Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നീനൂ... ഞങ്ങളുണ്ട് നിനക്കൊപ്പം

neenu.jpg.image.784.410

നീനു, കേരളത്തെ നടുക്കിയ ദുരഭിമാനക്കൊലയിലെ ജീവിക്കുന്ന രക്തസാക്ഷി. കെവിനൊപ്പം ജീവിക്കാൻ ചങ്കുറപ്പോടെ ഇറങ്ങിപ്പുറപ്പെട്ട ആ പെൺകുട്ടി, സ്വന്തം കുടുംബവും പൊലീസും കാട്ടിയ അനീതിയുടെ ഇരയായി,  കണ്ണുനീർത്തുള്ളിയാ യി നമുക്കുമുന്നിൽ.  സാക്ഷരതയിലും സംസ്കാരത്തിലും ഒന്നാമത് എന്ന് അഭിമാനിക്കുന്ന കേരളത്തെ പൊള്ളിക്കുന്നതാണ് ആ കണ്ണുനീർ. നമ്മുടെ നാടിന്റെ യാത്ര പിന്നിലേക്കോ?  പുതുകാലത്ത് സമൂഹത്തിലെ വിവിധ മണ്ഡലങ്ങളിൽ സജീവമായി ഇടപെടുന്ന വനിതകൾ പ്രതികരിക്കുന്നു. 

മാറിച്ചിന്തിക്കേണ്ട സമയം അതിക്രമിച്ചു

 

(ധന്യ രാമൻ , ദലിത് ആക്ടിവിസ്റ്റ്)

ജാതിചിന്തയും സാമൂഹികമാറ്റവും പരസ്പരപൂരകങ്ങളായ വാക്കുകളാണ്. കേരളം രൂപീകരിച്ച് 60 വർഷം കഴിഞ്ഞിട്ടും തുല്യതയിലേക്ക് എത്താൻ മലയാളിയുടെ മനസ്സിനു കഴിയുന്നില്ല. ഫാഷിസമല്ല, വംശീയതയാണ് വലിയ വിഷം. കേരളത്തിലെ മറ്റു സ്ത്രീകൾ അനുഭവിക്കുന്നതിന്റെ നാലിരട്ടി പ്രശ്നങ്ങൾ ദലിത് സ്ത്രീകൾ അനുഭവിക്കേണ്ടിവരുന്നു എന്നതു യാഥാർഥ്യമാണ്. സാമൂഹികവിലക്കിന്റെ കമ്പിളിപ്പുതപ്പുമായാണ് ദലിതർ പിറന്നുവീഴുന്നത്, സ്ത്രീകൾ പ്രത്യേകിച്ചും. 

പഠിക്കാനായി പോകുമ്പോൾ അടയാളപ്പെടുത്തുന്നതു ജാതിയുടെ അടിസ്ഥാനത്തിലാണ്. ഈ അടയാളപ്പെടുത്തൽ ജീവിതകാലം മുഴുവൻ തുടരുന്നു; ഒരു രീതിയിൽ അല്ലെങ്കിൽ മറ്റു രീതിയിൽ. പലപ്പോഴും ഞങ്ങളെ കേൾക്കാൻ പോലും സമൂഹം തയാറാകുന്നില്ല. പ്രണയിക്കാൻ പോലും ജാതി നോക്കേണ്ട സാഹചര്യം. ഇടതുസർക്കാർ അധികാരത്തിലെത്തി, രണ്ടുവർഷത്തിനിടെ കേരളത്തിൽ 20–ാമത്തെ ദലിത് കൊലപാതകമാണു കെവിന്റേത്. കോട്ടയം ജില്ലയിൽ അഞ്ചുവർഷത്തിനിടെ 14–ാമത്തെ കൊലപാതകം. രാഷ്ട്രീയം മുതൽ കസ്റ്റഡി കൊലപാതകങ്ങൾ വരെ ഇക്കൂട്ടത്തിലുണ്ട്. കെവിന്റെ വീട്ടിലായിരുന്നു ഇന്നലെ മുഴുവൻ. 

സ്വന്തമായി ഭൂമിയും വീടുമില്ലാത്തവരാണ് കെവിന്റെ കുടുംബം. കെവിന്റെ സഹോദരി ബിരുദാനന്തരബിരുദം പൂർത്തിയാക്കിയ കുട്ടിയാണ്. സ്വന്തമായി അധ്വാനിച്ച് ജീവിതം കെട്ടിപ്പടുക്കാനുള്ള ശ്രമത്തിലായിരുന്നു കെവിൻ. ഇതേ പ്രണയത്തിന്റെ പേരിൽ നേരത്തേ രണ്ടോ മൂന്നോ തവണ കെവിനെതിരെ കൊലപാതക ശ്രമമുണ്ടായിട്ടുണ്ട്. എന്നിട്ടും അവനെ സംരക്ഷിക്കാൻ നമ്മുടെ പൊലീസിനു കഴിഞ്ഞില്ല. 

ഏതെങ്കിലുമൊരു സവർണജാതിക്കാരനായിരുന്നു കെവിനെങ്കിൽ അവൻ ഇപ്പോഴും ജീവിച്ചിരുന്നേനെ. ഇനിയൊരാളും ഇങ്ങനെ ചെയ്യരുതെന്ന മുന്നറിയിപ്പുകൂടിയാണ് ഈ കൊലപാതകം. നമ്മൾ ഓരോരുത്തരും മാറിച്ചിന്തിക്കേണ്ട സമയമായി. എങ്കിൽ മാത്രമേ മുന്നോട്ടുപോകാനാകൂ. 

ജാതിയുടെ തുലാസ്സിൽ പ്രേമത്തെ തൂക്കുമ്പോൾ 

 

(അശ്വതി ജ്വാല, സാമൂഹിക പ്രവർത്തക)

നമ്മുടെ സാമൂഹിക ഇരട്ടത്താപ്പിന്റെ ഇരയായി മാറുകയായിരുന്നു കെവിൻ. പണത്തിന്റെയും ജാതിയുടെയും തുലാസ്സിൽ അവന്റെ പ്രേമം വച്ചു തൂക്കിയവർക്ക് അളവൊപ്പിക്കാൻ അവന്റെ ആയുസ്സ് എടുത്തു മാറ്റേണ്ടിവന്നു. മലയാളികൾ ഇരട്ടമുഖമുള്ളവരാണെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. പുറമേ പറയുന്ന കാര്യമല്ല, ഉള്ളിൽ. സഹജീവി സ്നേഹവും കാരുണ്യവും പ്രസംഗിക്കുന്ന പലരും, റോഡിൽ ഒരാൾ അവശനായി കിടക്കുന്നതു കണ്ടാൽ മുഖംതിരിച്ചു പോകും. ജാതിമതഭേദങ്ങൾക്കെതിരെ പ്രസംഗിക്കുന്നവർ സ്വന്തം കുടുംബത്തിലെ വിവാഹങ്ങളിൽ ഗോത്രം വരെ നോക്കും. ഇങ്ങനെയൊരു ഇരട്ടമുഖമാണ് കെവിന്റെ ജീവനെടുത്തതും.

women-00336 ജി.രജിത,ആര്യാ ഗോപി,ശ്രുതി നമ്പൂതിരി,ബിന്ദി രാജഗോപാൽ.

കെവിൻ പ്രബുദ്ധ മലയാളിയുടെ ജാതിവെറിയുടെ ഇരയാണ്. സ്നേഹിച്ച പെണ്ണും അവനും ഒരു മതത്തിൽപെട്ടവരായിട്ടു പോലും അവന്റെ പൈതൃകം അവർക്കു ദഹിച്ചില്ല. കെവിൻ ഒരു തുടക്കമല്ല. മലപ്പുറത്തെ ആതിരയ്ക്കു ജീവൻ നഷ്ടമായത് സ്വന്തം അച്ഛന്റെ ജാതിചിന്ത മൂലമാണ്. മറ്റു സംസ്ഥാനങ്ങളിലെ ജാതിചിന്തകളെ നമ്മൾ പരിഹസിച്ചുകൊണ്ടിരിക്കുമ്പോഴാണ് ഇവരൊക്കെ നമുക്കിടയിൽത്തന്നെ ക്രൂരമായി കൊല്ലപ്പെട്ടത്. ഈ മുഖങ്ങൾ മനസ്സിൽ തെളിയുമ്പോൾ നമുക്കെങ്ങനെ പറയാൻ കഴിയും നമ്മൾ ജാതിവെറിക്ക് അതീതരാണെന്ന്? 

കെവിനെ മരണത്തിലേക്ക് എറിഞ്ഞുകൊടുത്ത നമ്മുടെ പൊലീസിനെ എന്തു വിളിക്കണം?  ഈ പൊലീസിനെ വിശ്വസിച്ചാണോ നമ്മൾ വീട്ടിൽ സമാധാനത്തോടെ കിടന്നുറങ്ങേണ്ടത്? നമ്മുടെ ഉറ്റവരെ പുറത്തേക്കു വിടേണ്ടത് ? കെവിൻ ഇന്നത്തെ ദുഃഖമാണെങ്കിൽ, നീനു നാളത്തെ ആശങ്കയാണ്.

തെളിഞ്ഞുവന്നത് നമ്മുടെ ജീർണത 

 

(ജി.രജിത, വനിതാ സംഘടനയായ സഖി പ്രവർത്തക.)

ഇഷ്ടപ്പെട്ട പെൺകുട്ടിയെ വിവാഹം കഴിച്ചതിന്റെ പേരിൽ കൊല്ലപ്പെട്ട കെവിൻ, സാംസ്കാരികമായും സാമൂഹികമായും ഉന്നതരെന്നു സ്വയം അഹങ്കരിക്കുന്ന കേരള സമൂഹത്തിന്റെ ജീർണത ഒരിക്കൽക്കൂടി തുറന്നുകാട്ടി. പുറമേ, ജാതിചിന്തകൾക്ക് അതീതരെന്നു ഭാവിക്കുന്നവരുടെ ഉള്ളിലെ വർണവെറിയുടെ മറ്റൊരു ഉദാഹരണം! അതിനെക്കാളുപരി, ഒരു സ്ത്രീക്ക് അവളുടെ ജീവിതം സ്വയം തിരഞ്ഞെടുക്കാൻ അനുവാദമില്ല എന്ന പുരുഷാധിപത്യ സമൂഹത്തിന്റെ മനോഭാവം ഇനിയും മാറിയിട്ടില്ല എന്ന യാഥാർഥ്യം, ലജ്ജിപ്പിക്കുന്നു. കൊലപാതകികളുടെ രാഷ്ട്രീയം ചികഞ്ഞ് പരസ്പരം കുറ്റപ്പെടുത്തുമ്പോഴും പാർട്ടിയിൽനിന്നു പുറത്താക്കി പ്രായശ്ചിത്തം ചെയ്യുമ്പോഴും നമ്മുടെ യുവാക്കളുടെ ചിന്തകളെ ഗുണപരമായി സ്വാധീനിക്കാൻ ഒരു പ്രത്യയശാസ്ത്രത്തിനും കഴിയുന്നില്ല എന്നതാണു യാഥാർഥ്യം. സങ്കുചിത ചിന്തകളുടെ വിളനിലമാകുകയാണോ കേരളത്തിലെ യുവജനത? 

വിദ്യാഭ്യാസമായാലും ജോലി ആയാലും വിവാഹമായാലും സ്വയം തിരഞ്ഞെടുപ്പുകൾ നടത്താനുള്ള സ്ത്രീയുടെ അവകാശത്തെ മാനിക്കുന്ന, പിന്തുണയ്ക്കുന്ന ഒരു സമൂഹവും അക്രമങ്ങൾ ആണത്തത്തിനു യോജിക്കുന്നതല്ല എന്നു തിരിച്ചറിയുന്ന യുവതലമുറയുമാണ് നാളെയുടെ പ്രതീക്ഷ. 

പ്രണയമാണ്, ഏറ്റവും വലിയ ആത്മാഭിമാനം

 

(ആര്യാ ഗോപി, എഴുത്തുകാരി)

ഇത്രയധികം ജീവവിശ്വാസങ്ങളെ കപടാഭിമാനത്തിനായി ബലി നൽകേണ്ടിവരുന്ന ഒരു കാലം ഓർമയിൽ ഇല്ല. ‘പ്രബുദ്ധത’യെന്ന വാക്ക് മലയാളിക്കൊപ്പം ചേർത്തുവായിക്കാൻ നാം ഭയക്കേണ്ടതുണ്ട് ഇനിയങ്ങോട്ട്. ഒരാളുടെ പേരുകൊണ്ടോ രീതികൾകൊണ്ടോ ജാതിയോ മതമോ തിരയേണ്ടിവന്ന ഒരു സാഹചര്യം ബാല്യത്തിലുണ്ടായിട്ടില്ല. അന്ന് കൂടെപഠിച്ചവരൊക്കെ അച്ഛൻപേരോ ചുരുക്കപ്പേരോ സ്വന്തം പേരിനോടു ചേർത്തുവച്ചവരായിരുന്നു. പിന്നീടു ചിലരെയൊക്കെ സമൂഹമാധ്യമങ്ങളിൽ കണ്ടപ്പോൾ പലരും അച്ഛൻപേരൊക്കെ ഉപേക്ഷിച്ച് ‘അഭിമാനി’കളായിത്തീർന്നിരുന്നു. ജാതിവാലുകൾ അവർ ഗർവോടെ പേരിനൊപ്പം ചാർത്തി. ചിലർ മക്കൾക്കും ജാതിസവർണതയുടെ ദുർഗന്ധം പകർന്നുകൊടുത്തു. ദുരഭിമാനക്കൊലയുടെ പ്രതികളെ കണ്ടെത്താൻ ദൂരെയൊന്നും പോകേണ്ടതില്ല എന്നു തോന്നുകയാണ്. സവർണനെന്നും അവർണനെന്നും നാം വേർതിരിവുകൾ വരയ്ക്കുന്നിടത്തുതന്നെയുണ്ട്, കെവിനെ കൊന്നവർ. 

പൊലീസല്ല, പട്ടാളമിറങ്ങിയാലും ജാതിവെറിപൂണ്ട മനസ്സിനെ ഒന്നു തൊടാനാകുമോ? പണം പറയുന്നിടത്ത് പ്രണയവും വിവാഹവും വരിനിൽക്കുന്ന ഒരു കെട്ടകാലമായിപ്പോയല്ലോ ഇത്! മനുഷ്യരെല്ലാം ഒരേജാതിയിൽപെട്ടവരെന്നു പറഞ്ഞതു നാരായണ ഗുരുവാണ്. ശ്രീബുദ്ധനും പറഞ്ഞതു മറ്റൊന്നായിരുന്നില്ല. ആണും പെണ്ണും ട്രാൻസ്ജെൻഡറും എന്നതല്ലാതെ വേറെന്തു ജാതി! അന്യമതത്തിൽ പിറന്നൊരാളെ എട്ടുവർഷത്തോളം അഗാധമായി പ്രണയിക്കുകയും രണ്ടു വീട്ടുകാരുടെയും ഹൃദയസമ്മതത്തോടെ ഏഴുവർഷം മുൻപ് അനാർഭാടമായി വിവാഹം കഴിക്കുകയും ചെയ്ത ഒരാളെന്ന നിലയിൽ, എനിക്കൊരു കാര്യം ഉറപ്പിച്ചു പറയാനാകും: മതമോ ജാതിയോ അല്ല, മനുഷ്യസ്നേഹം മാത്രമാണ് നമ്മളെ ജീവിക്കാൻ പ്രേരിപ്പിക്കുന്നത്. പ്രണയം എന്നത് ഏറ്റവും വലിയ ആത്മാഭിമാനമാണ്. ജാതിക്കും മതത്തിനും പണത്തിനും നേടിത്തരാൻ കഴിയാത്ത ‘ആത്മപ്രകാശം’ അത് കാട്ടിത്തരുന്നു. പ്രണയമെന്നത് നീനുവിന് ആത്മാഭിമാനമായിരുന്നിരിക്കണം. ജാതിക്കും മതത്തിനും പണക്കൊഴുപ്പിനുമപ്പുറം അവളതിനെ പ്രതിഷ്ഠിച്ചിരുന്നല്ലോ? അത് അദൃശ്യമായി അവശേഷിക്കുന്നിടത്തോളം ആ പ്രണയം ഒരിക്കലും പരാജയപ്പെടുന്നില്ല... 

നീനു, ആൾക്കൂട്ടത്തെ വിശ്വസിക്കേണ്ട 

 

(ശ്രുതി നമ്പൂതിരി, ഡോക്യുമെന്ററി സംവിധായിക)

നീനുവിന്റെ പരാതിയിൽ അടിയന്തരമായി ഇടപെടേണ്ട സമയത്ത്, പോയി പിന്നീടു വരിക എന്നു പറഞ്ഞ പൊലീസ് കളങ്കപ്പെടുത്തിയതു സ്വന്തം അന്തസ്സു മാത്രമല്ല, ഈ നാടിന്റെ അന്തസ്സിനെയാണ്. തട്ടിക്കൊണ്ടുപോകലൊന്നും അത്ര ഗൗരവമുള്ള കാര്യമല്ലെന്ന് ആ പൊലീസുകാരനടക്കം എല്ലാവർക്കും തോന്നിത്തുടങ്ങിയിരിക്കുന്നു. ഇതാണ് പുതിയ കേരളത്തിന്റെ മുഖം. 

തലതാഴ്ത്തി നിൽക്കേണ്ടി വരുമ്പോഴും ഞാൻ ഉറക്കെപ്പറയുന്നു, ഞാൻ ഇടതുപക്ഷമാണെന്ന്. ഇടതുപക്ഷമെന്നത് ഏതെങ്കിലും പാർട്ടിയല്ല; അതു മനുഷ്യസ്നേഹമാണ്. രാഷ്ട്രീയത്തേക്കാളുപരി മനുഷ്യസ്നേഹം തുളുമ്പുന്നവരുടെ കൂട്ടായ്മ. പ്രതിയായ ആളെ സംഘടനയിൽനിന്നു പുറത്താക്കിയെന്നു പറയുമ്പോൾ എന്നെ പേടിപ്പെടുത്തുന്ന കാര്യം, ഇവരെപ്പോലുള്ളവർ എങ്ങനെ സംഘടനയ്ക്കുള്ളിൽ വന്നു എന്നതാണ്. എല്ലാ പാർട്ടികളിലും ഇത്തരക്കാരുണ്ട്. പാർട്ടിയിലെ പദവി പങ്കുവയ്ക്കുമ്പോഴും സ്ഥാനാർഥിയെ നിശ്ചിക്കുമ്പോഴും ജാതി‌ നോക്കുന്നവരാണു കേരളത്തെ ഈ വിപത്തിലേക്ക് എത്തിച്ചത്. 

ദുരഭിമാനക്കൊലയ്ക്ക് എതിരെ പ്രതിജ്ഞയെടുത്തിട്ടോ മെഴുകുതിരി കത്തിച്ചിട്ടോ കാര്യമില്ല. പ്രിയപ്പെട്ട നീനു, ഇപ്പോഴുള്ള ആൾക്കൂട്ടത്തെയൊന്നും വിശ്വസിക്കരുത്. നിനക്കു നീ മാത്രമെ ഉണ്ടാകൂ. എന്റെ മുന്നിൽ നടന്ന എത്രയോ പേർ നിശ്ശബ്ദരായി നിൽക്കുന്നതു ഞാനിപ്പോൾ കാണുകയാണ്. ആരുടെയും തണലില്ലാതെ, അന്തസ്സോടെ കെവിന്റെ മാതാപിതാക്കളെ നോക്കാനുള്ള വഴി നീതന്നെ കണ്ടെത്തണം. ആൾക്കൂട്ടം പുതിയ ഉത്സവങ്ങൾ തേടിപ്പോകും. നാളെ നീ അന്തസ്സോടെ പറയണം: ‘ഞാൻ കെവിന്റെ ഭാര്യയാണ്’. അതൊരു ഊർജമായി ചിലരുടെയെങ്കിലും മനസ്സിൽ നിറയണം. 

കെട്ടുകൾ പൊട്ടിച്ചിതറട്ടെ 

 

ബിന്ദി രാജഗോപാൽ  (ചിത്രകാരി)

സ്വാർഥതയും വാശിയും ഇതിനെല്ലാം മുകളിൽ ജാതിചിന്തയും ഒറ്റയ്ക്കാക്കിയ നീനുവിനൊപ്പം ഞാനുമുണ്ട്. ചിന്തിക്കാൻ കഴിവുള്ള, മനുഷ്യബന്ധങ്ങളെ ജാതിക്കതീതമായി കാണാൻ കഴിയുന്ന എല്ലാവരും നീനുവിനൊപ്പമാണ്. സ്നേഹത്തെ ജാതിയുടെയും മതത്തിന്റെയും കെട്ടുകളിൽനിന്നു പൊട്ടിച്ചെറിയാനുള്ള വലിയ വിപ്ലവങ്ങൾക്കു നീനുവൊരു തുടക്കമാകട്ടെയെന്ന് ആഗ്രഹിക്കുന്നു.  ജീവിതപങ്കാളികളെ തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം സ്ത്രീക്കും പുരുഷനുമുണ്ട്. 

വധൂവരൻമാരെ സന്തോഷത്തോടെ, സ്വാതന്ത്ര്യത്തോടെ, സമാധാനത്തോടെ ജീവിക്കാനനുവദിക്കുകയെന്നതാണു സമൂഹത്തിന്റെയും കുടുംബത്തിന്റെയും ഉത്തരവാദിത്തം. 

women-0223 ഫസീല,സയനോര, അശ്വതി ജ്വാല, ധന്യ രാമൻ.

പരസ്പരം മനസ്സിലാക്കി, പരസ്പരം പിന്തുണ നൽകിയുള്ള ജീവിതമാണു ദാമ്പത്യം. ജാതിക്കോ, മറ്റു ഘടകങ്ങൾക്കോ അവർ തമ്മിലുള്ള സ്നേഹത്തിന്റെ ആഴം കുറയ്ക്കാനാവില്ല. ഈ വിശ്വാസത്തിൽ നിന്നാണ് നീനു തന്റെ പങ്കാളിയെ കണ്ടെത്തിയത്. ഈ ചിന്തകളൊന്നും കെവിനെ കൊന്നുകളയുന്നതിനു മുൻപ് ആർക്കുമുണ്ടായില്ലല്ലോ എന്നതു വലിയ ഞെട്ടലും ദുഃഖവും ആശങ്കയുമുണ്ടാക്കുന്നു.

നീനുവിന്റെ കണ്ണീർ വെറുതെയാവില്ല

 

(സയനോര ഫിലിപ്പ്, ഗായിക) 

കോളജിൽ പഠിക്കുന്ന കാലത്ത് എന്റെ കൂട്ടുകാരി ആൺസുഹൃത്തുക്കളോടു സംസാരിക്കാറില്ലായിരുന്നു. ആരെങ്കിലും ഇങ്ങോട്ടുവന്നു സംസാരിച്ചാൽ ഭയന്നുവിറച്ചാണു മറുപടി പറഞ്ഞിരുന്നത്. കാരണം, വീട്ടിലെത്തിയാൽ അതിന്റെ പേരിൽ അച്ഛനും ആങ്ങളമാരും മർദിക്കുമത്രേ. സ്വാതന്ത്ര്യമനുഭവിച്ചു വളർന്ന എന്നെ സംബന്ധിച്ചിടത്തോളം ഞെട്ടലുണ്ടാക്കിയ അറിവായിരുന്നു അത്. നീനുവിനു സംഭവിച്ചതു കാണുമ്പോൾ, വർഷങ്ങൾക്കു ശേഷവും പ്രണയത്തിനും പെൺകുട്ടികൾക്കുമിടയിലെ മതിലുകൾ പൊളിഞ്ഞുവീണിട്ടില്ല എന്നതു നടുക്കമുണ്ടാക്കുന്നു. 

പെൺകുട്ടികൾ ആരെ പ്രണയിക്കണം, വിവാഹം കഴിക്കണം, ഏതു ജോലി തിരഞ്ഞെടുക്കണം എന്നിവയിലെല്ലാം പൂർണ അധികാരം ഇപ്പോഴും മാതാപിതാക്കൾക്കാണ്. സ്നേഹമുള്ള  മനുഷ്യനെക്കാൾ നമ്മുടെ ജാതിയാണ്, മതമാണ് കൂടുതൽ മികച്ചതെന്നു കുട്ടികളെ പഠിപ്പിക്കുന്നു. അതിനാലാണ് ദലിതൻ, സഹോദരിയുടെ ഭർത്താവായിരിക്കാൻ യോഗ്യനല്ലെന്ന് അവർക്കു തോന്നുന്നത്. 

എന്റെ അനുജൻ വിവാഹം ചെയ്തത് ഹിന്ദുമത വിശ്വാസിയായ പെൺകുട്ടിയെ ആണ്. മതംമാറി ക്രിസ്ത്യാനിയാകാൻ അവളോട് ഞങ്ങളാരും ആവശ്യപ്പെട്ടില്ല. അവൻ ക്രിസ്ത്യാനിയായും അവൾ ഹിന്ദുവായും ജീവിക്കുന്നു. ഞാൻ തികഞ്ഞ ക്രിസ്തുമത വിശ്വാസിയാണ്. പക്ഷേ, എന്റെ മകൾക്ക് എല്ലാ മതങ്ങളെക്കുറിച്ചും പറഞ്ഞുകൊടുക്കുന്നുണ്ട്. നാളെ മറ്റേതെങ്കിലും മതം അവൾക്കു കൂടുതൽ നന്മയുള്ളതായി തോന്നിയാൽ അതു തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം അവൾക്കുണ്ട്. നീനുവിന്റെ കണ്ണീർ വെറുതെയാവില്ല; മതത്തിന്റെയും ജാതിയുടെയും സമ്പത്തിന്റെയും വേർതിരിവുകളില്ലാത്ത ഒരു ലോകം വരും. 

മുഖംമൂടികൾ അഴിയുമ്പോൾ 

 

(ഫസീല, ബൈക്ക് റാലി ദേശീയ ചാംപ്യൻ

നീനുവിന് കെവിനെ നഷ്ടപ്പെടുത്തിയതു പൊലീസാണ്. പൊലീസെന്നാൽ മനുഷ്യബന്ധങ്ങളും സ്നേഹവുമൊന്നും മനസ്സിലാകാത്തവരാണോ? എന്റെ പ്രിയപ്പെട്ടവനെ കാണുന്നില്ലെന്നു പറഞ്ഞ്, മണിക്കൂറുകളോളം വരാന്തയിൽ കരഞ്ഞുകൊണ്ടിരുന്ന ആ ഇരുപതുകാരിയെ കാണാത്തവരുടെ കൈകളിലാണ് നമ്മുടെ ജീവനും സുരക്ഷിതത്വവുമെന്നു പറയാൻ പേടി തോന്നുന്നു. വാർത്ത കേട്ടപ്പോൾ മുതൽ നീനു ഞാനാണെന്നു തോന്നി. ഇത്തരത്തിൽ പൊലീസ് സ്റ്റേഷന്റെ മുന്നിൽ പരാതിക്കടലാസും പിടിച്ച്, അവരുടെ കനിവിനായി കാത്തുനിന്ന സാഹചര്യം എന്റെ ജീവിതത്തിലുമുണ്ടായിട്ടുണ്ട്. 

പെൺകുട്ടികൾ ഒറ്റയ്ക്കു പരാതിയുമായി സ്റ്റേഷനിൽ എത്തിയാൽ അതു സ്വീകരിക്കാതിരിക്കാനുള്ള ശ്രമങ്ങളെല്ലാം പൊലീസുകാർ നടത്തും. പരാതിയുമായി ഒരിക്കൽ പൊലീസ് സ്റ്റേഷനിൽ ചെന്നപ്പോൾ ഉദ്യോഗസ്ഥർ വാങ്ങിയില്ല. മണിക്കൂറുകളോളം ഞാൻ കാത്തിരുന്നു. അവസാനം ഐജിയുടെ ഓഫിസിൽ നേരിട്ടുപോയാണു പരാതി കൊടുത്തത്. ഈ സ്ഥിതിക്കു മാറ്റമുണ്ടാകണം.  പ്രണയം തീർത്തും വ്യക്തിപരമായ കാര്യമാണ്. പുരോഗതിയുള്ള സംസ്ഥാനമെന്ന് അഹങ്കരിച്ച കേരളത്തിന്റെ മുഖംമൂടികൾ അഴിച്ചെറിഞ്ഞ സംഭവമാണിത്. സ്നേഹിച്ചതിന്റെ പേരിൽ ഇനി ആരും കൊല ചെയ്യപ്പെടാതിരിക്കട്ടെ.