Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ക്ലാസിക്കാണ് ഈ ഐഎഎസ് ഓഫീസറുടെ ജീവിത കഥ

ias-officer-kollam ഇലക്കിയ.

അയൽപക്കത്തെ കുട്ടി നമ്മുടെ വീട്ടിൽ വന്നതു പോലെ തോന്നും കൊല്ലം അസിസ്റ്റന്റ് കലക്ടറായി ചുമതലയേറ്റ എസ്.ഇലക്കിയയെ കണ്ടാൽ. പരിചയപ്പെട്ടാൽ വായന ശീലമാക്കിയ, വരകളുടെ വർണലോകത്തു വാസനകളെ സ്വയം വികസിപ്പിച്ചെടുത്ത, അത്യാവശ്യം ഡാൻസൊക്കെ ചെയ്യുന്ന ഒരു തമിഴ് പെൺകൊടിയെ കാണാനാകും. 

എന്നാൽ അടുത്തറിഞ്ഞാൽ പ്രതികൂലമായ ജീവിതാനുഭവങ്ങളിലൂടെ സഞ്ചരിച്ചിട്ടും ആശിച്ചതു നേടിയെടുത്തൊരു വാശിക്കാരിയെ ഈ വെല്ലൂർ സ്വദേശിനിയിൽ തിരിച്ചറിയാനാകും. ഏഴാം ക്ലാസിൽ പഠിക്കുമ്പോൾ മാതാപിതാക്കളെ നഷ്ടപ്പെട്ട്, ഇളയവരായ രണ്ടു കുഞ്ഞു സഹോദരങ്ങളെയും ചേർത്തുപിടിച്ചു നിൽക്കേണ്ടി വന്ന ഒരു പാവാടക്കാരി എസ്.ഇലക്കിയ ഐഎഎസ് ആയതിനു പിന്നിൽ കഠിനാധ്വാനത്തിന്റെയും അർപ്പണ ബോധത്തിന്റെയും ഒരു അമ്മമനസ്സിന്റെ ആഗ്രഹത്തിന്റെയും കഥയുണ്ട്.

പേരിൽ തുടങ്ങുന്ന വ്യത്യസ്തത

എന്താണ് ഇലക്കിയ. തമിഴ് സാഹിത്യമെന്നാണ് ഈ പദത്തിന്റെ അർഥം. ദി ക്ലാസിക് എന്ന് നിഘണ്ടുവിൽ. വെല്ലൂരിലെ സാധാരണ സ്കൂളുകളിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. വെല്ലൂർ ഓക്സിലിയം കോളജിൽ നിന്ന് ആംഗലേയ സാഹിത്യത്തിലായിരുന്നു ബിരുദം. തുടർന്നു ചെന്നൈ മദ്രാസ് സ്കൂൾ ഓഫ് സോഷ്യൽ വർക്കിൽ നിന്നു സോഷ്യോളജിയിൽ ബിരുദാനന്തര ബിരുദവും. വര അഭ്യസിച്ചിട്ടില്ലെങ്കിലും നന്നായി ചിത്രം വരയ്ക്കും. നൃത്തം ശാസ്ത്രീയമായി പഠിച്ചിട്ടില്ലെങ്കിലും അത്യാവശ്യം ഡാൻസ് ചെയ്യാനും അറിയാം.

കുടുംബം

തമിഴ്നാട്ടിലെ വെല്ലൂർ ജില്ലയിൽ ഒരു സാധാരണ കുടുംബത്തിലായിരുന്നു ജനനം. അച്ഛൻ ശേഖർ പട്ടാളക്കാരനായിരുന്നു. അമ്മ വിക്ടോറിയ വീട്ടമ്മയും. അനുജത്തി പൂങ്കതിർ. അനുജൻ പുകഴേന്തി. ഇലക്കിയ ഏഴാം ക്ലാസിൽ പഠിക്കുമ്പോൾ ഒരു അപകടത്തിൽ അച്ഛനും അമ്മയും മരിച്ചു. പറക്കമുറ്റാത്ത ഈ മൂന്നു കുട്ടികളെ പിന്നെ സ്വന്തം മക്കളായി വളർത്തിയെടുത്തതു മാതൃസഹോദരി വേദനായകിയും അവരുടെ ഭർത്താവ് റെയ്മണ്ടും ആയിരുന്നു.  

ഇലക്കിയ സ്നേഹത്തോടെ ചിത്തിയെന്നു വിളിക്കുന്ന ചിറ്റമ്മയും ചിറ്റപ്പനും അവളുടെ ആഗ്രഹങ്ങൾക്കൊന്നും എതിർപ്പു പറഞ്ഞില്ല. ഇംഗ്ലിഷ് സാഹിത്യ പഠനം മുതൽ ഇപ്പോൾ കൊല്ലത്തിന്റെ അസി. കലക്ടറായി എത്തി നിൽക്കുന്നിടം വരെ അവരുടെ പിന്തുണയാണ് ഇലക്കിയയുടെ കരുത്ത്. യഥാർഥത്തിൽ ചിത്തിയുടെ ആഗ്രഹമായിരുന്നു ഇലക്കിയയുടെ ഐഎഎസ് പദവി. 

ias-officer ഇലക്കിയ ചിറ്റമ്മ വേദനായകിയ്ക്കും ചിറ്റപ്പൻ റെയ്മണ്ടിനും ഒപ്പം. ചിത്രം: വിഷ്ണു സനൽ.

വേദനകൾക്കിടയിലും ഒരു ഏഴാം ക്ലാസുകാരിയുടെ കാതുകളിൽ വീണ ‘പഠിപ്പിച്ചു വലിയ കലക്ടറാക്കും’ എന്ന വേദനായകിയുടെ വാക്കുകളാണ് ഇപ്പോൾ സഫലമായിരിക്കുന്നത്. സഹോദരി പൂങ്കതിർ ഇപ്പോൾ സിഎ വിദ്യാർഥിയും സഹോദരൻ പുകഴേന്തി ബിഎസ്‌സി കംപ്യൂട്ടർ സയൻസ് വിദ്യാർഥിയുമാണ്.

പഠനം പ്രവൃത്തിയിലേക്ക്

ബിരുദാനന്തര ബിരുദമെടുത്തതു സാമൂഹിക പ്രവർത്തനത്തിൽ നിന്നായിരുന്നു. സിവിൽ സർവന്റ് എന്നത് അതിന്റെ തന്നെ മറ്റൊരു വകഭേദമായി കാണുകയാണ് ഇലക്കിയ. കോഴ്സ് കഴിഞ്ഞു സിവിൽ സർവീസിനു ശ്രമിച്ചു. ആദ്യശ്രമത്തിൽ പ്രിലിമിനറി കടക്കാനായില്ല. 2014 – 15ൽ ശങ്കർ ഐഎഎസ് അക്കാദമിയിൽ പരിശീലനത്തിനു പോയി. കഠിനാധ്വാനവും ശരിയായ പരിശീലനവും കിട്ടിയതോടെ 2016ൽ 298–ാം റാങ്കോടെ സിവിൽ സർവീസ് വിജയം. 2017 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥയായി. പരിശീലനത്തിനു ശേഷം ആദ്യ നിയമനം തന്നെ കൊല്ലത്ത് അസിസ്റ്റന്റ് കലക്ടർ. 

ആഗ്രഹം 

പെൺകുട്ടികളുടെ വിദ്യാഭ്യാസപരമായ മുന്നേറ്റത്തിനും സ്ത്രീകളുടെ സാമൂഹികമായ പുരോഗതിക്കും തന്നാലാവതു ചെയ്യുക എന്നതാണ് ആഗ്രഹമെന്ന് അസി. കലക്ടർ എസ്.ഇലക്കിയ പറഞ്ഞു. ചിറ്റമ്മ വേദനായകി കുട്ടികളുടെയും സ്ത്രീകളുടെയും ഉന്നമനത്തിനായി പ്രവർത്തിക്കുന്ന സംഘടനയുടെ ചുമതലക്കാരി ആയിരുന്നു. സമൂഹത്തിന്റെ താഴേത്തട്ടിലുള്ളവരുടെ ഇടയിൽ ചിത്തിയുടെ പ്രവർത്തനം കണ്ടാണു വളർന്നത്. അതു ജീവിതത്തെ നന്നായി സ്വാധീനിച്ചിട്ടുണ്ടെന്നും ഇലക്കിയ പറഞ്ഞു. 

സിവിൽ സർവീസ് ലക്ഷ്യമിടുന്നവരോട്

സിവിൽ സർവീസ് പരീക്ഷ എന്നു കേട്ടു പേടിക്കുകയൊന്നും വേണ്ടെന്നാണ് അതു നേടണം എന്നാഗ്രഹിക്കുന്നവരോടു പറയാനുള്ളത്. അതൊക്കെ വലിയ ബുദ്ധിയുള്ളവർക്കു മാത്രം പറഞ്ഞിട്ടുള്ളതാണെന്ന ചിന്തയും വേണ്ട. പരീക്ഷാപ്പേടി വേണ്ടേ വേണ്ട. കാണുന്നതെല്ലാം വായിക്കേണ്ടതില്ല. തിരഞ്ഞെടുത്തുള്ള വായനയും സൂക്ഷ്മമായ പഠനവുമാണ് ആവശ്യം.

കൊല്ലത്തെ കുറിച്ച്

കൊല്ലത്തിന്റെ ഇതുവരെ കണ്ട പ്രകൃതിഭംഗി ഏറെ ഇഷ്ടമായി. മൺറോത്തുരുത്ത്, അഷ്ടമുടി കായൽ, ബീച്ച് ഒക്കെ കണ്ടു. കലക്ടറേറ്റിലെ അന്തരീക്ഷവും സൗഹൃദപരം തന്നെ. ഭക്ഷണത്തിന്റെ കാര്യത്തിൽ ചോറ് വയ്ക്കാൻ ഉപയോഗിക്കുന്ന അരിയുടെ കാര്യത്തിൽ മാത്രമാണു നാട്ടിലെ ഭക്ഷണത്തിൽ നിന്നുള്ള വ്യതിയാനം തോന്നിയത്. ഇവിടത്തെ അവിയൽ വളരെയേറെ ഇഷ്ടമായെന്നും ഇലക്കിയ കൂട്ടിച്ചേർത്തു.