്നുപോകും എന്നൊരു ധൈര്യം. അത് ഞങ്ങളിലേക്കു തന്നത് അമ്മയാണ്. എല്ലാം വീട്ടില്‍ നിന്ന് തുടങ്ങുന്നതാണല്ലോ. ധൈര്യം, സപ്പോര്‍ട്ട് എല്ലാം ആദ്യം  വീട്ടില്‍ നിന്ന് കിട്ടണം. അപ്പോള്‍ നമ്മള്‍ ഓപ്പണ്‍ അപ്പ് ചെയ്യാന്‍ പഠിക്കും. ആ ധൈര്യത്തിലേക്കുള്ള വാതില്‍ തുറന്നു കൊടുക്കാന്‍ ഒരാള്‍ വേണമെന്നേയുള്ളൂ.പിന്നീട് അത് സ്വയം തന്നെ കണ്ടെത്തിക്കോളും.

വനിതാദിനം ഒരു സന്ദേശം ?

praseetha-menon പ്രസീത മേനോൻ.

കാലഘട്ടങ്ങള്‍ മാറി മറിഞ്ഞ് കൊണ്ടിക്കും. നമ്മള്‍ സമയത്തിന്‍റെ ആ ഒഴുക്കിലാണ്. അതിനിടയില്‍ പല തടസ്സങ്ങള്‍ ഉണ്ടാവും. അതൊക്കെ ചങ്കൂറ്റത്തോടെ ഫെയ്സ് ചെയ്യുക. ഐ കാന്‍ എന്ന് വിചാരിച്ചാല്‍ സാധിക്കാവുന്ന കാര്യങ്ങള്‍ മാത്രമേ ലോകത്തുള്ളൂ .നമ്മുടെ ഇന്നര്‍ സ്ട്രെങ്ത്  തകര്‍ക്കാന്‍ ആരെയും അനുവദിക്കാതിരിക്കുക.അങ്ങനെയുള്ളവരെ സാധ്യമെങ്കില്‍ ജീവിതത്തില്‍ നിന്ന് ഒഴിവാക്കുക. എല്ലാവരും തിരക്കുകളില്‍ പാഞ്ഞുകൊണ്ടിരിക്കുകയാണ്. ഓടിയേ പറ്റൂ. പക്ഷേ അതിനിടയില്‍ വീണു കിട്ടുന്ന ചെറിയ നിമിഷങ്ങള്‍. ഫാമിലിയാവാം, വര്‍ക്ക് ആവാം .ചെറിഷ് ചെയ്യുക. എല്ലാത്തിന്റേയും ഒടുവില്‍ ജീവിതത്തിന്റെ കണക്ക് പുസ്തകത്തില്‍ അതൊക്കെയേ ബാക്കി കാണൂ. ആര്‍ക്കെങ്കിലും ഒരു സന്തോഷം കൊടുത്ത്, അല്ലെങ്കില്‍ സഹായിക്കാൻ സാധിച്ചു എന്നൊക്കെയുള്ള കാര്യങ്ങളെ നില നില്‍ക്കൂ. കുടുംബം മിസ്‌ ചെയ്യരുത്. അവിടെ നിന്ന് കിട്ടുന്നതാണ് നമ്മള്‍ പുറത്ത് കൊടുക്കുന്നത്. ഞാന്‍ ഹാപ്പിയാണ്,കറക്റ്റ് ആണ് എന്ന് തോന്നിപ്പിക്കുന്ന കാര്യങ്ങള്‍ മാത്രം ചെയ്യുക. അതിലപ്പുറം സ്വയം കണ്ടെത്തല്‍ ഒന്നും വേണ്ട. ബാക്കിയെല്ലാം തനിയെ വന്നുകൊള്ളും.